ഉല്ലാസവും സംസ്‌കാരവും ഒത്തുചേരുമ്പോഴാണു ജീവിതം ഉത്സവമായി മാറുന്നതു്. എന്നാല്‍ നമ്മള്‍ പലപ്പോഴും ഉല്ലാസത്തിനുവേണ്ടി സംസ്‌കാരത്തെ ബലികഴിക്കുന്നതായിട്ടാണു കാണുന്നതു്. സംസ്‌കാരം ഉണ്ടാക്കിയെടുക്കാന്‍ വളരെക്കാലത്തെ ക്ഷമയും അദ്ധ്വാനവും ആവശ്യമുണ്ടു്. അതു നശിപ്പിക്കാന്‍ എളുപ്പമാണു്. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ജീവിതവും നരകത്തിലേക്കാണു പോകുന്നതെന്നു നമ്മള്‍ അറിയുന്നില്ല. അഗാധമായ കുഴിയില്‍ച്ചെന്നു വീണു കഴിഞ്ഞിട്ടു കരകേറാന്‍ പാടുപെടുന്നതിലും നല്ലതു് ആദ്യമേ വീഴാതെ ശ്രദ്ധിക്കുകയല്ലേ?
ഓണം സമത്വസുന്ദരമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മയ്ക്കാണു നമ്മള്‍ കൊണ്ടാടുന്നതു്. മഹാബലിയുടെ കാലത്തെപ്പോലെ ധര്‍മ്മം പുലരുന്ന, സമ്പത്തും സമൃദ്ധിയും എല്ലാവര്‍ക്കും ഒരുപോലെ അനുഭവിക്കാന്‍ പറ്റുന്ന ഒരു സമൂഹം ഉണ്ടാകണമെന്നു നമ്മളെല്ലാവരും ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അങ്ങനെ ആഗ്രഹമുണ്ടെങ്കില്‍ എന്തുകൊണ്ടാണു നമ്മുടെ രാജ്യം അതുപോലെ ആയിത്തീരാത്തതു്?
നമുക്കു് ഏതൊരു സാധനം കിട്ടണമെങ്കിലും അതിനു് ഒരു വില കൊടുക്കണം. അങ്ങോട്ടു് ഒന്നും കൊടുക്കാതെ എന്തെങ്കിലും നേടാന്‍ കര്‍മ്മരംഗത്തു സാദ്ധ്യമല്ല. നല്ല ഉദ്യോഗം കിട്ടണമെങ്കില്‍ ഉറക്കമൊഴിച്ചു കഷ്ടപ്പെട്ടു പഠിക്കണം. നല്ല വിളവു കിട്ടണമെങ്കില്‍ സമയത്തു വിത്തു വിതച്ചു വേണ്ട വളവും വെള്ളവുമെല്ലാം കൊടുക്കണം. അതുപോലെ സമൂഹത്തില്‍ നല്ല മാറ്റം വരണമെന്നു നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു നമ്മുടെ ഭാഗത്തുനിന്നു് ഒരു പ്രയത്‌നം ഉണ്ടാകണം. നമ്മള്‍ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണം. നമ്മള്‍ നന്നാകണമെന്നു വെറുതെ ആഗ്രഹിച്ചാല്‍ മാത്രം പോരാ. ഒരല്പം ത്യാഗം, ഒരല്പം പ്രയത്‌നം മക്കളുടെ ഭാഗത്തുനിന്നു് ഉണ്ടാകണം.
ത്യാഗത്തിന്റെ മഹത്ത്വമാണു മഹാബലിയില്‍ നാം കാണുന്നതു്. മഹാബലി ദാനശീലനായിരുന്നു. സത്യവ്രതനായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹം ഐശ്വര്യവാനും പ്രതാപവാനും ആയി. ത്രിലോകത്തിന്റെയും ചക്രവര്‍ത്തിയായി. എന്നാല്‍ അതോടുകൂടി അല്പം അഹങ്കാരവും ബലിയെ ബാധിച്ചു. തന്റെ ഭക്തന്മാരുടെ അഹങ്കാരത്തെ നശിപ്പിക്കുക എന്നതു ഭഗവാന്റെ ധര്‍മ്മമാണു്. ബലിയുടെ ധനമദവും അഹങ്കാരവും നശിപ്പിച്ചു് അദ്ദേഹത്തെ തന്നോടൊന്നാക്കിത്തീര്‍ക്കുകയാണു ഭഗവാന്‍ ചെയ്തതു്. അതു് അവിടുത്തെ കൃപയാണു്.
