സനാതനധർമ്മം അയോഗ്യരെന്നു പറഞ്ഞു് ആരെയും എന്നെന്നേക്കുമായി തള്ളിക്കളയുന്നില്ല. ആശുപത്രി കെട്ടിയിട്ടു രോഗികൾ വേണ്ട എന്നു തീരുമാനിക്കുന്നതു പോലെയാണു്, ആദ്ധ്യാത്മികതയിൽ ഒരുവനെ അയോഗ്യനെന്നു പറഞ്ഞു് അകറ്റിനിർത്തുന്നത്. കേടായ വാച്ചും രണ്ടു നേരം കൃത്യമായി സമയം കാണിക്കും. അതിനാൽ സ്വീകരിക്കലാണു വേണ്ടത്. ‘നീ കൊള്ളില്ല കൊള്ളില്ല’ എന്നു പറഞ്ഞു് ഒഴിവാക്കുമ്പോൾ അവനിൽ പ്രതികാരബുദ്ധിയും മൃഗീയതയും വളർത്തുവാൻ അതു സഹായിക്കുന്നു. അവൻ വീണ്ടും തെറ്റിലേക്കു പോകുന്നു. അതേ സമയം അവനിലെ നന്മയെ പുകഴ്ത്തുകയും ചീത്തയെ ക്ഷമയോടും സ്‌നേഹത്തോടും തിരുത്താനും ശ്രമിച്ചാൽ അവനെയും ഉയർത്തുവാൻ പറ്റും.
ഒരുവൻ തെറ്റുചെയ്യുന്നതു താനാരാണെന്ന അറിവില്ലാത്തതു മൂലമാണ്. അതിനാൽ ഏതൊരാളെയും തള്ളാതെ അവർക്കുവേണ്ട അറിവു നല്കുവാനാണു സനാതനധർമ്മം പറയുന്നത്. കാട്ടാളനായ രത്‌നാകരനെ മഹർഷിമാർ കൊള്ളക്കാരനെന്നു പറഞ്ഞു് അകലെ നിർത്തിയിരുന്നുവെങ്കിൽ വാല്മീകിമഹർഷി ജനിക്കില്ലായിരുന്നു. ഒരു കൊള്ളക്കാരനുപോലും മഹാത്മാവാകാമെന്നു സനാതന ധർമ്മം കാട്ടിത്തന്നു. രത്‌നം മലത്തിൽക്കിടന്നാലും ആരും ഉപേക്ഷിക്കില്ല. അതിലെ മാലിന്യം കഴുകിക്കളഞ്ഞു സ്വന്തമാക്കാൻ ശ്രമിക്കും. അതുപോലെ സർവ്വരിലും ഈശ്വരചൈതന്യം കുടി കൊള്ളുന്നതിനാൽ ഒരാളെപ്പോലും തള്ളുവാൻ സാദ്ധ്യമല്ല. ചെറിയവനെന്നോ വലിയവനെന്നോ ഭേദമില്ലാതെ സർവ്വരിലും ഈശ്വരനെ ദർശിക്കാൻ നമുക്കു കഴിയണം. അതിനു സ്വന്തം മനസ്സിനെ മൂടിയിരിക്കുന്ന മാലിന്യങ്ങളെ നീക്കിക്കളയുകയാണു് ആദ്യം വേണ്ടത്.