ക്രിസ്തുമസ് സന്ദേശം 2014
ഈശ്വരന്‍ അനന്തഗുണങ്ങളുടെ ഇരിപ്പിടമാണെന്ന് പറയാറുണ്ട്. എന്നാല്‍ അവിടുന്ന് വാക്കിനും മനസ്സിനും അതീതനാണ്. മഹാത്മാക്കളുടെ ജീവിതങ്ങളിലൂടെയാണ് നാം ഈശ്വരന്റെ ദിവ്യത്വം നേരില്‍ അനുഭവിക്കുന്നത്. തങ്ങളുടെ ഉപദേശങ്ങള്‍ സ്വജീവിതത്തില്‍ ആചരിച്ചുകാണിക്കുക എന്നത് മഹാത്മാക്കളുടെ പ്രത്യേകതയാണ്.
ശ്രീകൃഷ്ണന്‍, യേശുക്രിസ്തു തുടങ്ങിയവരുടെ ജനനസമയത്തുതന്നെ അവരുടെ ജീവനെ അപായപ്പെടുത്താന്‍ നിരവധി ശക്തികള്‍ ശ്രമിച്ചിരുന്നു. ഇതില്‍ ഒരു ആദ്ധ്യാത്മിക തത്വം ഒളിച്ചിരിപ്പുണ്ട്. സാധകന്റെയുള്ളില്‍ ആദ്ധ്യാത്മികജ്ഞാനം ജന്മമെടുക്കുന്നതിന്റെ പ്രതീകമായി ദിവ്യശിശുവിന്റെ ജനനത്തെ കണക്കാക്കാം. ആദ്ധ്യാത്മികജ്ഞാനം സാധകന്റെയുള്ളില്‍ ജന്മമെടുക്കുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ അവനിലെ ലൗകികവാസനകള്‍ പരമാവധി ശ്രമിക്കും. വളരെ ശ്രദ്ധയോടെ പ്രയത്‌നിച്ച് ആ പ്രതികൂലസാഹചര്യത്തെ അതിജീവിച്ചാല്‍ മാത്രമേ സാധകന് ജ്ഞാനലാഭമുണ്ടാകൂ. ഒരു തീപ്പൊരിയില്‍ ഒരു പാട്ട എണ്ണയൊഴിച്ചാല്‍ ആ തീപ്പൊരി അണഞ്ഞുപോകും. എന്നാല്‍ ആ തീപ്പൊരി പടര്‍ന്നു വലുതായി ആളിക്കത്തുമ്പോള്‍ അതില്‍ എത്ര എണ്ണയൊഴിച്ചാലും അതെല്ലാം ആ തീയില്‍ കത്തിയെരി ഞ്ഞുപോകും. അതുപോലെ നമ്മുടെയുള്ളില്‍ ആദ്ധ്യാത്മികമായ ജ്ഞാനം വളര്‍ന്നുതുടങ്ങുന്ന സമയത്ത് ലൗകികവാസനകളും പ്രതികൂലചിന്തകളും ശക്തമായാല്‍ അത് ആത്മീയപുരോഗതിയ്ക്കു തടസ്സമാകും. എന്നാല്‍ ആത്മീയ ജ്ഞാനം ദൃഢമായിക്കഴിഞ്ഞാല്‍ ലൗകികവാസനകള്‍ക്കും ദുഷ്ചിന്തകള്‍ക്കും അവിടെ സ്ഥാനമില്ലാതാകും. മനുഷ്യഹൃദയങ്ങളില്‍ നിന്നും അജ്ഞാനവും അധര്‍മ്മവുമാകുന്ന അന്ധകാരത്തെ അകറ്റി ജ്ഞാനപ്രകാശം പരത്തുക എന്ന ലക്ഷ്യത്തോടെയാണ് മഹാത്മാക്കള്‍ ജന്മമെടുക്കുന്നത്.
യേശുവിന്റെ ജനനത്തിനുപിന്നില്‍ ഗഹനമായ മറ്റൊരു ആദ്ധ്യാത്മിക തത്ത്വമുണ്ട്. രാജകീയമായ ഒരു കൊട്ടാരമല്ല, നിസ്സാരമായ ഒരു സ്ഥലമാണ് യേശു ജനിക്കാനായി തിരഞ്ഞെടുത്തത്, ഒരു പശുത്തൊഴുത്തിന്റെ ഒരു മൂലയായിരുന്നു ആ സ്ഥലം. യേശുവിന്റെ മാതാപിതാക്കള്‍ വലിയ ധനികരോ പണ്ഡിതന്മാരോ ആയിരുന്നില്ല. അവര്‍ക്ക് സ്വന്തമെന്ന് കരുതാന്‍ മറ്റൊന്നുമില്ലായിരുന്നു, അവരുടെ ഹൃദയശുദ്ധിയല്ലാതെ. യേശു ജനിച്ചത് അധികമാരും അറിഞ്ഞില്ല, അനുഗ്രഹീതരായ ചിലരൊഴികെ. വിനയവും ക്ഷമയുമുള്ള സാധകര്‍ക്കു മാത്രമേ ആദ്ധ്യാത്മിക ഉണര്‍വ്വുണ്ടാകൂ എന്നാണ് ഇതു നല്കുന്ന സന്ദേശം. നിങ്ങളുടെ ഹൃദയത്തില്‍നിന്ന് അഹങ്കാരത്തെ ഇല്ലാതാക്കൂ, ഞാന്‍ അവിടെ വന്നു വസിക്കാം എന്നാണ് ഈശ്വരന്‍ നല്കുന്ന സന്ദേശം.
