സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും മറുപേരായി മലയാളി ലോകത്തിനു സമർപ്പിച്ച വ്യക്തിത്വമാണ്‌ മാതാ അമൃതാനന്ദമയി. ലോകമെങ്ങുമുള്ള എത്രയോ ഭക്തർക്ക്‌, അവർ എല്ലാം നൽകുന്ന അമ്മയാണ്‌.

കോവിഡ്‌ കാരണം ആശ്രമപ്രവർത്തനങ്ങളും ദർശനയാത്രകളും പതിവുപോലെ നടക്കുന്നില്ലെങ്കിലും അമൃതാനന്ദമയി ഇപ്പോഴും തിരക്കിലാണ്‌. ലോകത്തെ മുഴുവൻ അവർ കേൾക്കുന്നു. മറുപടിപറയുന്നു. നിരന്തരം, നിശ്ശബ്ദം, കർമ്മം തുടരുന്നു. അമൃതാനന്ദമയിയുടെ 67-ാം പിറന്നാളിൻ്റെ ഭാഗമായി മാതൃഭൂമി പത്രാധിപസമിതി അംഗങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക്‌ നൽകിയ മറുപടിയിലെ പ്രസക്തഭാഗമാണിത്‌

നല്ലതാണെങ്കിലും ചീത്തയാണെങ്കിലും എല്ലാ സാഹചര്യങ്ങളെയും തുറന്നമനസ്സോടെ സ്വീകരിക്കുകയും അതിനൊപ്പം ശ്രുതിചേർന്നു നീങ്ങുകയും ചെയ്യുക എന്നതാണ് ജീവിതത്തോടുള്ള എൻ്റെ കാഴ്ചപ്പാട്. ഭക്തമക്കൾക്ക് അമ്മയുടെ അടുത്തു വരാൻ കഴിയുന്നില്ലെങ്കിലും അമ്മയുടെ മനസ്സിൽ അവർ എപ്പോഴുമുണ്ട്. എന്നെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല; സമൂഹത്തിനും ജനങ്ങൾക്കും പ്രത്യേകിച്ച്, ദുഃഖിക്കുന്നവർക്കുംവേണ്ടി എന്തുചെയ്യാൻ കഴിയും എന്നാണു ചിന്തിക്കുന്നത്. ഉണ്ടാവുകയും കുറച്ചുകാലം നിലനിൽക്കുകയും അതു കഴിയുമ്പോൾ നശിക്കുകയും ചെയ്യുക എന്നതു ലോകത്തിൻ്റെയും ലോകവസ്തുക്കളുടെയും സ്വഭാവമാണ്. അതുകൊണ്ട്, സുഖത്തിലും ദുഃഖത്തിലും എൻ്റെ മനസ്സ് ഉലയാറില്ല. അങ്ങനെ ചഞ്ചലപ്പെട്ടാൽ, എല്ലാം സമമായി കാണാനോ എല്ലാവരെയും തുല്യമായി സ്നേഹിക്കാനോ സേവിക്കാനോ കഴിയില്ല.

ലോകം ഒരു ഇരുണ്ട ദശയിലൂടെയാണ് കടന്നുപോകുന്നത് എന്നു തോന്നുന്നുണ്ടോ? എവിടെയാണു പ്രതീക്ഷയുടെ വെളിച്ചം?

ഇത്തരം ഒട്ടേറെ ഇരുണ്ട ദശകളിലൂടെ മനുഷ്യരാശി ഇതിനുമുമ്പും കടന്നുപോയിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചല്ലോ. ഈ ഇരുട്ടും മാറും. വെളിച്ചം വരും. എപ്പോൾ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം പറയാൻ പ്രയാസമാണ്. പക്ഷേ, മനുഷ്യൻ്റെ ഉള്ളിലെ അന്ധകാരത്തോട് താരതമ്യപ്പെടുത്തുമ്പോൾ, ബാഹ്യമായ ഈ ഇരുട്ട് അത്ര വലുതല്ല. മനസ്സിൽ തിങ്ങിനിൽക്കുന്ന അന്ധകാരം തിരിച്ചറിയാനും തെറ്റുകൾ തിരുത്തി, അവിടെ പ്രകാശം പരത്താനും ഈ അവസരം വിനിയോഗിക്കണം. അതാണു പ്രധാനം.

എല്ലാവരും തനിച്ചായിപ്പോയ ഈ ലോക് ഡൗൺ കാലത്ത് അമ്മയുടെ പ്രതിദിനജീവിതം എങ്ങനെയായിരുന്നു?

