(അടിമത്തവും മനുഷ്യക്കടത്തും നിവാരണം ചെയ്യണമെന്ന ആഹ്വാനവുമായി മാതാ അമൃതാനന്ദമയി ദേവി ലോകമത നേതാക്കളുമായി ഒത്തുചേര്‍ന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി 2014 ഡിസംബർ 2 ചൊവ്വാഴ്ച വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ 2020 ഓടെ ഈ വിപത്തുകള്‍ നിവാരണം ചെയ്യുന്നതിനുള്ള പ്രതിബദ്ധത അവര്‍ പ്രഖ്യാപിച്ചു.ആഗോളതലത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഐക്യത്തിലൂടെയും സമാധാനത്തിലൂടെയും പരിഹാരം കണ്ടെത്തുന്നതിന് മതനേതാക്കളുമായുള്ള ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ വഴിതെളിക്കുമെന്ന് അമ്മ അഭിപ്രായപ്പെട്ടു. ലോകത്തുനിന്നും അടിമത്തം തുടച്ചുനീക്കുന്നതിന് കത്തോലിക്ക, ആംഗ്ലിക്കന്‍, ഓര്‍ത്തഡോക്‌സ് മതനേതാക്കള്‍ക്കൊപ്പം ഹൈന്ദവ, ബുദ്ധ, യഹൂദ, മുസ്ലിം മത നേതാക്കളും ഒരുമിച്ച് അണിനിരന്ന ചരിത്രനിമിഷത്തിനായിരുന്നു വത്തിക്കാന്‍ സാക്ഷ്യംവഹിച്ചത്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത ജോലിയെടുപ്പിക്കല്‍, വേശ്യാവൃത്തി, അവയവക്കടത്ത് എന്നിങ്ങനെയുള്ള ആധുനിക അടിമത്തങ്ങള്‍ മാനവരാശിക്ക് എതിരെയുള്ള കുറ്റകൃത്യമാണെന്ന് എല്ലാവരും തിരിച്ചറിയുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തില്‍ എല്ലാ മതനേതാക്കളും ഒപ്പുവച്ചു. ലോകത്തുനിന്നും എന്നെന്നേക്കുമായി ആധുനിക അടിമത്തവും മനുഷ്യക്കടത്തും നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആഗോള വിശ്വാസ അധിഷ്ഠിത സംഘടനയായ ഗ്ലോബല്‍ ഫ്രീഡം നെറ്റ് വര്‍ക്കിന്‍റെ (ജി.എഫ്.എന്‍.) നേതൃത്വത്തിലാണ് ലോകമതനേതാക്കളുടെ സംഗമം സംഘടിപ്പിച്ചത്. തദവസരത്തില്‍ അവരെ അഭിസംബോധന ചെയ്ത് അമ്മ നടത്തിയ പ്രഭാഷണം)
ആത്മസ്വരൂപികളായിരിക്കുന്ന എല്ലാവര്‍ക്കും നമസ്‌ക്കാരം. ആദരണീയനായ പോപ്പ് ഫ്രാന്‍സിസ്, മറ്റ് വിശിഷ്ടാതിഥികളെ, ആദ്യമായി ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന ഇത്തരമൊരു ഒത്തുചേരലില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള ഹൃദയം നിറഞ്ഞ സന്തോഷം അറിയിക്കട്ടെ. പോപ്പ് ഫ്രാന്‍സിസിന്‍റെയും വത്തിക്കാന്‍ സര്‍വ്വകലാശാലയുടെ ചാന്‍സ്‌ലര്‍ ശ്രീമാര്‍സലോയുടെയും നിശ്ചയദാര്‍ഢ്യവും സമൂഹ്യപ്രതിബദ്ധതയും ഈ സംഗമം ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചു എന്നുള്ളതും ഈ അവസരത്തില്‍ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിച്ചുകൊള്ളട്ടെ.
പ്രിയപ്പെട്ടവരെ, ഈ നൂറ്റാണ്ടിന്‍റെയെന്നല്ല, എന്നും മനുഷ്യക്കടത്ത് ലോകസമൂഹത്തിന്‍റെ ഏറ്റവും വലിയ ശാപങ്ങളിലൊന്നായാണ് വര്‍ത്തിക്കുന്നത്. തുരത്താന്‍ ശ്രമിക്കുന്തോറും ഇരട്ടി ശക്തിയോടെ തിരിച്ച് വരുന്നൊരു ദുര്‍ഭൂതത്തിനെപോലെ, അതിന്നും മനുഷ്യസമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇന്ന് ഭീകരവാദം ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ നെടുംതൂണും പോഷകശക്തിയുമാണ് മനുഷ്യക്കടത്ത്. പോപ്പ് ഫ്രാന്‍സിസ് പറഞ്ഞതുപോലെ, ‘മനുഷ്യക്കടത്ത് മനുഷ്യവര്‍ഗ്ഗത്തിനോട് ചെയ്യുന്ന മഹാപരാധമാണ്, ക്രിമിനല്‍ കുറ്റമാണ്.’
