ഇന്നത്തെ കുട്ടികളും യുവാക്കളും പാശ്ചാത്യസംസ്‌കാരത്തെയാണു് അനുകരിച്ചു കാണുന്നതു്. നമുക്കില്ലാത്ത പല നല്ല ഗുണങ്ങളും അവരില്‍ കണ്ടെന്നിരിക്കാം. എന്നാല്‍ നമ്മുടെ മൂല്യങ്ങളെ, സംസ്‌കാരത്തെ പാടെ മറന്നു പാശ്ചാത്യ രീതികളെ അന്ധമായി അനുകരിക്കുന്നതാണു് ഇന്നു കണ്ടുവരുന്നതു്. അതു പ്ലാസ്റ്റിക്കു് ആപ്പിള്‍ കടിക്കുന്നതുപോലെയാണു്. ശിവന്‍ ബ്രഹ്മാവിന്റെ വേഷം കെട്ടുന്നതുപോലെയാണു്. അതിലൂടെ നമുക്കു നമ്മുടെ യഥാര്‍ത്ഥവ്യക്തിത്വം നഷ്ടമാകുന്നു. അതിനാല്‍ നമ്മള്‍ വളര്‍ന്ന സംസ്‌കാരത്തിലേക്കു നമ്മള്‍ തിരിയാന്‍ ശ്രമിക്കണം. അതിനുവേണ്ടി കുഞ്ഞുങ്ങളില്‍ ചെറുപ്പം മുതലേ ആ സംസ്‌കാരം ഊട്ടിയുറപ്പിക്കുവാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. സമയം ഇനിയും വൈകിയിട്ടില്ല. മുതിര്‍ന്നവര്‍ നമ്മുടെ സംസ്‌കാരം എന്തെന്നറിഞ്ഞു്, ഇളം തലമുറയ്ക്കു പകര്‍ന്നുകൊടുക്കണം. എന്നാല്‍ ഇന്നുള്ള പല അച്ഛനമ്മമാരും എന്താണു ചെയ്യുന്നതു്? കുട്ടികളോടു പറയും, നീ നന്നായി പഠിച്ചു ഡോക്ടറാകണം, എഞ്ചിനീയറാകണം, കലക്ടറാകണം. ഇതു മാത്രമേ അവര്‍ക്കുപദേശിക്കുവാനുള്ളു. ഇതു വേണ്ടെന്നോ തെറ്റാണെന്നോ അമ്മ പറയുന്നില്ല. അതോടൊപ്പം നമ്മളിലെ മാനുഷികമൂല്യങ്ങളെക്കൂടി ഉദ്ധരിക്കുവാനുള്ള മാര്‍ഗ്ഗം നമ്മള്‍ ജീവിച്ചു കാണിച്ചു കൊടുക്കണം. അതുമാത്രമേ അമ്മ പറയുന്നുള്ളൂ.

കൊച്ചുകുട്ടികളുടെ മനസ്സു്, പുതിയതായി സിമന്റു ചെയ്ത തറപോലെയാണു്. അതില്‍ പതിയുന്ന കാല്പാടുകള്‍ മായുകയില്ല. അതവിടെ തെളിഞ്ഞുകിടക്കും. അതിനാല്‍ ചെറുപ്പകാലത്തുതന്നെ അവരില്‍ നല്ല സംസ്‌കാരം വളര്‍ത്താന്‍ നമ്മള്‍ ശ്രമിക്കണം. ആദ്യം പകര്‍ന്നു നല്കുന്ന ഈ സംസ്‌കാരമാണു് അവരുടെ ജീവിതത്തിന്റെ ആണിക്കല്ലു്. നമുക്കെല്ലാം നമ്മുടെ കുട്ടികള്‍ പഠിച്ചു മിടുക്കരായി ധാരാളം പണം സമ്പാദിച്ചു സുഖമായി ജീവിക്കുന്നതു കാണാന്‍ ആഗ്രഹമുണ്ടു്. എന്നാല്‍ ആദ്ധ്യാത്മിക സംസ്‌കാരമില്ലെങ്കില്‍, എത്ര വിദ്യ നേടിയാലും, ഏതു പദവിയിലെത്തിയാലും, എത്ര ധനം നേടിയാലും അതുകൊണ്ടു മാതാപിതാക്കള്‍ക്കും സമൂഹത്തിനും ശാന്തിയും സമാധാനവും കിട്ടണമെന്നില്ല. ഇതെല്ലാം നേടാനവസരം കൊടുത്തിട്ടും മക്കളുടെ കുത്തഴിഞ്ഞ ജീവിതം കണ്ടു് കണ്ണീരു കുടിക്കുന്ന ധാരാളം കുടുംബങ്ങളെ അമ്മയ്ക്കറിയാം. അതിനാല്‍ എല്ലാറ്റിനും അടിസ്ഥാനം നല്ല സംസ്‌കാരമാണു്. അതാണു് ഏതൊരു അച്ഛനും അമ്മയും മക്കള്‍ക്കു കൊടുക്കേണ്ട ഏറ്റവും വിലപിടിച്ചതും നശിക്കാത്തതുമായ സ്വത്തു്. പുസ്തകങ്ങളില്‍ക്കൂടിയോ സ്‌കൂളില്‍ക്കൂടിയോ മാത്രം പകര്‍ന്നു കൊടുക്കുവാന്‍ പറ്റുന്ന ഒന്നല്ല സംസ്‌കാരം. അതിനു് ആദ്യം വേണ്ടതു നമ്മുടെ ജീവിതം സംസ്‌കാര സമ്പന്നമാക്കുകയാണു്. നമ്മളില്‍ മാറ്റമുണ്ടാക്കാതെ അടുത്ത തലമുറയില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുകയില്ല. ഇന്നു നമ്മള്‍ കനകം കൊടുത്തു കാക്കപ്പൊന്നു സമ്പാദിക്കുകയാണു്. ഈ മണ്ണിന്റെ ആത്മീയസംസ്‌കാരം കളഞ്ഞുകുളിക്കാതെതന്നെ നമുക്കു സമ്പത്തു നേടാന്‍ കഴിയും. ആദ്ധ്യാത്മികവും ഭൗതികവും പരസ്പരവിരുദ്ധങ്ങളല്ല. ഒന്നിനുവേണ്ടി മറ്റൊന്നു തള്ളേണ്ടതില്ല.