ഇതു ബുദ്ധിയുടെയും യുക്തിയുടെയും ലോകമാണു്. ഹൃദയത്തിൻ്റെ ഭാഷ മനുഷ്യന് മറന്നിരിക്കുന്നു. പരസ്പരം സ്നേഹിക്കുവാനും വിശ്വസിക്കുവാനും ബഹുമാനിക്കുവാനുമുള്ള ഹൃദയത്തിൻ്റെ ഭാഷയാണു് ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു്.
ഒരിക്കല്‍ ഒരു സ്ത്രീ താന്‍ എഴുതിയ കവിത തൻ്റെ ഭര്‍ത്താവിനെ കാണിച്ചു. അവര്‍ ഒരു കവിതയെഴുത്തുകാരിയാണു്. ഭര്‍ത്താവാകട്ടെ ഒരു ശാസ്ത്രജ്ഞനും. ഭാര്യയുടെ നിര്‍ബ്ബന്ധം കാരണം, അദ്ദേഹം കവിത വായിച്ചു. കവിത, ഒരു കുട്ടിയെ വര്‍ണ്ണിച്ചുകൊണ്ടുള്ളതാണു്. മുഖം ചന്ദ്രനെപ്പോലെയിരിക്കുന്നു, കണ്ണുകള്‍ താമരദളങ്ങള്‍ പോലെയാണു്. ഇങ്ങനെ ഓരോ വരിയിലും ഓരോന്നിനെ ഉപമിച്ചു വര്‍ണ്ണിച്ചിരിക്കുകയാണു്. കവിത വായിച്ചിട്ടു്, ഭര്‍ത്താവിൻ്റെ അഭിപ്രായം കേള്‍ക്കാന്‍ ഭാര്യ കാതോര്‍ത്തു നില്ക്കുകയാണു്.
ഭര്‍ത്താവു പറയുകയാണു്, ”നീ എന്താണു് ഈ എഴുതിയിരിക്കുന്നതു്? കോടിക്കണക്കിനു പണം ചെലവു ചെയ്തു ചന്ദ്രനില്‍ മനുഷ്യന് പോയിട്ടുള്ളതല്ലേ, അവിടെ എന്തിരിക്കുന്നു? കുറെ പാറക്കെട്ടുകള്‍. വായു പോലുമില്ല. അങ്ങനെയുള്ള ചന്ദ്രനെ എടുത്തു തലയില്‍വച്ചാല്‍, പിടലി ഒടിയുമല്ലോ.” ഇങ്ങനെ ഓരോ കുത്തുവാക്കുകള്‍ പറഞ്ഞു്, അദ്ദേഹം ആ കവിതയെ വിമര്‍ശിക്കുകയാണു്, അവസാനം സഹികെട്ടു ഭാര്യ പറഞ്ഞു, ”നിങ്ങള്‍ക്കു് ഈ കവിത മനസ്സിലാകുകയില്ല. അതിങ്ങു തന്നേക്കൂ.”
ഭര്‍ത്താവു് ആ കവിതയെ കണ്ടതു ബുദ്ധിയില്ക്കൂടിയാണു്. അവിടെ ഹൃദയം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനു ചന്ദ്രനിലെ പാറക്കെട്ടു മാത്രമേ കാണുവാന്‍ കഴിഞ്ഞുള്ളൂ. ഇന്ദ്രിയങ്ങള്‍കൊണ്ടു് അറിയുന്നതിലേ വിശ്വസിക്കുകയുള്ളൂ എന്നും പറഞ്ഞു മനുഷ്യന്, അവനുള്ള നിഷ്കളങ്കതകൂടി നഷ്ടപ്പെടുത്തിയിരിക്കുന്നു.
മനുഷ്യൻ്റെ ബുദ്ധി വളര്‍ന്നു വളര്‍ന്നു് ഇന്നു് എന്തിനും യന്ത്രങ്ങളായി. മെഷീന് ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണു്. പല്ലു തേക്കുന്നതിനു കൂടി മെഷീന് വന്നിരിക്കുന്നു.