അതിക്രൂരവും നിന്ദ്യവുമായ ഈ കുറ്റകൃത്യത്തിനെതിരെ സംഘടിക്കേണ്ടതും അതിനിരയായവര്‍ക്ക് ‘ശാപമോക്ഷം’ നല്‍കി സംരക്ഷിക്കേണ്ടതും ഓരോ രാജ്യത്തിന്‍റെയും കടമയാണ്. സാമൂഹ്യബോധവും പ്രതിബദ്ധതയുമുള്ള ഓരോ പൗരന്‍റെയും ധര്‍മ്മമാണ്. പക്ഷെ, അത്രവേഗമൊന്നും തടയാന്‍ കഴിയുന്ന ഒരു പ്രശ്‌നമല്ല എന്നുള്ള കയ്‌പ്പേറിയ സത്യവും നമുക്കെല്ലാവര്‍ക്കും അറിയാം. കാരണം, ഈ വ്രണത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അത്രത്തോളം തന്നെ ജീര്‍ണ്ണതയും ആഴവുമുണ്ട്.
നിരപരാധികളും നിസ്സഹായരുമായ ബാലികാബാലന്മാരെയും ജീവിതത്തെ ആശ്ലേഷിക്കാന്‍ ഹൃദയംനിറയെ സ്വപ്‌നങ്ങളുമായി കാത്തിരിക്കുന്ന കൗമാരപ്രായക്കാരെയും യൗവ്വനയുക്തരേയും പിച്ചിച്ചീന്തി അവരുടെ ജീവിതം തകര്‍ത്തെറിയുന്ന മനുഷ്യക്കടത്ത് മഹാപാപങ്ങളില്‍ വെച്ച് മഹാപാപമാണ്. ഈശ്വരന്‍ കനിഞ്ഞ് നല്‍കുന്നതാണ് ഈ ജന്മവും ജീവിതവും. അത് നല്ല കര്‍മ്മങ്ങളിലൂടെ ഈശ്വരന് തന്നെ തിരിച്ച് സമര്‍പ്പിക്കാനുള്ളതാണ്. ഒരു ജീവന് നല്‍കുന്ന അനുഗ്രഹം മറ്റൊരു ജീവന് പിടിച്ചെടുക്കാനോ, പിടിച്ചുപറിക്കനോ അവകാശമില്ല. സകലജീവജാലങ്ങളും ഈശ്വരന്‍റെ കയ്യിലെ ഉപകരണങ്ങളാണ്. ഈശ്വരന്‍റെ കോടതിയിലെ നിയമം ധര്‍മ്മമാണ്. നാം ഓരോരുത്തരും ആ നിയമം പാലിക്കേണ്ടവരും പ്രതിനിധികരിക്കേണ്ടവരുമാണ്. മനുഷ്യക്കടത്ത് അധര്‍മ്മമാണ്. അതുകൊണ്ട് ആ വലക്കുള്ളില്‍ പെട്ടുപോയവരെയും അതില്‍ കുടുങ്ങിയവരേയും രക്ഷിക്കണം. അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കി നേര്‍വഴിക്ക് നയിക്കേണ്ടതും മതാചാര്യന്മാരുടെ കര്‍ത്തവ്യമാണ്.
അധര്‍മ്മം നടക്കുന്നു എന്നറിഞ്ഞിട്ടും മിണ്ടാതിരുന്നാല്‍, ആ മൗനവും അധര്‍മ്മമാണ്. മനുഷ്യക്കടത്തിനെതിരെ ഗവണ്‍മെന്‍റുകളും രാഷ്ട്രനേതാക്കന്മാരും പഴുതുകളില്ലാത്ത നിയമനിര്‍മ്മാണം നടത്തണം. അത് ശക്തമായി പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരണം. ഈ അവസരത്തില്‍, മതാചാര്യന്മാരും ഒരു ധര്‍മ്മയുദ്ധത്തിന് തയ്യാറെടുക്കേണ്ടിയിരിക്കുന്നു. ആരെയും കൊന്നൊടുക്കാനോ, ആരില്‍നിന്നെങ്കിലും പിടിച്ചെടുക്കാനോ ഉള്ള യുദ്ധമല്ല. രാക്ഷസമനസുകളുടെ പിടിയിലകപ്പെട്ട നിസ്സഹായരായ മനുഷ്യരെ രക്ഷിച്ചെടുക്കാനുള്ള യുദ്ധം. ഇവിടെ പ്രതികാരത്തില്‍ നിന്നുദിക്കുന്ന പ്രതികരണമല്ല നമുക്ക് വേണ്ടത്. മറിച്ച്, എല്ലാ വിഭാഗീയചിന്തകളും മറന്നുള്ള സഹാനുഭൂതിയാണ് വേണ്ടത്.
മനുഷ്യനും മനുഷ്യനുമിടയില്‍ മതവും ജാതിയും ഭാഷയും രാജ്യാതിര്‍ത്തികളും നിരവധി വന്‍മതിലുകള്‍ പണിതുയര്‍ത്തിയിരിക്കുന്നു. ആ മതിലുകളെയെല്ലാം കൂട്ടിയിണക്കി, അതിനുപരിയായി സാര്‍വ്വലൗകികമായ സ്‌നേഹത്തിന്‍റെ വലിയൊരു പാലം നമ്മള്‍ നിര്‍മ്മിക്കണം. കാരണം ഏത് കഠിനഹൃദയവും ശുദ്ധസ്‌നേഹത്തില്‍ അലിയും. ഏത് മഹാന്ധകാരത്തിലും അത് പ്രകാശം പരത്തും. നിസ്വാര്‍ത്ഥസ്‌നേഹം മനുഷ്യനിലെ രാക്ഷസമനസ്സിനെ പരിവര്‍ത്തനം ചെയ്ത് അവന്‍റെ രക്ഷകനാക്കി മാറ്റും. സ്വാര്‍ത്ഥലക്ഷ്യങ്ങളുടെ മുഖംമൂടിയണിയാതെ, നിഷ്‌ക്കാമസ്‌നേഹത്തിന്‍റെ, എല്ലാ മതങ്ങളുടെയും അന്തഃസത്തയായ ആത്മീയതയിലൂന്നി നിന്നുകൊണ്ടുള്ള ഒരു കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കാന്‍ മതാചാര്യന്മാര്‍ തയ്യാറാകണം.
