നമുക്കാവശ്യമുള്ള സാധനം ഇന്ന കടയില്‍ കിട്ടുമെന്നറിഞ്ഞാല്‍പ്പിന്നെ എന്തിനാണു മക്കളേ കമ്പോളത്തിലുള്ള സകല കടകളിലും അലഞ്ഞു നടക്കുന്നത്? സമയം നഷ്ടപ്പെടുത്താമെന്നല്ലാതെ ഒരു പ്രയോജനവുമില്ല. അതുപോലെ, ഗുരുവിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ അലച്ചില്‍ നിര്‍ത്തി സാധനചെയ്തു ലക്ഷ്യത്തിലെത്താനാണു ശ്രമിക്കേണ്ടത്. സാധകന്റെ അടുക്കല്‍ ഗുരു താനേ എത്തും. അന്വേഷിച്ചലയേണ്ട ആവശ്യമില്ല. സാധകന്‍ അത്ര വൈരാഗ്യമുള്ളവന്‍ ആയിരിക്കണമെന്നു മാത്രം.

ഒരു സാധകനു ഗുരു തീര്‍ത്തും ആവശ്യമാണ്. കൊച്ചുകുട്ടി കുളത്തിന്റെ വക്കത്തുചെന്നാല്‍ അമ്മ അപകടം ചൂണ്ടിക്കാട്ടി അവിടെനിന്നു പിന്തിരിപ്പിക്കും. അതുപോലെ, ഗുരു, ശിഷ്യനു വേണ്ട രീതിയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കും. സദാസമയവും ശിഷ്യനില്‍ ശ്രദ്ധയുണ്ടായിരിക്കുകയും ചെയ്യും.

ഈശ്വരന്‍ എല്ലായിടത്തുമുണ്ടെങ്കിലും ഗുരു സാമീപ്യത്തിനു പ്രത്യേകതയുണ്ട്. കാറ്റു് എല്ലായിട ത്തുമുണ്ടെങ്കിലും വൃക്ഷച്ചുവട്ടിലിരിക്കുമ്പോഴുള്ള കുളിര്‍മ്മ മറ്റെങ്ങുമില്ല. ഇലയില്‍ത്തട്ടി വരുന്ന കാറ്റു് ഉഷ്ണത്തില്‍ കഴിയുന്ന നമുക്കു കുളിര്‍മ്മ നല്കുകയില്ലേ? അതുപോലെ ലൗകികത്തിന്റെ ചൂടില്‍ക്കഴിയുന്ന നമുക്കു ഗുരുവിന്റെ ആവശ്യമുണ്ട്. ആ സാമീപ്യം നമുക്കു ശാന്തിയും സമാധാനവും തരും.

മക്കളേ, എത്രകാലം കാട്ടത്തിനു വെയിലേറ്റാലും ഗന്ധം മാറണമെങ്കില്‍ കാറ്റു തട്ടണം. അതു പോലെ എത്ര യുഗം തപസ്സുചെയ്താലും വാസനാക്ഷയം സംഭവിക്കണമെങ്കില്‍ ഗുരുവിനോടൊത്തു തന്നെ കഴിയണം. ഗുരുകൃപ ആവശ്യമാണ്. നിഷ്‌കളങ്കമായ മനസ്സിലേ ഗുരു കൃപ ചൊരിയൂ.

ആദ്ധ്യാത്മികപുരോഗതിക്കു ഗുരുവില്‍ സര്‍വ്വാര്‍പ്പണമനോഭാവം ഉണ്ടാകണം. അക്ഷരം പഠിക്കാന്‍ ചെല്ലുന്ന കുട്ടിയുടെ വിരല്‍പിടിച്ചു് ആശാന്‍ മണലില്‍ എഴുതിപ്പഠിപ്പിക്കും. കുട്ടിയുടെ വിരല്‍ ആശാന്റെ നിയന്ത്രണത്തിലാണ്. അഹങ്കാരം കൊണ്ടു്, ‘എനിക്കെല്ലാം അറിയാം’ എന്ന ഭാവത്തോട ആശാനെ അനുസരിക്കാതിരുന്നാല്‍ കുട്ടിക്കെങ്ങനെ പഠിക്കുവാന്‍ കഴിയും?

അവനവന്റെ അനുഭവമാണു മക്കളേ യഥാര്‍ത്ഥ ഗുരു. ദുഃഖം നമ്മളെ ഈശ്വരനിലേക്കു് അടുപ്പിക്കുന്ന ഗുരുവാണ്. ഗുരുവിനോടു ഭയഭക്തി ഉണ്ടായിരിക്കണം. അതോടൊപ്പം ഗുരു തന്റെ സ്വന്തമാണെന്ന രീതി യിലുള്ള ബന്ധവും വേണം. കുട്ടിയെ അമ്മ എത്ര തല്ലിയാലും തള്ളിമാറ്റിയാലും കുട്ടി തള്ളയെ വിടാതെ മുറുകെപ്പിടിക്കുന്നതുപോലെയുള്ള ബന്ധമായിരിക്കണം അത്. ഭയഭക്തി വളര്‍ച്ചയ്ക്കു സഹായകമാണ്. എന്നാല്‍ ശരിയായ പ്രയോജനം ബന്ധം മൂലമേ ലഭിക്കൂ.

