(7 ഒക്ടോബർ 2000 ൽ കേരള കൗമുദി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് )
കാലത്തെക്കുറിച്ച് ചൈനക്കാരുടെ ഇടയിലൊരു കഥയുണ്ട്.
കാലം ഭീമാകാരമായ ഒരു ഘടികാരമാണെന്നാണ് ചൈനക്കാരുടെ സങ്കൽപ്പം. അതിന്റെ പെൻഡുലം ഒരു ദിശയിൽ നിന്നും മറ്റൊരു ദിശയിലേക്ക് നീങ്ങിക്കൊണ്ടേയിരിക്കുന്നു. ഈ നീക്കത്തിന് സംവത്സരങ്ങൾ തന്നെ എടുത്തെന്നിരിക്കും. ഘടികാരത്തിന്റെ ഇടതുവശം മാതൃഭാവത്തെ സൂചിപ്പിക്കുന്നു. വലതുവശം പിതാവിനെയും. പെൻഡുലം വലതുവശത്തേക്ക് അടുക്കുമ്പോൾ ലോകം ദയാരഹിതമായി തീരുമത്രെ. മനുഷ്യരിൽ ധാർഷ്ട്യവും അഹങ്കാരവും നിറയും. ആസുരിക ശക്തികൾ ലോകം ഭരിക്കും. പെൻഡുലം ഇടത് വശത്തേക്ക് നീങ്ങും. അപ്പോൾ മാതൃഭാവത്തിന്റെ സാന്ത്വന സ്പർശത്താൽ ലോകം ശാന്തിയിലമരും. ആസുരിക മനസ്സുകളിൽ ദയയുടെ മുകുളങ്ങൾ പൊട്ടി മുളയ്ക്കും.
ആ പെൻഡുലം ഇപ്പോൾ മാതാ അമതൃതാനന്ദമയിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ലോകമാകെ മാതൃഭാവത്തിന്റെ ഹൃദയപുഷ്പങ്ങൾ വിരിയിക്കുന്ന മാതാ അമൃതാനന്ദമയി എല്ലാവർക്കും അമ്മയാണ്. അമ്മ എന്ന വിശേഷണത്തിന് പുതിയ മാനങ്ങൾ നൽകിയിരിക്കുകയാണ് അമൃതാനന്ദമയി. എങ്ങനെയിരിക്കും ഈ അമ്മയുടെ സ്വന്തം അമ്മ? അമ്മയിൽ നിന്നു തന്നെ അതു നേരിട്ട് കേൾക്കാം.
“മറ്റേത് മനുഷ്യ സ്ത്രീയെക്കാളും കണ്ണീര് കുടിച്ചിട്ടുണ്ട് എനിക്ക് ജന്മമേകിയ അമ്മ. ഒരു പക്ഷേ, ഈ അമ്മയല്ലെങ്കിൽ മറ്റേതെങ്കിലുമൊരു അമ്മ അത് അനുഭവിച്ചേ പറ്റൂ. ആത്മീയതയ്ക്കും ഭൗതികതയ്ക്കും ഇടയിൽ കിടന്ന് അമ്മ നീറിപ്പുകഞ്ഞിട്ടുണ്ട്. ‘
ദമയന്തി എന്നാണ് മാതാ അമൃതാനന്ദമയിയുടെ അമ്മയുടെ പേര്. അച്ഛൻ സുഗുണാനന്ദനും. കരുനാഗപ്പള്ളി താലൂക്കിൽ ഭണ്ഡാരത്തു തുറയിൽ ‘കിണറ്റിൽമൂട്ടിൽ’ എന്ന തറവാട്ടിലാണ് ദമയന്തി ജനിച്ചത്. അച്ഛന്റെ പേര് പുണ്യൻ. അമ്മ കറുത്ത കുഞ്ഞും. ഈശ്വരഭക്തയാണ് ദമയന്തി അമ്മ. സത്യം വിട്ടു ചിന്തിക്കില്ല. കഷ്ടപ്പെടുന്നവരെ കൈയയച്ച് സഹായിക്കും. നാലാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. എന്നും വെളുപ്പിനേ എഴുന്നേറ്റ് ഹരിനാമ കീർത്തനവും മറ്റും ചൊല്ലും. നന്നേ ചെറുതിലെ തുടങ്ങിയ ശീലമാണ്. എല്ലാ വ്രതങ്ങളും വളരെ ചിട്ടയോടെ അനുഷ്ഠിക്കും.