പലരാജ്യങ്ങളിലും മനുഷ്യക്കടത്തിനെതിരെ ഗവണ്‍മെന്‍റും ഗവണ്‍മെന്‍റിതര സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ കുറച്ചൊക്കെ വിജയം കൈവരിക്കുന്നുമുണ്ട്. എന്നാല്‍, ‘ജീവനുള്ള മനുഷ്യനെ വസ്തുക്കളെ പോലെ ഉപയോഗിച്ച് അവസാനം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്ന’ ഈ അനാചാരം ബിസിനസ്സിനായി കൊണ്ടുനടത്തുന്നവരുടെ ശക്തിക്കും അവര്‍ വാരിക്കൂട്ടുന്ന സമ്പത്തിനും കുറവുണ്ടാകുന്നില്ല. അതിന് ഇരകളാകുന്നവരുടെ എണ്ണവും കണക്കറ്റ് വര്‍ദ്ധിക്കുന്നു. ഈ ദുര്‍വിധിയുടെ വേരുകള്‍ ഒരു വടവൃക്ഷം പോലെ പടര്‍ന്നുപന്തലിക്കുന്നു. കണ്‍മുന്‍പില്‍ നടക്കുന്ന ഈ അധര്‍മ്മത്തിനെതിരെ ഫലവത്തായി ഒന്നും ചെയ്യാന്‍ കഴിയാതെപോയാല്‍, ആ നിഷ്‌ക്രിയത്വം, വരും തലമുറകളോട് നമ്മള്‍ ചെയ്യുന്ന മഹാപരാധമായിരിക്കും.
നിസ്സഹായതയുടെ ചെളിക്കുണ്ടില്‍ വീണ് ആത്മാഭിമാനം നഷ്ടപ്പെടുന്ന ഇരകളേയും അവരുടെ കുട്ടികളേയും ഭീകരവാദികള്‍ മനുഷ്യബോംബായും ലഹരിവില്പനക്കാരായും അതിന്‍റെ വാഹകന്മാരായും ഉപയോഗിക്കുന്നു. നമ്മള്‍ ദിവസവും കഴിക്കുന്ന പല ആഹാരപദാര്‍ത്ഥങ്ങളും നിര്‍മ്മിക്കാന്‍ കുട്ടികളെ രാപ്പകല്‍ പണിയെടുപ്പിക്കുന്നു. അവരുടെ കിഡ്‌നിയും മറ്റും കമ്പോളത്തില്‍ വില്പനച്ചരക്കുകളാക്കുന്നു. ആവശ്യം കഴിയുമ്പോള്‍, എച്ച്.ഐ.വിയും കടുത്ത വൈകാരിക പീഡനത്തിന്‍റെ ഫലമായുണ്ടാകുന്ന മനോരോഗങ്ങളും ബാധിച്ച് ആര്‍ക്കും വേണ്ടാതാകുന്ന ഇവരെ തെരുവിലേക്ക് വലിച്ചെറിയുന്നു. ഇതില്‍ നിന്ന് മോചനം നേടണമെങ്കില്‍ ഇതിനെതിരായി ശക്തമായി ഫലവത്തായി കൊണ്ടുപോകണമെങ്കില്‍ അവരെ ചെളിക്കുണ്ടില്‍നിന്ന് തിരിച്ചെടുക്കാന്‍ വേണ്ടി നമ്മള്‍ ഏതുരീതിയില്‍ പ്രവര്‍ത്തിക്കണം?
