പാം ബ്രൂക്‌സ്

സന്തുഷ്ടമല്ലാത്ത ഒരു കുട്ടിക്കാലമായിരുന്നു എൻ്റെതു്. എൻ്റെ വീടാകട്ടെ എനിക്കു് ഒട്ടും സന്തോഷം തന്നിരുന്നില്ല. മുതിര്‍ന്നതിനു ശേഷം വീടുവിട്ടിറങ്ങി സ്വതന്ത്രമായി ജീവിക്കാന്‍ അക്ഷമയായി കഴിയുകയായിരുന്നു ഞാന്‍. ഞാനും മമ്മിയും തമ്മിലുള്ള ബന്ധം വളരെ മോശമായിരുന്നു. ഒന്നിച്ചുള്ള ജീവിതം ഞങ്ങള്‍ക്കു് ഒരിക്കലും സുഖകരമായിരുന്നില്ല. മുതിര്‍ന്നപ്പോള്‍ ഞാന്‍ മമ്മിയുമായി വളരെക്കുറച്ചു മാത്രമേ സംസാരിച്ചിരുന്നുള്ളൂ. ആഴ്ചയില്‍ ഒരു പ്രാവശ്യം വിളിക്കും. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കാണാന്‍ പോകും. മമ്മി വളരെ ആരോഗ്യവതിയും ആരെയും ആശ്രയിക്കാത്തവളുമായിരുന്നു. അതു കൊണ്ടുതന്നെ എന്നില്‍നിന്നു് ഇതില്‍ക്കൂടുതലൊന്നും അവര്‍ക്കു വേണ്ടിയിരുന്നില്ലതാനും.

വര്‍ഷങ്ങള്‍ ഇങ്ങനെ കടന്നു പോയി, ഡിസംബര്‍ 1998 വരെ. മമ്മിക്കു വയസ്സു് എഴുപത്തിയെട്ടു് ആയി. ഒരു ദിവസം ഞാന്‍ പതിവു പോലെ മമ്മിയെ ഫോണില്‍ വിളിച്ചു. ഫോണ്‍ എടുത്തില്ല. പിറ്റേ ദിവസവും മമ്മിയെ ഫോണില്‍ കിട്ടിയില്ല. ഉടനെ ഞാന്‍ അവിടെയടുത്തു താമസിച്ചിരുന്ന എൻ്റെ സഹോദരനെ വിളിച്ചു മമ്മിയെക്കുറിച്ചു് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും വലിയ വിഷമമോ പരിഭ്രമമോ ഒന്നും തോന്നിയിരുന്നില്ല. കാരണം, മമ്മി പലപ്പോഴും മനഃപൂര്‍വ്വം ഫോണ്‍ എടുക്കാറില്ല. എന്നാല്‍ അന്നു് എൻ്റെ സഹോദരന്‍ മമ്മിയെ അന്വേഷിച്ചു ചെന്നപ്പോള്‍ അവര്‍ ഭക്ഷണവും വെള്ളവും കഴിക്കാതെ തളര്‍ന്നു വീണുകിടന്നിട്ടു് അഞ്ചു ദിവസമായിരുന്നു. അന്നു് അവരെ ആശുപത്രിയില്‍ എത്തിച്ചില്ലായിരുന്നെങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കാനാവില്ലായിരുന്നു.

ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ഇല്ലാതിരുന്ന എൻ്റെ മമ്മിയുടെ ജീവന്‍ കാത്തുരക്ഷിച്ചതു് അമ്മയായിരുന്നു എന്നെനിക്കു് ഉറപ്പുണ്ടു്. സാധാരണയായി മമ്മി ഫോണ്‍ എടുക്കാതിരുന്നാല്‍, ഇനി അടുത്തയാഴ്ച വിളിക്കാം എന്നു കരുതി ഞാന്‍ കൂടുതല്‍ അന്വേഷിക്കാറില്ല. എന്നാല്‍ അത്തവണ വീണ്ടും വിളിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും സഹോദരനെ വിളിച്ചു് അന്വേഷിക്കാന്‍ ആവശ്യപ്പെടാന്‍ തോന്നിച്ചതും അമ്മതന്നെയാണു്. ഹോസ്പിറ്റലിലും അദ്ഭുതങ്ങള്‍ സംഭവിച്ചു. മമ്മിയെ എമര്‍ജന്‍സി റൂമില്‍നിന്നു കുറച്ചു ദൂരെയുള്ള മുറിയിലേക്കു കൊണ്ടുപോകുമ്പോള്‍ മമ്മിയുടെ ഹൃദയം വല്ലാതെ മിടിക്കാന്‍ തുടങ്ങി. ജീവന്‍ രക്ഷോപകരണങ്ങള്‍ ഉള്ള മുറിയിലേക്കു മമ്മിയെയുംകൊണ്ടു നേഴ്‌സുമാര്‍ ഓടുന്നതിനിടയില്‍ എങ്ങനെയോ ഹൃദയം സാധാരണ നിലയിലായി.

