സതീഷ് ഇടമണ്ണേല്‍
ഞങ്ങള്‍ പറയകടവുകാര്‍ ചെറിയ മനുഷ്യരാണു്. പരസ്പരം കൈകോര്‍ക്കുന്ന ചെറിയ കരകളില്‍നിന്നു വിശാലമായ കടല്പരപ്പിനെയും അകലങ്ങളിലെ ചക്രവാളത്തെയും നോക്കിനില്ക്കുവാന് ഞങ്ങള്‍ പഠിച്ചു. തെങ്ങിന്‍തലപ്പുകളെ ആകെയുലയ്ക്കുന്ന കാറ്റിൻ്റെ ദീര്‍ഘസഞ്ചാരവും ആകാശമേഘങ്ങളുടെ ഒടുങ്ങാത്ത യാത്രയും ഞങ്ങളുടെ മനസ്സില്‍ വിസ്മയത്തിൻ്റെ ചലനങ്ങള്‍ സൃഷ്ടിച്ചു. ഞങ്ങളുടെ കണ്ണുകളില്‍ മുഴുവന്‍ പ്രകൃതിയുടെ അദ്ഭുതങ്ങളായിരുന്നു.
പക്ഷേ, മനുഷ്യനു കടല്പരപ്പുപോലെ വിശാലമാകുവാനും ചക്രവാളത്തെപ്പോലെ ഭൂമിയെ ആകെ ആശ്ലേഷിക്കാനും ആകുമെന്നും ഞങ്ങള്‍ വിശ്വസിച്ചിരുന്നില്ല. കാറ്റിൻ്റെയും ആകാശ മേഘങ്ങളുടെയും ദീര്‍ഘസഞ്ചാരങ്ങള്‍ ഞങ്ങളുടെ ചെറിയ കരയിലേക്കുള്ള തീര്‍ത്ഥാടനങ്ങളായിരുന്നെന്നു് അറിഞ്ഞിരുന്നില്ല. കായല്പരപ്പും കടലും കൈകോര്‍ക്കുന്നതിനിടയിലെ ചെറിയകര ലോകത്തിൻ്റെ സ്നേഹഭൂപടത്തിൻ്റെ കേന്ദ്രമായിരുന്നെന്നും ഞങ്ങളറിഞ്ഞതേയില്ല.
അമ്മയോടൊത്തു് അറുപതു വര്‍ഷങ്ങള്‍ ജീവിച്ചുകഴിയുമ്പോഴും ഞങ്ങളില്‍ ഉണരുന്നതു വിസ്മയത്തിൻ്റെ തിരയിളക്കങ്ങളാണു്. അറിവിൻ്റെയും വിശ്വാസത്തിൻ്റെയും പരിധിക്കപ്പുറത്തേക്കു് അനുഭവങ്ങള്‍ ഞങ്ങളെ കൈപിടിച്ചു നടത്തി. പക്ഷേ, അദ്ഭുതങ്ങളല്ല ഞങ്ങള്‍ക്കു് ആ വിസ്മയങ്ങളൊന്നും. കാരണം, അനുഭവങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മനസ്സിലാക്കാനാവാത്തതല്ല അവയൊന്നും.
അമ്മയെന്ന പ്രതിഭാസത്തെ മനസ്സിലാക്കുന്നതിലെ ഭിന്നങ്ങളായ ഘട്ടങ്ങളാകുന്നു ഞങ്ങളെ സംബന്ധിച്ചു് അനുഭവങ്ങളുടെ ഓരോ അദ്ധ്യായവും. അമ്മ ജനിച്ചു വളര്‍ന്നതു ഞങ്ങള്‍ക്കിടയിലാണു്. കുഞ്ഞായും സുധാമണിയായും അമ്മ ഞങ്ങളോടൊത്തു കഴിഞ്ഞു. അമ്മയായും മഹാഗുരുവായും ആ മഹാജീവിതത്തിലെ നിമിഷങ്ങള്‍ ലോകത്തോടൊപ്പം ഞങ്ങളോടൊത്തും പങ്കുവച്ചു. അവയൊക്കെയും ഞങ്ങളുടെ ജീവിതത്തിലെ വളര്‍ച്ചയുടെ അനുഭവഘട്ടങ്ങളായിരുന്നു.