മനുഷ്യന്‍ പ്രാപഞ്ചിക ലോകത്തിന്റെ കുഞ്ഞായി ആദ്യം ജനിക്കുന്നു. പക്ഷെ ഈശ്വരന്റെ കുഞ്ഞായി അവനു പുനര്‍ജ്ജനിക്കുവാന്‍ സാധിക്കും. അവന്റെ അഹങ്കാരം പൂര്‍ണ്ണമായി മരിക്കുമ്പോഴാണ് ഈ പുനര്‍ജ്ജന്മം ലഭിക്കുന്നത്. അഹങ്കാരത്തിന്റെ അവസാനത്തെ ശേഷിപ്പും ഇല്ലാതാകുമ്പോള്‍ പരമാത്മാവ് നമ്മുടെ യഥാര്‍ത്ഥ ഉണ്മ തന്നെയാണ് എന്ന ബോധം നമ്മളില്‍ ജന്മമെടുക്കും. ഇതു മരണശേഷം സംഭവിക്കേണ്ട ഒന്നല്ല. ശരീരം വിട്ടുപോകുന്നതിനുമുമ്പുതന്നെ നമ്മളിലെ അഹങ്കാരം മരിക്കണം.
ക്രിസ്തുമസ്സ് കാലത്ത് മിക്ക നഗരങ്ങളിലെയും കടകള്‍ വിവിധ തരത്തിലുള്ള ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കുക പതിവാണ്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്കാനുള്ള സമ്മാനങ്ങള്‍ വാങ്ങുവാന്‍ വരുന്ന ആളുകളെക്കൊണ്ട് കടകള്‍ നിറഞ്ഞിരിക്കും. എന്നാല്‍ ഇതിനിടയിലും നമ്മുടെ ശ്രദ്ധ നിത്യമായ ഈശ്വരനില്‍ നിന്നു വ്യതിചലിച്ച് അനിത്യമായ വസ്തുക്കളിലേയ്ക്കു തിരിയരുത്.
പരസ്പരം സ്‌നേഹിക്കുകയും പങ്കിടുകയും ചെയ്യുക എന്നതാണ് ക്രിസ്തുമസ്സിന്റെ കാതല്‍. നമ്മളെ അപേക്ഷിച്ച് താഴേക്കിടയിലുള്ള വരുടെ ദുഃഖങ്ങളെക്കുറിച്ച് നമ്മള്‍ ബോധവാന്മാരകണം. അവരില്‍ പലരുടെയും പക്കല്‍ ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ വേണ്ട പണമുണ്ടായിരിക്കണമെന്നില്ല. തന്റെ അയല്‍ക്കാരനെ തന്നെപ്പോലെ സ്‌നേഹിക്കണം എന്ന യേശുക്രിസ്തുവിന്റെ ഉപദേശം നടപ്പിലാക്കുവാനുള്ള നല്ലൊരവസരമാണ് ഇത്തരം വേളകള്‍.
നമ്മള്‍ സ്വന്തം ജീവിതത്തെക്കുറിച്ചു മാത്രം ചിന്തിച്ചാല്‍ പോരാ. നമുക്കു ചുറ്റും ഒന്നു കണ്ണോടിക്കണം. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിയാന്‍ നമ്മള്‍ തയ്യാറാകണം. ഒരാളെയെങ്കിലും സഹായിക്കുവാന്‍ കഴിഞ്ഞാല്‍ അയാളുടെ ജീവിതത്തില്‍ അതൊരു മാറ്റം സൃഷ്ടിക്കും. അമ്മയുടെ ഓരോ മക്കളും അങ്ങനെ ചെയ്യുവാന്‍ തയ്യാറാവുകയാണെങ്കില്‍, അതു ശരിയായ ക്രിസ്തുമസ് ആഘോഷമായിരിക്കും.
യേശുവിന്റെ ജനനം നടക്കേണ്ടത് നമ്മുടെ ഹൃദയങ്ങളിലാണ്. നല്ല ചിന്തകള്‍, മധുരമായ വാക്കുകള്‍, കാരുണ്യം നിറഞ്ഞ പ്രവൃത്തികള്‍ ഇവ കൊണ്ട് ഹൃദയമാകുന്ന പുല്‍കുടില്‍ നമുക്ക് അലങ്കരിച്ചു വയ്ക്കാം. യേശുക്രിസ്തു എന്നെന്നും അവിടെ വാഴട്ടെ. മക്കള്‍ക്ക് അമ്മയുടെ ക്രിസ്മസ്സ് ആശംസകള്‍.