വാക്കിനും ചിന്തയ്ക്കും, ജീവനും ചൈതന്യവും ഉണ്ടാകണമെങ്കിൽ, അതു ജീവിതമാകണം. ഈ ലക്ഷ്യം സാധിക്കാൻ മതവും ആധുനികശാസ്ത്രവും പരസ്പരം യോജിച്ചുപോകാനുള്ള മാർഗ്ഗങ്ങൾ ആരായണം. ഈ ഒത്തുചേരൽ വെറും ബാഹ്യമായൊരു ചടങ്ങു മാത്രമാകരുതു്. ആഴത്തിലറിയാനും മാനവരാശിക്കു നന്മചെയ്യുന്ന അംശങ്ങളെ ഉൾക്കൊള്ളാനുമുള്ള ഒരു തപസ്സായിരിക്കണം ആ ശ്രമം.

ശാസ്ത്രബുദ്ധി മാത്രമായാൽ, അവിടെ കാരുണ്യമുണ്ടാകില്ല. അപ്പോൾ, ആക്രമിക്കാനും കീഴടക്കാനും ചൂഷണം ചെയ്യാനും മാത്രമേ തോന്നുകയുള്ളൂ. ശാസ്ത്ര ബുദ്ധിയോടൊപ്പം മതത്തിൻ്റെ അന്തസ്സത്തയായ ആത്മീയബുദ്ധികൂടി ചേരുമ്പോൾ സഹജീവികളോടു കാരുണ്യവും സഹതാപവും ഉടലെടുക്കും.

നമ്മുടെ ലോകചരിത്രത്തിൽ പകയുടെയും പ്രതികാരത്തിൻ്റെയും വിദ്വേഷത്തിൻ്റെയും കഥകളാണു കൂടുതലുമുള്ളതു്. സകലതും വെട്ടിപ്പിടിച്ചു സ്വന്തം കാൽക്കീഴിൽ കൊണ്ടുവരാനുള്ള മനുഷ്യൻ്റെ അതിമോഹവും അതിനുവേണ്ടി അവനൊഴുക്കിയ ചോരപ്പുഴയും ഇന്നും ഉണങ്ങാതെ അവശേഷിക്കുന്നു. മാനവരാശിയുടെ ഭൂതകാലം കാരുണ്യത്തിൻ്റെ കണിക പോലും ഇല്ലാത്തവിധം ക്രൂരമാണെന്നു തോന്നിയേക്കാം.

ചരിത്രത്തിൻ്റെ ഇന്നലെകൾ നമുക്കു പാഠമാകണം. പക്ഷേ, അവിടെ ജീവിക്കരുതു്. ഭൂതകാലത്തിൻ്റെ ഇരുണ്ട ഇടനാഴികളിൽനിന്നു ശാന്തിയുടെയും സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രകാശത്തിലേക്കു വരാൻ നാം ശ്രമിക്കണം. അതിനുള്ള പുതിയ മാർഗ്ഗം സയൻസിൻ്റെയും ആത്മീയതയുടെയും ഒത്തുചേരലാണു്.