അസുഖം ഭേദമാകാന്‍ കുറച്ചു മാസങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ ഭേദമായപ്പോള്‍ വളരെയധികം കോണിപ്പടികളുള്ള വീട്ടില്‍ ഒറ്റയ്ക്കുതന്നെ താമസിക്കുമെന്നു മമ്മി ശാഠ്യം പിടിച്ചു. സഹായത്തിനു് ഒരാളെ നിര്‍ത്താന്‍ അവര്‍ക്കു കഴിവുണ്ടായിരുന്നില്ല; മനസ്സും ഉണ്ടായിരുന്നില്ല. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ട ഉപകരണങ്ങളൊന്നും കൈയില്‍ സൂക്ഷിക്കാനും അവര്‍ സമ്മതിച്ചില്ല. എൻ്റെ ഭര്‍ത്താവിൻ്റെ അമ്മ താമസിച്ചിരുന്നതു മമ്മിയുടെ വീടിനടുത്തായിരുന്നു. അങ്ങനെ എല്ലാ ഞായറാഴ്ചയും നൂറു മൈല്‍ വണ്ടിയോടിച്ചു രണ്ടു മമ്മിമാരുടെയും വിവരം അന്വേഷിക്കുന്നതു ഞങ്ങള്‍ പതിവാക്കി. എൻ്റെ സഹോദരന്‍ സ്വന്തം ബിസിനസ്സും കുടുംബവുമൊക്കെയായി വളരെ തിരക്കുള്ള ആളായിരുന്നു. ഒരു സഹോദരിയുള്ളതു വളരെ ദൂരെയായിരുന്നു താമസം. അതുകൊണ്ടു സ്വന്തം കാര്യങ്ങളില്‍ കുറെ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നിരുന്നുവെങ്കിലും എൻ്റെ മമ്മിയുടെ എല്ലാ ചുമതലകളും ഞാന്‍ ഏറ്റെടുത്തു.

ഒരു ദിവസം ഞങ്ങളുടെ സത്സംഗസമിതിയില്‍പ്പെട്ട ഒരു സുഹൃത്തു് എന്നെ അവരുടെ വീട്ടില്‍ സത്സംഗത്തിനു ക്ഷണിച്ചു. എൻ്റെ മമ്മിയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോകേണ്ടതു കൊണ്ടു്, സത്സംഗത്തിനു വരാന്‍ പറ്റില്ലെന്നു ഞാന്‍ വളരെ ദുഃഖത്തോടെ പറഞ്ഞു. അവരുടെ സഹതാപവാക്കുകള്‍ കേള്‍ക്കാന്‍ പ്രതീക്ഷിച്ചു നിന്ന എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടു്, സ്വന്തം അമ്മയെ ശുശ്രൂഷിക്കാന്‍ കഴിയുന്നതു് എത്ര അനുഗൃഹീതമായ കാര്യമാണെന്നു് അവര്‍ പറയാന്‍ തുടങ്ങി. ”മാതൃദേവോ ഭവ, പിതൃ ദേവോ ഭവ, ആചാര്യദേവോ ഭവ, അതിഥിദേവോ ഭവ,” എന്നു പറഞ്ഞാണവര്‍ അവസാനിപ്പിച്ചതു്. ഈ സങ്കല്പം എനിക്കു പരിചിതമല്ലെങ്കിലും ഇതു് എപ്പോഴും ഓര്‍ക്കേണ്ട, ഹൃദയത്തോടു സൂക്ഷിച്ചു വയേ്ക്കണ്ട, ഒരു സങ്കല്പമാണെന്നു ഞാന്‍ തീരുമാനിച്ചു.