പറയകടവില്‍ കായല്‍ത്തീരത്തെ ഇടമണ്ണേല്‍ വീട്ടിലെ എട്ടു മക്കളില്‍ അമ്മയ്ക്കു താഴെയാണു ഞാന്‍ ജനിച്ചതു്. വീടിൻ്റെ ഉത്തരവാദിത്വങ്ങളും പാഠശാലയും അതിനെല്ലാം പുറമെ കരയിലെ നിസ്സഹായരായവരെ സംരക്ഷിക്കുവാനും സാന്ത്വനിപ്പിക്കുവാനും സ്വയമെടുത്ത ഉത്തരവാദിത്വവും അങ്ങനെ ധാരാളം തിരക്കുകളിലാണു ഞാനമ്മയെ ചെറുപ്രായത്തില്‍ത്തന്നെ കണ്ടിട്ടുള്ളതു്.
തിരക്കുകള്‍ക്കിടയിലെപ്പോഴാണു് അമ്മയ്ക്കു ശാന്തമായ അവസ്ഥ ലഭിച്ചിരുന്നതെന്നു് എനിക്കറിയുമായിരുന്നില്ല. അമ്മയിപ്പോഴും അങ്ങനെതന്നെയാണു്. ലോകമാകെയുള്ള ദര്‍ശനസ്ഥലങ്ങള്‍, ദര്‍ശനപരിപാടികള്‍, സേവനപദ്ധതികള്‍, മക്കളെ സാന്ത്വനിപ്പിക്കലും സംരക്ഷിക്കലും അങ്ങനെ അമ്മയ്ക്കു കര്‍മ്മനിരതമല്ലാത്ത ഒരു നിമിഷമില്ല. എന്നാല്‍ ഈ തിരക്കുകളിലെല്ലാം അമ്മ ശാന്തമായ അവസ്ഥയിലാണെന്നു് ഇന്നെനിക്കു മനസ്സിലാകുന്നുണ്ടു്.
ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന ഒരനുഭവമുണ്ടു്. ചെറിയ കുട്ടിയാണു് അന്നു ഞാന്‍. മനസ്സിലെ സന്ദേഹങ്ങള്‍ ഉന്നയിച്ചാല്‍ത്തന്നെ മറ്റുള്ളവര്‍ക്കതു മനസ്സിലാവില്ല. അരുതായ്മകളും വല്ലായ്മകളും നീണ്ട ഒരു കരച്ചില് മാത്രമായിരുന്നു അന്നെനിക്കു്. കരച്ചിലിനു വലിയവര്‍ നല്കുന്ന അര്‍ത്ഥങ്ങള്‍ക്കൊപ്പമായിരുന്നു പരിഹാരം. പക്ഷേ, അമ്മയെനിക്കങ്ങനെയായിരുന്നില്ല. അമ്മയ്ക്കു് എൻ്റെ മനസ്സറിയാമായിരുന്നു. അതുകൊണ്ടുതന്നെ അമ്മയോടുള്ള സ്നേഹവും അടുപ്പവും വര്‍ദ്ധിക്കും. പറയാതെതന്നെ ശാരീരികവും മാനസികവുമായ വല്ലായ്മകള്‍ അമ്മയ്ക്കു മനസ്സിലാകും, അതിനൊത്തു പ്രവര്‍ത്തിക്കുകയും ചെയ്യും.
എൻ്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പലപ്പോഴും അസുഖങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളാണു്. നന്നേ ചെറുപ്പത്തില്‍ തന്നെ ശ്വാസംമുട്ടലിൻ്റെ ദീനമായിരുന്നു. മഴക്കാലമായാല്‍ അതു പതിവിനപ്പുറം വര്‍ദ്ധിക്കും. അസുഖങ്ങളോ മറ്റു് അസ്വസ്ഥതകളോ ഉണ്ടായാല്‍ സ്ഥിരം വിരുന്നുകാരനെപ്പോലെ ശ്വാസംമുട്ടലും വന്നെത്തും. പിന്നെ കുഴച്ചിലാകും. അങ്ങനെ ഒരു മഴക്കാലത്താണു് അതു സംഭവിച്ചതു!
മഴക്കാലത്തു് അധികമായ ശ്വാസം വലിച്ചില് കാരണം എന്നെ വീട്ടില്‍ പുതപ്പിച്ചു കിടത്തിയിട്ടാണു വലിയവരോരോരുത്തരായി അവരവരുടെ ജോലികള്‍ക്കായി പോയതു്. ഒറ്റയ്ക്കായപ്പോള്‍ ദീനം കടുത്തു. ശ്വാസംമുട്ടലിനൊപ്പം ചുട്ടുപൊള്ളുന്ന ചൂടും അവശതയും ഏറാന്‍ തുടങ്ങി. എപ്പോഴോ എൻ്റെ ബോധം മറയുകയും ചെയ്തു. പക്ഷേ, ഇതിനുമുന്‍പു് അമ്മ എവിടെനിന്നോ എൻ്റെ അരികിലെത്തി എന്നെ വിളിച്ചുണര്‍ത്തുകയും സാന്ത്വനിപ്പിക്കുകയും ചെയ്തു.
