നമുക്കെല്ലാം അറിവുണ്ടു്, എന്നാല്‍ ബോധമില്ല. ഇതുമൂലം നമ്മള്‍ എന്തിനുവേണ്ടിയാണോ ജനിച്ചതു്, അതു നേടാനാവുന്നില്ല. നമ്മള്‍ ഒന്നു ചിന്തിക്കുന്നു, പക്ഷേ പ്രവര്‍ത്തിക്കുന്നത് വേറൊന്നും. പറയാന്‍ ഭാവിക്കുന്നതൊന്നും, പറയുന്നതു വേറൊന്നുമാണു്. ഇങ്ങനെയായി- ത്തീര്‍ന്നിരിക്കുന്നു നമ്മുടെ ജീവിതം. നമ്മള്‍ ഏതോ ഒരു അര്‍ദ്ധസ്വപ്ന ത്തില്‍ കഴിയുന്നതുപോലെയാണു്. നമുക്കൊക്കെ ഇത്ര വയസ്സായിട്ടും, ശരിയായ ബോധത്തെ നമ്മുടെ ചിന്തയിലോ, വാക്കിലോ പ്രവൃത്തിയിലോ ഉണര്‍ത്താന്‍ കഴിയുന്നില്ല.

ഏതോ ഒരു ഉറക്കത്തിലാണു നമ്മളിന്നു കഴിയുന്നത്. വാക്കിലോ പ്രവൃത്തിയിലോ ശരിയായ ബോധം വരുന്നില്ല. അതിനാല്‍ നമ്മള്‍ ഉണരേണ്ടത് ഉള്ളില്‍നിന്നാണു്. അവിടെ നിന്നുമാണു നമ്മള്‍ ശരിക്കും വളരേണ്ടത്. അപ്പോള്‍ മാത്രമേ അറിവിനോടൊപ്പം ബോധം ഉണരുകയുള്ളൂ. സിഗററ്റു വലിക്കുന്നതു് ആരോഗ്യത്തിനു ഹാനികരമാണെന്നു സിഗററ്റു പായ്ക്കറ്റില്‍ത്തന്നെ എഴുതിയിട്ടുണ്ടു്. ഈ അറിവു സിഗററ്റു വലിക്കുന്ന എല്ലാവര്‍ക്കും ഉണ്ടുതാനും. എന്നിട്ടും അവര്‍ സിഗററ്റു വലിക്കുന്നു. എന്തിനു്, പുകവലി കാന്‍സറിനു കാരണം ആകുമെന്നറിഞ്ഞിട്ടും പുകവലിക്കുന്നു. പക്ഷേ, കാന്‍സര്‍ പിടിപെടുമ്പോള്‍ അവരില്‍ ബോധം ഉണരും. ബോധമുണരുമ്പോള്‍ തെറ്റില്‍നിന്നും പിന്തിരിയാന്‍ ശ്രമിക്കും. പിന്നെ ആഗ്രഹമുണ്ടെങ്കിലും സിഗററ്റു വലിക്കുകയില്ല. വലിച്ചാല്‍ മരിക്കുമെന്ന ബോധം ഉണര്‍ന്നു. അതിനാലാണമ്മ പറയുന്നതു്, ബോധമില്ലാത്തതുകൊണ്ടാണു നമ്മള്‍ തെറ്റു കള്‍ ചെയ്യുന്നതു് എന്നു്.