മക്കളേ, ഗുരുവിനെ സ്നേഹിച്ചുവെന്നു വിചാരിച്ചു വാസനകള്‍ നശിക്കില്ല. തത്ത്വത്തിലെ വിശ്വാസവും ഭക്തിയുമാണു വേണ്ടത്. ശരീരമനോബുദ്ധികളുടെ അര്‍പ്പണം ഉണ്ടാകണം. ഇങ്ങനെ ഗുരുവില്‍ വിശ്വാസവും അനുസരണയും ഉണ്ടായാല്‍ മതി വാസന നശിക്കുവാന്‍.
വൃക്ഷങ്ങളുടെ തണലില്‍ വിത്തുകള്‍ പാകി കിളിര്‍പ്പിക്കും. കുറച്ചു വളര്‍ന്നുകഴിഞ്ഞാല്‍ അവ പറിച്ചു മാറ്റി നടണം. അല്ലെങ്കില്‍ ശരിക്കു വളരില്ല. അതുപോലെ ഗുരുവിനോടൊത്തു കുറച്ചുനാള്‍ കുറഞ്ഞതു രണ്ടുമൂന്നുവര്‍ഷമെങ്കിലും കഴിഞ്ഞിട്ടു മാറിനിന്നു് ഏകാന്തതയില്‍ സാധനചെയ്യണം. അതവന്റെ വളര്‍ച്ചയ്ക്കാവശ്യമാണ്.

ശരിയായ ഗുരുക്കന്മാര്‍ ശിഷ്യന്റെ ഉന്നതി മാത്രമേ കാംക്ഷിക്കുകയുള്ളൂ. പരീക്ഷണങ്ങള്‍ ശിഷ്യന്റെ ഉയര്‍ച്ചയ്ക്കുവേണ്ടിയാണ്. അവന്റെ ദുര്‍ബ്ബലത മാറ്റുവാനാണ്. ചെയ്യാത്ത കാര്യങ്ങള്‍ക്കു കൂടി ഗുരു ശിഷ്യനില്‍ കുറ്റം ആരോപിച്ചുവെന്നു വരാം. അതിലും തളരാതെ നില്ക്കുന്നവനേ വളരാന്‍ കഴിയൂ. യഥാര്‍ത്ഥ ഗുരുവിനെ അനുഭവത്തില്‍ക്കൂടിയേ അറിയുവാന്‍ കഴിയൂ.

പ്രത്യേക ഭക്ഷണം, പ്രത്യേക കാലാവസ്ഥ ഇതൊന്നുമില്ലെങ്കില്‍ ശീമക്കോഴികള്‍ ചത്തു പോകും. എന്നാല്‍, നാടന്‍കോഴികള്‍ ഏതു ചുറ്റുപാടിലും എന്തു ഭക്ഷിച്ചും വളരും. ഗുരുവിനോടൊത്തുകഴിയുന്ന സാധകന്‍ ഈ നാടന്‍കോഴികളെപ്പോലെയാണ്. മക്കളേ, ഏതു സാഹചര്യത്തെയും ധീരതയോടെ അതിജീവിക്കുവാന്‍ അവനു് കഴിയും. ഒന്നിനും അവനെ അടിമപ്പെടുത്തുവാന്‍ സാധിക്കില്ല. ഗുരുവിനോടൊത്തു കഴിയുന്നവനു് അതിന്റേതായ ശക്തി എപ്പോഴും കാണും.

ശിഷ്യനു ഗുരുവില്‍ സ്വാര്‍ത്ഥത കാണും, അതത്ര പെട്ടെന്നു നശിക്കില്ല. ഗുരുവിനേറ്റവും കൂടുതല്‍ സ്നേഹം തന്നോടായിരിക്കണം എന്ന ആഗ്രഹം ശിഷ്യനുണ്ടാകും. അതു സാധിക്കാതെ വരുമ്പോള്‍ ഗുരുവിനെ ചീത്ത പറഞ്ഞിട്ടു പോകുന്ന ശിഷ്യന്മാരും ഇല്ലാതില്ല. ഗുരുവിന്റെ സ്നേഹം വേണമെങ്കില്‍ നിഷ്‌കാമമായ സേവയുണ്ടായിരിക്കണം. ഈശ്വരകോപം മാറ്റുവാന്‍ കഴിയും. എന്നാല്‍ ഗുരുനിന്ദയില്‍നിന്നുള്ള പാപം തീര്‍ക്കാന്‍ ഈശ്വരന്‍പോലും തയ്യാറാകില്ല.