2004 ഒക്ടോബറില്‍ അമ്മ വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികളുമായി നടത്തിയ ഒരു കൂടിക്കാഴ്ചയെപ്പറ്റി അമ്മയുടെ വെബ്‌സൈറ്റില്‍ വന്നിരുന്നു. സ്വന്തം മാതാപിതാക്കളെ ബഹുമാനിക്കേണ്ടതിൻ്റെയും അവരെ ശുശ്രൂഷിക്കേണ്ടതിൻ്റെയും പ്രാധാന്യത്തെപ്പറ്റി അമ്മ കുട്ടികളോടു വിശദമായി സംസാരിച്ചു. ”മക്കള്‍ സ്വന്തം അച്ഛനമ്മമാരെ സന്തോഷിപ്പിക്കാന്‍ വേണ്ടതൊക്കെ ചെയ്യണം. മക്കള്‍ ശുശ്രൂഷിച്ചാല്‍ അവരുടെ ഹൃദയം നിറയും. അതു മക്കള്‍ക്കു് അനുഗ്രഹമായിത്തീരും. നിങ്ങളുടെ പ്രാര്‍ത്ഥനയെക്കാള്‍ ഈശ്വരാനുഗ്രഹം മാതാപിതാക്കളെ സേവിക്കുന്നതിലൂടെ നിങ്ങള്‍ക്കു കിട്ടും”. എൻ്റെ മമ്മിയെപ്പറ്റി ഞാന്‍ അമ്മയോടു പറഞ്ഞിട്ടില്ലെങ്കിലും അമ്മ എല്ലാം അറിയുന്നുണ്ടെന്നു് എനിക്കു് ഉറപ്പുണ്ടായിരുന്നു. പലപ്പോഴും ദര്‍ശനസമയത്തു് ”മോളേ, അമ്മയെ നോക്കണം” എന്നു് അമ്മ എന്നോടു പറഞ്ഞിട്ടുണ്ടു്.

2004 നവംബറില്‍ സാന്‍റമോണില്‍ അമ്മ വരുന്നതിൻ്റെ ഒരാഴ്ച മുന്‍പു് ഒരു ദിവസം ഞാന്‍ മമ്മിയെ കാണാന്‍ പോയപ്പോള്‍ മമ്മി വീടിൻ്റെ താഴത്തെ നിലവറയില്‍ കോണിച്ചുവട്ടില്‍ വീണു കൈയൊടിഞ്ഞു കിടക്കുകയായിരുന്നു. മമ്മിക്കുവേണ്ട ശുശ്രൂഷയൊക്കെ നല്കി ഹോസ്പിറ്റലിലാക്കിയിട്ടാണു ഞങ്ങള്‍ അമ്മയുടെ ദര്‍ശനത്തിനു പോയതു്. എന്നെ കണ്ടയുടന്‍ അമ്മ വളരെ ഉത്കണ്ഠയോടെ ചോദിച്ചു, ”വീട്ടില്‍ എല്ലാവരും സുഖമായിരിക്കുന്നോ?” ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴാണു മമ്മിക്കുകൂടി പ്രസാദം വാങ്ങിക്കാമായിരുന്നു എന്നു ഞാന്‍ ചിന്തിച്ചതു്. ഈ ചിന്ത എന്നില്‍ ഉദിച്ചതും ആരോ എൻ്റെ പുറത്തു തട്ടി വിളിച്ചു. നോക്കിയപ്പോള്‍ ഒരു വളണ്ടിയറാണു്. ”ഇതു നിങ്ങളുടെ മമ്മിക്കു കൊടുക്കാന്‍ അമ്മ പറഞ്ഞു” എന്നു പറഞ്ഞു് അമ്മയുടെ പ്രസാദം എൻ്റെ കൈയില്‍ തന്നു. ഞാന്‍ നന്ദിയോടെ തിരിഞ്ഞു് അമ്മയെ നോക്കി.

