വി.എ.കെ. നമ്പ്യാര്‍
ചൊവ്വാഴ്ചകളിലാണു് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള അമ്മയുടെ ഭക്തര്‍ ഭജനയ്ക്കായി ഒത്തുകൂടാറു്. അമ്മയെ ഒരിക്കലും കണ്ടിട്ടില്ലാത്തവരും പരിചയപ്പെട്ടിട്ടു് അധികം നാളായിട്ടില്ലാത്തവരും അക്കൂട്ടത്തിലുണ്ടാകും. അവരോടൊക്കെ അമ്മയെക്കുറിച്ചു സംസാരിക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടാകാറുണ്ടു്. അങ്ങനെയുള്ള ഒരു സത്സംഗസമയത്താണു ഞാന്‍ ആന്‍ഡിയെ വീണ്ടും കണ്ടതു്.
”കഴിഞ്ഞ മാസത്തെ ഞങ്ങളുടെ മീറ്റിങില്‍ ബഹളമുണ്ടാക്കിയതു നിങ്ങളല്ലേ?” ഞാന്‍ ചോദിച്ചു.
”അതെ.”
”ഇതു് അമ്മയുടെ ഭക്തരുടെ മീറ്റിങാണു്. നിങ്ങളെന്താണിവിടെ? അന്നു നിങ്ങള്‍ അമ്മയെക്കുറിച്ചു കേള്‍ക്കുകയില്ലെന്നു മാത്രമല്ല, മറ്റുള്ളവരെ കേള്‍ക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ലല്ലോ.”
”നിങ്ങള്‍ പറയുന്നതു ശരിയാണു്. അന്നു് അമ്മയെക്കുറിച്ചു സംസാരിക്കാന്‍പോലും നിങ്ങളെ ഞാന്‍ അനുവദിച്ചില്ല. എന്നാല്‍ ഇന്നു ഞാന്‍ മറ്റൊരാളാണു്. അന്നു നിങ്ങള്‍ അമ്മ തരുന്ന അനുഭവങ്ങളെക്കുറിച്ചു പറഞ്ഞില്ലേ? അതിനുശേഷം എനിക്കുമുണ്ടായി അമ്മയില്‍ നിന്നും അനുഭവങ്ങള്‍. അതുകൊണ്ടാണു് ഇന്നു ഞാനിവിടെ വന്നതു്.
”കഴിഞ്ഞ മാസത്തെ മീറ്റിങില്‍ ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍തന്നെ ആന്‍ഡി തന്റെ പ്രതിഷേധം അറിയിച്ചു. അവിടെ കൂടിയിരിക്കുന്നവരെല്ലാം ക്രിസ്ത്യാനികളാണെന്നും എല്ലാവരും ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുന്നവരാണെന്നും അവര്‍ക്കു് ഒരു മഹാത്മാവിനെക്കുറിച്ചും, പ്രത്യേകിച്ചു ഭാരതത്തില്‍നിന്നുള്ള ഒരു മഹാത്മാവിനെക്കുറിച്ചു കേള്‍ക്കേണ്ടതില്ലെന്നും വിളിച്ചു പറഞ്ഞു. ഞാന്‍ സംസാരം തുടര്‍ന്നപ്പോള്‍ മറ്റുള്ളവരോടു് ഉച്ചത്തില്‍ സംസാരിച്ചും ഭക്ഷണവും വെള്ളവും കൊണ്ടുനടന്നും തടസ്സങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഞാന്‍ പക്ഷേ, സംസാരം നിര്‍ത്തിയില്ല. അമ്മയെ ഒരിക്കല്‍പോലും കണ്ടിട്ടില്ലെങ്കിലും അമ്മയുടെ അനുഗ്രഹം കിട്ടാനായി എങ്ങനെയാണു പ്രാര്‍ത്ഥിക്കേണ്ടതു് എന്നു വിശദീകരിച്ചുകൊണ്ടാണു ഞാന്‍ സംസാരം അവസാനിപ്പിച്ചതു്.