പിന്നീടു് എന്നെ തോളിലേറ്റി അമ്മ വീട്ടില്‍നിന്നു നിരത്തിലിറങ്ങി. കായലും കടലുംകൊണ്ടു ചുറ്റപ്പെട്ട ഞങ്ങളുടെ കരയെ പുറംലോകവുമായി ബന്ധിപ്പിക്കാന്‍ വാഹനസൗകര്യങ്ങള്‍ അക്കാലത്തു് ഉണ്ടായിരുന്നില്ല. കായല്‍ മുറിച്ചു കടക്കുന്ന കടത്തുവള്ളമിറങ്ങിയാല്‍ പിന്നെ സര്‍ക്കാര്‍ ആശുപത്രിവരെയും നടക്കുകയേ നിവൃത്തിയുള്ളൂ. കടത്തിറങ്ങി അമ്മയെന്നെ തോളിലേറ്റി നടക്കുവാന്‍ തുടങ്ങി. കടവുമുതല്‍ ആശുപത്രി വരെയുള്ള ദൂരമത്രയും അമ്മയെന്നെ തോളിലേറ്റി പായുകയായിരുന്നു.
പനിച്ചൂടിൻ്റെ മങ്ങലില്‍ പാതിബോധത്തില്‍ ശ്വാസം വലിച്ചുവലിച്ചു് ആ കഴുത്തില്‍ ചുറ്റിപ്പിടിച്ചു ഞാന്‍ തളര്‍ന്നു കിടന്നതു് ഇപ്പോഴും ഓര്‍മ്മയിലുണ്ടു്. ആശുപത്രിയിലെത്തി മരുന്നു കഴിച്ചു. ദീനം തെല്ലു കുറഞ്ഞപ്പോള്‍ എനിക്കൊരുകാര്യം മനസ്സിലായി. എൻ്റെ ദീനം മാറുവാനായി അമ്മ എന്നെക്കാള്‍ ആഗ്രഹിക്കുന്നു. അതിനുവേണ്ടി കഷ്ടപ്പെടുന്നു. അതിനിടയില്‍ അമ്മയ്ക്കു തളര്‍ച്ചയോ ക്ഷീണമോ ഇല്ല. ഒരേയൊരു ചിന്തയേയുള്ളൂ. എന്നെ അസുഖത്തിൻ്റെ പിടിയില്‍ നിന്നും അവശതയില്‍നിന്നും മോചിപ്പിക്കുക.
ഓര്‍മ്മയിലുള്ള ഈ അനുഭവം പിന്നീടൊരായിരം പ്രാവശ്യം എനിക്കു് അറിവായി വെളിവായിട്ടുണ്ടു്. ആ കൈകളില്‍, മടിത്തട്ടില്‍ അസുഖം ബാധിച്ച അനേകം രോഗികളെ പിന്നീടു ഞാന്‍ കണ്ടിട്ടുണ്ടു്. കൈ ചേര്‍ത്തണച്ചും ആശ്വസിപ്പിച്ചും അവരെ സംരക്ഷിക്കുന്ന അമ്മ. ആ മടിത്തട്ടില്‍ ദീനത്തിൻ്റെ അവശതയില്‍ എന്നെപ്പോലെ പാതിമയക്കത്തില്‍ മിഴിയടച്ചു കിടക്കുന്നവര്‍, ശരീരം തളര്ന്നു് ആ കരസ്പര്‍ശം മാത്രം പ്രതീക്ഷിച്ചു മിഴിയനക്കാന്‍പോലും കഴിയാതെ കിടക്കുന്നവര്‍. രോഗത്തിനു മുന്നില്‍ തന്നെത്തന്നെ സ്വയം കൈയൊഴിഞ്ഞവര്‍. അവര്‍ക്കുവേണ്ടി അവരെക്കാള്‍ രോഗമുക്തിക്കായി ആ ഹൃദയം ആഗ്രഹിക്കുന്നതു് എനിക്കറിയാം. തനിക്കുവേണ്ടി തന്നെക്കാള്‍ ഇച്ഛിക്കുന്ന ആ ഹൃദയം മാതൃഹൃദയമല്ലാതെ മറ്റെന്താണു് ?(തുടരും)