എൻ്റെ മമ്മിക്കും അമ്മയെക്കുറിച്ചു് അറിയാമായിരുന്നു. ഞാന്‍ അമ്മയുടെ ദര്‍ശനത്തിനു പോകുമ്പോള്‍ മമ്മി എന്നോടു് ആദ്യം ആവശ്യപ്പെട്ടതു് ”എനിക്കുവേണ്ടി അവരുടെ ഉടുപ്പിൻ്റെ അരികു് ഒന്നു തൊടണം” എന്നായിരുന്നു. യേശുദേവന്‍ നടന്നു പോകുമ്പോള്‍ ആളുകള്‍ ഓടിയെത്തി അദ്ദേഹത്തിൻ്റെ ഗൗണിൻ്റെ അരികു സ്പര്‍ശിച്ചു് അനുഗ്രഹം തേടുന്നതു് ഓര്‍ത്തിട്ടാണു മമ്മി ഇതു് ആവശ്യപ്പെട്ടതു് എന്നെനിക്കു മനസ്സിലായി. അമ്മയുടെ മുഖം കാണാനെന്തു ഭംഗിയാണെന്നു മമ്മി എപ്പോഴും പറയാറുണ്ടു്. വര്‍ഷങ്ങള്‍ കഴിയുംതോറും മമ്മിയുടെ വീഴ്ചകളും ശരീരത്തിലെ ഒടിവുകളും വര്‍ദ്ധിച്ചുവന്നു. അതോടൊപ്പംതന്നെ വീട്ടില്‍ അമ്മയുടെ ഫോട്ടോകളും കൂടിവന്നു. ഓരോ മുറിയിലും അമ്മയുടെ ഫോട്ടോകള്‍ ഉണ്ടായിരുന്നു, നിലവറയില്‍പോലും.

എൻ്റെ മമ്മിക്കു നാലു വയസ്സുള്ളപ്പോഴാണു മമ്മിയുടെ അമ്മ മരിച്ചതു്. വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു മമ്മിയുടെ ജീവിതം. അതുകൊണ്ടുതന്നെ മമ്മിക്കു് അമ്മയുടെ ദര്‍ശനം കിട്ടണമെന്നു ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ മമ്മിയുടെ സമ്മതത്തോടെ അമ്മയുടെ പ്രോഗ്രാമിനു് അവരുടെ പേരും റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സമയമായപ്പോള്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും തിരക്കില്‍ പോകാന്‍ ഇഷ്ടമില്ലെന്നും മറ്റും പറഞ്ഞു മമ്മി പിന്മാറി. അമ്മ ഞങ്ങളെ എപ്പോഴും കാത്തുരക്ഷിക്കുന്നുണ്ടെന്ന സമാധാനത്തോടെ ഞാനും പിന്നെ മമ്മിയെ വിളിക്കാതെയായി. എൻ്റെ മമ്മിക്കു് ഇപ്പോള്‍ എണ്‍പത്തിനാലു വയസ്സു് കഴിഞ്ഞു. ആരോഗ്യം വളരെ മോശമായി. ഇപ്പോഴും സ്വന്തം വീട്ടില്‍ ഒറ്റയ്ക്കു കഴിയണമെന്നു നിര്‍ബന്ധമുള്ള മമ്മിയെ അതിനനുവദിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ക്കു് അതു വളരെ ബുദ്ധിമുട്ടായിത്തുടങ്ങി. എല്ലാ ഞായറാഴ്ചയുമുള്ള നീണ്ട യാത്ര ഇനിയും തുടരാന്‍ പറ്റില്ല എന്നെനിക്കു തോന്നാന്‍ തുടങ്ങി.