അമ്മയുടെ വ്രതനിഷ്ഠയെക്കുറിച്ച് മാതാ അമൃതാനന്ദമയി പറയുന്നു – “കരിക്ക് വെട്ടി വെള്ളം കുടിച്ചാണ് അമ്മ വ്രതം അവസാനിപ്പിക്കുക. അതിലേക്ക് കരിക്കിടാൻ ആളെ കിട്ടിയില്ലെങ്കിൽ സമയത്തിന് തെങ്ങിൽ നിന്ന് കരിക്ക് തനിയെ അടർന്ന് വീഴും. ഇത് യാദൃച്ഛികമായി ഒന്നോ രണ്ടോ തവണ സംഭവിച്ചിട്ടുള്ളതല്ല. അനേകം തവണ കൃത്യമായി നടന്നിട്ടുള്ള കാര്യമാണ്…”
ദമയന്തിയുടെ വ്രതങ്ങളും മറ്റ് ചിട്ടകളും തുറയിലാകെ പ്രസിദ്ധമാണ്. വെളുപ്പ് നിറം. ഇതെല്ലാം കൂടിയായപ്പോൾ തുറക്കാർ ദമയന്തി അമ്മയ്ക്ക് ഒരു പേരിട്ടു. – പട്ടത്തിയമ്മ. ഇന്നും പലരും അങ്ങനെയാണ് ദമയന്തി അമ്മയെ വിളിക്കുന്നത്. ദമയന്തി അമ്മ ഒമ്പത് മക്കളെ പ്രസവിച്ചു. രണ്ടു പേർ മരിച്ചു പോയി. കസ്തൂർ ബായി, സുധാമണി, സുഗുണമ്മ, സജനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ എന്നിവരാണ് മക്കൾ. സുധാമണിയാണ് പിന്നീട് മാതാ അമൃതാനന്ദമയി ആയി തീർന്നത്. മക്കളിൽ ചിലർക്ക് സർക്കാർ ജോലിയുണ്ട്. മറ്റുള്ളവർ ബിസിനസ് ചെയ്യുന്നു.
മാതാ അമൃതാനന്ദമയിയുടെ ജനനദിവസം തന്നെ ദമയന്തി അമ്മ വാവിട്ട് കരഞ്ഞു പോയി. ജനിച്ചയുടനെ കുഞ്ഞ് കരഞ്ഞില്ല! പോരെങ്കിൽ ഇളംനീല നിറവും. കുഞ്ഞ് മരിച്ചുപോകുമോ എന്ന ആധിയിലായിപ്പോയി ദമയന്തി അമ്മ. കടലമ്മയുടെ കാരുണ്യം കൊണ്ട് ജീവിക്കുന്നവരാണ് ഈ തുറയിലുള്ളവർ. കടലിൽ പോയാൽ തിരിച്ചു വരുന്നത് ഈശ്വരകൃപ കൊണ്ട് മാത്രമല്ല, വീട്ടിലിരിക്കുന്ന പെണ്ണുങ്ങളുടെ മനസ്സിലിരിപ്പു കൊണ്ട് കൂടിയാണെന്നാണ് ഇവരുടെ വിശ്വാസം. ഭാര്യ പിഴച്ചാൽ ഭർത്താവ് കടലിൽ നിന്ന് മടങ്ങിവരില്ല എന്ന സങ്കൽപ്പമാണ് ഇവർക്ക്. അതുകൊണ്ടു തന്നെ പെൺകുട്ടികളെ കർശനമായ ചിട്ടകളിലും വിശ്വാസ കുരുക്കുകളിലും കെട്ടിമുറുക്കിയാണ് വളർത്തുന്നത്. സമൂഹം വരച്ച വരയിൽ നിന്നും അൽപ്പമെങ്കിലും മാറി സഞ്ചരിക്കുന്ന സ്ത്രീയെ സമൂഹത്തിനോ വീട്ടുകാർക്കോ ഉൾക്കൊള്ളാനാവില്ല. ഈയൊരു സാമൂഹ്യ പശ്ചാത്തലത്തിൽ നിന്ന് വേണം മാതാ അമൃതാനന്ദമയിയുടെ ആദ്യകാല ജീവിതത്തെ മനസ്സിലാക്കാൻ.
