ചോദ്യം: ശിവലിംഗത്തെ ചിലര്‍ അശ്ലീലമായി ചിത്രീകരിക്കുന്നു. ഇതിനു് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
അമ്മ: മക്കളേ, ശിവലിംഗത്തിന്റെ ശരിയായ തത്ത്വം മനസ്സിലാക്കാത്തതുകൊണ്ടാണു് അവര്‍ അങ്ങനെ പറയുന്നത്. ഓരോരുത്തരും അവനവന്റെ ആന്തരിക സംസ്‌കാരമനുസരിച്ചാണ് ഏതൊന്നിലും നല്ലതും ചീത്തയും ആരോപിക്കുന്നത്. ഓരോ മതത്തിനും സംഘടനയ്ക്കും അതിന്റെതായ പ്രതീകങ്ങള്‍ ഉണ്ട്. ഒരു രാഷ്ട്രത്തിന്റെയോ, പാര്‍ട്ടിയുടെയോ കൊടിക്കു് ഉപയോഗിച്ച തുണിക്കു പത്തുരൂപ മാത്രമേ വിലയുണ്ടാവുകയുള്ളൂ. എന്നാല്‍ അതിനു നല്കുന്ന മൂല്യം എത്ര വലുതാണ്. അതില്‍ ജനങ്ങള്‍ കാണുന്നതു് ഒരു രാഷ്ട്രത്തെയാണ്, പാര്‍ട്ടിയെയാണ്. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു തങ്ങളുടെ കൊടി പാര്‍ട്ടിയുടെ ആദര്‍ശത്തിന്റെ പ്രതീകമാണ്. ഈ തുണിക്കു പത്തുരൂപയുടെ വിലയേ ഉള്ളൂ എന്നു പറഞ്ഞുകൊണ്ടു് ആരെങ്കിലും ഒന്നു തുപ്പട്ടെ, ഒന്നു വലിച്ചുകീറട്ടെ, അവിടെ വലിയ സംഘര്‍ഷം നടക്കും. ആ കൊടി കാണുമ്പോള്‍ ഇതു പരുത്തിനൂലില്‍ നെയ്തതാണ്. പരുത്തിയ്ക്കു വളം കാഷ്ടമാണു്. അതിനെത്ര ദുര്‍ഗ്ഗന്ധമായിരിക്കും എന്നും മറ്റും ആരും ചിന്തിക്കാറില്ല. മറിച്ചു് ആ കൊടിയില്‍ പാര്‍ട്ടിയെയും അതിന്റെ ആദര്‍ശത്തെയുമാണു നമ്മള്‍ കാണുന്നത്.
ക്രിസ്ത്യാനിമക്കള്‍ക്കു കുരിശ് ത്യാഗത്തിന്റെ പ്രതീകമാണ്. കുരിശിന്റെ മുന്നില്‍നിന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ കുറ്റവാളികളെ ക്രൂശിലേറ്റാന്‍ ഉപയോഗിക്കുന്ന ഉപാധി എന്നല്ല ചിന്തിക്കുന്നത്. ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിട്ടാണു കുരിശിനെ കാണുന്നത്. മുസ്ലീം മക്കള്‍ മെക്കയെ ലക്ഷ്യമാക്കി നിസ്‌കരിക്കുന്ന സമയത്തു് അവര്‍ ചിന്തിക്കുന്നതു് ഈശ്വരീയ ഗുണങ്ങളെയാണ്. അപ്പോള്‍ എന്തുകൊണ്ടു ചിലര്‍ ഹിന്ദു ധര്‍മ്മത്തിലെ ഈശ്വരരൂപങ്ങളെയും വിഗ്രഹങ്ങളെയും മാത്രം അധിക്ഷേപിക്കുന്നു എന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല. പിതാവിന്റെ ചിത്രം കാണുന്ന സമയത്തു പെയിന്റിനെയും വരച്ച ആളെയുമല്ല മകന്‍ ഓര്‍ക്കുന്നത്, പിതാവിനെയാണ്.