പലരും പറഞ്ഞു കേള്‍ക്കാറുണ്ടു്, ഭഗവാന്‍ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതു് അധര്‍മ്മമായിപ്പോയി എന്നു്. ഭാഗവതത്തില്‍ ബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതായി പറയുന്നെന്നു തോന്നുന്നില്ല. സ്വര്‍ഗ്ഗത്തെക്കാള്‍ ശ്രേഷ്ഠമായ ഒരു ലോകത്തിന്റെ ആധിപത്യം മഹാബലിക്കു നല്കുകയും ഭഗവാന്‍ സ്വയം അദ്ദേഹത്തിന്റെ കാവല്ക്കാരനായി നില്ക്കാന്‍ തയ്യാറാവുകയും ചെയ്‌തെന്നാണു പറയുന്നതു്. വാസ്തവത്തില്‍ ഭഗവാന്‍ മഹാബലിയുടെ ത്യാഗത്തിനു് അനശ്വരമായ കീര്‍ത്തി നേടിക്കൊടുക്കുകയാണു ചെയ്തതു്. ജന്മംകൊണ്ടു് അസുരവംശത്തിലാണു പിറന്നതെങ്കിലും കര്‍മ്മംകൊണ്ടു്, ത്യാഗംകൊണ്ടു്, ജനങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. ബലി തനിക്കായി ഒന്നും പിടിച്ചുവയ്ക്കാന്‍ ആഗ്രഹിച്ചില്ല. തന്റെ സമ്പത്തു മാത്രമല്ല, തന്നെത്തന്നെയും ഭഗവാനു മുന്നില്‍ സമര്‍പ്പിച്ചു. വിനയപൂര്‍വ്വം തന്റെ ശിരസ്സു് അവിടുത്തെ മുന്നില്‍ കുനിച്ചുകൊടുത്തു. ആ പൂര്‍ണ്ണസമര്‍പ്പണത്തിലൂടെ ബലി എല്ലാം നേടുകയാണു ചെയ്തതു്.
ഒരിക്കല്‍ വളരെ ധര്‍മ്മശീലനായ ഒരു കൃഷിക്കാരന്‍ തന്റെ ഭാര്യയുമൊത്തു് ഒരു കൊച്ചുകുടിലില്‍ കഴിഞ്ഞിരുന്നു. ഒരു ദിവസം രാത്രി നല്ല മഴ പെയ്യുകയാണു്. അപ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. ഭര്‍ത്താവു പറഞ്ഞു, ”പാവം മഴ നനഞ്ഞു വിഷമിക്കുന്ന ഏതെങ്കിലും വഴിപോക്കനായിരിക്കും. നീ വാതില്‍ തുറന്നു കൊടുക്ക്.” ഭാര്യ മടിച്ചു നിന്നു. ”ഈ മുറിയില്‍ നമുക്കു രണ്ടുപേര്‍ക്കും കഷ്ടിച്ചു കിടക്കാനുള്ള സ്ഥ ലമേയുള്ളൂ. ഇവിടെ ഒരാളെക്കൂടി കയറ്റുന്നതെങ്ങനെ?” ”രണ്ടുപേര്‍ക്കു കിടക്കാനിടമുണ്ടെങ്കില്‍ മൂന്നുപേര്‍ക്കു് ഇരിക്കാന്‍ സ്ഥലം കാണാതിരിക്കുമോ? നീ വാതില്‍ തുറന്നു കൊടുക്കു്.” ഭാര്യ പോയി വാതില്‍ തുറന്നു കൊടുത്തു. നനഞ്ഞൊലിച്ചു് ഒരു യാത്രക്കാരന്‍ അകത്തു കയറി. മൂന്നുപേരും മുറിയില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പിന്നെയും വാതിലില്‍ തട്ടുന്നതു കേട്ടു. കൃഷിക്കാരന്‍ വാതിലിനടുത്തിരുന്ന യാത്രക്കാര നോടു തുറന്നു