ഇതുമൂലം മനുഷ്യനു വേണ്ട വ്യായാമം ലഭിക്കുന്നില്ല. ആരോഗ്യം നിലനിര്‍ത്തുന്നതിനുവേണ്ടി, പ്രത്യേക സമയം കണ്ടെത്തി വ്യയാമം ചെയ്യേണ്ടി വരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഒന്നിലെ സുഖം മനുഷ്യനെ മറ്റൊന്നില്‍ ദുര്ബ്ബലനാക്കുകയാണു ചെയ്യുന്നതു്. ഇന്നു് ഓരോ നിമിഷവും മനുഷ്യന് ടെന്ഷനിലാണു്. എല്ലാ സുഖസൗകര്യങ്ങളുമുണ്ടായിട്ടും അവനു ടെന്‍ഷനൊഴിഞ്ഞ നേരമില്ല.
ഗര്‍ഭത്തിലുള്ളതു പെണ്‍കുട്ടിയാണെന്നു് അറിയുമ്പോള്‍തന്നെ പല അച്ഛനമ്മമാര്‍ക്കും ആധിയാണു്. അതിനെ വളര്‍ത്തി പഠിപ്പിച്ചു വിവാഹം കഴിപ്പിച്ചയയ്ക്കുന്നതുവരെ ഈ ആധി മാറില്ല. ഇന്നു് ആണ്‍കുട്ടികളുടെ കാര്യത്തിലും അവരുടെ ആധിക്കു കുറവില്ല. മകന് കോളേജില്‍ എത്തുന്നതിനു മുന്‍പുതന്നെ അവനു സ്കൂട്ടര്‍ വേണം. അതു വാങ്ങിക്കൊടുക്കുന്നതു വരെ വീട്ടില്‍ സ്വൈര്യം കാണില്ല. എന്തു നശിപ്പിക്കാനും അവന് മടിക്കില്ല. വാങ്ങിത്തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയും.
ഇതുപോലെ അനേകം പ്രശ്നങ്ങളാണു് ഇന്നുള്ള മാതാപിതാക്കള്‍ നേരിട്ടുകൊണ്ടിരിക്കുന്നതു്. മക്കള്‍ വളര്‍ന്നുവന്നാല്‍ അവരുടെ സംരക്ഷണത്തില്‍ ജീവിക്കാം എന്നു കരുതിയിരുന്ന മാതാപിതാക്കള്‍, ഇന്നു് അവരുടെ കൈയാല്‍ എന്നാണു മരിക്കേണ്ടിവരിക എന്നോര്‍ത്തു ഭയക്കുകയാണു്. മനുഷ്യൻ്റെ പുരോഗതി അവിടംവരെ എത്തിനില്‍ക്കുന്നു.
കാരണം, ഇന്നു് ഓരോ വ്യക്തിയും അത്രമാത്രം അവനവനില്‍തന്നെ ഒതുങ്ങിയിരിക്കുന്നു. സ്വാര്‍ത്ഥത അത്രമാത്രം വര്‍ദ്ധിച്ചിരിക്കുന്നു. ബുദ്ധി വളര്‍ന്നതോടൊപ്പം ഹൃദയം ശുഷ്ക്കിച്ചു. അന്യൻ്റെ ദുഃഖം എൻ്റെ ദുഃഖമെന്നു കണ്ട കാലം എങ്ങോ പോയ്മറഞ്ഞു. സ്വന്തം സുഖത്തിനു വേണ്ടി എത്രപേരെ കഷ്ടപ്പെടുത്തുവാനും ഇന്നുള്ളവര്‍ക്കു മടിയില്ല. ഇതു മാറണമെങ്കില്‍ ബുദ്ധിയോടൊപ്പം ഹൃദയംകൂടി വിശാലമാകണം.