പഴയകാലങ്ങളില്‍ ഗുരുകുലങ്ങളില്‍, ഗുരുക്കന്മാരും ശിഷ്യരും ഒത്തുചേര്‍ന്നു് ഉരുവിട്ടിരുന്ന മന്ത്രമാണു്.
”ഓം സഹനാവവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ” എന്നതു്.

തന്റെ മുന്നിലിരിക്കുന്ന ശിഷ്യരെക്കാള്‍ ഉന്നതനാണു ഗുരു. എന്നാല്‍, അങ്ങനെയുള്ള ഗുരുവും തന്റെ ശിഷ്യരോടൊപ്പം ചേര്‍ന്നിരുന്നുകൊണ്ടാണു് ഈ മന്ത്രം ചൊല്ലുന്നതു്: ”അവിടുന്നു നമ്മെ രണ്ടുപേരെയും രക്ഷിക്കട്ടെ നമുക്കു് ആത്മാനന്ദം അനുഭവിക്കാന്‍ ഇടവരട്ടെ. നമുക്കു രണ്ടുപേര്‍ക്കും വീര്യമുണ്ടാവട്ടെ. നമ്മള്‍ തേജസ്വികളാകട്ടെ. നമ്മള്‍ തമ്മില്‍ യാതൊരു വിദ്വേഷവുമില്ലാതിരിക്കട്ടെ.”

ഋഷിപരമ്പര ഈ എളിമയും വിനയുവുമാണു നമുക്കു കാണിച്ചു തന്നിട്ടുള്ളതു്. അല്ലാതെ, വിദ്യയുടെ നേട്ടമെല്ലാം എനിക്കു മാത്രമുള്ളതായിരിക്കട്ടെ എന്നു് ആരും കണ്ടില്ല. വിനയവും സംസ്‌കാരവും വളര്‍ത്തിയിരുന്ന ആ വിദ്യ ഇന്നെവിടെ? ഇന്നു വിദ്യാലയങ്ങളില്‍ ചെന്നാല്‍ എന്താണു കാണുവാന്‍ കഴിയുന്നതു്? അദ്ധ്യാപകരെക്കാള്‍ മിടുക്കരാണു് തങ്ങളെന്ന ഭാവമാണു കുട്ടികള്‍ക്കുള്ളതു്. ഇതു കാണുമ്പോള്‍ അദ്ധ്യാപകര്‍ ചിന്തിക്കുന്നു, ”ഇവര്‍ക്കു് ഇത്ര അഹങ്കാരമോ? ഇവര്‍ക്കു ഞാന്‍ എന്തു പറഞ്ഞു കൊടുക്കാന്‍!

എന്നാല്‍ ആഴത്തിലിറങ്ങി കാര്യങ്ങള്‍ ഗ്രഹിക്കാന്‍ രണ്ടു കൂട്ടരും തയ്യാറാകുന്നില്ല. ഇതുമൂലം അദ്ധ്യാപകര്‍ വെറും യന്ത്രം പോലെയാവുന്നു. കുട്ടികള്‍ വെറും ഭിത്തിപോലെയും. ഇരുവര്‍ക്കുമിടയില്‍ പ്രേമമില്ല, ജ്ഞാനത്തിന്റെ പ്രവാഹവുമില്ല. ഒരുകാലത്തു വിദ്യാലയാന്തരീക്ഷം ഇങ്ങനെയായിരുന്നില്ല. അദ്ധ്യാപകന്‍ പറയുന്നതു കേള്‍ക്കാന്‍ വിദ്യാര്‍ത്ഥിക്കും അവനു പറഞ്ഞുകൊടുക്കുവാന്‍ അദ്ധ്യാപകനും ആവേശമായിരുന്നു. എത്രസമയം ഒന്നിച്ചു കഴിഞ്ഞാലും അവര്‍ക്കിടയില്‍ മുഷിവുണ്ടായിരുന്നില്ല.

പണ്ടു ഗുരുകുലങ്ങളില്‍, ഇന്നുള്ള മാതിരി നോട്ടെഴുതി പഠിക്കുന്ന ശീലമുണ്ടായിരുന്നില്ല. ഇന്നുള്ളവര്‍ ഒരു ജന്മം പഠിച്ചാലും തീരാത്ത കാര്യങ്ങള്‍ അന്നുള്ളവര്‍ പേനയുടെയും പുസ്തകത്തിന്റെയും സഹായം കൂടാതെ പഠിച്ചുതീര്‍ത്തു. വേദവേദാംഗങ്ങളും പുരാണേതിഹാസങ്ങളും എല്ലാം അവര്‍ മനഃപാഠമാക്കിയിരുന്നു. ഗുരു ശിഷ്യന്മാര്‍ മുഖത്തോടു മുഖംനോക്കി പ്രേമത്തിലൂടെ ഉള്‍ക്കൊണ്ട തത്ത്വമായിരുന്നു അന്നു വിദ്യാഭ്യാസം. അവര്‍ തളര്‍ച്ചയെന്തെന്നറിഞ്ഞില്ല. ഓരോ നിമിഷവും അവര്‍ വളരുകയായിരുന്നു.

പ്രേമമുള്ളിടത്തു് ഒന്നും ഭാരമാകുന്നില്ല. കൂമ്പിയ മൊട്ടു വിടരുന്നതുപോലെ, ഗുരുവിന്റെ പ്രേമത്താല്‍ ശിഷ്യന്റെ ഹൃദയം വികസിക്കുകയാണു്. അവിടേക്കു ഗുരുകൃപ താനെ ഒഴുകിയെത്തുകയാണു്. ഗുരുവിന്റെ ഓരോ വാക്കും ശിഷ്യന്‍ കേള്‍ക്കുകയായിരുന്നില്ല, അനുഭവിക്കുകയായിരുന്നു. ഇതായിരുന്നു അന്നത്തെ വിദ്യാഭ്യാസരീതി. ഇന്നു നമ്മുടെ വിദ്യാഭ്യാസം എവിടെ എത്തിനില്ക്കുന്നു?