എല്ലാവരിലും ദിവ്യത്വം ദർശിക്കുന്നതിനാൽ സനാതന ധർമ്മത്തിൽ നിത്യനരകം എന്നൊരു കാഴ്ചപ്പാടില്ല. എത്ര വലിയ പാപം ചെയ്താലും നല്ല ചിന്തയിലൂടെയും നല്ല കർമ്മങ്ങളിലൂടെയും സ്വയം ശുദ്ധീകരിക്കുവാനും ഒടുവിൽ ഈശ്വരനെ സാക്ഷാത്ക്കരിക്കുവാനും കഴിയുമെന്നു സനാതനധർമ്മം വിശ്വസിക്കുന്നു. എത്ര തെറ്റു ചെയ്തവനും ആത്മാർത്ഥമായ പശ്ചാത്താപം വന്നാൽ രക്ഷപ്പെടാം. പശ്ചാത്താപത്തിൽ കഴുകിപ്പോകാത്ത പാപമില്ല. പക്ഷേ ആന കുളിക്കുന്നതുപോലെയാകരുത്. ആന കുളിച്ചു കയറി അധികനേരം കഴിയണ്ട, വീണ്ടും പൊടി വാരി ദേഹത്തു വിതറും. ഇതുപോലെയാണു പലരും. നമ്മുടെ ജീവിതത്തിൽ മുന്നോട്ടുപോകുമ്പോൾ പല തെറ്റുകളും സംഭവിച്ചെന്നിരിക്കും. അതോർത്തു മക്കൾ തളരരുത്.

തറയിൽ വീഴുന്നതു് എഴുന്നേല്ക്കാൻ വേണ്ടിയാണെന്നു ചിന്തിക്കണം. മറിച്ചു് ഇവിടെ നല്ല സുഖമാണല്ലോ എന്നു കണ്ടു് അവിടെത്തന്നെ കിടക്കരുത്. വീണതിനെക്കുറിച്ചോർത്തു തകരരുത്. എഴുന്നേറ്റു മുന്നോട്ടു പോകുവാനാണു ശ്രമിക്കേണ്ടത്. നമ്മൾ പേപ്പറിൽ പെൻസിൽകൊണ്ടു് എഴുതുമ്പോൾ തെറ്റു സംഭവിച്ചാൽ റബ്ബറുപയോഗിച്ചു മായ്ക്കും. എന്നിട്ടു തിരുത്തിയെഴുതും. പക്ഷേ, പിന്നെയും തെറ്റെഴുതി മായ്ക്കാൻ ശ്രമിച്ചാൽ പേപ്പറു കീറാൻ സാദ്ധ്യതയുണ്ട്. മക്കൾ തെറ്റു് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക. തെറ്റു സംഭവിക്കുക സ്വാഭാവികമാണ്. എന്നാലും ശ്രമിക്കുക. ജാഗ്രത പുലർത്തുക.