മക്കളേ, നിങ്ങളെ പ്രസവിച്ച അമ്മ നിങ്ങളുടെ ഒരു ജന്മത്തിലെ കാര്യം നോക്കുമായിരിക്കും. അതും ഇന്നു് അപൂര്‍വ്വമാണ്. എന്നാല്‍ നിങ്ങളുടെ എല്ലാ ജന്മങ്ങളിലും ആനന്ദം അനുഭവിക്കത്തക്ക രീതിയില്‍ നിങ്ങളെ നയിക്കുക എന്നതാണു് ‘അമ്മ’യുടെ ഉദ്ദേശ്യം.
മക്കളേ, അമ്മയെ സ്നേഹിക്കുകയെന്നു പറഞ്ഞാല്‍, ലോകത്തിലെ സകലജീവികളെയും തുല്യമായി സ്നേഹിക്കുകയെന്നതാണ്.
ഒരു ഉറുമ്പിനോടുപോലും നിഷ്കാമമായ സ്നേഹം ഉണ്ടാകുന്ന സമയത്തു മാത്രമേ നിങ്ങള്‍ അമ്മയെ സ്നേഹിക്കുന്നതായി അമ്മ കരുതുകയുള്ളൂ. അല്ലാത്ത സ്നേഹം സ്നേഹമായി അമ്മ കൈക്കൊള്ളുകയില്ല. സ്വാര്‍ത്ഥതയില്‍നിന്നുള്ള സ്നേഹം അതു് അമ്മയ്ക്കു പൊള്ളുകകൂടി ചെയ്യും.
ആശ്രമത്തില്‍ നില്ക്കുന്ന ഒരുവനു്, അമ്മയുടെ ഓരോ പ്രവൃത്തിയും കണ്ടു മനസ്സിലാക്കി മുന്നോട്ടു നീങ്ങിയാല്‍ മുക്തനാകാം. പറയുന്നതു് ഓര്‍മ്മയില്‍ നിര്‍ത്തിയാല്‍ ഒരു ശാസ്ത്രവും പഠിക്കേണ്ടതില്ല.
മക്കളേ, നിങ്ങള്‍ അമ്മയെ വിശ്വസിക്കണമെന്നോ, മുകളിലുള്ള ഒരു ഈശ്വരനെ വിശ്വസിക്കണമെന്നോ അമ്മ പറയുന്നില്ല. നീ നിന്നെ വിശ്വസിച്ചാല്‍ മാത്രം മതി. എല്ലാം നിന്നില്‍ത്തന്നെയുണ്ട്.
അമ്മയെ നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍ സാധനചെയ്തു നിങ്ങള്‍ ആരെന്നറിയുക. അമ്മ നിങ്ങളെ സ്നേഹിക്കുന്നതു നിങ്ങളില്‍നിന്നു് ഒന്നും പ്രതീക്ഷിച്ചല്ല. രാപകലേതെന്നറിയാതെ എന്റെ മക്കള്‍ നിത്യവും ശാന്തിയനുഭവിക്കുന്നതു് അമ്മയ്ക്കു കണ്ടാല്‍ മതി.