പ്രശാന്ത് IAS

പാറശ്ശാല ഭാഗത്തു്, മക്കളുടെയും ചെറുമക്കളുടെയും കൂടെ ജീവിക്കുന്ന പടുവൃദ്ധന്‍, ഗോവിന്ദന്‍ മാഷിനു തീരെ ചെവി കേള്‍ക്കില്ലായിരുന്നു. തൊണ്ണൂറു വയസ്സു് കഴിഞ്ഞ മാഷിനു പേരക്കുട്ടിയുടെ കൊഞ്ചല്‍ കേള്‍ക്കാന്‍ അതിയായ മോഹമായി. അങ്ങനെ മക്കളെയും മറ്റും അറിയിക്കാതെ, മാഷ് കന്യാകുമാരിയില്‍ ചെന്നു് ഒരു സിദ്ധവൈദ്യനെ കണ്ടു. സിദ്ധന്‍ അപൂര്‍വ്വമായ ഒരു ഒറ്റമൂലി പരീക്ഷിച്ചു. അദ്ഭുതം എന്നേ പറയേണ്ടൂ, ഗോവിന്ദന്‍മാഷിനു നൂറു ശതമാനം കേള്‍വി ശക്തി തിരിച്ചുകിട്ടി.

സന്തോഷത്തോടെ തിരിച്ചെത്തിയ ഗോവിന്ദന്‍മാഷ് തൻ്റെ കേള്‍വിശക്തി തിരിച്ചു കിട്ടിയ കാര്യം രഹസ്യമായിത്തന്നെ വച്ചു; വെറുതെ ഒരു രസത്തിനു്. മാഷിനു പേരക്കുട്ടികളുടെ കൊഞ്ചല്‍ വേണ്ടുവോളം കേള്‍ക്കാനായി. കൂടെ വേറെ പലതും! മക്കളുടെയും മരുമക്കളുടെയും സംസാരം നന്നായി കേട്ട മാഷ്, തൻ്റെ വില്പത്രം ഇതിനോടകം നാലോ അഞ്ചോ തവണ മാറ്റി എഴുതിയത്രെ!

ജീവിതത്തിലേക്കു ജനിച്ചു വീഴുന്ന നിമിഷം മുതല്‍ മനുഷ്യന്‍ മരണത്തിലോട്ടുള്ള യാത്ര തുടങ്ങുകയായി. കാഴ്ചക്കുറവു്, നടുവേദന, വാതം, മുടികൊഴിച്ചില്‍, നര, പല്ലുകൊഴിച്ചില്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, ഹാര്‍ട്ട്, ഇവയൊക്കെ പല കാലങ്ങളിലായി വരികയും അവസാനം നമ്മള്‍ തട്ടിമുട്ടി ജീവിതം ജീവിച്ചു തീര്‍ക്കുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങളുടെ തളര്‍ച്ചയും ശരീരത്തിൻ്റെ നാശവും പ്രകൃതിനിയമമാണു്.

ഒരു കുഞ്ഞു ജനിച്ചു സുമാര്‍ പത്തു വയസ്സു് തികഞ്ഞാല്‍ കേള്‍വിക്കുറവു തുടങ്ങും എന്നാണു ശാസ്ത്രം. ക്രമാനുഗതമായി കേള്‍വിശക്തി കുറയുമെങ്കിലും നിത്യജീവിതത്തെ അതു ബാധിക്കാറില്ല. എന്നാല്‍ തികച്ചും ശാരീരികമായ ഈ കേള്‍വിക്കുറവിനെക്കാള്‍ വലിയൊരു കേള്‍വിക്കുറവു നമ്മെയെല്ലാം ബാധിച്ചിട്ടുണ്ടു്. കാതുണ്ടായാലും കേള്‍ക്കാത്ത അവസ്ഥ! ഗുരുതരമായ ഒരു അവസ്ഥയാണിതു്.

അമ്മ എപ്പോഴും ഉപദേശിക്കാറു്, ഒരു കുഞ്ഞിൻ്റെ മനോഭാവം ഉണ്ടാക്കിയെടുക്കാനാണു്. ഒരു കുഞ്ഞു നിഷ്‌കളങ്കതയോടെ ചുറ്റുമുള്ള എല്ലാം കേള്‍ക്കുകയും കൗതുകത്തോടെ എല്ലാം ശ്രദ്ധിക്കുകയും ചെയ്യും. ഏതു ചെറിയ ശബ്ദവും അവനു പുതുമയാണു്. വളര്‍ന്നു വലുതാവുന്തോറും അവനു പലതും കേള്‍ക്കാന്‍ താത്പര്യം കുറയും. വേറെ ചിലതു കേള്‍ക്കാന്‍ താത്പര്യം കൂടും. ചില ശബ്ദങ്ങളുടെ ബാഹുല്യത്തില്‍ മറ്റു ചില ശബ്ദങ്ങള്‍ അമര്‍ന്നു പോവുകയും ചെയ്യും.