 
ഒരിക്കല്‍ ഒരാള്‍ ഒരു ഗുരുവിനെ സമീപിച്ചിട്ടു പറഞ്ഞു, ”ഗുരോ, എന്‍റെ ജോലി മോഷണമാണു്. അങ്ങനെ മോഷ്ടിച്ചു കിട്ടുന്നതുകൊണ്ടാണു ഞാന്‍ ജീവിക്കുന്നത്. എനിക്ക് ഈ തെറ്റില്‍നിന്നും മോചിതനാകണമെന്ന് ആഗ്രഹമുണ്ടു്. അതിന് അങ്ങെന്നെ അനുഗ്രഹിക്കണം.” ഗുരു പറഞ്ഞു, ”നിനക്കു മോഷണം നിര്‍ത്താനാകുകയില്ലെങ്കില്‍ നീ മോഷ്ടിച്ചതിനുശേഷം ആ വിവരം അവരോടു പറയുക. അല്ലെങ്കില്‍ പറഞ്ഞതിനു ശേഷം മോഷ്ടിക്കുക.” അദ്ദേഹം ഗുരുവിനെ വണങ്ങി യാത്രയായി. ഒരു ദിവസം ആ കള്ളന്‍ മോഷ്ടിക്കാനായി ഒരു വീട്ടില്‍ കയറി. അലമാരയുടെ പൂട്ടു തുറന്നു വിലപിടിപ്പുള്ള മാല കൈയിലെടുക്കുവാന്‍ ഭാവിക്കവേ, പെട്ടെന്നാണു ഗുരുവിന്‍റെ വാക്ക് ഓര്‍മ്മയില്‍ വന്നതു്. ‘ഞാനിതെടുത്തിട്ടു് ഉടമസ്ഥനോടു വിവരം പറഞ്ഞാല്‍ എന്നെ അവര്‍ പോലീസിലേല്പിക്കും. പോലീസില്‍നിന്ന് തല്ലു കിട്ടും. ജയിലിലടയ്ക്കും.’ ഇത്രയും ഓര്‍ത്തപ്പോഴേക്കും കൈ പെട്ടെന്നു പിന്‍വലിഞ്ഞു. എന്നാല്‍ വീണ്ടും അതെടുക്കുവാന്‍ മനസ്സ് പ്രേരിപ്പിച്ചു. പക്ഷേ സാധിച്ചില്ല. അതു മൂലമുണ്ടാകുന്ന ശിക്ഷകളെക്കുറിച്ചോര്‍ത്തപ്പോള്‍ അതെടുക്കുവാനായില്ല. പിന്തിരിഞ്ഞുപോന്നു. അടുത്തദിവസവും മോഷ്ടിക്കുവാനായില്ല. അയാള്‍ അവിടെനിന്നുമിറങ്ങി ഗുരുവിന്‍റെ സമീപം എത്തി. ഗുരുവിനോടു പറഞ്ഞു, ”അങ്ങെന്തു വിഡ്ഢിത്തമാണു് എന്നോടു പറഞ്ഞതു്. അങ്ങു പറഞ്ഞിരിക്കുന്നതു്, ഒന്നുകില്‍ മോഷ്ടിച്ചിട്ടു പറയണം, അല്ലെങ്കില്‍ പറഞ്ഞിട്ടു മോഷ്ടിക്കണം എന്നല്ലേ! പിന്നെ എങ്ങനെ മോഷ്ടിക്കുവാന്‍ സാധിക്കും?”

 
ഗുരു പറഞ്ഞു, ”നീ മോഷ്ടിക്കാതിരിക്കുവാന്‍ വേണ്ടിയാണു ഞാന്‍ അതു് ഉപദേശിച്ചതു്. എന്‍റെ വാക്കുകള്‍ നീ ഓര്‍ത്തപ്പോള്‍ ആ സാഹചര്യത്തില്‍ ശരിയായ ബോധം നിന്നില്‍ വന്നു. നീ ചെയ്യുവാന്‍ പോകുന്ന പ്രവൃത്തിയുടെ ഭവിഷ്യത്ത് എന്തെന്നു നീ മനസ്സിലാക്കി. അതിന്‍റെ ദോഷത്തെക്കുറിച്ചു ചിന്തിച്ചു. അതു നിന്നെ തെറ്റു ചെയ്യുന്നതില്‍ നിന്നും പിന്തിരിയുവാന്‍ സഹായിച്ചു.”
നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മത്തിന്‍റേയും ഭവിഷ്യത്തിനെക്കുറിച്ചു നമുക്കു ബോധമുണ്ടായാല്‍പ്പിന്നെ, നമുക്കു തെറ്റു ചെയ്യുവാന്‍ സാധിക്കയില്ല. ഈ ബോധം ഇല്ലാത്തതു കൊണ്ടാണു നമ്മള്‍ തെറ്റു ചെയ്യുന്നത്.