ശിവലിംഗം ഒരു പ്രത്യേക മതത്തിന്റെ പ്രതീകമല്ല. ഒരു ശാസ്ത്രീയതത്ത്വത്തെയാണു് അതു് ഉള്‍ക്കൊള്ളുന്നത്. കണക്കിലും സയന്‍സിലും മറ്റും എത്രയോ ചിഹ്‌നങ്ങളും അടയാളങ്ങളും ഉപയോഗിക്കുന്നു. ഉദാഹരണത്തിനു ഗുണനചിഹ്‌നം, ഹരണചിഹ്‌നം. എല്ലാ മതക്കാരും എല്ലാ ദേശക്കാരും അതു് ഉപയോഗിക്കുന്നില്ലേ? ഏതു മതസ്ഥനാണു് അതു കണ്ടെത്തിയതെന്നു് അന്വേഷിച്ചു് ആരും അതിനെ തള്ളിക്കളയുന്നില്ല. കണക്കു പഠിക്കാനാഗ്രഹിക്കുന്നവര്‍ എല്ലാവരും അതിലെ ചിഹ്‌നങ്ങളും ഉള്‍ക്കൊള്ളുന്നു. അതുപോലെ സത്യാന്വേഷികളായ ആര്‍ക്കും ശിവലിംഗത്തെ, അതിന്റെ പിന്നിലെ തത്ത്വം മനസ്സിലാക്കിയാല്‍ തള്ളിക്കളയാനാവില്ല.
മക്കളേ, ലിംഗം എന്നതിനു് വിലയസ്ഥാനം എന്നും അര്‍ത്ഥമുണ്ട്. പ്രപഞ്ചം മുഴുവന്‍ ഏതൊന്നില്‍നിന്നു് ഉത്ഭവിച്ചുവോ, ഏതൊന്നില്‍ വിലയിക്കുന്നുവോ അതാണു ലിംഗം. ഈ പ്രപഞ്ചത്തിന്റെ തുടക്കം അന്വേഷിച്ച ഋഷീശ്വരന്മാര്‍ അവരുടെ തപസ്സിലൂടെ എല്ലാത്തിനും ആദിയും ആധാരവുമായുള്ളത് ബ്രഹ്മം ആണെന്ന് കണ്ടെത്തി. അതിനെ വാക്കാല്‍ വിവരിക്കാനാവില്ല, ചൂണ്ടിക്കാണിക്കാനാവില്ല. സര്‍വ്വതിന്റെയും തുടക്കവും ഒടുക്കവും അതിലാണ്. എല്ലാ ഗുണങ്ങള്‍ക്കും ഇരിപ്പിടമാകയാല്‍ അത് നിര്‍ഗുണമാണ്, നിരാകാരമാണ്. നിര്‍ഗുണമായതിനെ എങ്ങനെ വിവരിക്കാന്‍ കഴിയും? സഗുണമായതു മാത്രമേ മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും വിഷയമാവുകയുള്ളൂ. ഈയൊരു വിഷമസന്ധിയില്‍ ബ്രഹ്മത്തിനും സൃഷ്ടിക്കും ഇടയിലുള്ള ആ തുടക്കഘട്ടത്തെ സൂചിപ്പിക്കാനായി, ഋഷീശ്വരന്മാര്‍ കണ്ടെത്തിയ പ്രതീകമാണ് ശിവലിംഗം. ബ്രഹ്മത്തില്‍നിന്നുള്ള പ്രപഞ്ചസൃഷ്ടിയെയാണു് അതു കുറിക്കുന്നത്. ഋഷീശ്വരന്മാര്‍ അനുഭവിച്ചറിഞ്ഞ സത്യത്തെ സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന ഭാവത്തില്‍ വെളിവാക്കിയതാണു ശിവലിംഗം. നിര്‍ഗുണമായ പരമസത്യം നാമത്തിനും രൂപത്തിനും വ്യക്തിത്വത്തിനും അതീതമാണ്. ഇതു് ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ അതിനെ ധ്യാനിക്കാനും ആരാധിക്കാനുമുള്ള സൗകര്യത്തിനായി ഋഷീശ്വരന്മാര്‍ സ്വീകരിച്ച ശാസ്ത്രീയ പ്രതീകമാണു ശിവലിംഗം.