ആശ്രമത്തിൽ സ്ഥിരതാമസക്കാരായി മൂവായിരത്തോളം പേരുണ്ട്. ഭൂരിപക്ഷവും ഇപ്പോഴും ഇവിടെത്തന്നെയുണ്ട്. അവർക്കെല്ലാം മാസത്തിൽ പത്തുദിവസം മുറിയിലിരുന്നുതന്നെ അമ്മ ദർശനം നൽകുന്നുണ്ട്. എല്ലാ ദിവസവും ധ്യാനവും മക്കളുടെ ആധ്യാത്മികപ്രഭാഷണങ്ങളും ഭജനയും മുടങ്ങാതെ നടക്കുന്നു. ചൊവ്വാഴ്ച ദിവസങ്ങളിൽ ധ്യാനത്തിനുശേഷം മക്കളുടെ ചോദ്യങ്ങൾക്ക് അമ്മ ഉത്തരം നൽകാറുണ്ട്. തുടർന്ന് എല്ലാവർക്കും അമ്മതന്നെ ഭക്ഷണം നൽകും. ഇതിനിടയിൽ നാലുതവണ ആശ്രമത്തിലെ അന്തേവാസികൾക്കെല്ലാം അമ്മതന്നെ ആഹാരം പാചകംചെയ്തു നൽകി.

ലോക് ഡൗൺ തുടങ്ങിയ സമയത്ത് അമ്മയും ആശ്രമമക്കളും ഒരുമിച്ചിരുന്നു ആയിരക്കണക്കിന് മാസ്കുകൾ തയ്ച്ചു. അവ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തു. മഠത്തിൻ്റെ മേൽനോട്ടത്തിൽ നടത്തുന്ന “അമൃതശ്രീ” വനിതകളുടെ സ്വാശ്രയസംഘങ്ങൾക്ക് സഹായധനം നൽകി. പതിനായിരം സ്വാശ്രയസംഘങ്ങളിലെ ഒന്നരലക്ഷത്തിലധികം പേർക്ക് ഈ സഹായം ലഭിച്ചു.

ആശ്രമം നടത്തുന്ന സ്ഥാപനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആവശ്യമുള്ള നിർദേശങ്ങൾ അമ്മ നൽകേണ്ടതുണ്ട്. ദിവസവും നൂറുകണക്കിനു കത്തുകൾ വരും. രാത്രികാലങ്ങളിലാണ് അവ വായിക്കാറുള്ളത്. അത്യാവശ്യം വേണ്ടുന്ന കത്തുകൾക്ക് ഫോണിലൂടെ മറുപടി നൽകും. ഭാരതത്തിലെയും വിദേശരാജ്യങ്ങളിലെയും അൻപത്തിനാലു ഭാഷകളിൽ അഞ്ഞൂറോളം പുതിയ ഭജനകൾ റെക്കോഡ് ചെയ്തു. അവയെല്ലാം ആശ്രമവാസികൾതന്നെ എഴുതി ട്യൂൺ ചെയ്തതാണ്. കൊച്ചുകുട്ടികൾപോലും ഭജന എഴുതുകയും ഈണമിട്ട് അമ്മയോടൊപ്പം പാടുകയും ചെയ്യുന്നു. ഇതിനിടയിൽ അമ്മ സ്വന്തമായി ഒരു പച്ചക്കറിത്തോട്ടവും ഉണ്ടാക്കി. വാസ്തവത്തിൽ, പണ്ടത്തെക്കാൾ നാലുമണിക്കൂർ കൂടുതൽ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്.

അന്തേവാസികളായ സന്ന്യാസിമാരും ബ്രഹ്മചാരികളും വിദേശീയരും ഗൃഹസ്ഥാശ്രമികളും ചേർന്നാണു ആശ്രമത്തിലെ ജോലികളെല്ലാം നിർവഹിക്കുന്നത്. ചെറിയ കുട്ടികളും വലിയവരും യോഗയും സംസ്കൃതവും ശാസ്ത്രവും സംഗീതവും നൃത്തവും വാദ്യോപകരണങ്ങൾ വായിക്കാനും ഒക്കെ പഠിക്കുന്നു. ജൈവവളം നിർമാണവും പച്ചക്കറിക്കൃഷിയും നടത്തുന്നു.

ഈ മഹാമാരിയിൽനിന്ന് മനുഷ്യരാശി പഠിക്കേണ്ട പ്രധാനപാഠം എന്താണെന്നാണു കരുതുന്നത്?