എന്നാല്‍, കേള്‍വി എന്നതു ചെവികള്‍ ഉപയോഗിച്ചുള്ള കേവലമായ ഒരു ക്രിയ അല്ല എന്നതാണു സത്യം. ‘കേള്‍ക്കാന്‍’ ഉള്ള കഴിവും കേള്‍വിശക്തിയും തമ്മില്‍ അന്തരമുണ്ടു്. ഇംഗ്ലീഷില്‍ ‘ലിസണിങ്’ എന്നും ‘ഹിയറിങ്’ എന്നും വേര്‍ത്തിരിച്ചു പറയാറുണ്ടു്. സംസാരവും പ്രഭാഷണവുമൊക്കെ അറിവിൻ്റെ മണ്ഡലത്തിലാണെങ്കില്‍ കേള്‍വിയും ചിന്തനവും വിവേകത്തിൻ്റെ മണ്ഡലത്തിലാണു്. ക്ഷമയോടെ കേള്‍ക്കുക, മനസ്സിലാക്കുക എന്നതാണു മൂല മന്ത്രം. പരസ്പര ബഹുമാനത്തിൻ്റെ ഏക പ്രത്യക്ഷപ്രമാണം, ഒരുവന്‍ പറയുന്നതു ക്ഷമയോടെ കേള്‍ക്കുന്നതാണു്.

വ്യക്തികള്‍ക്കു വ്യത്യസ്തമായ അഭിപ്രായമാണെങ്കിലും, അവയുടെ കൈമാറ്റത്തിലൂടെ ആശയതലത്തില്‍ യോജിക്കുമ്പോഴാണു കുടുംബത്തിലും ജോലിസ്ഥലത്തും നാട്ടിലുമൊക്കെ സ്വരച്ചേര്‍ച്ചയുടെ ലയം അനുഭവപ്പെടുക. പരസ്പര സ്നേഹമുണ്ടെങ്കില്‍ മാത്രമേ ഈ ലയം ഉണ്ടാവുകയുള്ളൂ.

മനുഷ്യനെ സാമൂഹികജീവിയായി നിലനിര്‍ത്തുന്നതില്‍ തീര്‍ച്ചയായും ഭാഷയ്ക്കു വലിയ പങ്കുണ്ടു്. ആശയ വിനിമയം നടത്തി കൂട്ടായ തീരുമാനങ്ങള്‍ എടുക്കുകയും സഹകരിക്കുകയും ഒക്കെ ചെയ്യുന്നതു പരസ്പരം സംവേദിക്കുന്നതുകൊണ്ടാണു്. എന്നാല്‍ പരസ്പര സ്നേഹവും വിശ്വാസവും ഇല്ലെങ്കില്‍ നല്ല സാഹിത്യത്തില്‍ പരസ്പരം തെറി പറയാന്‍ മാത്രമേ ഏതൊരു ഭാഷയും ഉപകരിക്കൂ.

നിത്യജീവിതത്തില്‍ ഒട്ടുമിക്ക പ്രശ്‌നങ്ങളും ഉണ്ടാകുന്നതു കാര്യങ്ങള്‍ വ്യക്തമായി ഗ്രഹിക്കാതെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണു്. ഭാര്യ ഭര്‍ത്താവിനെ മനസ്സിലാക്കുന്നില്ല, അച്ഛനമ്മമാര്‍ കുഞ്ഞുങ്ങളെ മനസ്സിലാക്കുന്നില്ല. പോരാത്തതിനു ജോലിസ്ഥലത്തു് ആരും പരസ്പരം മനസ്സിലാക്കുന്നില്ല. തെറ്റിദ്ധാരണയും ‘കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പും’ കൊണ്ടു മനുഷ്യന്‍ പൊറുതിമുട്ടിയാലും അവന്‍ ‘കേള്‍ക്കാന്‍’ തയ്യാറാവുന്നില്ല. പലരും ‘കേള്‍ക്കുന്നതു്’ മനസ്സിലാക്കാന്‍ വേണ്ടിയല്ല, മറിച്ചു്, മറുപടി പറയാന്‍ വേണ്ടി മാത്രമാണു്! ആ വെപ്രാളത്തില്‍ ഒന്നും ശ്രദ്ധിക്കാനാവുന്നുമില്ല.

ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ സ്വയം കേള്‍ക്കാന്‍ പോലും സമയമില്ലാതായിത്തുടങ്ങി. അവനവനുമായിത്തന്നെ ‘കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ്’ വന്നു സമനില തെറ്റുന്നവര്‍വരെയുണ്ടു്. പരസ്പരം കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതില്‍പ്പോലും പരാജയപ്പെടുന്നവര്‍ എങ്ങനെയാണു ഭാഷയ്ക്കു് അതീതമായ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുക? ആത്മീയപുരോഗതി ആഗ്രഹിക്കുന്ന ഒരുവന്‍ മറ്റുള്ളവരെ തീര്‍ച്ചയായും കേള്‍ക്കണം. മനസ്സിലാക്കണം.

ചുറ്റുമുള്ളവര്‍ എന്തുപറയുന്നു എന്നു കേള്‍ക്കണം. അവരുടെ സംസാരം കേള്‍ക്കണം. വാക്കിലെ ശബ്ദം കേള്‍ക്കണം. വാക്കുകളില്‍ പറയാതെ വിട്ടതും കേള്‍ക്കണം. പ്രപഞ്ചത്തിലെ മറ്റു ശബ്ദങ്ങള്‍ കേള്‍ക്കണം. അവനവനെത്തന്നെയും കേള്‍ക്കണം. വേറെ ഒന്നും കേള്‍ക്കാനായില്ലെങ്കിലും അമ്മ പറയാറുള്ളപോലെ, വേദനിക്കുന്നവരുടെ ശബ്ദമെങ്കിലും കേള്‍ക്കാനാവണം. അമ്മയുടെ മക്കള്‍ ചെവികൊണ്ടു മാത്രമല്ല, ബുദ്ധികൊണ്ടും ഹൃദയംകൊണ്ടുംകൂടി കേള്‍ക്കുന്നവരായിരിക്കണം.