ആയിരക്കണക്കിന് സംഭവങ്ങള്‍ ഞാന്‍ നേരിട്ട് കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ ചിലത് ഞാനിവിടെ പങ്കുവെയ്ക്കാം. ഒരിക്കല്‍ ഒരു മോള്‍ അമ്മയോടു വന്ന് പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു, ‘അമ്മേ, എനിക്കു ഏയിഡ്സ് രോഗമാണ്. ഞാന്‍ മരിക്കുന്നതിനു മുമ്പ് എനിക്ക് എന്‍റെ മോളെ ഒന്നു കാണണം. അതിന് അമ്മ എങ്ങനെയെങ്കിലും എന്നെ സഹായിക്കണം.’ ‘എന്താ മോളെ?’ എന്നമ്മ ചോദിച്ചപ്പോള്‍ ആ മോള്‍ പറഞ്ഞു, ‘ഒന്‍പതു വയസ്സുള്ളപ്പോള്‍ ഞാനൊരു വീട്ടില്‍ കുട്ടികളെ നോക്കാന്‍ വേലക്ക് നിന്നിരുന്നു. അവര്‍ ഓഫീസില്‍ പോകുന്ന സമയം ഒരു മധ്യവയസ്‌കന്‍ അവിടെ വരാറുണ്ടായിരുന്നു. വന്ന് കൂടുതല്‍ സഹായങ്ങള്‍ തന്ന് എന്‍റെ സ്‌നേഹം പിടിച്ചുപറ്റി. ഒരുദിവസം, ഇപ്പോള്‍ കിട്ടുന്നതില്‍ കൂടുതല്‍ ശമ്പളമുള്ളൊരു ജോലി തരാം എന്നയാള്‍ പറഞ്ഞു. എന്‍റെ വീട്ടിലെ കഷ്ടങ്ങള്‍ കാരണം ഞാന്‍ അയാളുടെ കൂടെ പോയി. ധാരാളം പെണ്‍കുട്ടികള്‍ ഉള്ളൊരു സ്ഥലത്തേക്കാണ് അയാളെന്നെ കൂട്ടികൊണ്ടു പോയത്. പക്ഷെ പരസ്പരം സംസാരിക്കാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചില്ല. അതൊരു വേശ്യാലയമാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അവിടെ ക്രൂരമൃഗങ്ങളുടെ വേട്ടയാടലായിരുന്നു. അങ്ങനെ പുരുഷന്മാരുടെ ഒരിരയായി തീര്‍ന്നു. തുടക്കത്തില്‍ എനിക്ക് ഒരുപാടു പ്രയാസവും ദേഷ്യവും തോന്നി. പക്ഷെ, പിന്നീടു അതു എന്‍റെ ഒരു ജോലി പോലെയായി, അതിനോടു ഇഷ്ടവും തോന്നി.
അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍, എനിക്കൊരു പെണ്‍കുഞ്ഞുണ്ടായി. ആദ്യത്തെ ഒരു മാസത്തേക്ക് കുഞ്ഞിനു പാലു കൊടുക്കാന്‍ എന്നെ അനുവദിച്ചു. അതു കഴിഞ്ഞ് വല്ലപ്പോഴൊക്കെ മാത്രമേ കുഞ്ഞിനെ കാണിക്കുകയുള്ളൂ. അപ്പോള്‍ എനിയ്ക്ക് വിഷമം തോന്നി. രക്ഷപ്പെടണമെന്ന് തോന്നി. പക്ഷെ നിവൃത്തി ഇല്ലാത്തതുകൊണ്ട് പിടിച്ചു നിന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം എനിക്ക് എച്ച്. ഐ. വി പിടിപെട്ടു. അപ്പോള്‍ അവഗണന മാത്രമായിരുന്നു. അവരെന്നെ ഒരാശുപത്രിയില്‍ കൊണ്ടുപോകാം എന്നു പറഞ്ഞു കൊണ്ടുപോയി. പക്ഷെ, ആശുപത്രിയിലേക്കല്ല, എന്നെ പുറത്തു തള്ളിവിട്ടു. എന്‍റെ കുഞ്ഞിനെ കാണിക്കാന്‍ കാലുപിടിച്ചിട്ടും അവര്‍ ചെവികൊണ്ടില്ല, തിരിച്ചു വേശ്യാലയത്തില്‍ എന്നെ സ്വീകരിച്ചുമില്ല. അറിയപ്പെടുന്നവരുടെ കാലു പിടിച്ചപ്പോള്‍ കല്ലെറിഞ്ഞില്ലന്നേയുള്ളു. ഒരു കുഷ്ഠരോഗിയെപ്പോലെ, എന്നെ തിരിഞ്ഞുപോലും നോക്കാതെ, എല്ലാവരും വാതിലടച്ചു. ഇനി എനിക്ക് ഈ ലോകത്തില്‍ ജീവിക്കാന്‍ പറ്റില്ല. എന്‍റെ കുഞ്ഞിനെ ഒരു നോക്കുകണ്ടിട്ട് എനിക്കു മരിച്ചാല്‍ മതി. പ്രായം കൂടുതല്‍ തോന്നാന്‍ വേണ്ടി അവര്‍ എനിക്കു ഹോര്‍മോണ്‍ കുത്തിവെച്ചതുപോലെ, അവളെയും കുത്തിവെച്ച്, ഉപയോഗിച്ച് തള്ളുമോ?’ അവരുടെ ദയനീയാവസ്ഥ കണ്ടിട്ട് ആ കുഞ്ഞിനെ അന്വേഷിക്കാന്‍ ചിലരെ അമ്മ അയച്ചു. പക്ഷെ, അവര്‍ ഒരുപാടു പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു.
