ത്യാഗത്തില്‍ക്കൂടിയേ നമ്മുടെ സംസ്‌കാരത്തെ ഉദ്ധരിക്കാന്‍ കഴിയൂ. ഋഷികള്‍ നമുക്കു തന്ന സംസ്‌കാരം നമ്മളില്‍ ഉണര്‍ത്തേണ്ടതിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണീ ദിവസം. വെറും ബാഹ്യമായ ആഡംബരത്തിനോ ആഘോഷത്തിനോ വേണ്ടിയുള്ള ദിനമല്ലിതു്. വ്യക്തിബോധം മറന്നു്, നല്ല കര്‍മ്മങ്ങളില്‍ മുഴുകി അവയിലാനന്ദിക്കുമ്പോള്‍ മാത്രമാണു ജീവിതം ഉത്സവമായി മാറുന്നതു്. ഉല്ലാസവും സംസ്‌കാരവും കൂടി ഒന്നുചേരണം. അതാണു ജീവിതത്തെ ഉത്സവമാക്കി മാറ്റുന്നതു്. സംസ്‌കാരത്തോടുകൂടിയുള്ള ഉല്ലാസം ഒരു കൊച്ചു കുഞ്ഞിന്റെ പുഞ്ചിരിപോലെയാണു് നിഷ്‌കളങ്കമായ പുഞ്ചിരി. അതു നമ്മളെ ഈശ്വരനിലേക്കുയര്‍ത്തും. എന്നാല്‍, സംസ്‌കാര രഹിതമായ ഉല്ലാസം, കര്‍മ്മം നമ്മളെ മൃഗീയതയിലേക്കു താഴ്ത്തും.

നമുക്കറിയാം, ഇന്നു ലോകത്തില്‍ എല്ലാ രീതിയിലും സംസ്‌കാരം തകര്‍ന്നുകൊണ്ടിരിക്കുകയാണു്. രാഷ്ട്രീയത്തിലാകട്ടെ, വിദ്യാഭ്യാസത്തിലാകട്ടെ, കുടുംബജീവിതത്തിലാകട്ടെ സംസ്‌കാരം തകര്‍ന്നു കൊണ്ടിരിക്കുകയാണു്. ആദ്ധ്യാത്മികത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു മാത്രമേ ഈ സംസ്‌കാരത്തെ ഉദ്ധരിക്കുവാന്‍ കഴിയൂ. നമ്മുടെ ജീവിതത്തിനു ശക്തി പകരുന്ന സയന്‍സാണു് ആദ്ധ്യാത്മികം. നമ്മുടെ ജീവിതത്തിനു സൗന്ദര്യം നല്കുന്ന കലയാണു് ആദ്ധ്യാത്മികം.