മനുഷ്യന്റെ ആത്യന്തികമായ ദുഃഖനിവൃത്തിയെയാണു സനാതനധര്‍മ്മത്തില്‍ മോക്ഷമെന്നു പറയുന്നത്. അതെങ്ങനെ നേടാം എന്നതിനു് ഒറ്റ വഴി എന്ന നിര്‍ബ്ബന്ധബുദ്ധി സനാതനധര്‍മ്മത്തിലില്ല. ഓരോരുത്തരുടെയും ശാരീരികവും മാനസികവും ബുദ്ധിപരവുമായ നിലയനുസരിച്ചു യോജിച്ചതു ഗുരു നിര്‍ദ്ദേശിക്കുകയാണു ചെയ്യുന്നത്. ഒരു താക്കോല്‍കൊണ്ടു് എല്ലാ പെട്ടികളും തുറക്കാന്‍ കഴിയില്ല. അതുപോലെ നമ്മുടെ മനസ്സു് തുറക്കണമെങ്കിലും അവനവന്റെ അറിവിനും സംസ്‌കാരത്തിനും ഇണങ്ങുന്ന മാര്‍ഗ്ഗം വേണം. ഒരു നദി ഒരേ വഴിയിലൂടെ ഒഴുകിയാല്‍ എത്ര പേര്‍ക്കായിരിക്കും ഗുണമുണ്ടാവുക? അതേ നദി പല കൈ വഴികളിലൂടെ ഒഴുകുമ്പോള്‍ അവയുടെയെല്ലാം കരകളില്‍ താമസിക്കുന്ന ആളുകള്‍ക്കു പ്രയോജനം ലഭിക്കുന്നു. ഇതേപോലെ ഗുരുക്കന്മാര്‍ പല മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുന്നതുകൊണ്ടു കൂടുതല്‍ ആളുകള്‍ക്കു് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നു. ചെവികേള്‍ക്കാത്ത ഒരു കുട്ടിയെ പഠിപ്പിക്കണമെങ്കില്‍, അവനു മനസ്സിലാകുന്ന ആംഗ്യഭാഷയില്‍ പഠിപ്പിക്കണം. കണ്ണുകാണാത്ത കുട്ടിയാണെങ്കില്‍ തൊട്ടു മനസ്സിലാക്കത്തക്ക രീതിയില്‍ പഠിപ്പിക്കണം. മന്ദബുദ്ധിയായ കുട്ടിയാണെങ്കില്‍ അവന്റെ തലത്തില്‍ച്ചെന്നു്, മനസ്സിലാകുന്ന രീതിയില്‍ ലളിതമായി വിശദീകരിക്കണം. എങ്കില്‍ മാത്രമേ അവര്‍ക്കു കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിയൂ. ഇതുപോലെ ഓരോരുത്തരുടെയും കഴിവും മനോഭാവവും, സംസ്‌കാരവും എല്ലാം നോക്കിയാണു ഗുരുക്കന്മാര്‍ അവര്‍ക്കു് ഏതു മാര്‍ഗ്ഗമാണു വേണ്ടതെന്നു നിശ്ചയിക്കുന്നത്. മാര്‍ഗ്ഗങ്ങള്‍ എത്ര വിഭിന്നങ്ങളാണെങ്കിലും ലക്ഷ്യം ഒന്നുതന്നെ; പരമസത്യം ഒന്നുതന്നെ.

 

വിവിധ ആദ്ധ്യാത്മിക മാര്‍ഗ്ഗങ്ങള്‍
ഹൈന്ദവധര്‍മ്മത്തില്‍ എല്ലാവര്‍ക്കുംവേണ്ടി, ഒരേ അളവിലുളള കുപ്പായമല്ല തയ്യാറാക്കിയിട്ടുള്ളത്. ഒരാളുടെതന്നെ വളര്‍ച്ചയ്ക്കനുസരിച്ചു ചിലപ്പോള്‍ കുപ്പായം മാറേണ്ടിവരും. മാര്‍ഗ്ഗങ്ങളും അനുഷ്ഠാനങ്ങളും കാലത്തിനനുസരിച്ചു നവീകരിക്കേണ്ടി വരും. അതാണു മഹാത്മാക്കള്‍ സനാതനധര്‍മ്മത്തിനു നല്കുന്ന സംഭാവന. ഈ വിശാലതയും ചലനാത്മകതയുമാണു ഹിന്ദുധര്‍മ്മത്തിന്റെ മുഖമുദ്ര. മുല കുടിമാറാത്ത കുഞ്ഞിനു മാംസം നല്കിയാല്‍ അതിനു ദഹിക്കുകയില്ല. അസുഖമാകും. അതു മറ്റുള്ളവര്‍ക്കും പ്രയാസമാകും. അതിനാല്‍ ഓരോരുത്തരുടെയും ദഹനശക്തിയും രുചിഭേദങ്ങളും അനുസരിച്ചു പലതരം ഭക്ഷണങ്ങള്‍ വേണം. എങ്കില്‍ മാത്രമേ എല്ലാവര്‍ക്കും നല്ല ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ഇതേപോലെ സനാതനധര്‍മ്മത്തില്‍ ആരാധനാസമ്പ്രദായം ഓരോരുത്തരുടെയും സംസ്‌കാരത്തിനനുസരിച്ചു വ്യത്യസ്ത രീതികളിലാണ്. അവരവര്‍ക്കു യോജിച്ചതു സ്വീകരിക്കാം. ഏതു സ്വഭാവക്കാര്‍ക്കും, ഏതു രീതി ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടതു സനാതനധര്‍മ്മത്തില്‍നിന്നും ലഭിക്കും. അങ്ങനെയാണു സനാതനധര്‍മ്മത്തില്‍ ജ്ഞാനയോഗം, കര്‍മ്മയോഗം, ഭക്തി യോഗം, രാജയോഗം, ഹഠയോഗം, കുണ്ഡലിനീയോഗം, ക്രിയായോഗം, സ്വരയോഗം, ലയയോഗം, മന്ത്രയോഗം, തന്ത്രം, നാദോപാസന തുടങ്ങിയ അനേകം ആദ്ധ്യാത്മിക മാര്‍ഗ്ഗങ്ങള്‍ ഉണ്ടായത്.