ഗുരുവും ഈശ്വരനും എല്ലാവരിലുമുണ്ട്. എന്നാല്‍, തുടക്കത്തില്‍ ബാഹ്യഗുരുക്കന്മാര്‍ ആവശ്യമാണ്. ഒരു ഘട്ടം കഴിഞ്ഞാല്‍പ്പിന്നെ ആവശ്യമില്ല. പിന്നീടവനു് ഓരോരോ വസ്തുവില്‍നിന്നും തത്ത്വങ്ങള്‍ ഗ്രഹിച്ചു മുന്നോട്ടുനീങ്ങുവാന്‍ കഴിയും. ഒരു കുട്ടി ലക്ഷ്യബോധം വരുന്നതുവരെ വീട്ടുകാരുടെയും, അദ്ധ്യാപകരുടെയും വഴക്കിനെ ഭയന്നാണു് പഠിക്കുന്നത്. ലക്ഷ്യബോധം വന്നുകഴിഞ്ഞാല്‍ പിന്നെ സിനിമ കാണാതെയും ഉറങ്ങാതെയും ഇരുന്നു പഠിക്കും. അതുവരെ വീട്ടുകാരോടുണ്ടായിരുന്ന ഭയം ദുര്‍ബ്ബലതയല്ല. മക്കളേ, ലക്ഷ്യബോധം ഉണ്ടാകുമ്പോള്‍ അവനിലെ ഗുരുവും താനേ ഉണരുന്നു.

ഒരുവന്‍ ഗുരുസാമീപ്യം എത്തിയാലും അര്‍ഹനാണെങ്കിലേ, ഗുരു അവനെ സ്വീകരിക്കൂ. എന്നാല്‍ ഗുരുകൃപ കൂടാതെ ഗുരുവിനെ അറിയാനും പറ്റില്ല. അന്വേഷണാര്‍ത്ഥം ചെല്ലുന്നവനു വിനയവും എളിമയും ഉണ്ടാകും. അവനിലേ, ഗുരു, കൃപ ചൊരിയൂ. അഹംബുദ്ധിയുമായിച്ചെല്ലുന്നവനു ഗുരുവിനെ പ്രാപിക്കുവാന്‍ സാദ്ധ്യമല്ല. മക്കളേ, ‘ഞാനും ഈശ്വരനും ഒന്നു്’ എന്നൊരാളിനു പറയാം. എന്നാല്‍ ഗുരുവും ഞാനും ഒന്നാണെന്നു് ഒരു ശിഷ്യനും പറയാന്‍ സാധിക്കില്ല. ‘എന്നിലെ എന്നെ’ ഉണര്‍ത്തിയ ആളാണല്ലോ ഗുരു. ആ ഒരു വലുപ്പം അവിടെ കാണും. ശിഷ്യന്റെ നീക്കവും അതനുസരിച്ചായിരിക്കണം.

പറക്കമുറ്റാത്ത കോഴിക്കുഞ്ഞുങ്ങളെ തള്ളക്കോഴി ചിറകിന്നടിയില്‍വച്ചു വളര്‍ത്തുന്നതു പോലെയാണു യഥാര്‍ത്ഥഗുരുവും തന്റെ ശിക്ഷണത്തില്‍ വളരുന്നവരെ ശ്രദ്ധിക്കുന്നത്. നിസ്സാരമായ തെറ്റുകള്‍പോലും അപ്പപ്പോള്‍ ചൂണ്ടിക്കാണിച്ചു തിരുത്തും. അഹങ്കാരത്തിന്റെ അംശംപോലും വളരാന്‍ അനുവദിക്കുകയില്ല. അതിനുവേണ്ടി ഗുരുക്കന്മാര്‍ ചിലപ്പോള്‍ ക്രൂരമായി പെരുമാറിയെന്നുവരും.

ഒരു കൊല്ലപ്പണിക്കാരന്‍, തന്റെ ആലയില്‍ പഴുപ്പിച്ച ഇരുമ്പുകഷ്ണത്തെ അടിക്കല്ലിനു മുകളില്‍ വച്ചു കൂടംകൊണ്ടു് ആഞ്ഞാഞ്ഞടിക്കുമ്പോള്‍ അതു കാണുന്നവര്‍ കരുതും, അവന്‍ മഹാദുഷ്ടനാണെന്നു്; ഇരുമ്പുകഷ്ണവും വിചാരിച്ചേക്കും അയാളെപ്പോലെ ഒരു ദുഷ്ടന്‍ മറ്റെങ്ങും കാണില്ലെന്ന്. എന്നാല്‍ ആ ഇരുമ്പുകഷണത്തിനു മുകളില്‍ ഓരോ അടി വീഴുമ്പോഴും അതില്‍നിന്നു രൂപം കൊള്ളാന്‍പോകുന്ന പുതിയ രൂപത്തെക്കുറിച്ചായിരിക്കും ആ കൊല്ലപ്പണിക്കാരന്റെ ചിന്ത. അതുപോലെയായിരിക്കും മക്കളേ, യഥാര്‍ത്ഥ ഗുരുവും.