ധര്‍മ്മമെന്ന വാക്കുച്ചരിക്കാന്‍തന്നെ ഇന്നു ജനങ്ങള്‍ മടിക്കുന്നു. ഭാരതം ധര്‍മ്മത്തിൻ്റെ ഭൂമിയാണു്. ആ ധര്‍മ്മം വിശാലതയുടെ തത്ത്വമാണു്; സ്നേഹത്തിൻ്റെ തത്ത്വമാണു്.
ഭാരതധര്‍മ്മം ആനയുടെ പാദംപോലെയാണു് എന്നു പറയാറുണ്ടു്. ‘ആനയുടെ കാല്പാടിനുള്ളില്‍ മറ്റെല്ലാ മൃഗങ്ങളുടെ പാദവും കൊള്ളും. അത്ര വലുതാണതു്. അതുപോലെ, സര്‍വ്വതും ഉള്‍ക്കൊള്ളുവാന്‍ തക്ക വിശാലമായതാണു ഭാരതസംസ്‌കാരം. സര്‍വ്വതും ഉള്‍ക്കൊണ്ട തത്ത്വമാണു ഭാരതസംസ്‌കാരം. എന്നാല്‍ അതിന്നു് എല്ലാ രീതിയിലും നശിച്ചു കൊണ്ടിരിക്കുന്നു. ഇനിയും അങ്ങനെ തുടരുവാന്‍ പാടില്ല.
സയന്‍സും സംസ്‌കാരവും
സംസ്‌കാരം സയന്‍സില്‍നിന്നുണ്ടാകുന്ന ഒന്നല്ല, സംസ്‌കാരം സംസ്‌കാരത്തില്‍ നിന്നുമാണുണ്ടാകുന്നതു്. ആ സംസ്‌കാരമാകട്ടെ ആദ്ധ്യാത്മികതയില്‍ നിന്നുമാണു് ഉയിര്‍കൊള്ളുന്നതു്. സയന്‍സിനെ അമ്മ തള്ളിപ്പറയുകയല്ല, സയന്‍സ് നമുക്കു ഭൗതികസുഖസൗകര്യങ്ങള്‍ നല്കും, പക്ഷേ, ജീവിതസംസ്‌കാരം രൂപപ്പെടണമെങ്കില്‍ അതിനു് ആദ്ധ്യാത്മികസംസ്‌കാരത്തെതന്നെ ആശ്രയിക്കേണ്ടി വരും.
ഈ സംസ്‌കാരം എവിടെനിന്നും വന്നിട്ടുള്ളതാണു്? അതു നമുക്കു് ഋഷികളില്‍നിന്നുമാണു ലഭിച്ചിട്ടുള്ളതു്. ഋഷിപരമ്പരയുടെ ജീവിതതത്ത്വമാണു അതുള്‍ക്കൊള്ളുന്നതു്. അതു നമ്മുടെ ഉള്ളില്‍ തന്നെയുണ്ടു്. പൂര്‍ണ്ണമായി നശിച്ചിട്ടില്ല. അതിനെ ഉദ്ധരിക്കുക, പുനഃപ്രതിഷ്ഠ ചെയ്യുക. അതാണിന്നു വേണ്ടതു്.
ഋഷികള്‍ എന്താണു ചെയ്തുവന്നതെന്നു നമുക്കറിയാം. ഹിമാലയത്തിലെ മഞ്ഞു് സൂര്യൻ്റെ ചൂടില്‍ ഉരുകി, വിവിധ നദികളായി ഒഴുകി, ലോകോപകാരാര്‍ത്ഥമായി തീരുന്നു. അതുപോലെ, ആത്മജ്ഞാനികളായ തപസ്വികളുടെ പ്രേമവും കൃപയും കാരുണ്യവും സമസ്തജീവരാശികളിലേക്കും ഒഴുകിച്ചെല്ലുന്നു.
അതു നമ്മളിലെ ഞാനെന്ന ഭാവത്തെ ഇല്ലാതാക്കി, നമ്മളെ വിശ്വമനസ്സിന്നുടമകളാക്കി, നമ്മുടെ ജീവിതം ലോകോപകാരാര്‍ത്ഥമാക്കി തീര്‍ക്കുന്നു. ഇതാണു് ഋഷി പരമ്പരകള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ധര്‍മ്മം. ഇന്നുള്ളവരുടെ നിയന്ത്രണമില്ലാത്ത ജീവിതം ആ പ്രേമത്തിൻ്റെയും നിസ്സ്വാര്‍ത്ഥതയുടെയും പ്രവാഹത്തെ മതില്‍കെട്ടി തടയുകയാണു്.