പലപ്പോഴും നമ്മളെക്കാള്‍ ഉയര്‍ന്നവരുമായി, പണക്കാരുമായി കൂട്ടുകൂടുവാനാണു നമ്മള്‍ ശ്രമിക്കുന്നതു്. അതെപ്പോഴും ദുഃഖത്തിനു കാരണമായിത്തീരുന്നു. നമ്മളെക്കാള്‍ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുന്ന എത്രയോ ആയിരങ്ങളുണ്ടു്. എന്തുകൊണ്ടു് അവരെക്കുറിച്ചു ചിന്തിക്കുന്നില്ല? അവരുടെ ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍, നമ്മുടെതു സ്വര്‍ഗ്ഗമാണെന്നു കാണുവാന്‍ സാധിക്കും.

നമ്മളെക്കാള്‍ ഉയര്‍ന്നവരെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നമ്മള്‍ ഇത്ര പാവങ്ങളാണല്ലോ അവരെപ്പോലെ സമ്പത്തില്ലല്ലോ എന്നു ചിന്തിച്ചു ദുഃഖിക്കേണ്ടി വരുന്നു. എന്തെങ്കിലും ഒരസുഖം വരുമ്പോഴാകട്ടെ, അയ്യോ എനിക്കിത്ര വലിയ അസുഖം വന്നല്ലോ എന്ന ചിന്തയായി. എന്നാല്‍ നമ്മളെക്കാള്‍ എത്രയോ വലിയ അസുഖങ്ങള്‍ വന്നു ദുരിതമനുഭവിക്കുന്നവര്‍ നമുക്കു ചുറ്റുമുണ്ടു് അവരെക്കുറിച്ചു് ആലോചിക്കുമ്പോള്‍ നമ്മുടെതു് വലിയൊരു കഷ്ടപ്പാടായി തോന്നുകയില്ല. ഇങ്ങനെ നമ്മള്‍ മനസ്സിനെ സാന്ത്വനപ്പെടുത്തി ദുഃഖത്തില്‍നിന്നും വിമുക്തി നേടുവാനാണു ശ്രമിക്കേണ്ടതു്. മറിച്ചു ചിന്തിക്കുമ്പോള്‍ നമ്മുടെ ജീവിതം ദുരിതപൂര്‍ണ്ണമായിത്തീരുന്നു.

എന്നാല്‍ സാധാരണക്കാരുടെ ലോകത്തിലേക്കു് ഇറങ്ങിവരുവാന്‍ പലപ്പോഴും നമ്മുടെ മനസ്സു് തയ്യാറാകില്ല. അവരുമായി ദുഃഖം പങ്കുവയ്ക്കാന്‍ സമയം കണ്ടെത്താറില്ല. അവര്‍ക്കു നമ്മളാല്‍ കഴിവതു സേവ ചെയ്യുവാന്‍ സന്നദ്ധരാകാറില്ല. എന്നാല്‍ അതിനു നമ്മള്‍ തയ്യാറാവുകയാണെങ്കില്‍, അതിലൂടെ നാം ആനന്ദത്തിൻ്റെ ലോകത്തിലേക്കുള്ള കവാടം തുറക്കുന്നതിനുള്ള താക്കോല്‍ നേടുകയാണു ചെയ്യുന്നതു്. യഥാര്‍ത്ഥത്തില്‍ ഇതും ഈശ്വരാരാധനതന്നെയാണു്.

സാധുക്കളെ ഹൃദയം തുറന്നു സ്നേഹിക്കുക. അവരുടെ തലത്തിലേക്കു് ഇറങ്ങിച്ചെല്ലുക. അവരെ സ്നേഹിക്കേണ്ടതും അവര്‍ക്കു വേണ്ട സേവനം ചെയ്യേണ്ടതും തൻ്റെ ധര്‍മ്മമായി, ഈശ്വരന്‍ തന്നെ ഏല്പിച്ച കടമയായി കാണുക. ഈ ഒരു മനോഭാവം നമുക്കു വരുമ്പോള്‍, ജീവിതത്തില്‍ സ്വന്തം കാര്യമോര്‍ത്തു ദുഃഖിക്കാന്‍ സമയമില്ലെന്നു കാണുവാന്‍ കഴിയും.

ഭാരതത്തില്‍ എണ്‍പത്തിയഞ്ചുകോടി ജനങ്ങള്‍ ഉള്ളതില്‍ മുപ്പത്തിയഞ്ചു കോടിയും പട്ടിണിയിലാണെന്നാണു കേള്‍ക്കുന്നതു്. എല്ലാവരും ശ്രദ്ധിച്ചു് അനാവശ്യച്ചെലവുകള്‍ ഒഴിവാക്കി, പരസ്പരം സഹായങ്ങള്‍ നല്കി ജീവിക്കുവാന്‍ തയ്യാറായാല്‍ ഇവിടെ ആര്‍ക്കും പട്ടിണി കിടക്കേണ്ടിവരില്ല. എല്ലാവര്‍ക്കും കഴിക്കുവാന്‍ വേണ്ടതു് ഈശ്വരന്‍ നമുക്കു തന്നിട്ടുണ്ടു്. എന്നാല്‍ ചിലര്‍ മറ്റുള്ളവര്‍ക്കുള്ളതു കൂടി സ്വന്തമാക്കിവച്ചിരിക്കുന്നു. ഇതുമൂലം, അവരുടെ സഹോദരങ്ങള്‍ തന്നെയാണു പട്ടിണി കിടന്നു കഷ്ടപ്പെടുന്നതെന്നു് അവരറിയുന്നില്ല.