ഞായറാഴ്ചകള്‍ വരുന്നതുതന്നെ എനിക്കു് ഇഷ്ടമില്ലാതെയായി. ഇനി കഷ്ടപ്പെട്ടു മമ്മിയുടെ അടുത്തു് എത്തിയാലോ എൻ്റെ ആരോഗ്യ പ്രശ്‌നങ്ങളും ക്ഷീണവും മൂലം മമ്മിക്കുവേണ്ടി ഒന്നും ചെയ്യാന്‍ എനിക്കു വയ്യാതെയായി. മമ്മിയാണെങ്കില്‍ സ്വന്തം ശരീരത്തിൻ്റെ അവശതമൂലം എപ്പോഴും ദുഃഖിതയായിരുന്നു. എന്തു ചെയ്തുകൊടുത്താലും കുറ്റപ്പെടുത്തലും പരിഭവവും മാത്രം. പലപ്പോഴും മമ്മിയുടെ പെരുമാറ്റം വളരെ വെറുപ്പിക്കുന്നതാകും. വിഷം കഴിക്കാന്‍ പോകുന്നതു പോലെയാണു ഞാന്‍ എൻ്റെ മമ്മിയുടെ അടുത്തേക്കു പോകാറുള്ളതു്. ആ വീട്ടില്‍ ചെന്നു കയറിയാല്‍ ഇറങ്ങി ഓടാന്‍ തോന്നും എനിക്കു്. മമ്മിയുടെ മക്കളില്‍ അവരെ സഹായിക്കാന്‍ ഞാനും എൻ്റെ ഭര്‍ത്താവും മാത്രമേ ഉള്ളൂ എന്നതുകൊണ്ടു് ഇങ്ങനെയൊരു അവസ്ഥ എന്നെ വല്ലാതെ വിഷമിപ്പിച്ചു. മമ്മിയെ ഉപേക്ഷിക്കാന്‍ എനിക്കു പറ്റില്ല. ഞാന്‍ സ്വയം ഏറ്റെടുത്ത ചുമതല അവസാനം വരെ നിറവേറ്റണമെന്നു നിര്‍ബന്ധമുള്ളതുകൊണ്ടു മമ്മിയുടെ വാശികളും കുറ്റപ്പെടുത്തലുകളും സഹിച്ചു് അവരെ നോക്കാന്‍ കഴിയാത്തതില്‍ എനിക്കു വലിയ കുറ്റബോധം തോന്നി.

അമ്മയുടെ കാരുണ്യം എന്നു പറയാം, ഓരോ ഞായറാഴ്ചയും എൻ്റെ മമ്മിയെ പരിചരിക്കാന്‍ കിട്ടുന്ന അവസരം ഒരു ഈശ്വരാനുഗ്രഹമായി കാണാന്‍ ഞാന്‍ തീരുമാനിച്ചു. മമ്മിക്കുവേണ്ടി ചെയ്യുന്നതൊക്കെ അമ്മയ്ക്കുവേണ്ടിയാണെന്നു ഞാന്‍ സങ്കല്പിച്ചു. ”അമ്മേ, ഞാന്‍ ഇങ്ങനെ ചെയ്താല്‍ മതിയോ? ഇതു ചെയ്താല്‍ അമ്മയ്‌ക്കെന്നോടു സന്തോഷമാകുമോ?” മമ്മിക്കുവേണ്ടി എന്തു ചെയ്യുമ്പോഴും ഞാന്‍ അമ്മയോടു് ഇങ്ങനെ ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ സ്വയം മറന്നു. എൻ്റെ ഓരോ ചിന്തയും വാക്കും പ്രവൃത്തിയും അമ്മയെ സന്തോഷിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതു മാത്രമായി. ഇങ്ങനെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആരാണു മാറിയതു്, ഞാനാണോ മമ്മിയാണോ എന്നെനിക്കറിയില്ല. എന്തായാലും മുന്‍പു് എനിക്കു സഹിക്കാന്‍ പറ്റാതിരുന്ന സാഹചര്യം ഇപ്പോള്‍ ആനന്ദം തരുന്നതായി മാറി. അമ്മയുടെ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഒരംശം അമ്മ എനിക്കു തന്നിട്ടുണ്ടാകണം. മമ്മി എന്നോടു് എങ്ങനെ പെരുമാറിയാലും അവരെ ശുശ്രൂഷിക്കുന്നതു് എനിക്കു് ഏറ്റവും വലിയ സാധനയായി.

