ഭൗതികതയെയും ആദ്ധ്യാത്മികതയെയും പരസ്പര വിരുദ്ധമായി സനാതനധർമ്മം കാണുന്നില്ല. ആദ്ധ്യാത്മികതയുടെ പേരിൽ അതു ഭൗതികതയെയും ലോകജീവിതത്തെയും തിരസ്‌കരിക്കുന്നില്ല, മറിച്ചു്, ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് അതു പഠിപ്പിക്കുന്നു. ഭൗതികശാസ്ത്രങ്ങളും കലകളുംപോലും ആദ്ധ്യാത്മികതയുടെ അടിത്തറയിലാണു ഋഷീശ്വരന്മാർ പടുത്തുയർത്തിയത്. അവയെപ്പോലും പരമസത്യത്തിലേക്കുള്ള പടവുകളായി കണ്ട ഋഷീശ്വരന്മാർ ആത്യന്തികമായി ഈശ്വരനിലേക്കു നയിക്കുന്ന വിധമാണു് അവയെ ആവിഷ്‌കരിച്ചത്.

 

അങ്ങനെ അനേകമനേകം ശാസ്ത്രങ്ങൾ ഭാരതത്തിൽ വികാസം പ്രാപിച്ചു. ഭാഷാശാസ്ത്രം, തച്ചുശാസ്ത്രം വാസ്തുശാസ്ത്രം, ജ്യോതിശ്ശാസ്ത്രം , ഗണിതശാസ്ത്രം, ആരോഗ്യശാസ്ത്രം, അർത്ഥശാസ്ത്രം (രാജനീതി, സാമ്പത്തികം), നാട്യശാസ്ത്രം, സംഗീതശാസ്ത്രം, കാമശാസ്ത്രം, നാഡീശാസ്ത്രം, തർക്കശാസ്ത്രം ഇങ്ങനെ എണ്ണിയാൽ തീരാത്തത്ര ശാസ്ത്രശാഖകൾ ഇവിടെ വികാസം പ്രാപിച്ചു. മനുഷ്യജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഒരു മേഖലയെയും സനാതനധർമ്മം നിഷേധിക്കുന്നില്ല. എല്ലാ ശാസ്ത്രങ്ങളെയും കലകളെയും പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമാണു് ഇവിടെ നിലനിന്നിരുന്നത്.