ഭൗതികമായി, വലിയ സമ്പത്തിലും പ്രതാപത്തിലും കഴിഞ്ഞിരുന്നാല്‍ത്തന്നെയും സാധുക്കളോടു കരുണ കാട്ടുവാനും അവര്‍ക്കുവേണ്ട സഹായം ചെയ്യുവാനും തയ്യാറായില്ല എങ്കില്‍ അവര്‍ ആന്തരികമായി ദരിദ്രരരാണു്. ഈശ്വരൻ്റെ ലോകത്തിലെ ഏറ്റവും വലിയ ദരിദ്രര്‍ അവരാണു്. അതിൻ്റെ ദുരിതങ്ങള്‍, മാനസികമായി അനുഭവിക്കുന്നതില്‍നിന്നും അവര്‍ക്കു രക്ഷപ്പെടുവാനാവില്ല.

സാധുക്കളുടെ ജീവിതപ്പാതയില്‍ വെളിച്ചം വിതറാതെ, ഈശ്വരനു മുന്നില്‍, ദീപം കൊളുത്തുന്നതുകൊണ്ടോ കാണിക്കയര്‍പ്പിക്കുന്നതുകൊണ്ടോ യാതൊരു പ്രയോജനവുമില്ല. അതിനാല്‍ നമ്മള്‍ സാധുക്കളുടെ ലോകത്തിലേക്കു് ഇറങ്ങിച്ചെല്ലണം. സ്നേഹിക്കണം, സേവിക്കണം. ഇതു കൂടാതെ എത്ര ധ്യാനം ചെയ്താലും ധ്യാനത്തിൻ്റെ മധുരം നുകരുവാന്‍ കഴിയുകയില്ല. പരോപകാരമാണു ധ്യാനത്തിനു മാധുര്യം പകരുന്നതു്.

ജോലിയില്ലെന്നു ചിന്തിച്ചു്, മനസ്സു് പുണ്ണാക്കി, ലഹരികള്‍ക്കടിമയാകുന്ന ചില കുഞ്ഞുങ്ങളെ കാണാറുണ്ടു്. ലഹരി കഴിച്ചതു കൊണ്ടു ജോലി കിട്ടില്ല. അതു്, കുടുംബത്തിനു ഒന്നുകൂടി ഭാരം കൂട്ടുകയേയുള്ളൂ. പത്തു സെൻ്റു സ്ഥലമേയുള്ളുവെങ്കില്‍ അതില്‍ കൃഷി ചെയ്യുവാന്‍ നോക്കണം. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടു്, കൃഷി ചെയ്യണോ എന്നും മക്കള്‍ ചിന്തിക്കരുതു്. മറ്റൊന്നിനും സാധിച്ചില്ല എങ്കില്‍, വീട്ടുവളപ്പില്‍ പത്തു വാഴയെങ്കിലും നടുവാന്‍ ശ്രമിക്കുക. ഇങ്ങനെ അദ്ധ്വാനിച്ചു്, നമുക്കും കുടുംബത്തിനും ജീവിക്കാം.

എല്ലാവരും കണ്ണടച്ചു ദേവിയുടെ രൂപം ഉള്ളില്‍ കാണുക. അതിനു കഴിയുന്നില്ലെങ്കില്‍ ദേവി മുന്നില്‍ നില്ക്കുന്നതായി സങ്കല്പിക്കുക. മക്കള്‍ അകവും പുറവും, സഗുണവും നിര്‍ഗ്ഗുണവുമൊന്നും ചിന്തിക്കേണ്ട. മനസ്സു് ഏകാഗ്രതപ്പെടുത്തുവാന്‍ ശ്രമിക്കുക. രൂപം കിട്ടിയില്ലെന്നു വിചാരിച്ചു വിഷമിക്കണ്ട. കണ്ണടച്ചു മക്കള്‍ അമ്മാ അമ്മാ എന്നു വിളിക്കുക. ഇതു കേള്‍ക്കുമ്പോള്‍ പലരും ചോദിക്കാം ഈശ്വരന്‍ ഉള്ളിലില്ലേ എന്നു്. ശരിയാണു് ഈശ്വരന്‍ നമ്മുടെ ഉള്ളിലുണ്ടു്. പക്ഷേ, നമ്മള്‍ ഉള്ളിലല്ല. നമ്മുടെ മനസ്സു് മറ്റു പല വസ്തുക്കളുടെയും പിന്നാലെ ഓടിനടക്കുകയാണു്. ആ മനസ്സിനെ ഉള്ളിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനുള്ള ഒരു ക്രിയയാണു് ഈ ജപം. ‘അമ്മ’ എന്ന വാക്കിനര്‍ത്ഥം നിത്യമായ പ്രേമമേ, നിത്യമായ കാരുണ്യമേ, നീയെന്നെ നയിക്കൂ എന്നാണു്. ?
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