ആദ്യമായി അമ്മയുടെ ഫോട്ടോയിലേക്കു ശ്രദ്ധയോടെ നോക്കി പുഞ്ചിരിതൂകുന്ന അമ്മയുടെ രൂപം മനസ്സില്‍ ഉറപ്പിക്കണം എന്നു ഞാന്‍ അവരോടു പറഞ്ഞു. പ്രാര്‍ത്ഥന നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നും വരണം. ശരീരത്തില്‍ രോമാഞ്ചമുണ്ടാകുകയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയും ചെയ്യുന്ന വിധത്തില്‍ തീവ്രവും ഏകാഗ്രവും ആയിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. ഇങ്ങനെ ഒരു മുപ്പതു നിമിഷമെങ്കിലും അമ്മയോടു സംവദിക്കണം. ഈ വിധത്തില്‍ അമ്മയോടു പ്രാര്‍ത്ഥിച്ചാല്‍ അതിനു തീര്‍ച്ചയായും ഫലമുണ്ടാകും എന്നു ഞാന്‍ ഉറപ്പു കൊടുത്തു.
മഞ്ജുനാഥു് അമ്മയെക്കുറിച്ചുള്ള കുറച്ചു പുസ്തകങ്ങളും അമ്മയുടെ കുറച്ചു ഫോട്ടോകളും വില്ക്കാനായി വച്ചിരുന്നു. കുറച്ചു പേര്‍ അതു വാങ്ങിച്ചു. അന്നത്തെ സത്സംഗത്തില്‍ അമ്മയെക്കുറിച്ചു സംസാരിക്കാന്‍ പോലും അനുവദിക്കാതെ ബഹളം വച്ച ആന്‍ഡി ഒരു മാസത്തിനുള്ളില്‍ എങ്ങനെ അമ്മയുടെ ഭക്തനായി എന്ന കഥ ആരുടെയും മനം കവരുന്നതാണു്.
ആന്‍ഡി ഒരു ബിസിനസ്സുകാരനായിരുന്നു, മെക്‌സിക്കോവില്‍ നിന്നും ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തു് അമേരിക്കയില്‍ വില്ക്കുന്ന ബിസിനസ്സുകാരന്‍. ബിസിനസ്സു് അത്ര മെച്ചമൊന്നുമല്ല, കഷ്ടിച്ചു ജീവിക്കാം, അത്രമാത്രം. തന്റെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായി വളരെ നാളുകളായി ആന്‍ഡി പല പ്രമുഖ സ്റ്റോറുകളെയും സമീപിക്കാറുണ്ടായിരുന്നു. ഒരു ഫലവുമുണ്ടായില്ല. എല്ലാ ഞായറാഴ്ചകളിലും പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കും. അങ്ങനെ വളരെ നിരാശനും ദുഃഖിതനുമായിരിക്കുന്ന സമയത്താണു് ആ സത്സംഗത്തില്‍ ആന്‍ഡി പങ്കെടുത്തതു്.
അന്നു് അവിടെ ബഹളംവച്ചുവെങ്കിലും അമ്മയോടു് എങ്ങനെയാണു പ്രാര്‍ത്ഥിക്കേണ്ടതെന്നു ഞാന്‍ പറഞ്ഞിരുന്നതൊക്കെ അദ്ദേഹം ശ്രദ്ധിച്ചുവെന്നു മാത്രമല്ല, അമ്മയുടെ ഒരു ഫോട്ടോ വാങ്ങിക്കുകയും ചെയ്തു.
ഒരു ദിവസം ആന്‍ഡി അത്താഴത്തിനുശേഷം അമ്മയുടെ ഫോട്ടോ മേശപ്പുറത്തുവച്ചു മുപ്പതു മിനിട്ടു നേരം പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. പ്രാര്‍ത്ഥന തുടങ്ങി ഏകദേശം ഇരുപതു മിനിറ്റായിക്കാണും അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ അടിക്കാന്‍ തുടങ്ങി. ഒരു പ്രമുഖ മാര്‍ക്കറ്റു ശൃംഖലയുടെ ജനറല്‍ മാനേജരാണു വിളിച്ചതു്.
”എവിടെനിന്നാണു് എന്റെ നമ്പര്‍ കിട്ടിയതു്?” ആന്‍ഡി അന്വേഷിച്ചു.
ന്യൂയോര്‍ക്കിലുള്ള അദ്ദേഹത്തിന്റെ പങ്കാളികളാണു് ഈ നമ്പര്‍ കൊടുത്തതു് എന്നും ആന്‍ഡി ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ തന്റെ സ്റ്റോറിലൂടെ വിറ്റഴിക്കാന്‍ താത്പര്യമുണ്ടു് എന്നും അദ്ദേഹം മറുപടി പറഞ്ഞു.