വേറൊരു ഗ്രാമത്തില്‍ നിന്നു വന്ന അഞ്ചാറു സ്ത്രീകള്‍ പൊട്ടിക്കരഞ്ഞുകൊണ്ടു അമ്മയോടു പറഞ്ഞു, ‘ഞങ്ങളുടെ ഗ്രാമത്തില്‍ ഒരുപാടു സഹായം ചെയ്തിരുന്നൊരാള്‍ ഞങ്ങളെ പരിചയപ്പെട്ടു. കുറേകഴിഞ്ഞപ്പോള്‍, ഞങ്ങളുടെ കുട്ടികളെ വിദേശത്തു് കൊണ്ടുപോയി അയാളുടെ കൂട്ടുകാരന്‍റെ കമ്പനിയില്‍ നല്ല ജോലി വാങ്ങി കൊടുക്കാം എന്നയാള്‍ പറഞ്ഞു. ആയിരം രൂപ വീതം അഡ്വാന്‍സും തന്നു. അങ്ങനെ അയാള്‍ ഗ്രാമത്തില്‍ നിന്നും ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊണ്ടുപോയി. പിന്നെയിതുവരെ ഞങ്ങള്‍ അയാളെയും കുഞ്ഞുങ്ങളെയും കണ്ടിട്ടില്ല. വേശ്യാത്തെരുവിലാണെന്ന് പറഞ്ഞു കേട്ടു. മറ്റാരേയും അറിയിച്ചില്ല. അറിയിച്ചാല്‍ എന്‍റെകുഞ്ഞുങ്ങള്‍ക്ക് ഭാവിയുണ്ടാകില്ല. അമ്മേ എങ്ങനെയെങ്കിലും ഈ കുഞ്ഞുങ്ങളെ രക്ഷിച്ചു തരണം. അമ്മ അന്വേഷിക്കാന്‍ ആള്‍ക്കാരെ അയച്ചപ്പോള്‍ അവര്‍ അവിടെ നിന്നും കുഞ്ഞുങ്ങളെ കടത്തിയിട്ടുണ്ടായിരുന്നു.’
ഇന്ന് എല്ലാത്തിനും വില കൂടി വരുന്നു. മനുഷ്യന്‍റെ വിലയും അകത്തും പുറത്തും കൂടി വരുന്നു. ബീജം, അണ്ഡം, കിഡ്‌നി, കരള്‍ ഇങ്ങനെ എല്ലാ അവയവങ്ങളുടെയും വിലയും കൂടിയിട്ടുണ്ട്. എന്നാല്‍, പലയിടങ്ങളിലും ഒരു കുട്ടിയെ വേശ്യവൃത്തിക്കോ ബാലവേലക്കോ വാങ്ങാന്‍ ഇരുപതോ, അമ്പതോ ഡോളര്‍ മതിയാകും!!!
അമ്മ കണ്ടിടത്തോളം, ഇന്ന് മിക്ക ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും ദാരിദ്ര്യമാണെന്നു മാത്രമല്ല, വിദ്യാഭ്യാസവുമില്ല. അഥവാ പഠിക്കുകയാണെങ്കില്‍ നാലാം ക്ലാസ്സു വരെ, ഏറ്റവും കൂടിയാല്‍ എട്ടാം ക്ലാസ്സ് വരെ മാത്രമേ പഠിക്കുന്നുള്ളൂ. ഗ്രാമങ്ങളില്‍ ഹൈസ്‌കൂളുകള്‍ പൊതുവേ കുറവാണ്. ഒരാള്‍ പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ട്. എന്നാല്‍, ഒപ്പം മധുരപലഹാരങ്ങളും കഴിച്ചാല്‍, ഷുഗര്‍ കൂടും. അപ്പോള്‍, അടിസ്ഥാനപരമായി മരുന്നിനേക്കാള്‍ വേണ്ടത് പഥ്യമാണ്. ഇതുപോലെ, കുട്ടികള്‍ക്കു പണം മാത്രം കൊടുത്താല്‍ പോര, ബോധവല്‍ക്കരണവും അത്യാവശ്യമാണ്. ജീവിക്കാനുള്ള വിദ്യാഭ്യാസം, ജീവിതത്തിനുള്ള വിദ്യാഭ്യാസം ഇതു രണ്ടും നമുക്കു വേണം. വയറ്റുപിഴപ്പിന് വിദ്യാഭ്യാസം വേണം. അത് ജീവിക്കാനുള്ള വിദ്യാഭ്യാസം. എന്നാല്‍ ജീവിതത്തിനുള്ള വിദ്യാഭ്യാസമെന്നാല്‍ ലോകത്തിന്‍റേയും ലോകവസ്തുവിന്‍റേയും സ്വഭാവം മനസ്സിലാക്കുക, മനസ്സിനേയും, വികാരങ്ങളേയും പറ്റി പഠിക്കുക എന്നതാണ്. വിദ്യാഭ്യാസത്തിന്‍റെലക്ഷ്യം യന്ത്രങ്ങളുടെ ഭാഷ മാത്രം മനസ്സിലാക്കുന്ന ഒരു വിഭാഗം ജനങ്ങളെ സൃഷ്ടിക്കുകയല്ല. വിദ്യാഭ്യാസംകൊണ്ട് പൂര്‍ണ്ണമായി നേടേണ്ടത് സംസ്‌ക്കാരമാണ്. പരിഷ്‌ക്കാരികളാകുവാന്‍ വിദ്യാഭ്യാസം വേണമെന്നില്ല.
