1985 ജൂൺ 11, ചൊവ്വ

സമയം വൈകുന്നേരം നാലുമണി. അമ്മ ദർശനം നല്കുന്നതിനായി കുടിലിലേക്കു് വരുന്നു. കുടിലിൻ്റെ സമീപത്തു് ഒരു ചേര കിടക്കുന്നു. ഭക്തരും ബ്രഹ്മചാരികളും അതിനെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. അമ്മ അവരുടെ സമീപമെത്തി.

”മക്കളേ, അതിനെ ഉപദ്രവിക്കല്ലേ! പൊടിമണൽകൊണ്ടു് എറിഞ്ഞാൽ മതി.” അമ്മയുടെ വാക്കുകേട്ടെന്നവണ്ണം അതു് ഇഴഞ്ഞുനീങ്ങി.
”യാ ദേവീ സർവ്വഭൂതേഷു
ദയാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ”
(യാതൊരു ദേവിയാണോ സർവ്വഭൂതങ്ങളിലും ദയാരൂപത്തിൽ സ്ഥിതിചെയ്യുന്നതു് ആ ദേവിക്കായിക്കൊണ്ടു വീണ്ടും വീണ്ടും നമസ്‌കാരം.)

ആദ്യ കാല ആശ്രമം

അമ്മ ഭക്തർക്കു ദർശനം നല്കുന്നതിനായി കുടിലിൽ ഉപവിഷ്ടയായി. ഭക്തർ ഓരോരുത്തരായിവന്നു് അമ്മയെ നമസ്‌കരിച്ചു. പ്രാരബ്ധഭാരങ്ങൾ അവർ മാതൃചരണങ്ങളിൽ അർപ്പിച്ചു. തങ്ങളുടെ ആഗ്രഹങ്ങളും മനഃശാന്തി കെടുത്തിയിരുന്ന പ്രശ്‌നങ്ങളും അവർ അമ്മയുടെ ചെവിയിലുണർത്തിച്ചു. ചിലർ അമ്മയെ ദർശിച്ച മാത്രയിൽ പൊട്ടിക്കരഞ്ഞു. ജീവിതയാതനയുടെ ഭാരവും പേറിവന്നവർ സംതൃപ്തമാനസരായി ശാന്തചിത്തരായി മടങ്ങുന്നു.
ഭക്തജനങ്ങൾ പോയിക്കഴിഞ്ഞപ്പോൾ ബ്രഹ്മചാരികൾ അമ്മയുടെ
ചുറ്റും കൂടി.

ഒരു ബ്രഹ്മചാരി: ഇന്നു് ആദ്ധ്യാത്മികവിഷയങ്ങളെക്കുറിച്ചു് അമ്മ
കാര്യമായി ഒന്നും സംസാരിച്ചില്ലല്ലോ?

അമ്മ: മോനേ, ഇവിടെയിരുന്നവരെല്ലാം ദുഃഖിതരായിരുന്നു. വിശക്കുന്ന കുഞ്ഞിനു വേദാന്തമോ, തത്ത്വോപദേശമോ അല്ല ആവശ്യം. ആദ്യം അവരുടെ ദുഃഖത്തിനു് ഒരു ശമനം വരട്ടെ. പിന്നെയാകാം ആദ്ധ്യാത്മികം സംസാരിക്കുന്നത്. ഇപ്പോഴെന്തെങ്കിലും പറഞ്ഞാൽ അവർക്കു് അതുൾക്കൊള്ളുവാൻ പ്രയാസമാണ്.

എന്നാൽ മോനേ, ഈശ്വരദാഹികൾ എത്ര കടുത്ത ദുഃഖം വന്നാലും ഈശ്വരനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കുവാൻ ഇഷ്ടപ്പെടില്ല. സുഖത്തിലും ദുഃഖത്തിലും അവർ സ്ഥിരചിത്തരായിരിക്കും. സുഖത്തിൽ മതിമറന്നു സന്തോഷിക്കുകയോ ദുഃഖത്തിൽ തളർന്നുപോകുകയോ ചെയ്യുന്നില്ല. രണ്ടും അവിടുത്തെ ഇച്ഛയായി സന്തോഷത്തോടെ അവർ സ്വീകരിക്കുന്നു. ദുഃഖവും അവിടുത്തെ അനുഗ്രഹമായിക്കരുതുന്നു.

നടക്കുമ്പോൾ കാലിൽ ഒരു മുള്ളു തട്ടിയാൽ പിന്നീടു നമ്മൾ ശ്രദ്ധിച്ചു നടക്കും. അതിനപ്പുറമുള്ള വലിയ കുഴിയിൽ വീഴാതെ രക്ഷപ്പെടുകയും ചെയ്യും. ഈശ്വരൻ ദുഃഖംതരുന്നതു നമ്മെ രക്ഷിക്കാനാണ്. യഥാർത്ഥ ഈശ്വരവിശ്വാസി ദുഃഖത്തിലും അവിടുത്തെ പാദങ്ങളിൽ മുറുകെപ്പിടിക്കും. ‘സുഖംതരണേ’ എന്നു് അവർ ഒരിക്കലും പ്രാർത്ഥിക്കില്ല. സ്വാർത്ഥലാഭത്തെക്കുറിച്ചു് അവർ ചിന്തിക്കുക പോലുമില്ല.

എങ്കിലും ദുഃഖിക്കുന്നവർ നമ്മുടെ അടുത്തുവന്നാൽ അവർക്കു നമ്മൾ ആശ്വാസം നല്കണം. നല്ല രണ്ടുവാക്കു സംസാരിക്കാൻ സമയം കണ്ടെത്തണം. പക്ഷേ, അങ്ങനെയുള്ളവർ വിരളമാണ്. അന്യരുടെ ദുഃഖം അമ്മ സ്വന്തം ദുഃഖമായിക്കാണുന്നു. മക്കളുടെ സർവ്വഭാരങ്ങളും സ്വയം വഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു.
പ്രാരബ്ധങ്ങളുടെ യാഗാഗ്‌നിയാണു് അമ്മ. ദുഃഖിതരുടെ ആശാകേന്ദ്രമാണമ്മ.