പരിതഃസ്ഥിതി മാറ്റാന്‍ ശ്രമിക്കാതെ എൻ്റെ മനഃസ്ഥിതി മാറ്റാന്‍ ഞാന്‍ തയ്യാറായപ്പോള്‍ അമ്മയുടെ അനുഗ്രഹം എനിക്കു ലഭിക്കാന്‍ തുടങ്ങി. ഞാന്‍ ജനിച്ചതിനു ശേഷം ആദ്യമായി മമ്മിയുമായുള്ള എൻ്റെ ബന്ധം സമാധാനമുള്ളതായി. എൻ്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടാതായി. സഹോദരനും സഹോദരിയുമായി വല്ലപ്പോഴും ഫോണില്‍ സംസാരിക്കുക മാത്രം ചെയ്യാറുള്ള ഞാന്‍ അവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ തുടങ്ങി. പ്രത്യേകിച്ചു്, തീര്‍ത്തും വ്യത്യസ്തമായ വ്യക്തിത്വമുള്ള എൻ്റെ സഹോദരിയും ഞാനും വളരെ അടുത്ത സുഹൃത്തുക്കളായി. അവളും എൻ്റെ കൂടെ അമ്മയുടെ ദര്‍ശനത്തിനു വന്നതില്‍ ഞാന്‍ വളരെ സന്തോഷിച്ചു. മാത്രമല്ല, ഒന്നിച്ചു മാതൃസേവ ചെയ്യുന്നതിലൂടെ എൻ്റെ ഭര്‍ത്താവും ഞാനും കുറേക്കൂടി അടുത്തു. ഭര്‍ത്താവു് എല്ലാ ഞായറാഴ്ചയും ഒരു വിനോദത്തിനും പോകാതെ ഉച്ചവരെ എൻ്റെ മമ്മിയുടെയും ഉച്ചയ്ക്കുശേഷം ഭര്‍ത്താവിൻ്റെ മമ്മിയുടെയും കാര്യങ്ങള്‍ നോക്കുന്നതു കാണുമ്പോള്‍ അദ്ദേഹത്തെ ഞാന്‍ കൂടുതല്‍ വിലമതിച്ചു തുടങ്ങി.

ജീവിതത്തില്‍ പഠിക്കേണ്ട പല പാഠങ്ങളും അമ്മ അങ്ങനെ എന്നെ പഠിപ്പിച്ചു. എൻ്റെ ജീവിതത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ഞാന്‍ ആഗ്രഹിച്ചതുപോലെയല്ല സംഭവിച്ചതു് എന്നു കരുതി ഞാന്‍ വളരെ ദുഃഖിക്കാറുണ്ടായിരുന്നു. എല്ലാവരോടും അമര്‍ഷവുമായിരുന്നു എനിക്കു്. ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ ശ്രമിച്ചാലും അതുകൊണ്ടൊന്നും ഒരു വ്യത്യാസവുമുണ്ടാകില്ലെന്നു് എനിക്കു് അറിയാമായിരുന്നു. നിരാശമൂലം ഈ ജീവിതം അവസാനിപ്പിക്കാന്‍ വരെ എനിക്കു തോന്നിയിരുന്നു. പക്ഷേ, ഞാന്‍ തീരുമാനിച്ചു, എൻ്റെ ജീവിതത്തിൻ്റെ ലക്ഷ്യം അമ്മയെ സന്തുഷ്ടയാക്കുക മാത്രമാണെന്നു്. ഓരോ ചിന്ത വരുമ്പോഴും ഓരോ പ്രവൃത്തി ചെയ്യുമ്പോഴും ”ഇതുകൊണ്ടു് അമ്മയ്ക്കു് എന്നോടു സന്തോഷമാകുമോ?” എന്ന ചോദ്യം എന്നെ നേര്‍വഴിക്കു നയിക്കാന്‍ തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍, മുന്‍പു വിഷമിപ്പിച്ചിരുന്ന ജീവിതാനുഭവങ്ങളൊക്കെ എനിക്കു സന്തോഷം തരുന്നവയായി. അമ്മയില്‍ മാത്രം മനസ്സൂന്നുന്നതുകൊണ്ടു പുറത്തു് എന്തുതന്നെ സംഭവിച്ചാലും ഉള്ളില്‍ ശാന്തിയും ആനന്ദവും ഞാന്‍ അനുഭവിച്ചു.

അമ്മയോടു് എനിക്കു് ഒരു പ്രാര്‍ത്ഥനയേയുള്ളൂ, ”അമ്മേ, എൻ്റെ മനസ്സു് എനിക്കു വലിയ ഒരു ഭാരമാണു്. അതിനെ നിയന്ത്രിക്കാന്‍ എനിക്കു ശക്തി തരണേ! എൻ്റെ ചിന്തകളും കര്‍മ്മങ്ങളും അമ്മയെ സന്തോഷിപ്പിച്ചാല്‍ അതുകൊണ്ടു് എനിക്കും ഈ ലോകത്തിനും ഗുണമുണ്ടായി എന്നാണു് അര്‍ത്ഥം. ഈ കാഴ്ചപ്പാടു നിലനിര്‍ത്താന്‍ എനിക്കു കഴിയണേ! എന്നെ എപ്പോഴും അമ്മയുടെ സന്നിധിയില്‍തന്നെ നിര്‍ത്തണേ!”