ചോദ്യം: ശിവന്‍ ശ്മശാനത്തില്‍ വസിക്കുന്നു എന്നു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?

അമ്മ: മനുഷ്യന്റെ ദുഃഖത്തിനു കാരണം ആഗ്രഹമാണ്. താന്‍ പൂര്‍ണ്ണനല്ലെന്ന ചിന്തയാണു് ഓരോ ആഗ്രഹങ്ങള്‍ക്കും പിന്നാലെ മനസ്സു പായാന്‍ കാരണം. ഭൗതികനേട്ടങ്ങളില്‍ മാത്രം മനസ്സുവച്ചു അവ നേടിയെടുത്തതുകൊണ്ടു മാത്രം ഒരിക്കലും ഒരുവനു പൂര്‍ണ്ണശാന്തി നേടാനാവില്ല. മനുഷ്യന്റെ എല്ലാ ഭൗതികമോഹങ്ങളും അതിനുപാധിയായ ശരീരവും എരിഞ്ഞടങ്ങുന്ന സ്ഥലമാണു ശവപ്പറമ്പ്. അവിടെ ആനന്ദനൃത്തം ചവിട്ടുന്നവനാണ് ശിവന്‍. അതിനാലാണു ശിവനെ ചുടലവാസിയായി പറയുന്നത്. ഇതിനര്‍ത്ഥം മരണശേഷമാണു് ആനന്ദം എന്നല്ല. എല്ലാം നമ്മളില്‍ തന്നെയുണ്ട്, നമ്മളും പ്രപഞ്ചവും ഒന്നു തന്നെയാണ്, രണ്ടും ഒരുപോലെ പൂര്‍ണ്ണമാണ്. ജ്ഞാനാഗ്നിയില്‍ ദേഹത്തോടുള്ള അഭിനിവേശം ചാമ്പലാകുമ്പോള്‍ നമ്മളില്‍ സ്വാഭാവികമായി നിറയുന്നതാണു് ആനന്ദം. ശിവന്റെ അലങ്കാരം ചുടലഭസ്മമാണ്. കാമനകളെ ജയിച്ചതിന്റെ പ്രതീകമാണത്. ഭസ്മം നെറ്റിയിലണിയുമ്പോള്‍ ശരീരത്തിന് അതിന്റെ ഔഷധഗുണം ലഭിക്കുന്നതിനു പുറമെ മനസ്സിന് ശരീരത്തിന്റെ നശ്വരതയെപ്പറ്റിയുള്ള ഉണര്‍വ്വും ഉണ്ടാകുന്നു. ഈ ശരീരം വേഗം നശിക്കുമെന്നും, ശരീരം നശിക്കുന്നതിന് മുന്‍പ് നല്ലകാര്യങ്ങള്‍ എത്രയും വേഗം ചെയ്തു തീര്‍ക്കണമെന്നും ഓര്‍ക്കാന്‍ അതു നമുക്ക് പ്രേരണ തരുന്നു.

ശിവനെ വൈരാഗിയെന്നു വിളിക്കാറുണ്ട്. വൈരാഗ്യമെന്ന് കേള്‍ക്കുമ്പോള്‍ ലോകത്തോടുള്ള വെറുപ്പെന്ന് നമ്മള്‍ ധരിച്ചേക്കും. അങ്ങനെയല്ല അതിനര്‍ത്ഥം. ആസക്തി ഇല്ലാതിരിക്കുക എന്നാണതിനര്‍ത്ഥം. കുട്ടികള്‍ അവരുടെ കളിപ്പാട്ടങ്ങള്‍ക്കു കല്പിക്കുന്ന പ്രാധാന്യം മുതിര്‍ന്നവര്‍ക്ക് തോന്നുകയില്ലല്ലോ. അതുപോലെ സ്ഥാനമാനങ്ങള്‍ക്കും ദേഹസുഖത്തിനും ബന്ധുമിത്രാദികള്‍ക്കും മറ്റും അമിതമായ വില കല്പിക്കാതിരിക്കുന്നതാണു വൈരാഗ്യം. ശരിയായ വൈരാഗ്യം ഉണ്ടാക്കിയെടുത്തില്ലെങ്കില്‍ നമ്മുടെ സന്തോഷം മറ്റുള്ളവരുടെ നാക്കിന്‍ തുമ്പത്തായിരിക്കും. നമ്മുടെ ജീവിതം മറ്റുള്ളവരുടെ കൈയിലെ കളിപ്പാവയായി മാറും. ശരിയായ സ്വാതന്ത്ര്യം നേടിത്തരുന്നത് വൈരാഗ്യമാണ്. വൈരാഗ്യമുണ്ടെങ്കില്‍ നമ്മളില്‍ സഹജമായുള്ള ആനന്ദത്തെ മറയ്ക്കാന്‍ ഒരു ലോകവസ്തുവിനും കഴിയില്ല. ഭസ്മഭൂഷിതനും ശ്മശാനവാസിയുമായ ശിവന്‍ ആ തത്ത്വമാണു നമ്മെ പഠിപ്പിക്കുന്നത്. അതിനാലാണു ശിവന്‍ ആദിഗുരുവായിരിക്കുന്നത്.