അമ്പലപ്പുഴ ഗോപകുമാര്‍

മുനിഞ്ഞുകത്തുന്ന വെയിലില്‍നിന്നൊരു
തണല്‍മരത്തിൻ്റെ ചുവട്ടിലെത്തുമ്പോള്‍,
ഒഴുകിയെത്തുന്ന കുളിരിളംകാറ്റിന്‍
വിരലുകള്‍ നമ്മെത്തഴുകിനില്ക്കുമ്പോള്‍
പറയുവാനാമോ മനസ്സിലുണ്ടാകും
പരമസന്തോഷം, ഉണര്‍വ്വുമൂര്‍ജ്ജവും!

അവിടിളനീരു പകര്‍ന്നുനല്കുവാന്‍
അരികിലേയ്‌ക്കൊരാള്‍ വരുന്നുവെങ്കിലോ,
വയറു കത്തുന്ന വിശപ്പടക്കുവാന്‍

തരൂഫലമേറെത്തരുന്നുവെങ്കിലോ,
മനം മയക്കുന്ന മധുമൊഴികളാല്‍
മധുരസൗഹൃദം പകരുന്നെങ്കിലോ,
മതിമറന്നുപോമറിയാതെ, സ്വര്‍ഗ്ഗം
മഹിയിലേക്കു വന്നിറങ്ങിയപോലെ…
സുകൃതസൗഭാഗ്യമരുളിടും സര്‍ഗ്ഗ-
പ്രകൃതിയിലലിഞ്ഞുണരുന്നപോലെ…
ഇവിടെയാസ്വര്‍ഗ്ഗമൊരുക്കുവാന്‍ ജന്മ-
മുഴിഞ്ഞുവച്ചാരേ തപസ്സുചെയ്യുന്നു!
ഇവിടെയാസ്നേഹമഹിതസൗഭാഗ്യ-
മരുളുവാനാരേയുലകു ചുറ്റുന്നു!

അനാദികാലംതൊട്ടനന്തവൈചിത്ര്യ-
പ്രഭാവമാര്‍ന്നെഴുമനഘമാതൃത്വം
പ്രപഞ്ചശക്തിയായ് പിറന്നനുഗ്രഹം
ചൊരിഞ്ഞു മക്കളെ വിളിച്ചുണര്‍ത്തുന്നു
വരദയായ്, ധര്‍മ്മനിരതയായ്, കര്‍മ്മ-
ചരിതയായ്, പ്രേമപയസ്വിനിയായി
അമൃതകാരുണ്യക്കടമിഴികളാല്‍
അഖിലലോകവും തഴുകിനില്ക്കുന്നു!

അറിയില്ലാ ഞങ്ങള്‍ക്കറിയില്ലാ, ഞങ്ങള്‍
അഹംകൃതിയുടെ കയത്തില്‍ മുങ്ങിയും

ജനിമൃതികള്‍തന്‍ ഭയത്തില്‍ പൊങ്ങിയും
അലയുന്നോര്‍, നിൻ്റെ അനര്‍ഘസാന്നിദ്ധ്യ
മറിയാത്തോര്‍, അമ്മേ അനുഗ്രഹിക്കുമോ
അകമിഴി നന്നായ് തുറക്കുവാന്‍, നിന്നെ
അറിയുവാന്‍ കൃപ ചൊരിയുമോ…?