ശരണാഗതേ, സ്‌നേഹലോലുപേ, നിന്റെ തൃ-
ച്ചരണങ്ങള്‍ തേടിവന്നെത്തുന്നവര്‍ക്കുള്ള-
മുരുകുമ്പൊഴൊക്കെയും മിഴിനീര്‍ തുടയ്ക്കുവാ-
നരികത്തു നീ വന്നു ചേരുന്നതെങ്ങനെ ?

പറയുവാനാവാത്തൊരത്ഭുത ലീലകള്‍
നിറയുന്നൊരീ വിശ്വനാടകവേദിയില്‍
തളരാതെ താങ്ങായി നിര്‍ത്തുന്ന നിന്‍ മാതൃ-
ഹൃദയത്തില്‍ ഞങ്ങള്‍ക്കിടം തന്നതെങ്ങനെ ?

അറിയില്ല, നിബിഡാന്ധകാരത്തിലീ വഴി-
ക്കവലയില്‍ നില്ക്കുന്ന ഞങ്ങള്‍ക്കതൊന്നുമേ
അറിയില്ല, നീയൊഴിഞ്ഞമ്മേ കൃപാനിധേ
ആരൊരുതുള്ളി വെളിച്ചം തളിക്കുവാന്‍ ?

ഒന്നും തിരിയാത്തൊരീ ജന്മവൃത്താന്ത-
സന്നിപാതങ്ങളില്‍പ്പെട്ടുഴലുമ്പോഴും
നിന്നെയല്ലാതെ മറ്റാരെയമ്മേ, യകം
നൊന്തു വിളിച്ചഴല്‍ പങ്കുവച്ചീടുവാന്‍ ?

ഹേ! മഹാമായാപ്രപഞ്ചവിധായിനി
ഹേ! മഹിതാത്മപ്രകാശപ്രബോധിനീ
ചേതോവിമോഹിത ജന്മം കടഞ്ഞു നീ
പ്രേമാമൃതാനന്ദ ലോകത്തിലേക്കുള്ള
നേര്‍വഴീ കാട്ടുന്നതെത്ര കണ്ണീര്‍ക്കടല്‍
നീന്തി വന്നാണെന്നതാരറിഞ്ഞീടുവാന്‍…

എങ്കിലുമെല്ലാമറിയുവാന്‍ കേള്‍ക്കുവാന്‍
എന്നുമീ മക്കള്‍തന്‍ കണ്ണീര്‍ തുടയ്ക്കുവാന്‍
ജന്മമെടുത്ത നിന്‍ തൃപ്പാദപൂജയായ്
കര്‍മ്മങ്ങളൊക്കെയും തീരുവാന്‍ പ്രാര്‍ത്ഥന!

_അമ്പലപ്പുഴ ഗോപകുമാര്‍