നിരാലംബരും നിസ്സഹായരുമായ പൂച്ച കുട്ടികളല്ല ശൗര്യവും വീര്യവുമുള്ള സിംഹകുട്ടികളാണ് തങ്ങള്‍ എന്ന് അവരെ ബോധ്യപ്പെടുത്തണം. അവര്‍ പരാശ്രയത്തില്‍ കത്തേണ്ട മെഴുകുതിരികളല്ല, സ്വയം ജ്വലിക്കേണ്ട സൂര്യനാണ്. അവരുടെ മനസ്സിനെ ഉയരങ്ങളിലേക്കു കൊണ്ടുപോവണം. ഇത്തരത്തിലുള്ള വിദ്യാഭ്യാസം ഗ്രാമത്തിലുള്ളവര്‍ക്കു നല്‍കിയപ്പോള്‍ പല സ്‌ത്രീകളെയും വേശ്യാവൃത്തിക്കു പോകുന്നതിനു മുമ്പ് തന്നെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്‍റെയടുത്ത് വന്ന, വേശ്യാവൃത്തി ചെയ്യുന്ന 80% സ്‌ത്രീകളെ അതില്‍ നിന്ന് രക്ഷപ്പെടുത്തി, അവര്‍ക്കൊരു പുതുജീവിതം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, 20% സ്‌ത്രീകളെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. സ്വന്തം ഇഷ്ടപ്രകാരമായിരിക്കാം അവര്‍ ഈ മാര്‍ഗ്ഗം തിരഞ്ഞെടുത്തിട്ടുള്ളത്. അവരെ നിര്‍ബന്ധിക്കാനും അമ്മ പോയില്ല. പിന്നേയും ബോധവത്കരണം കൊടുത്തപ്പോള്‍ ലഹരികഴിച്ച് മക്കളേയും വേശ്യാലയത്തില്‍ വില്ക്കാന്‍ ശ്രമിച്ചവര്‍ മനസ്സിലാക്കി തിരിച്ചു വന്നിട്ടുമുണ്ട്. ബോധവത്കരണം കൊടുത്താല്‍ ഇവരില്‍ ഈ ഒരു വ്യത്യാസം ഉണ്ടാക്കുവാന്‍ പറ്റും.
കാമം ഒരുതരം വിശപ്പാണ്. വിശന്നാലും കണ്‍മുമ്പില്‍ കാണുന്നതെല്ലാം ആരും വലിച്ചുവാരി കഴിക്കില്ലല്ലൊ. ഉദാഹരണത്തിന്, ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. നമുക്ക് വേണ്ടത് ഓര്‍ഡര്‍ ചെയ്തു. തൊട്ടടുത്തിരിക്കുന്നവര്‍ പലതരത്തിലുള്ള ഭക്ഷണവും കഴിക്കുന്നുണ്ടാകും. ‘കഷ്ടമേ! അത് വാങ്ങിയാല്‍ മതിയായിരുന്നു’ എന്ന് ചിന്തിച്ചേക്കാം. പക്ഷെ, അതെല്ലാം കൂടി നമ്മള്‍ വാങ്ങി കഴിക്കില്ലല്ലൊ. അവിടെ നമ്മള്‍ നിയന്ത്രണം പാലിക്കുന്നില്ലെ? അതുപോലെ കാമം പ്രകൃതിദത്തമായ വികാരമാണെങ്കിലും അതിനും ഇതേപോലൊരു നിയന്ത്രണം ഉണ്ടാകണം. ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്കു മൂല്യങ്ങള്‍ പഠിപ്പിക്കണം.
കുഞ്ഞിലേ എന്‍റെ അമ്മ പറഞ്ഞുതന്നു ‘നദി ദേവിയാണ്. അതില്‍ മൂത്രം ഒഴിക്കരുത്, തുപ്പരുത്.’ പക്ഷേ വെള്ളത്തിലേക്കിറങ്ങുമ്പോള്‍, വെള്ളം തട്ടുമ്പോള്‍ തന്നെ മൂത്രം മുട്ടും. പക്ഷെ മനസ്സില്‍ അമ്മ പറഞ്ഞ ചിന്ത വരുമ്പോള്‍ സ്വിച്ച് ഇട്ടതുപോലെ കണ്‍ട്രോള്‍ വരും. നദിയോടുള്ള ആദരവ് നദിയുടെ ശുദ്ധി നിലനിര്‍ത്താന്‍ കാരണമായി. അപ്പോള്‍ മൂത്രമൊഴിക്കാത്തതുകൊണ്ട് നദിക്കല്ല ശുചീകരണം, വീണ്ടും കുളിക്കാന്‍ പോകുന്ന നമുക്കാണ്. നദി ശുദ്ധമായി നിലനിന്നാല്‍ അതിന്‍റെ പ്രയോജനം കുളിക്കുന്നവര്‍ക്കുതന്നെ. ഇന്ന്, ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്നുള്ളവാദങ്ങളുണ്ടാകാം. ഈശ്വരവിശ്വാസവും ഭക്തിയും സമൂഹത്തില്‍ മൂല്യവും ധര്‍മ്മബോധവും നിലനിറുത്താന്‍ സഹായകമാകുന്നു എന്നതാണ് പ്രധാനം. ഈ മൂല്യങ്ങളാണ് സാമൂഹികജീവിതത്തിലും സകലസൃഷ്ടിയിലും താളലയം കൊണ്ടുവരുന്നത്. റോഡ് ഉണ്ടാക്കിയിരിക്കുന്നത് വണ്ടി ഓടിക്കാന്‍ വേണ്ടിയാണ്. ‘ഞാന്‍ ഇഷ്ടത്തിനു വണ്ടി ഓടിക്കും’ എന്നു പറഞ്ഞാല്‍ ആക്‌സിഡന്‍റ് ഉണ്ടാകും. ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കുന്നതുപോലെ, എല്ലാത്തിനും ഓരോ ധര്‍മ്മമുണ്ട്. ധര്‍മ്മം അനുസരിച്ച് ജീവിക്കാന്‍ സഹായിക്കുന്നത് മൂല്യബോധമാണ്.