കൊടുക്കാന്‍ പറഞ്ഞു. ”ഇവിടെ നമുക്കു മൂന്നു പേര്‍ക്കും കഷ്ടിച്ചു് ഇരിക്കാനുള്ള സ്ഥലമല്ലേയുള്ളൂ? ഇനിയൊരാളെ എങ്ങനെ കയറ്റാനാണു്?” ”മൂന്നുപേര്‍ക്കു് ഇരിക്കാമെങ്കില്‍ എന്തുകൊണ്ടു നാലുപേര്‍ക്കു നിന്നുകൂടാ? നിങ്ങള്‍ വാതില്‍ തുറന്നു കൊടുക്കൂ.” വാതില്‍ തുറന്നപ്പോള്‍ കണ്ടതു് ഒരു കഴുത നനഞ്ഞൊലിച്ചു നില്ക്കുന്നതാണു്. ”ഈ കഴുതയെ ഇതിനകത്തു കയറ്റുന്നതെന്തിനാണു്? ഇവിടെ മനുഷ്യനു കൂടി സ്ഥലമില്ല.” യാത്രക്കാരനും ഭാര്യയും ഒരുപോലെ പ്രതിഷേധിച്ചു. ”മനുഷ്യര്‍ക്കു മറ്റെവിടെയെങ്കിലും സ്ഥലം കിട്ടിയെന്നിരിക്കും. പാവം ഈ കഴുതയ്ക്കു പോകാന്‍ ഒരിടവുമില്ലാഞ്ഞതുകൊണ്ടല്ലേ ഈ വാതിലില്‍ തട്ടിയതു്? ആദ്യമായി വരുന്ന അതിഥിയെ മടക്കി അയയ്ക്കുന്നതു ശരിയല്ല.” അങ്ങനെ കഴുതയെയും അകത്തുകയറ്റി, നാലുപേരും നില്പായി.
അല്പം കഴിഞ്ഞപ്പോള്‍ പിന്നെയും വാതിലില്‍ ആരോ മുട്ടി വിളിക്കുന്നതു കേട്ടു. ”ഇനിയിപ്പോള്‍ ആരായാലും ശരി, ഇതി നകത്തു കയറ്റാന്‍ ഒരിഞ്ചു സ്ഥലം പോലുമില്ല.” യാത്രക്കാരന്‍ പറഞ്ഞു. അപ്പോഴും കൃഷിക്കാരന്‍ പറഞ്ഞു, ”ശരിയാണു് ഇതിനകത്തു് ഇനിയൊരാളിനു് ഇടമില്ല. എന്നാല്‍ ഇത്രനേരവും മഴ നനയാതെ ഇരുന്ന ഞാന്‍ പുറത്തിറങ്ങി നിന്നാല്‍ പുറത്തു നില്ക്കുന്ന ആളിനു കുറച്ചു നേരം മഴ കൊള്ളാതെ ഇരിക്കാമല്ലോ?” ഇതു പറഞ്ഞു് അദ്ദേഹം പുറത്തിറങ്ങി, വഴിയാത്രക്കാരനെ അകത്തു കടത്തി.
നേരം വെളുത്തപ്പോള്‍ ഓരോരുത്തരായി യാത്ര പറഞ്ഞു പിരിഞ്ഞു. അവസാനമായി വന്ന യാത്രക്കാരന്‍ പോകാന്‍നേരം പറഞ്ഞു, ”സഹോദരാ, ഞാന്‍ ഈ രാജ്യത്തിലെ രാജാവാണു്. ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാന്‍ വേഷം മാറി ഇറങ്ങിയതാണു്. കഴിഞ്ഞ രാത്രി അഭയം തേടി ഞാന്‍ പല വാതിലുകളിലും മുട്ടിവിളിച്ചു. വലിയ പണക്കാരായവര്‍പോലും വാതില്‍ തുറന്നില്ല. എന്നാല്‍ നിങ്ങള്‍ സ്വയം മഴ നനഞ്ഞും അതിഥിക്കു് അഭയം നല്കി. ഈ രാജ്യത്തിന്റെ ഐശ്വര്യം നിലനില്ക്കുന്നതു നിങ്ങളെപ്പോലെയുള്ള പ്രജകളുടെ ധര്‍മ്മബോധത്തിലാണു്. നിങ്ങള്‍ എന്തുവേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളുക. ഞാന്‍ തരാന്‍ തയ്യാറാണു്.”