മാതാ അമൃതാനന്ദമയിയിൽ പ്രകടമായ ആത്മീയ ചൈതന്യം ആദ്യകാലങ്ങളിൽ വീട്ടുകാർക്കോ ചുറ്റുമുള്ളവർക്കോ തിരിച്ചറിയാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഒട്ടേറെ പീഡനങ്ങൾക്ക് ബാലികയായ അമ്മ വിധേയമായി. ഓടിച്ചാടി കളിക്കുമ്പോഴോ മറ്റോ ആയിരിക്കും മാതാ അമൃതാനന്ദമയി അന്യമനസ്‌കയാകുന്നത്. പിന്നെ എവിടെയെങ്കിലും പോയി ഒറ്റയ്ക്കിരിക്കും. ആരോടും മിണ്ടാട്ടവുമില്ല കളിയുമില്ല. ഇല്ലെങ്കിൽ ‘ കൃഷ്ണാ കൃഷ്ണാ ‘ എന്ന് വിലപിച്ച് നടക്കും. ഒടുവിൽ ചതുപ്പ് നിലത്തിൽ തന്നെ തളർന്ന് കിടക്കും. ഇതെല്ലാം ഭ്രാന്തിന്റെ ലക്ഷണമായി ചുറ്റുവട്ടത്തുള്ളവർ കണ്ടു.
പലപ്പോഴും ബോധമില്ലതെ ചേറിൽ പുതഞ്ഞ് കിടക്കുന്ന മകളെ ദമയന്തി അമ്മ തോളിലേറ്റി വീട്ടിലേക്ക് കൊണ്ടുവരും. ഇതു കാണുമ്പോൾ അയൽക്കാർ പറയും. ‘ പട്ടത്തിയമ്മേ…കുഞ്ഞിന് ഇത്ര കൊച്ചിലേ ഭ്രാന്ത് പിടിച്ചല്ലോ. കഷ്ടം ഇതിനെ ഇപ്പോഴേ ഈളമ്പാറയിലോ മറ്റോ കൊണ്ടുപോയി ചികിത്സിക്ക് ‘ ഇത് കേൾക്കുമ്പോൾ ദമയന്തി അമ്മ മകളെ മാറോട് ചേർത്ത് വിങ്ങിപ്പൊട്ടിക്കരയും. പെറ്റമ്മയ്ക്ക് താങ്ങാവുന്ന കൂരമ്പുകളല്ലല്ലോ അതെല്ലാം. ഭാവസമാധി വിടുന്ന കുട്ടി വീണ്ടും ഊർജ്ജസ്വലയായി ഓടിച്ചാടി കളിക്കും. ഇതെന്ത് മറിമായം ഈശ്വരാ എന്ന് വിസ്മയിച്ച് കണ്ണീരടക്കാനേ ദമയന്തി അമ്മയ്ക്ക് അന്ന് കഴിഞ്ഞിരുന്നുള്ളൂ.
പഠിക്കാൻ മിടുക്കിയായിരുന്നെങ്കിലും നാലാം ക്ലാസിൽ വച്ച് മാതാ അമൃതാനന്ദമയിക്ക് പഠിത്തം നിറുത്തേണ്ടി വന്നു. അപ്പോഴേക്കും അസുഖം ബാധിച്ച് ദമയന്തി അമ്മ കിടപ്പിലായി. മറ്റ് മക്കളെല്ലാം പഠിക്കുന്നു. എല്ലാ വീട്ടുജോലികളും അമൃതാനന്ദമയിയിലായി.
ആദ്ധ്യാത്മികമായി ഭാവസമാധിയിലായിരിക്കുമ്പോഴും കുസൃതിത്തരങ്ങൾ കാണിക്കുന്നതിൽ ബഹുകേമിയായിരുന്നു ചെറുപ്പത്തിലേ അമൃതാനന്ദമയി. ഇതിന് ദമയന്തി അമ്മയിൽ നിന്നും കണക്കിന് അടി കിട്ടിയിട്ടുമുണ്ട്. അയൽപക്കങ്ങളിൽ ഏതെങ്കിലും വീട്ടിൽ തീപുകയുന്നില്ലെങ്കിൽ അമൃതാനന്ദമയി അവിടെ കയറി ചെല്ലും. വിവരം തിരക്കും. പട്ടിണിയാണെന്ന് കണ്ടാൽ വീട്ടിൽ നിന്ന് പണം മോഷ്ടിച്ചുകൊണ്ടു ചെന്ന് കൊടുക്കും. ഇല്ലെങ്കിൽ അരിയോ മറ്റോ കൊടുക്കും. കള്ളം കണ്ടുപിടിക്കുന്ന ദമയന്തി അമ്മ മകളെ അടിക്കും. അനേകം ദിവസം പട്ടിണിക്കിട്ടിട്ടുണ്ട്. പക്ഷേ ഇതൊക്കെ ദമയന്തി അമ്മ ഭർത്താവിൽ നിന്നും ഒളിച്ചുവയ്ക്കും. മറ്റാരും മകളെ നുള്ളി നോവിക്കുന്നത് പോലും ദമയന്തി അമ്മയ്ക്ക് ഇഷ്ടമില്ല.