ഇന്ന് ബാലവേലക്കെതിരെ പലരും ശക്തമായി പ്രതികരിക്കുന്നു. എന്നാല്‍, ബാലവേല നിരോധിക്കുന്നതുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഒരാള്‍ ഒരു പത്തുവയസ്സുകാരനെ അമ്മയെ ഏല്‍പ്പിക്കാന്‍ കൊണ്ടുവന്നു. അവന്‍റെ അച്ഛന്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ചു. അമ്മയും അവന്‍റെ പതിമൂന്നു വയസ്സുള്ള ചേച്ചിയും വീടിനടുത്തുള്ള തീപ്പെട്ടി ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു. അമ്മയ്ക്ക് പിന്നീട് കിഡ്‌നിക്ക് അസുഖമായി ജോലിയ്ക്കു പോകാന്‍ പറ്റാതെയായി. സഹോദരിയുടെ കൂലി വളരെ കുറവായിരുന്നെങ്കിലും അതില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് അമ്മയുടെ മരുന്നു വാങ്ങാനും അവരുടെ വയറു നിറയ്ക്കാനും കഴിഞ്ഞു. ആയിടക്ക് ബാലവേലയ്‌ക്കെതിരെ പുതിയ നിയമങ്ങള്‍ വന്നു. അത്പ്രകാരം തീപ്പെട്ടി ഫാക്ടറിയുടെ ഉടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ഫാക്ടറി പൂട്ടി. അവിടെ ജോലി ചെയ്തിരുന്ന കുട്ടികളെയൊക്കെ പറഞ്ഞ്‌വിട്ടു. ജീവിതം വഴിമുട്ടിയ നിരാശയില്‍, മകന്‍ സ്‌കൂളില്‍ പോയ അവസരത്തില്‍, അവന്‍റെ അമ്മ മോള്‍ക്കു വിഷം കൊടുത്തു കൊന്നു. പിന്നെ സ്വയം വിഷം കുടിച്ച് ആത്മഹത്യ ചെയ്തു.
ഇവിടെ, ബാലവേലക്കെതിരെ നിയമം നടപ്പാക്കി. എന്നാല്‍, അവിടെനിന്നും ജോലി നഷ്ടപ്പെട്ട് പുറത്തുവന്ന ബാലികാബാലന്മാരെ ആശ്രയിച്ച് ജീവിച്ചിരുന്ന കുടുംബങ്ങളെ മറന്നു. ഇങ്ങനെ, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിനിടയില്‍, ഒരുവശം മാത്രം കാണുകയും മറുവശം കാണാന്‍ കഴിയാതെ പോകുകയും ചെയ്യുമ്പോള്‍, അതിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് മറ്റൊരു ഗതിയുമില്ലാതാവുന്ന ഒരുപിടി മനുഷ്യരാണ്. അതുകൊണ്ട്, ബാലവേലയും മനുഷ്യക്കടത്തും നിര്‍ത്തലാക്കാന്‍ മുന്നിട്ടിറങ്ങുന്നതിന് മുന്‍പ്, നമ്മള്‍ കാരണം തെരുവിലേക്കിറങ്ങാനോ ആത്മഹത്യചെയ്യാനോ വിധിക്കപ്പെട്ടേക്കാവുന്ന ഇത്തരം കുടുംബങ്ങളെ സ്വയം പര്യാപ്തരാക്കി, അവരുടെ ഭാവി സുരക്ഷിതമാക്കാനുള്ള ക്രമീകരണങ്ങള്‍ക്ക് അടിത്തറ പാകണം.
ആത്മീയത്തിന്‍റെ തുടക്കവും കാരുണ്യത്തിലാണ് അതിന്‍റെ പൂര്‍ണ്ണതയും കാരുണ്യത്തിലാണ്. കാരുണ്യം എന്ന ഒരൊറ്റപദം പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്നാല്‍ തന്നെ ഈ ലോകത്തില്‍ ഇന്ന് നടമാടുന്ന 90% പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. പക്ഷിയെപ്പോലെ പറക്കാനും മത്സ്യത്തെപ്പോലെ നീന്താനും നമ്മള്‍ പഠിച്ചു, പക്ഷേ മനുഷ്യനെപ്പോലെ നടക്കാനും ജീവിക്കാനും മറന്നു പോയിരിക്കുന്നു. ഇന്ന് ലോകത്തില്‍ രണ്ട് തരത്തിലുള്ള ദാരിദ്ര്യം അനുഭവിക്കുന്നവരുണ്ട്. ആഹാരം, വസ്ത്രം, കിടപ്പാടം ഇവ കിട്ടാതെ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് ആദ്യത്തേത്. രണ്ടാമത്തേത് സ്‌നേഹവും കാരുണ്യവും ലഭിക്കാതെ, ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ഇതില്‍ രണ്ടാമത്തെതാണ് ഒന്നാമതായി പരിഗണിക്കേണ്ടത്. കാരണം, മനസ്സില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടെങ്കില്‍ ആഹാരവും വസ്ത്രവും കിടപ്പാടവും ഇല്ലാതെ കഷ്ടപ്പെടുന്നവരെ നമ്മള്‍ നിറഞ്ഞ മനസ്സോടെ സ്‌നേഹിക്കുകയും സേവിക്കുകയും സഹായിക്കുകയും ചെയ്യും.