കണ്ണുകൊണ്ടു കാണാന്‍ കഴിയാത്ത ചില രശ്മികളെക്കുറിച്ചു പഠിച്ച ശാസ്ര്തജ്ഞന്മാര്‍ അവയെ മറ്റുള്ളവര്‍ക്കു വിശദീകരിക്കാനായി ചിഹ്‌നങ്ങള്‍ ഉപയോഗിക്കുന്നു. എക്‌സറേ എന്നു പറയുമ്പോള്‍ അതു് ഒരു പ്രത്യേക രശ്മിയെ സൂചിപ്പിക്കുന്നതായി നമ്മള്‍ അറിയുന്നു. അതുപോലെ ശിവലിംഗം എന്നു കേള്‍ക്കുമ്പോള്‍ നിര്‍ഗുണബ്രഹ്മത്തിന്റെ സഗുണഭാവമായി നാം മനസ്സിലാക്കുന്നു. ‘ശിവ’ ശബ്ദത്തിനു മംഗളം എന്നും അര്‍ത്ഥമുണ്ട്. മംഗളത്തിന് സ്വയമൊരു രൂപമില്ല. അതിന്റെ ചിഹ്‌നമായ ശിവലിംഗത്തിന്റെ ആരാധനയിലൂടെ അവനവന് മംഗളം ഭവിക്കുകയാണ് ചെയ്യുന്നത്. മംഗളത്തിനു ജാതിഭേദമില്ല. ശരിയായ തത്ത്വമറിഞ്ഞു ശിവലിംഗത്തെ ആരാധിക്കുന്ന ആര്‍ക്കും മംഗളം ഭവിക്കും.
മക്കളേ, പരമസത്യം സൃഷ്ടിയുടെ ആരംഭത്തില്‍ പ്രകൃതിയും പുരുഷനുമായി വേര്‍പിരിഞ്ഞു. ഇവിടെ പുരുഷന്‍ എന്നതു് ആണുങ്ങളെ കുറിയ്ക്കാനല്ല, ആത്മചൈതന്യത്തെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ പ്രകൃതി എന്ന പദംകൊണ്ടു നമുക്ക് അനുഭവിക്കാനും അറിയാനും കഴിയുന്ന പ്രപഞ്ചത്തെയാണു ഋഷിമാര്‍ അര്‍ത്ഥമാക്കിയത്. പുരുഷനും പ്രകൃതിയും രണ്ടല്ല. തീയും അതിന്റെ ദാഹകശക്തിയുംപോലെ അവ ഒന്നാണ്. അവയെ വേര്‍പ്പെടുത്താനാവില്ല. പുരുഷശബ്ദം കേള്‍ക്കുമ്പോള്‍ ആദ്ധ്യാത്മികം പഠിച്ചിട്ടില്ലാത്ത സാധാരണക്കാരനു് ആണിനെയാണു ഓര്‍മ്മ വരുന്നത്. അതുകൊണ്ടു ബോധസ്വരൂപമായ പരമാത്മാവിനു പുരുഷാകാരം കല്പിച്ചു ശിവനെന്നു പേര്‍ നല്‍കി. പ്രകൃതിയെ സ്ത്രീരൂപത്തില്‍ ശക്തിയെന്നും ദേവിയെന്നും വിളിച്ചു. ഏതൊരു ചലനത്തിനു പിന്നിലും ചലിക്കാത്ത ഒരു ആധാരമുണ്ടായിരിക്കും ഉരലും ഉലക്കയും പോലെ, അരകല്ലും കുഴവിയുംപോലെ. ഇതുപോലെ പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങള്‍ക്കും ആധാരമായ നിശ്ചലതത്ത്വമാണു ശിവന്‍. പ്രകൃതി, ചലനകാരണമായ ശക്തിയും. ഈ ശിവശക്തി ഐക്യത്തിന്റെ പ്രതീകമായ ശിവലിംഗത്തെ ഏകാഗ്രതയോടെ ധ്യാനിക്കുമ്പോള്‍ ആ പരമസത്യം നമ്മില്‍ ഉണരും.