ഒരിക്കൽ ദമയന്തി അമ്മയ്ക്ക് ക്രൂരമായി മകളെ ശിക്ഷിക്കേണ്ടി വന്നു. വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങിക്കാനാണ് അമൃതാനന്ദമയി ഒരു കിലോമീറ്റർ അകലെയുള്ള കവലയിൽ പോയത്. അന്ന് പത്തോ പന്ത്രണ്ടോ വയസ്സ് പ്രായം കാണും. കടയിൽ ചെല്ലുമ്പോൾ വീടിനടുത്തുള്ള ചില സ്ത്രീകൾ അവിടെയുണ്ട്. അവർ കയർ വിൽക്കാൻ വന്നതാണ്. കടക്കാരൻ അവരിൽ നിന്നും കയർ കെട്ട് വാങ്ങിച്ച് തൂക്കി പിറകിലേക്ക് തള്ളുന്നു. എന്നിട്ട് പണം കൊടുക്കുന്നതിൽ അയാൾ ശ്രദ്ധിക്കുന്നു. ഈ സമയം ഒരു മുതിർന്ന സ്ത്രീ അമൃതാനന്ദമയിയുടെ ചെവിയിൽ പറഞ്ഞു. ‘ കുഞ്ഞേ നീ പുറകിൽ പോയി ഒരു കെട്ട് കയർ ആരും കാണാതെ ഇങ്ങ് എടുത്തോണ്ടുവാ ‘. വരും വരായ്കകളെക്കുറിച്ചൊന്നും അമൃതാനന്ദമയി ചിന്തിച്ചില്ല. കയറെടുത്തതും കടക്കാരൻ പിടികൂടിയതും ഒരുമിച്ചായിരുന്നു. കള്ളിയെ കയ്യോടെ പിടിച്ചതിന്റെ ഹാലിളക്കിലായിരുന്നു പിന്നെ കടക്കാരൻ. ചുറ്റും ആൾക്കാരും കൂടി. ആൾക്കൂട്ടത്തിന് നടുവിൽ നിന്നുരുകുകയായിരുന്നു ആ പെൺകുട്ടി. കള്ളം ചെയ്യാൻ പ്രേരിപ്പിച്ച സ്ത്രീ ഇതിനിടെ മുങ്ങുകയും ചെയ്തു.
സംഭവം വീട്ടിലറിഞ്ഞു. അഭിമാനിയായ ദമയന്തി അമ്മ കോപം കൊണ്ട് ജ്വലിച്ചു. പിന്നെ തലങ്ങും വിലങ്ങും അടിയായിരുന്നു. ‘ കണ്ണീര് കുടിപ്പിക്കാൻ ജനിച്ചവൾ. പോ… പോയി എവിടെയെങ്കിലും പോയി തുലയ് ‘ ദമയന്തി അമ്മ മകളെ വീട്ടിൽ നിന്നും തള്ളി പുറത്തേക്കിട്ടു. ദമയന്തി അമ്മയ്ക്ക് അറിയാം മകൾ അന്യരുടെ മുതൽ മോഷ്ടിക്കില്ലെന്ന്. ആരെയോ സഹായിക്കാനാവും ഈ സാഹസത്തിനൊരുമ്പെട്ടത്. കായൽപ്പരപ്പിലേക്ക് നോക്കി നിശബ്ദമായിരിക്കുന്ന മകളെ കണ്ടപ്പോൾ ദമയന്തി അമ്മയുടെ ഹൃദയം നീറിപ്പുകഞ്ഞു. പതിയെ മകളുടെ അരികിലേക്ക് ചെന്നു. പിന്നെ അടിപ്പാടുകളിൽ മെല്ലെ തടവി. അപ്പോഴേക്കും ദമയന്തി അമ്മ പൊട്ടിക്കരഞ്ഞു.