ആന്‍ഡിക്കു സ്വന്തം കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി അദ്ദേഹം അവിടെയുള്ള പ്രമുഖ സ്റ്റോറുകളിലെല്ലാം ബിസിനസ്സു ലഭിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കയായിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷ തള്ളിക്കളഞ്ഞവരില്‍ ഈ സ്റ്റോറുകാരുമുണ്ടായിരുന്നു. അമ്മയോടുള്ള പ്രാര്‍ത്ഥനയ്ക്കിടയില്‍ ഇങ്ങനെയൊരു അവസരം ഒരു മുന്‍പരിചയവുമില്ലാത്ത ഒരാളില്‍നിന്നു വന്നപ്പോള്‍ അതു് അമ്മതന്നെ തന്ന ഒരവസരമാണെന്നു് ആന്‍ഡി ഉറപ്പിച്ചു. മൂന്നു വര്‍ഷത്തെ തന്റെ പ്രയത്‌നത്തിനു് ഇരുപതു മിനിറ്റുകൊണ്ടു ഫലം തന്ന അമ്മയ്ക്കു് അദ്ദേഹം നന്ദി പറഞ്ഞു.
അടുത്ത ദിവസം ആന്‍ഡിയുടെ കൂട്ടുകാരിക്കും ഇതേ അനുഭവമുണ്ടായി. ജോലി നഷ്ടപ്പെട്ടു മൂന്നു മാസമായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവള്‍ക്കും അമ്മയുടെ ഫോട്ടോവച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ ഉടനടി ഫലമുണ്ടായി; ജോലി കിട്ടി. ഈ രണ്ടനുഭവങ്ങളും കഴിഞ്ഞപ്പോള്‍ ആന്‍ഡിക്കു് അമ്മയെ ഒന്നുകൂടി പരീക്ഷിക്കണമെന്നു തോന്നി. ഒരു മാസത്തിനകം അമ്മ ഡല്ലാസില്‍ വരുമ്പോള്‍ അമ്മയെ കാണാന്‍ ആഗ്രഹമുണ്ടോ എന്നു ഞാന്‍ ആന്‍ഡിയോടു ചോദിച്ചിരുന്നു. ആന്‍ഡി തിരിച്ചടിച്ചു, ”നിങ്ങളെന്താണു പറയുന്നതു്? ഡല്ലാസില്‍ അമ്മ രണ്ടു ദിവസമേയുള്ളൂ. അതും ഒരു മാസം കഴിഞ്ഞിട്ടു്. എനിക്കത്രയ്ക്കു ക്ഷമയില്ല. അമ്മ ഡല്ലാസിനു മുന്‍പു കാലിഫോര്‍ണിയയില്‍ വരുമല്ലോ. ഞാന്‍ അങ്ങോട്ടു പോകുകയാണു്. അവിടെ അമ്മ നാലു ദിവസമുണ്ടു്.”
”പക്ഷേ, കാലിഫോര്‍ണിയ വളരെ ദൂരെയല്ലേ? ഡല്ലാസിലേക്കു നാലു മണിക്കൂര്‍ ഡ്രൈവു ചെയ്താല്‍ മതിയല്ലോ.”
”അതെ, എനിക്കറിയാം. കാലിഫോര്‍ണിയയിലേക്കു പത്തു മണിക്കൂര്‍ വണ്ടിയോടിക്കണം. പക്ഷേ, അമ്മയെ എനിക്കു നാലു ദിവസം കിട്ടും. പോരാത്തതിനു് അവിടെ ഒരു റിട്രീറ്റുമുണ്ടു്.”
ആന്‍ഡിയുടെ കൈയില്‍ യാത്രയ്ക്കുവേണ്ടി ഒറ്റ പൈസയില്ല. ഓടിച്ചിരുന്ന കാറിനാണെങ്കില്‍ പതിനഞ്ചു വര്‍ഷത്തെ പഴക്കവുമുണ്ടു്. കൈയില്‍ പണമില്ലാത്തതു കൊണ്ടു് ഇന്ധനച്ചിലവു് എങ്ങനെ നടത്തുമെന്നറിയില്ല. ഏതായാലും അമ്മയെ കാണാന്‍ പോകാന്‍ അയാള്‍ തീരുമാനിച്ചു. ഇനിയെല്ലാം അമ്മ നടത്തിത്തരണം എന്നാണു് ആന്‍ഡിയുടെ നിലപാടു്. വല്ലാത്ത പരീക്ഷണംതന്നെ.