എന്തുകൊണ്ടു ശിവലിംഗത്തിനു് ആ ആകൃതി കൊടുത്തു എന്നും നമ്മള്‍ ചിന്തിക്കണം. ഇന്നു ശാസ്ത്രജ്ഞന്മാര്‍ പറയുന്നതു പ്രപഞ്ചം ഒരു മുട്ടയുടെ ആകൃതിയിലാണെന്നാണ്. മുട്ടയ്ക്കു് അണ്ഡം എന്നു പറയും. പ്രപഞ്ചത്തെ കുറിയ്ക്കാന്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ഭാരതത്തില്‍ ഉപയോഗിച്ചു വന്ന വാക്ക് ബ്രഹ്മാണ്ഡം എന്നായിരുന്നു. ബ്രഹ്മം എന്നുവച്ചാല്‍ ഏറ്റവും വലുതെന്നര്‍ത്ഥം. അണ്ഡാകൃതിയിലുള്ള ആ പ്രപഞ്ചത്തിന്റെ ചെറിയ പതിപ്പാണു ശിവലിംഗം. ശിവലിംഗത്തെ ആരാധിക്കുന്നതിലൂടെ സമസ്ത പ്രപഞ്ചത്തേയും മംഗളസ്വരൂപമായി കണ്ട്, ഈശ്വരചൈതന്യമായി കണ്ട്, ആരാധിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ആകാശത്തിനപ്പുറമിരിക്കുന്ന ഒരീശ്വരനെ ആരാധിക്കുന്നതല്ല അതിന്റെ തത്ത്വം. മനുഷ്യനും ജീവജാലങ്ങളും ഉള്‍പ്പെട്ട പ്രപഞ്ചത്തിനു ചെയ്യുന്ന സേവ ശിവപൂജയായി കാണാനാണതു പഠിപ്പിക്കുന്നത്.
ഇന്ന് നമ്മുടെയൊക്കെ അവസ്ഥ അഹങ്കാരമാകുന്ന മുട്ടത്തോടിനുള്ളിലിരിക്കുന്ന പക്ഷിക്കുഞ്ഞിനെ പോലെയാണ്. പക്ഷിക്കുഞ്ഞിനു് ആകാശത്തിന്റെ സ്വാതന്ത്ര്യം സ്വപ്നം കാണാനേ കഴിയൂ, അനുഭവിക്കാന്‍ പറ്റുകയില്ല. അതിന് കഴിയണമെങ്കില്‍ തള്ളപ്പക്ഷിയുടെ ചൂടില്‍ മുട്ടത്തോടു വിരിഞ്ഞു പുറത്തു വരണം. അതു പോലെ ആത്മാനന്ദം നമുക്ക് അനുഭവിക്കാന്‍ കഴിയണമെങ്കില്‍ അഹങ്കാരമാകുന്ന മുട്ടത്തോടു പൊട്ടണം. ആ ബോധം ഉണര്‍ത്താന്‍ മുട്ടയുടെ ആകൃതിയുള്ള ശിവലിംഗം ഉപാസകനെ സഹായിക്കും.