കൃഷിക്കാരന്‍ പറഞ്ഞു, ”മഹാരാജാവേ! അങ്ങയെപ്പോലെ ഒരു വിശിഷ്ടാതിഥിക്കു് ഒരു രാത്രി തങ്ങാന്‍ ഇടംനല്കാന്‍ കഴിഞ്ഞതു് എന്റെ പുണ്യമാണെന്നു ഞാന്‍ കരുതുന്നു. അതിഥിയെ സ്വീകരിക്കുന്നതു പ്രതിഫലം മോഹിച്ചിട്ടല്ല. എന്നാല്‍ അഭയം തേടി കൊട്ടാരവാതിലില്‍ മുട്ടുന്ന ഒരു യാചകനെപ്പോലും നിരാശനായി മടക്കി അയയ്ക്കാതിരിക്കാന്‍ അവിടുന്നു മനസ്സു വയ്ക്കുമെങ്കില്‍ അതില്‍ക്കൂടുതലൊന്നും എനിക്കാവശ്യമില്ല.”
ഈ കൃഷിക്കാരനെപ്പോലെ നിസ്സ്വാര്‍ത്ഥതയും ധര്‍മ്മബോധവും വളര്‍ത്തുവാന്‍ നമുക്കു സാധിച്ചാല്‍ മാത്രമേ സമത്വസുന്ദരമായ സമൂഹം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകയുള്ളൂ.
ഓണക്കാലത്തു നാം പൂക്കളം ഒരുക്കാറുണ്ടു്. ഭഗവാനോടുള്ള കൃതജ്ഞതയുടെയും ഭക്തിയുടെയും പ്രകടനമാണു പൂക്കളം. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉള്ളിലാണു നമ്മള്‍ ഭഗവാനു പൂക്കളം ഒരുക്കേണ്ടതു്. ഓരോ ഹൃദയത്തിലും കാരുണ്യവും സ്നേഹവും നിറയുമ്പോള്‍ ആ ഹൃദയങ്ങളെല്ലാം ചേര്‍ന്നു ഭഗവാനു് ഏറ്റവും ഇഷ്ടപ്പെട്ട പൂക്കളമായിത്തീരും. ആ വിധമുള്ള ഹൃദയപുഷ്പങ്ങളാല്‍ തീര്‍ത്തതാകട്ടെ നാം ഭഗവാനെ വരവേല്ക്കാനൊരുക്കുന്ന പൂക്കളം. ധര്‍മ്മബോധവും ഈശ്വരചിന്തയും ഉള്‍ക്കൊണ്ടു പുതിയൊരു ജീവിതം കെട്ടിപ്പടുക്കുവാനുള്ള നമ്മുടെ തീരുമാനമാവട്ടെ നാം ധരിക്കുന്ന ഓണക്കോടികള്‍. നമുക്കു് ആഹ്ലാദം തരുന്നതെന്തും മറ്റുള്ളവര്‍ക്കുകൂടി ആനന്ദം പകരുന്നതാകാന്‍ ഓണക്കളികള്‍ നമുക്കു മാതൃകയാകട്ടെ. ഓണക്കളികളില്‍ ജാതിമതചിന്തകളൊന്നും കൂടാതെ എല്ലാവരും ഒത്തുചേരുന്നതുപോലെ നമ്മിലെല്ലാം സഹോദരഭാവം നിറയട്ടെ. അങ്ങനെ ഐക്യത്തിലും സ്‌േനഹത്തിലും ആനന്ദത്തിലും നാമെല്ലാവിധ വ്യത്യാസങ്ങളും മറന്നു് ഒറ്റ മനസ്സായിത്തീരട്ടെ.
(അമ്മയുടെ 2001ലെ തിരുവോണസന്ദേശത്തില്‍ നിന്ന് )