നമ്മുടെ കുട്ടികള്‍ ഇന്നു പലതരം വിഷയങ്ങളെപ്പറ്റി കൂടുതല്‍ അറിവുള്ളവരാണു്. എന്നാല്‍ ആദ്ധ്യാത്മികതയില്ലാത്ത അവരുടെ അറിവുകളെല്ലാം അടിത്തറയില്ലാതെ പണിതുയര്‍ത്തിയ വീടുപോലെയായിരിക്കുന്നു. ഇന്നു സ്‌കൂളും കോളേജുമെല്ലാം ഒരു യുദ്ധക്കളം പോലെയാണു്. യുദ്ധക്കളത്തിലെ വെട്ടും കുത്തുമെല്ലാം ഇന്നു വിദ്യാലയങ്ങളില്‍ കാണാം. രാഷ്ട്രീയത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും. രാഷ്ട്രീയത്തെ അമ്മ തള്ളിപ്പറയുകയല്ല. ഓരോന്നിനും ഓരോ സ്ഥാനമുണ്ടു്. അതുമാത്രമേ അവിടെ പാടുള്ളൂ. വിദ്യാലയത്തില്‍ വിദ്യാഭ്യാസത്തിനു കൂടുതല്‍ പ്രാധാന്യം നല്കി നമ്മള്‍ പഠിക്കാന്‍ ശ്രമിക്കണം. ഒപ്പം സംസ്‌കാരം വളര്‍ത്താനും കഴിയണം. ഇന്നാകട്ടെ, ഏതു വിധത്തിലെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റു നേടണമെന്നല്ലാതെ വിദ്യാഭ്യാസംകൊണ്ടു സംസ്‌കാരം നേടാന്‍ വിദ്യാര്‍ത്ഥിക്കോ, അതിനവര്‍ക്കു പ്രചോദനം കൊടുക്കാന്‍ അദ്ധ്യാപകര്‍ക്കോ താല്‍പര്യമില്ല. എന്തിനുവേണ്ടിയാണു തങ്ങള്‍ പഠിക്കുന്നതെന്ന ബോധംപോലും ഇന്നത്തെ കുഞ്ഞുങ്ങള്‍ക്കില്ല. ഇതുമൂലം കുഞ്ഞുങ്ങളില്‍ ശരിയായ ജ്ഞാനമോ സംസ്‌കാരമോ കാണുന്നില്ല. വിദ്യാലയങ്ങളില്‍ കുട്ടികള്‍ അദ്ധ്യാപകരോടു കാട്ടേണ്ട മര്യാദകള്‍ പാലിക്കുന്നില്ല. അതിനാല്‍ അവിടെ അദ്ധ്യാപകര്‍ യന്ത്രങ്ങളെപ്പോലെയായി; കുട്ടികള്‍ ഭിത്തിപോലെയും. അവിടെ ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നില്ല. കുട്ടികള്‍ക്കു വേണ്ട ഏകതയുടെ ബോധം അവരില്‍ ഉണരുന്നില്ല. അവര്‍ എന്തിനു വേണ്ടിയാണോ വിദ്യാലയങ്ങളില്‍ പോകുന്നതു്, അതു മറന്നു് അവര്‍ വേറൊന്നായി മാറുകയാണു്. ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസം എങ്ങനെയെന്നുവച്ചാല്‍ ഉടുപ്പിനുവേണ്ടി ശരീരത്തെ മുറിക്കുന്നതുപോലെയാണു്. ചെരിപ്പിനുവേണ്ടി കാലുമുറിച്ചു ചെറുതാക്കുന്നതുപോലെയാണു്. ഇന്നു വിദ്യാഭ്യാസം കഴിഞ്ഞെത്തുന്നവര്‍ നടക്കുന്ന കംപ്യൂട്ടര്‍ പോലെയായിത്തീര്‍ന്നിരിക്കുന്നു. ശവത്തിനു മേക്കപ്പിട്ടിരിക്കുന്നതു പോലെ ആയിരിക്കുന്നു. ഹൃദയം അവിടെ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇന്നു നമ്മള്‍ ജോലിക്കുവേണ്ടി ജീവിക്കുന്നു; ജീവിക്കാന്‍ വേണ്ടിയല്ല ജോലി ചെയ്യുന്നതു്. എല്ലാ രീതിയിലും ജീവിതം യാന്ത്രികമായിത്തീര്‍ന്നിരിക്കുന്നു.
അമ്മ ഒരു കഥ ഓര്‍ക്കുന്നു, ഒരിക്കല്‍ ഒരാള്‍ തന്റെ സ്‌നേഹിതനെ കാണാന്‍ ചെന്നു. ആ സമയത്തു് അയാള്‍ തന്റെ തോട്ടം നനയ്ക്കുകയാണു്. ഹോസുമായി ഓരോ ചെടിയുടെ ചുവട്ടിലും അയാള്‍ കുറച്ചുനേരം പോയി നില്ക്കും. എന്നിട്ടു് അടുത്ത ചെടിയുടെ അടുത്തേക്കു നീങ്ങും. പക്ഷേ ഹോസില്‍ നിന്നു വെള്ളം വീഴുന്നതു കാണാനുണ്ടായിരുന്നില്ല. ഇതു കണ്ട സുഹൃത്തു ചോദിച്ചു, ”നിങ്ങള്‍ എന്താണീ കാണിക്കുന്നതു്? വെള്ളമില്ലാതെ നിങ്ങളെങ്ങനെയാണു തോട്ടം നനയ്ക്കുന്നതു്? ആ ഹോസിനു വല്ല ഊട്ടയുമുണ്ടോ എന്നു നോക്കു്! ഇതു കേട്ടപ്പോള്‍ സുഹൃത്തു പറഞ്ഞു, ”ആ ചെടികളെ അങ്ങൊന്നു ശ്രദ്ധിച്ചുനോക്കൂ.” അപ്പോഴാണു് അദ്ദേഹം അതു ശ്രദ്ധിച്ചതു്, അവിടെയുണ്ടായിരുന്നതെല്ലാം പ്ലാസ്റ്റിക്കു ചെടികളാണു്. ഇതുപോലെയാണു് ഇന്നു നമ്മുടെ അവസ്ഥയും. നമ്മളെല്ലാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതു പ്ലാസ്റ്റിക്കു പൂന്തോട്ടങ്ങളാണു്. അവിടെ ജീവന്റെ തുടിപ്പില്ല, ജീവന്റെ പരിമണമില്ല, ജീവന്‍ സ്പന്ദിക്കുന്ന സൗന്ദര്യമില്ല. നമുക്കു യന്ത്രങ്ങള്‍ ഉപയോഗിക്കാം; എന്നാല്‍ ജീവിതം യാന്ത്രികമായിത്തീരാന്‍ പാടില്ല. ഇന്നു, നമ്മുടെ ഹൃദയമെല്ലാം തകര്‍ന്നു കൊണ്ടിരിക്കുകയാണു്. ഹൃദയത്തിന്റെ ഭാഷ നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണു്. വെറും യന്ത്രങ്ങളെപ്പോലെ നാം ചലിച്ചുകൊണ്ടിരിക്കുന്നു.