രാജശ്രീ കുമ്പളം

ഉച്ചയ്ക്കുശേഷം ഓഫീസില്‍ പൊതുവെ തിരക്കു കുറവായിരിക്കും. ഊണു കഴിഞ്ഞു കാബിനില്‍ ഒറ്റയ്ക്കിരുന്നു പത്രം വായിക്കുന്നതു് ഒരു രസമാണു്. ആരുടെയും ശല്യമില്ലാതെ ശാന്തമായ ഒരന്തരീക്ഷം. എൻ്റെ കാബിനില്‍ സെക്ഷന്‍ ഓഫീസര്‍ തോമസ് സാര്‍ ഉള്‍പ്പെടെ ഞങ്ങള്‍ അഞ്ചു പേരെയുള്ളൂ. ലഞ്ച്‌ബ്രേക്കു് ആയതുകൊണ്ടു് അവരെല്ലാം ഊണു കഴിക്കാന്‍ കാന്റീനില്‍ പോയിരിക്കുകയാണു്. മേശപ്പുറത്തു് എപ്പോഴും രണ്ടുമൂന്നു പത്രങ്ങള്‍ ഉണ്ടാകും. പതിവുപോലെ സീറ്റിനരികിലെ ചെറിയ ജനാലയിലൂടെ ഇളംകാറ്റു വീശുന്നുണ്ടു്. ഭക്ഷണം കഴിഞ്ഞു് ഈ കാറ്റും കൊണ്ടു തനിച്ചിരിക്കുമ്പോഴാണു പത്രം വായന.

വാര്‍ത്തകളും വാര്‍ത്തകള്‍ക്കപ്പുറവും തേടിയുള്ള ഒരു യാത്ര. അക്ഷരങ്ങളിലൂടെ, ചിത്രങ്ങളിലൂടെ എവിടെയൊക്കെ സഞ്ചരിക്കാം! പക്ഷേ, ഈയിടെയായി പത്രങ്ങള്‍ കാണുമ്പോള്‍ത്തന്നെ ഭയമാകുന്നു. മനുഷ്യരുടെ ദുരിതങ്ങളും ദുരന്തങ്ങളും ഭീകരദൃശ്യങ്ങളും ഒന്നാം പേജില്‍ത്തന്നെയുണ്ടാകും.എത്ര ദിവസങ്ങളായി ഗാസയില്‍ യുദ്ധം തുടങ്ങിയിട്ടു്? യുദ്ധത്തില്‍ കുഞ്ഞുങ്ങള്‍ മുറിവേറ്റും കരിഞ്ഞും മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ കണ്ടുകണ്ടു മനസ്സു് വിറങ്ങലിച്ചുപോയിരിക്കുന്നു! ഇസ്രയേലി ആക്രമണത്തില്‍ നാന്നൂറോളം പാലസ്തീന്‍ കുഞ്ഞുങ്ങള്‍ മരിച്ചെന്നാണു കണക്കു്. ആ പാവം കുഞ്ഞുങ്ങള്‍ എന്തു പിഴച്ചു? ആരുടെയൊക്കെയോ അഹങ്കാരത്തിനു ബലിയാടാകുന്നതു് നിഷ്കളങ്കരായ, ശത്രുതയെന്തെന്നറിയാത്ത കുഞ്ഞുങ്ങള്‍!

പത്രത്തിൻ്റെ മറ്റു പേജുകളിലും യുദ്ധ വാര്‍ത്തകളുണ്ടു്. ലിബിയയില്‍ ആഭ്യന്തരകലാപം! അവിടെയും ആക്രമിക്കപ്പെടുന്നതു് കുഞ്ഞുങ്ങള്‍തന്നെ. ഇറാക്കിലും യുദ്ധം. അവിടെയും മനുഷ്യരെ കൊല്ലുന്നു. മനുഷ്യരെ കൊന്നൊടുക്കി യുദ്ധം ജയിക്കുന്നതാരാണു്? അല്ലെങ്കില്‍ത്തന്നെ ഏതു യുദ്ധത്തിനും ഒടുവില്‍ ആരെങ്കിലും ജയിക്കാറുണ്ടോ? യുദ്ധത്തില്‍ ജയിച്ചുകൊണ്ടിരിക്കുന്നവര്‍ യുദ്ധം നീണ്ടുപോകട്ടെയെന്നു് ആഗ്രഹിച്ചെന്നിരിക്കും. അവരെയും കാത്തിരിക്കുന്നതു പരാജയംതന്നെയാണെന്നു് അവര്‍പോലും അറിയുന്നില്ല!