വളരുംതോറും മകളുടെ ദിവ്യത്വം ദമയന്തി അമ്മ നേരിട്ടറിയുകയായിരുന്നു. സദാ സമയവും ഈശ്വരഭജനയും പാടി ‘ഭ്രാന്തി’ യായി നടന്ന മകളെക്കൊണ്ട് ദമയന്തി അമ്മ പലപ്പോഴും പൊറുതിമുട്ടി. മകളുടെ ഭക്തിയും ഭാവസമാധിയും നിറുത്താൻ ദമയന്തി അമ്മ ആവുംവിധം ഉപദേശിച്ചു. രക്ഷയില്ലെന്നായപ്പോൾ മിക്കപ്പോഴും പട്ടിണിക്കിട്ടു. ഒരു ദിവസം വിശപ്പും ദാഹവും കൊണ്ട് അമൃതാനന്ദമയി വലഞ്ഞു. വീട്ടുമുറ്റത്തു തന്നെ തളർന്ന് കിടന്നു. അപ്പോൾ എവിടെ നിന്നെന്നറിയില്ല ഒരു പശു അവിടെ എത്തി. പശു തറയിൽ കിടക്കുകയായിരുന്ന അമൃതാനന്ദമയിയുടെ വായയ്ക്ക് തൊട്ടുമുകളിൽ നിന്ന് പാൽ ചുരത്തിക്കൊടുത്തു. ഇതു കണ്ട ദമയന്തി അമ്മ അന്ധാളിച്ചുപോയി. ഇതിനുശേഷം പിന്നെയൊരിക്കലും ദമയന്തി അമ്മ മകളെ പട്ടിണി കിടത്തിയിട്ടില്ല. ഇതിനിടെ അത്ഭുതപ്പെടുത്തുന്ന ഓരോരോ സംഭവങ്ങൾ മകളിൽ നിന്നും ഉണ്ടാകുന്നത് ദമയന്തി അമ്മ കാണാനിടയായി. മകളിലെ ഈശ്വരാംശം നേരിട്ടുകണ്ട് മനസ്സിലാക്കാനുള്ള താൽപര്യത്തിലായി അപ്പോഴേക്കും ദമയന്തിഅമ്മ.
അമൃതാനന്ദമയിയുടെ അത്ഭുതകഥകൾ പുറത്തേക്കും പരക്കാൻ തുടങ്ങി. വിശ്വാസികൾക്കൊപ്പം സന്യാസതാൽപ്പര്യത്തോടെ കുറേ ബ്രഹ്മചാരി ശിഷ്യരും എത്തി. അവർ അവിടം വിട്ട് പോകാതെയായി. ചെറുപ്പക്കാരായ അവരെ കാണുമ്പോൾ തന്നെ സുഗുണാനന്ദൻ തല്ലിയോടിക്കും. അടുത്ത വീടുകളിലോ മറ്റോ ഒളിച്ചിരിക്കുന്ന ചെറുപ്പക്കാർക്ക് ആഹാരം ആരും കാണാതെ ദമയന്തി അമ്മ കൊണ്ടു കൊടുത്തിരുന്നു. ഇന്ന് സന്യാസിമാരായിത്തീർന്ന ഈ ശിഷ്യരാണ് മാതാ അമൃതാനന്ദമയിയുടെ ആദ്ധ്യാത്മിക സന്ദേശങ്ങൾ നാടെങ്ങും പ്രചരിപ്പിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഒരു പെറ്റമ്മയുടെ സ്‌നേഹവാത്സല്യങ്ങൾ നൽകി അവരെ പരിചരിച്ചത് ദമയന്തി അമ്മ ആയിരുന്നു.
ദമയന്തിയമ്മയ്ക്ക് ഇന്ന് മകൾ ‘അമ്മ’ യാണ്. അനുഭവങ്ങൾ അവരെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുന്നു. മകളുടെ പ്രശസ്തിയൊന്നും ഈ മാതാവിനെ ലഹരിപിടിപ്പിക്കുന്നില്ല. സദാ നാമജപവുമായി ദമയന്തിയമ്മ ആൾക്കൂട്ടത്തിലൊരാളായി ആശ്രമപരിസരത്തൊക്കെയുണ്ട്.
-ചന്ദ്രശേഖരൻ, ശാസ്തവട്ടം
(7 ഒക്ടോബർ 2000 ൽ കേരള കൗമുദി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് )