ഒരു ദിവസം അമ്മയില്‍നിന്നും ലഭിച്ച രണ്ടനുഭവങ്ങളെയും പറ്റി കൂടെ ജോലി ചെയ്തിരുന്നവരോടു് ആന്‍ഡി സംസാരിച്ചു. ഈ കഥകള്‍ കേട്ട ഒരാള്‍, അയാളും ജീവിതത്തില്‍ വളരെ പ്രശ്‌നങ്ങള്‍ നേരിടുന്നവനായിരുന്നു, ആന്‍ഡിയുടെ കൂടെ കാലിഫോര്‍ണിയയിലേക്കു പോകാന്‍ തയ്യാറായി. പോയിവരാനുള്ള ഇന്ധനച്ചിലവു് അയാള്‍ വഹിക്കാമെന്നേറ്റു. അങ്ങനെ ആ പ്രശ്‌നം തീര്‍ന്നു.
അങ്ങനെ രണ്ടുപേരും കാലിഫോര്‍ണിയയിലേക്കു പുറപ്പെട്ടു. പകുതി വഴി പിന്നിട്ടപ്പോള്‍ രണ്ടുപേര്‍ക്കും വിശന്നിട്ടു വയ്യ. സമയമാണെങ്കില്‍ അര്‍ദ്ധരാത്രി. ഭാഗ്യം പരീക്ഷിച്ചുകളയാമെന്നു കരുതി അടുത്തു കണ്ട ഒരു ഹോട്ടലില്‍ കയറി, മാനേജരോടു ചോദിച്ചു, ”ഞങ്ങള്‍ക്കു വിശന്നിട്ടു വയ്യ. എന്തെങ്കിലും കഴിക്കാന്‍ കിട്ടുമോ?”
”ഞാന്‍ റസ്റ്റോറന്റു് അടയ്ക്കാന്‍ തുടങ്ങുകയായിരുന്നു. എന്തെങ്കിലും ബാക്കിയുണ്ടോ എന്നു നോക്കട്ടെ.”
”പക്ഷേ, ഞങ്ങളുടെ കൈയില്‍ പണമൊന്നുമില്ല.”
ഒരു നിമിഷം അയാള്‍ രണ്ടു പേരെയും സൂക്ഷിച്ചു നോക്കി. ”നിങ്ങളുടെ കൈയില്‍ ഒട്ടും പണമില്ല എന്നുറപ്പാണോ?”
”അതെ, ഞങ്ങളുടെ കൈയില്‍ പണമൊന്നുമില്ല. പക്ഷേ, വിശന്നിട്ടു വയ്യ.” മാനേജര്‍ അടുക്കളയിലേക്കു പോയി, തിരിച്ചു വന്നു കൈയിലുള്ള രണ്ടു വലിയ പായ്ക്കറ്റു പിസ്സ അവര്‍ക്കു നേരെ നീട്ടി. അമ്മ കൂടെയുണ്ടു് എന്നു രണ്ടു പേര്‍ക്കും ഉറപ്പായി. അപ്രതീക്ഷിതമായ ഈ കാരുണ്യത്തിനു പ്രേരണ മറ്റാരായിരിക്കും!
അടുത്ത ദിവസം അവര്‍ അമ്മ ദര്‍ശനം കൊടുക്കുന്ന ഹോട്ടലിലെത്തി. വണ്ടികള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലത്തെത്തി അവര്‍ അവിടെ നില്ക്കുന്ന കാവല്ക്കാരനോടു പറഞ്ഞു, ”ഞങ്ങള്‍ അമ്മയെ കാണാന്‍ വന്നതാണു്. നാലു ദിവസം ഇവിടെയുണ്ടാകും. ഈ കാറിവിടെ പാര്‍ക്കു ചെയ്യണം. പക്ഷേ, അതിനു പൈസ തരാന്‍ ഞങ്ങളുടെ കൈയിലില്ല.”
”ഉറപ്പാണോ? നിങ്ങളുടെ കൈയില്‍ ഒട്ടും പണമില്ലേ?” അയാളും ചോദിച്ചു.
”ഇല്ല, ഞങ്ങളുടെ കൈയില്‍ ഒരു പൈസപോലുമില്ല.”
”ശരി, ഏറ്റവും അറ്റത്തു പോയി പാര്‍ക്കു ചെയ്‌തോളൂ.”
അങ്ങനെ ആ നാലു ദിവസങ്ങളില്‍ ഇരുപത്തിനാലു ഡോളറെങ്കിലും ഫീസു വരുമായിരുന്ന പാര്‍ക്കിങ് സ്ഥലം അവര്‍ക്കു സൗജന്യമായി ലഭിച്ചു.