യുദ്ധങ്ങള്‍ എന്നു തുടങ്ങിയെന്നു് ഒരന്വേഷണത്തിനുപോയാല്‍ മനുഷ്യനുണ്ടായ കാലം മുതലേ്ക്ക അഥവാ യുഗങ്ങള്‍ക്കു മുന്‍പേ, യുദ്ധങ്ങള്‍ തുടങ്ങിയെന്നു കാണാം. പുരാണങ്ങളില്‍ നിരവധി യുദ്ധങ്ങളെപ്പറ്റി പറയുന്നുണ്ടു്. ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധം രണ്ടു വ്യത്യസ്ത ലോകങ്ങളില്‍ ജീവിച്ചിരുന്നവര്‍ തമ്മിലുള്ള യുദ്ധമായിരുന്നു അതു്. ശ്രീരാമൻ്റെ കാലമായപ്പോള്‍ അസുരന്മാര്‍ ഭൂമിയിലെത്തി. ഇവിടെ യുദ്ധം തുടര്‍ന്നു. ശ്രീകൃഷ്ണൻ്റെ കാലമായപ്പോള്‍ മഹാഭാരതയുദ്ധം കുടുംബത്തിനുള്ളില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള യുദ്ധം. കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവര്‍ ജയിച്ചു എന്നു പുരാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട, ദുഃഖാര്‍ത്തരായ ആ അഞ്ചുപേര്‍മാത്രം അവശേഷിച്ചതാണോ ജയം?

എൻ്റെ എതിര്‍വശത്തുള്ള കസേരയില്‍ ഭാരമുള്ള എന്തോ വീഴുന്ന ശബ്ദം കേട്ടു ചിന്തയില്‍ നിന്നു ഞെട്ടിയുണര്‍ന്നു. എൻ്റെ സെക്ഷനിലെ മോഹന്‍ദാസാണു്. കോണ്‍ഫറന്‍സ് ഹാളില്‍ ഇത്തവണത്തെ ഓണാഘോഷ പരിപാടിയെക്കുറിച്ചുള്ള മീറ്റിങില്‍ പങ്കെടുക്കാന്‍ പോയതാണയാള്‍. മീറ്റിങ് അയാള്‍ക്കു് അത്ര രുചിച്ചിട്ടില്ല എന്നു തോന്നുന്നു. ഇരുന്നയുടന്‍ മേശപ്പുറത്തെ ഫയലുകള്‍ തിരിച്ചും മറിച്ചും നോക്കി. വീണ്ടും അടച്ചുവച്ചു. കസേരയിലേക്കു് ഒന്നുകൂടെ ചാരിയിരുന്നു ഫാനിലേക്കു നോക്കി നെടുവീര്‍പ്പിട്ടു. ഇടയ്ക്കു വാച്ചിലേക്കും നോക്കുന്നുണ്ടു്.

‘എന്തുപറ്റി ഇയാള്‍ക്കു്?’ കാന്റീനിലെ ഭക്ഷണത്തില്‍ ഉറുമ്പിനെ കണ്ടോ?’ ഇങ്ങനെ ചോദിക്കണമെന്നുണ്ടായിരുന്നു. കാരണം, അതൊക്കെയാണു് അയാളുടെ വലിയ വലിയ പ്രശ്‌നങ്ങള്‍. അയാള്‍ ഇത്രയ്ക്കും പിരിമുറുക്കം കാണിക്കുമ്പോള്‍ ഒന്നും ചോദിക്കാതിരിക്കുന്നതു മോശമാണല്ലോ എന്നു കരുതി ഞാന്‍ ചോദിച്ചു. ”എന്താ പ്രശ്‌നം? മീറ്റിങില്‍ എന്തുണ്ടായി?”എൻ്റെ ചോദ്യം കേള്‍ക്കാന്‍ കാത്തിരുന്നതുപോലെ അയാളുടെ ഉള്ളിലെ അമര്‍ഷം പൊട്ടിയൊഴുകി.

”ഇനി എന്തുണ്ടാകാന്‍? ഓണാഘോഷപരിപാടിയുടെ കണ്‍വീനറായി ആ സുനന്ദയെ തെരഞ്ഞെടുത്തിരിക്കുന്നു! എന്താ ഇവിടെ ആണുങ്ങളാരുമില്ലേ? എല്ലാവരും ഒന്നിനും കൊള്ളാത്തവരായിപ്പോയോ? ഇത്രയും വലിയ പരിപാടിയൊക്കെ ഏറ്റെടുത്തു ചെയ്യാന്‍ ഏല്പിച്ചിരിക്കുന്നതു് ഒരു പെണ്ണിനെ. വല്ല തിരുവാതിര കളിയോ മറ്റോ ഏറ്റെടുക്കുന്ന പോലെയെന്നാ വിചാരം. ഏതായാലും ഞാന്‍ ഇത്തവണത്തെ ഓണപ്പരിപാടിക്കു സഹകരിക്കില്ല; പങ്കെടുക്കുന്നുമില്ല. ഞങ്ങള്‍, ആണുങ്ങളുടെ സഹായമില്ലാതെ അവളതു നടത്തുന്നതൊന്നു കാണട്ടെ.”ഇപ്പറഞ്ഞതെല്ലാം കേട്ടുകൊണ്ടിരിക്കുന്നതും ഒരു പെണ്ണാണു് എന്നുപോലും ഓര്‍ക്കാതെ അയാള്‍ പിറുപിറുത്തുക്കൊണ്ടിരുന്നു.