സനാതന ധര്‍മ്മത്തില്‍, ഭഗവദ്ഗീതയില്‍ സൃഷ്ടിയും സൃഷ്ടാവും രണ്ടല്ല, ഒന്നാണ്, സമുദ്രവും തിരമാലകളും ഒന്നാണെന്നതുപോലെ. നൂറു കുടത്തില്‍ സൂര്യന്‍ പ്രതിഫലിക്കുന്നുണ്ടെങ്കിലും സൂര്യന്‍ ഒന്നെയുള്ളൂ. ഇതു പോലെ, എല്ലാവരിലും ഒരേ ആത്മാവാണുള്ളത്. ഈ മനോഭാവത്തിലൂടെ നമുക്ക് മറ്റുള്ളവരെയും കൂടി പരിഗണിക്കാനുള്ള മനസ്സ് ഉണ്ടാകും. തന്‍റെ വലതു കൈ വേദനിക്കുമ്പോള്‍ ഇടതു കൈ ഉടനെ തന്നെ അതിനെ ആശ്വസിപ്പിക്കാന്‍ പോകുന്നതുപോലെ, മറ്റുള്ളവരെ നമ്മളായി കണ്ട് സ്‌നേഹിക്കാനും സേവിക്കാനുള്ള മനോഭാവം നമുക്കെല്ലാവര്‍ക്കും ഉണ്ടാകട്ടെ.
ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും, എല്ലാ മതവിഭാഗത്തില്‍ പെടുന്നവരും, മനുഷ്യക്കടത്തെന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ ഇരകളായി കൊടുംപീഡനവും ദുരിതവും അനുഭവിക്കുന്നുണ്ട്. അവരുടെ മനോവേദനക്ക് ജാതിമതങ്ങളില്ല, ഭാഷയുടേയോ വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങളോ ഒന്നുമില്ല. അവിടെ തീരായാതനയുടെയും വൈകാരിക സമ്മര്‍ദ്ദത്തിന്‍റെയും പിടിയില്‍പെട്ടുഴുലുന്ന ‘മനുഷ്യന്‍’ എന്ന ഒരൊറ്റ വര്‍ഗ്ഗം മാത്രമേയുള്ളു. ശരീരത്തിനേല്‍ക്കുന്ന മുറിവുണക്കാന്‍ ആന്‍റിബയോട്ടിക് ലേപനങ്ങളുണ്ട്. ആന്തരീകമായ അവയവങ്ങള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ ഭേദപ്പെടുത്താനും പലതരത്തിലുള്ള ഔഷധങ്ങളുണ്ട്. പക്ഷെ, മനസ്സിനുണ്ടാകുന്ന മുറിവുണക്കാന്‍ ഒരൊറ്റ ഔഷധമേയുള്ളു. ശുദ്ധസ്‌നേഹം. എല്ലാ മനുഷ്യരുടെയുമുള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന കാരുണ്യം ഉണരട്ടെ. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിഞ്ഞ്, ജീവനെയും ജീവിതത്തെയും പരസ്പരം സ്‌നേഹിക്കാനും ആദരിക്കാനുമുള്ള വിവേകബുദ്ധിയുണ്ടാകട്ടെ.
മനുഷ്യക്കടത്തിനിരയായവരുടെ മനസ്സിനേറ്റ മുറിപ്പാടുകള്‍ ഉണക്കാനും, ഭൂതകാലമടിച്ചേല്പിച്ച അന്ധകാരത്തില്‍ നിന്നും പുറത്ത്‌വന്ന്, പുതിയൊരു പ്രഭാതസൂര്യനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാനും അവരെ തയ്യാറാക്കണമെങ്കില്‍, അത് സ്‌നേഹപൂര്‍വ്വമുള്ള പരിചരണം കൊണ്ടുമാത്രമേ പൂര്‍ണ്ണമാകൂ. ഭൂതകാലമേല്‍പ്പിച്ച മുറിവുകളെല്ലാം ഉണങ്ങാന്‍, വേദനകളെല്ലാം സഹിക്കാന്‍, തിന്മകളെല്ലാം പൊറുക്കാന്‍, നന്മകള്‍ക്കെല്ലാം മുന്‍പില്‍ കൃതജ്ഞതയോടെ നമസ്‌കരിക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ.
മനുഷ്യക്കടത്ത് അനേകം തലങ്ങളുള്ള പ്രശ്‌നമാണ്. അത് പരിഹരിക്കാന്‍ അനേകതലത്തിലുള്ള പ്രവര്‍ത്തനവും വേണം. എന്നാലേ വിജയിക്കുകയുള്ളൂ. പരിഹാരത്തിന് ധാര്‍മ്മിക വശമുണ്ട്, സാമ്പത്തിക വശമുണ്ട്, അതുപോലെതന്നെ നിയമപരമായ വശമുണ്ട്. നിഷ്‌കാമസേവനത്തിന്‍റേയും ബോധവത്കരണത്തിന്‍റേയും തലമുണ്ട്. എല്ലാരീതിയിലുമുള്ള സമഗ്രമായ ഒരു പ്രയത്‌നത്തില്‍ക്കൂടി മാത്രമേ ഇതിനെ കുറച്ചെങ്കിലും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂ. അതിന് എല്ലാവര്‍ക്കും കഴിയട്ടെ. അതിന് ശക്തിയുണ്ടാകട്ടെ എന്ന് പരമാത്മാവിനോട് പ്രാര്‍ത്ഥിക്കുന്നു.