പിന്നീടു ഹോട്ടലില്‍ ഒരു മുറി എടുക്കാനായി അവരുടെ ശ്രമം. അവിടെയും അവര്‍ ഇതുതന്നെ പറഞ്ഞു, അമ്മയെ കാണാന്‍ വന്നതാണെന്നും, മുറിവാടക കൊടുക്കാന്‍ കാശില്ലെന്നും.
”ഹോട്ടലില്‍ മുറിയെല്ലാം ബുക്കു ചെയ്തു പോയി.” കൗണ്ടറിലിരുന്ന ആള്‍ പറഞ്ഞു. ”ഏതെങ്കിലും മുറി ബാക്കിയുണ്ടോ എന്നു നോക്കട്ടെ. അദ്ഭുതംതന്നെ ഒരു സിങ്കിള്‍ റൂം ഒഴിവുണ്ടു്. നിങ്ങള്‍ക്കു വിരോധമില്ലെങ്കില്‍ ആ മുറിയില്‍ രണ്ടുപേര്‍ക്കും കൂടി താമസിക്കാം.
”മുറിയുടെ വാടക നൂറ്റിയിരുപത്തിയഞ്ചു ഡോളറായിരുന്നു. പക്ഷേ, ആന്‍ഡിക്കും സുഹൃത്തിനും അതിനും പണമൊന്നും കൊടുക്കേണ്ടി വന്നില്ല.
പിന്നീടു് അവര്‍ അമ്മയുടെ ദര്‍ശനത്തിനെത്തി. ആന്‍ഡിയും സുഹൃത്തും പ്രാര്‍ത്ഥിച്ചുകൊണ്ടു ക്യൂവില്‍ നിന്നു. അമ്മയുടെ അടുത്തെത്തി. ആന്‍ഡിയുടെ സുഹൃത്തിനെ അമ്മ ഒന്നു സ്പര്‍ശിച്ചപ്പോഴേക്കും അദ്ദേഹം അര്‍ദ്ധബോധാവസ്ഥയിലായിപ്പോയി. തന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന സൂര്യനും ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും നടുവില്‍, ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന അമ്മയെയാണു താന്‍ മുന്നില്‍ കണ്ടതെന്നു പിന്നീടദ്ദേഹം ആന്‍ഡിയോടു പറഞ്ഞുവത്രേ! അദ്ദേഹം വിറയ്ക്കാന്‍ തുടങ്ങി.
അര്‍ദ്ധബോധാവസ്ഥയില്‍ തന്നെയായിരുന്ന അദ്ദേഹത്തെ ആരും ശല്യപ്പെടുത്തിയില്ല. ബോധം വന്നപ്പോള്‍ അദ്ദേഹം കരയാന്‍ തുടങ്ങി. അതും ഒരു മണിക്കൂറോളം തുടര്‍ന്നു.
സുഹൃത്തു് ഒരു പിശുക്കനും മയക്കുമരുന്നിനടിമയും മദ്യപാനിയും പുകവലിക്കുന്നവനും ചതിയനും സ്ത്രീലമ്പടനുമായിരുന്നു. കരഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഓരോ തുള്ളി കണ്ണീരിന്റെ കൂടെയും തന്റെ ഓരോ ദുര്‍വ്വാസനയും കഴുകി പോകുന്നതായി അദ്ദേഹത്തിനു തോന്നി.
അമ്മയുടെ കൂടെ നാലു ദിവസങ്ങള്‍ ചിലവിട്ടു തിരിച്ചുവന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആന്‍ഡി സുഹൃത്തിന്റെ വിശേഷമറിയാന്‍ വിളിച്ചു. അദ്ദേഹം പറഞ്ഞു, ”എനിക്കിപ്പോള്‍ ഒരു ദുഃസ്വഭാവവുമില്ല. ഞാന്‍ മദ്യപാനം നിര്‍ത്തി. മത്സ്യവും മാംസവും ഉപേക്ഷിച്ചു. പുകവലിക്കുന്നില്ല, നുണ പറയുന്നില്ല. ഞാനിപ്പോഴൊരു പുതിയ മനുഷ്യനാണു്. കഴിഞ്ഞ രണ്ടാഴ്ചകൊണ്ടു ഞാന്‍ പത്തു കിലോ കുറഞ്ഞു. അമ്മ എന്നെ ഓരോ നിമിഷവും സംരക്ഷിച്ചുകൊണ്ടിരിക്കയാണു്.”