ഗാസയില്‍ യുദ്ധം ചെയ്യുന്ന ഇസ്രയേലുകാര്‍ക്കുപോലും പല സ്തീന്‍കാരോടു് ഇത്ര ശത്രുത കാണില്ല എന്നു തോന്നും അയാള്‍ക്കു സുനന്ദ എന്ന പെണ്ണിനോടുള്ള ദേഷ്യം കാണുമ്പോള്‍! ആ ഓഫീസിനുള്ളിലെ യുദ്ധത്തില്‍ സുനന്ദ അയാളുടെ എതിര്‍ ഗ്രൂപ്പിലാണു്. മാത്രമല്ല, ഒരു പെണ്ണു് ഇത്രയും വലിയ ഉത്തരവാദിത്വം ഏറ്റെടുത്തു ചെയ്യുന്നതു് അയാള്‍ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഈ ലോകത്തിലെത്തന്നെ ഒരു വശത്തു നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത്രയും നിസ്സാരകാര്യത്തെ ചൊല്ലി ആകുലപ്പെടുന്നല്ലോ എന്നു തോന്നി.

അയാളുടെ ശ്രദ്ധയൊന്നു മാറ്റാനും പിരിമുറക്കം ഒന്നു കുറയ്ക്കാനുംവേണ്ടി ഞാന്‍ ചോദിച്ചു, ”ഇന്നു് എത്രയാ തീയതി എന്നറിയാമോ?” ”ആഗസ്റ്റ് ആറല്ലേ ഇന്നു്?” സംശയഭാവത്തോടെ അയാള്‍ പറഞ്ഞു.”ഇന്നു് ആഗസ്റ്റ് ആറുതന്നെ, ഇന്നത്തെ ദിവസത്തിൻ്റെ പ്രത്യേകത അറിയ്യോ?” ഞാന്‍ വീണ്ടും ചോദിച്ചു.”ഇതെന്താ ക്വിസ് പരിപാടിയോ?” അയഞ്ഞുതുടങ്ങിയ അയാളുടെ മുഖം വീണ്ടും വലിഞ്ഞു മുറുകാന്‍ തുടങ്ങി. ”ക്വിസ് ഒന്നുമല്ല… ഇതുപോലൊരു ആഗസ്റ്റ് ആറിനാണു ഹിരോഷിമയില്‍ ആറ്റംബോംബിട്ടതു്. അന്നു് അനേകം നിരപരാധികള്‍ മരിച്ചു. മരിക്കാതെ രക്ഷപ്പെട്ടവരുടെ കാര്യം മരിച്ചവരെക്കാള്‍ കഷ്ടമായിപ്പോയി! അവരൊക്കെ ഇന്നും ദുരിതം തിന്നു ജീവിക്കുന്നു!”

”ഓ, അതിനിപ്പോള്‍ നമ്മള്‍ എന്തു ചെയ്യാനാ? കുറെയെണ്ണം അങ്ങനെ ചാകട്ടെ. ഒറ്റയടിക്കു കുറെയെണ്ണം ചത്താല്‍ ജനസംഖ്യ അത്രയും കുറയുമല്ലോ. ജനങ്ങള്‍ ഇങ്ങനെ പെരുകിയാല്‍ എല്ലാവര്‍ക്കും തിന്നാനൊള്ളതൊന്നും നാട്ടിലില്ല.”ഉദാസീനഭാവത്തില്‍, ഒരു തമാശ പറയുന്ന ലാഘവത്തോടെ അയാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ അയാളുടെ തലയിലേക്കു് ഒരു ബോംബു് എറിയുവാനുള്ള ദേഷ്യമുണ്ടായിരുന്നു എൻ്റെയുള്ളില്‍! ”ആ ജനസംഖ്യയില്‍ മോഹനും ഭാര്യയും മൂന്നു കുഞ്ഞുങ്ങളും പെടുമെന്നും ഓര്‍ക്കണം.” അത്രയെങ്കിലും പറയാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല.