‘ആകാശലിംഗാ പാഹിമാം, ആത്മലിംഗാ പാഹിമാം’ എന്നും മറ്റും നാം പാടുമ്പോള്‍, ആകാശംപോലെ സര്‍വ്വവ്യാപിയായ ഈശ്വരന്‍ നമ്മളെ രക്ഷിക്കട്ടെ, നമ്മുടെ തന്നെ ശരിയായ സ്വരൂപമായിരിക്കുന്ന പരമാത്മാവ് നമ്മളെ രക്ഷിക്കട്ടെ, എന്നൊക്കെയാണു് ആ വരികളുടെ അര്‍ത്ഥം. അല്ലാതെ മനുഷ്യന്റെ ഒരു അവയവം തന്നെ രക്ഷിക്കട്ടെ എന്നു വിഡ്ഢികള്‍പോലും പ്രാര്‍ത്ഥിക്കുകയില്ലല്ലോ. മക്കളെ, ജനകോടികള്‍ ആയിരമായിരമാണ്ടുകളായി ആത്മോന്നതി നേടാന്‍ ഉപയോഗിക്കുന്ന ഒരു ദിവ്യപ്രതീകത്തെ അതിനില്ലാത്ത അര്‍ത്ഥം കല്പിച്ചു് അപഹസിക്കുന്നതുകൊണ്ട് ആര്‍ക്കു് എന്തു ഗുണമാണു് ഉണ്ടാകുന്നത്? വെറുതെ വിദ്വേഷം സൃഷ്ടിക്കാനേ അതു കാരണമാകൂ.
കാമദേവനെ തൃക്കണ്ണാല്‍ ദഹിപ്പിച്ചവനാണു ശിവന്‍ എന്നു പുരാണ കഥ പറയുന്നു. ഇന്നു ഭൗതികമായവയെ നാം സത്യമെന്നും നിത്യമെന്നും സ്വന്തമെന്നുമൊക്കെ കരുതുന്നു. അവ കാണാനുള്ള കണ്ണു മാത്രമേ നമുക്കുള്ളൂ. എന്നാല്‍ ജ്ഞാനത്തിന്റേതായ മൂന്നാം കണ്ണു തുറന്നാല്‍ മാത്രമേ അവയൊക്കെ നശ്വരമാണെന്നും ആത്മചൈതന്യം മാത്രം നിത്യമാണെന്നും മനസ്സിലാക്കി പരമമായ ആനന്ദം അനുഭവിക്കാന്‍ കഴിയൂ. അപ്പോള്‍ അവിടെ ആണെന്നും പെണ്ണെന്നും എന്റെതെന്നും നിന്റെതെന്നും ഉള്ള ഭേദമില്ല. അതാണു കാമന്‍ നശിക്കുന്നു എന്നു പറയുന്നത്. ഈ തത്ത്വമുള്‍ക്കൊണ്ടു മനസ്സിനെ കാമമുക്തമാകാന്‍ സഹായിക്കുന്നതാണ് ശിവലിംഗം. അതു കൊണ്ടാണതിനെ ആണും പെണ്ണും ചണ്ഡാലനും ബ്രാഹ്മണനും വൃദ്ധനും കുട്ടിയും ഒരുപോലെ പൂജിക്കുന്നത്. അതിനെ കാമത്തിന്റെ പ്രതീകമായിക്കാണാന്‍ കാമമോഹിതമായ മനസ്സിനു മാത്രമേ കഴിയൂ. അങ്ങനെയുള്ളവര്‍ക്കു ശരിയായ തത്ത്വം പറഞ്ഞുകൊടുത്തു് അവരുടെ മനസ്സിനെക്കൂടി ശുദ്ധീകരിക്കുവാനാണു നാം ശ്രമിക്കേണ്ടത്.
ശിവനും ശക്തിയും രണ്ടല്ല, ഒന്നു തന്നെയാണെന്നാണു ശിവലിംഗം കാണിക്കുന്നത്. കുടുംബജീവിതത്തിലും ഇതു പ്രസക്തമാണ്. ഭാര്യയും ഭര്‍ത്താവും ഒറ്റ മനസ്സായി കഴിയണം. കുടുംബത്തിന്റെ ആധാരം പുരുഷനാണെങ്കില്‍ ശക്തി സ്ത്രീയാണ്. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള തുല്യതയും പ്രേമവും ഇതുപോലെ വ്യക്തമാക്കുന്ന മറ്റൊരു പ്രതീകമുണ്ടോ എന്നു സംശയമാണ്. അതുകൊണ്ടു കൂടിയാണു അമ്മ സ്ഥാപിച്ച ബ്രഹ്മസ്ഥാനക്ഷേത്രങ്ങളില്‍ ശിവലിംഗത്തിനും പ്രാധാന്യം കൊടുത്തിരിക്കുന്നത്.