മക്കള്‍ ചുറ്റും ഒന്നു കണ്ണോടിക്കുക. അവയെ ഒന്നു വിശകലനം ചെയ്യുക. ലോകത്തിന്റെ ഇന്നത്തെ അവസ്ഥ എന്തെന്നു് ഒന്നു മനസ്സിലാക്കുക. അതിനുള്ള ദിവസമാണിന്നു്. ലോകത്തിലുള്ള ജനങ്ങള്‍ ഏതെല്ലാം തരത്തിലാണു കഷ്ടപ്പെടുന്നതു്. അവരുടെ ജീവിതം നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു വര്‍ഷം മുന്‍പു നടന്ന ഒരു സംഭവം അമ്മ ഓര്‍ക്കുകയാണു്. ബോംബെയിലുള്ള മക്കള്‍ പറഞ്ഞറിഞ്ഞതാണു്.

ബോംബെയില്‍ ഒരു സ്ഥലത്തു് ഒരാള്‍ക്കു ഷുഗറിന്റെ അസുഖമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലില്‍ ഒരു മുറിവുണ്ടാ യി. അതു പഴുത്തു വലിയ വ്രണമായി. ഡോക്ടറെ കാണിച്ചപ്പോള്‍ ”ആ കാലു മുറിച്ചു മാറ്റണം, അല്ലെങ്കില്‍ പഴുപ്പു മുകളിലേക്കു ബാധിക്കും, അതു വലിയ പ്രശ്‌നം സൃഷ്ടിക്കും” എന്നു പറഞ്ഞു. അദ്ദേഹം വളരെ വിഷമിച്ചു. കാലു നഷ്ടപ്പെടുമെന്നുള്ള ദുഃഖം മാത്രമല്ല, ആ ഓപ്പറേഷനു പത്തുപതിനായിരം രൂപ വേണ്ടിവരും. പ്രത്യേകിച്ചൊരു സ്ഥിരവരുമാനമില്ലാത്ത മനുഷ്യനാണു്. കിട്ടുന്നതു കുടുംബം പുലര്‍ത്താന്‍തന്നെ തികയുന്നില്ല. കാലിനു് അസുഖം വന്നതിനുശേഷം പഴയതു പോലെ ജോലിക്കു പോകുവാനും സാധിക്കുന്നില്ല. ഡോക്ടര്‍ കുറിച്ചുകൊടുത്ത മരുന്നു വാങ്ങുവാന്‍തന്നെ പണമില്ലാതെ വിഷമിക്കുകയാണു്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ ഓപ്പറേഷനു പണം കണ്ടെത്തും? അദ്ദേഹം ആകെ വിഷമിച്ചു. ഒരു ദിവസം ആ സാധു റെയില്‍വേപാളത്തിനടുത്തു ചെന്നിട്ടു്, ട്രെയിന്‍ വരുന്ന സമയം കാല്‍ പാളത്തിലേക്കു വച്ചുകൊടുത്തു. ട്രെയിന്‍ കയറി ആ കാലു മുറിഞ്ഞു. പക്ഷേ, രക്തം വാര്‍ന്നൊഴുകി ആള്‍ മരണത്തിന്റെ വക്കിലെത്തി. ആളുകള്‍ അദ്ദേഹത്തെയെടുത്തു് ആശുപത്രിയിലാക്കി. നടന്ന സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ”എനിക്കു കാലു മുറിക്കാന്‍ പണമില്ല. കാലു മുറിച്ചു മാറ്റാതെ ഈ അസുഖം കാരണം ജീവിക്കാനും കഴിയില്ല. ഓപ്പറേഷനു പണമില്ലാത്ത എന്റെ മുന്‍പില്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. അതുകൊണ്ടു് ഇങ്ങനെ ചെയ്യേണ്ടിവന്നു.”

മക്കള്‍ ആ ജീവിതത്തിലേക്കു് ഒന്നു കണ്ണോടിക്കുക. ഇന്നു നമുക്കു് ആശുപത്രിയുണ്ടു്. എല്ലാവര്‍ക്കും സൗജന്യമായി ചെയ്യുവാന്‍ പറ്റുന്നില്ലെങ്കിലും പല സാധുക്കള്‍ക്കും അവിടെ സൗജന്യമായി ഓപ്പറേഷന്‍ ചെയ്തു കൊടുക്കുന്നുണ്ടു്. പക്ഷേ, അവര്‍ ആശുപത്രി വിട്ടതിനുശേഷം കഴിക്കേണ്ട മരുന്നുകളുണ്ടു്. അതു വാങ്ങുവാന്‍ പലര്‍ക്കും പണമില്ല. ഓപ്പറേഷന്‍ കഴിഞ്ഞു കുറച്ചു ദിവസമെങ്കിലും വിശ്രമിക്കണമെന്നു പറഞ്ഞതിനാല്‍ ജോലിക്കു പോകുവാന്‍ സാധിക്കുന്നില്ല. ആ കുടുംബങ്ങള്‍ പട്ടിണികൊണ്ടു തളര്‍ന്നു കിടക്കുന്ന അവസ്ഥ നമുക്കു കാണുവാന്‍ സാധിക്കും. ചുറ്റും ഒന്നു കണ്ണോടിച്ചാല്‍, ഇങ്ങനെ കഷ്ടപ്പെടുന്ന, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ ദുരിതമനുഭവിക്കുന്ന എത്ര കുടുംബങ്ങളെ വേണമെങ്കിലും കാണുവാന്‍ സാധിക്കും. ഈ സമയം നമ്മള്‍ ആഡംബരത്തിനും മറ്റു് അനാവശ്യകാര്യങ്ങള്‍ക്കും ചെലവുചെയ്യുന്ന പണത്തെക്കുറിച്ചു് ഓര്‍ക്കുക. അതുണ്ടെങ്കില്‍, ഒരു സാധുവിനു മരുന്നു വാങ്ങുവാന്‍ കഴിയും, ഒരു കുടുംബത്തിനു് ഒരു നേരത്തെ ഭക്ഷണത്തിനു മതിയാകും, ഒരു സാധുക്കുട്ടിയുടെ വിദ്യാഭ്യാസത്തിനു നല്കി അതിന്റെ ഭാവി ശോഭനമാക്കുവാന്‍ സാധിക്കും. ഈ ഒരു മനോഭാവം പരസ്പരം സ്‌നേഹിക്കാനും സേവിക്കാനുമുള്ള ഒരു ഭാവമാണു നമ്മള്‍ ആദ്ധ്യാത്മികത്തില്‍ ഉണര്‍ത്തിയെടുക്കേണ്ടതു്.

അമ്മയുടെ ജന്മദിനസന്ദേശത്തില്‍ നിന്ന് വര്‍ഷം 2000