ഇനിയും അവിടെ ഇരുന്നാല്‍ പന്തികേടാവും എന്നു തോന്നിയിട്ടാവാം പാന്റ്‌സിൻ്റെ പോക്കറ്റില്‍ നിന്നു മൊബൈലെടുത്തു് ആരെയോ വിളിക്കാനെന്ന ഭാവേന അയാള്‍ പുറത്തെ വരാന്തയിലേക്കു പോയി.ഡി.എ. എത്ര ശതമാനം കൂട്ടി, സിനിമാനടികളുടെ രഹസ്യ ജീവിതം പുറത്തുവിടുന്നുണ്ടോ, പീഡനക്കേസിൻ്റെ വിശദാംശങ്ങള്‍ എങ്ങനെ അറിയും ഇതൊക്കെ മാത്രം ഉദ്ദേശിച്ചു പത്രം വായിക്കുന്ന ഒരാള്‍ ഹിരോഷിമയിലെ മനുഷ്യരെക്കുറിച്ചോ ഗാസയിലെ പാവം കുഞ്ഞുങ്ങളെക്കുറിച്ചോ എന്തു് ആവലാതിപ്പെടാന്‍? ഇന്നത്തെ പത്രത്തിലും ഹിരോഷിമയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. അതിലൂടെ വെറുതെ ഒന്നു കണ്ണോടിക്കാന്‍പോലും അയാള്‍ തയ്യാറാകുന്നില്ലല്ലോ!

ഓണാഘോഷക്കമ്മിറ്റി കണ്‍വീനറായി സുനന്ദ എന്ന പെണ്ണിനെ തെരഞ്ഞെടുത്തതാണു് അയാളുടെ പ്രശ്‌നം. മനസ്സില്‍ യുദ്ധം പ്രഖ്യാപിച്ചു നടക്കുകയാണയാള്‍. ഇതുപോലെ യുദ്ധം ചെയ്തും ജയിച്ചും തോറ്റും നമ്മുടെയൊക്കെ മനസ്സുകളില്‍ നിറയെ ചോരപ്പാടുകളാണു്. അങ്ങു ദൂരെ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം. നമുക്കിടയില്‍, ഒന്നിച്ചു ജോലി ചെയ്യുന്നവര്‍ തമ്മില്‍ യുദ്ധം… ഒരു കൂരയ്ക്കുള്ളില്‍ ജീവിക്കുന്നവര്‍ തമ്മില്‍ യുദ്ധം… ഒരേ വയറ്റില്‍ പിറന്നവര്‍ തമ്മില്‍ യുദ്ധം… മനസ്സുകള്‍ തമ്മില്‍ യുദ്ധം… സ്വന്തം മനസ്സിനുള്ളിലും യുദ്ധം!

യുദ്ധത്തിൻ്റെ കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും യുഗങ്ങള്‍ക്കു പിന്നില്‍ത്തന്നെ. മനുഷ്യന്‍ എവിടെയുണ്ടോ അവിടെ യുദ്ധമുണ്ടു്. പങ്കെടുക്കുന്ന ആളുകള്‍ മാറുന്നു; അവരുടെ വേഷവിധാനങ്ങള്‍ മാറുന്നു; ആയുധമുറകള്‍ മാറുന്നു എന്നേയുള്ളൂ. യുദ്ധം എന്നും എപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണു്. എന്നും നഷ്ടങ്ങള്‍ മാത്രം സമ്മാനിക്കാനേ യുദ്ധങ്ങള്‍ക്കു കഴിയൂ എന്നു മനസ്സിലാക്കാനുള്ള വിവേകംപോലും സര്‍വ്വവിജ്ഞാനകോശങ്ങളെന്നു സ്വയം കരുതുന്ന നമ്മള്‍ ഇതുവരെ നേടിയിട്ടില്ല!

അമ്മ പറയുന്നതുപോലെ, ശത്രു നമ്മുടെ ഉള്ളില്‍തന്നെയാണു്. ആരാണു നമ്മുടെ ശത്രുക്കള്‍? അഹങ്കാരവും വിദ്വേഷവും സ്വാര്‍ത്ഥതയും അസൂയയും ഒക്കെത്തന്നെ. വിവേകം, വിനയം, ഈശ്വരപ്രേമം ഇങ്ങനെയുള്ള സേനയുടെ സഹായത്തോടെ ജീവിതമാകുന്ന യുദ്ധം ചെയ്യണം. ആ യുദ്ധത്തിനൊടുവില്‍ മാത്രമേ യഥാര്‍ത്ഥ ശാന്തിയും സമാധാനവും നമുക്കു ലഭിക്കൂ.