ബാഹ്യമായ വിഷയങ്ങൾക്കും സ്വാർഥതയ്ക്കും മുൻതൂക്കം നൽകിക്കൊണ്ടുള്ള ഒരു ജീവിതമാണ് മനുഷ്യൻ ഇതുവരെ നയിച്ചുപോന്നത്. എന്നാൽ, ജീവിതം അതുമാത്രമല്ല. അതിന് ആന്തരികമായ ഒരു തലംകൂടിയുണ്ട്. അതിനെക്കുറിച്ചുള്ള ബോധം ഉണർത്താനുള്ള ഒരു അവസരമായി ഇതിനെ കാണണം. പ്രകൃതിയിൽനിന്ന് എടുക്കുന്നതിൻ്റെ ഒരംശമെങ്കിലും മടക്കിക്കൊടുക്കാനുള്ള ഒരു മനസ്സ് നമുക്കുണ്ടാകണം. വിനയവും നിഃസ്വാർഥതയും ശീലിക്കണം. ഈ വലിയ സന്ദേശമാണ് കോവിഡ് നൽകുന്നത്.

പ്രകൃതിയെയോ സഹജീവികളെയോ മറ്റു ജീവരാശികളെയോ തെല്ലും പരിഗണിക്കാതെ എല്ലാം വാരിക്കൂട്ടാനുള്ള മനുഷ്യൻ്റെ ഭ്രാന്തമായ ചിന്തയും പ്രവൃത്തിയുമാണ് ഈ മഹാമാരിയിൽ കൊണ്ടെത്തിച്ചത്. ഇതു വലിയൊരു താക്കീതാണ്. പ്രകൃതിയെയും പ്രപഞ്ചശക്തിയെയും മനുഷ്യൻ വിസ്മരിച്ചു. ആ മഹാശക്തികളെ ആദരവോടും സ്നേഹത്തോടും നമ്മൾ സമീപിക്കണം. കോവിഡിലൂടെ പ്രകൃതി നൽകിയ ഈ പാഠം നമ്മൾ മറക്കരുത്. പഠിക്കാനുള്ളതെല്ലാം ഇപ്പോൾ, ഇവിടെവെച്ച് മനസ്സിരുത്തി പഠിക്കണം. അതു ജീവിതത്തിൽ പ്രാവർത്തികമാക്കണം.

അറുപത്തിയേഴാം വയസ്സിലിരുന്നുകൊണ്ട് സ്വന്തം കുട്ടിക്കാലത്തേക്കും കൗമാര-യൗവന കാലത്തേക്കും തിരിഞ്ഞുനോക്കുമ്പോൾ മനസ്സിൽ വരുന്നത് എന്തൊക്കെയാണ് ?

ജീവിതത്തിലെ അനുഭവങ്ങളും സംഭവങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കേണ്ടിവരുമ്പോൾ മാത്രമേ അമ്മ ആ കാലഘട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കാറുള്ളൂ. അതിന് അത്ര പ്രാധാന്യമേയുള്ളൂ. എല്ലാം സംഭവിക്കുന്നത് വർത്തമാനകാലത്തിലെ ഈ നിമിഷത്തിലല്ലേ. അതല്ലേ പ്രധാനം?

രാഷ്ട്രീയം ശ്രദ്ധിക്കാറുണ്ടോ? പൊതുവേ നമ്മുടെ രാഷ്ട്രീയരംഗത്തെക്കുറിച്ച് എന്താണഭിപ്രായം?

പല മേഖലകളിലുള്ള പ്രവർത്തനങ്ങളും സ്ഥാപനങ്ങളും ആശ്രമത്തിനുണ്ടല്ലോ. അതിനാവശ്യമുള്ള രാഷ്ട്രീയകാര്യങ്ങൾ അറിയാൻ ശ്രമിക്കാറുണ്ട്. സമൂഹജീവിതത്തിൽ രാഷ്ട്രീയത്തിന് എപ്പോഴും പ്രസക്തിയുണ്ട്. പക്ഷേ, അതിൽ നീതിബോധവും ധർമനിഷ്ഠയും ഉണ്ടാകണം. അതുണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നത് വ്യക്തിക്കും സമൂഹത്തിനും ഗുണംചെയ്യും.

അമൃതാനന്ദമയിയെ ഏറ്റവും ആകർഷിച്ച ഇന്ത്യൻ ആത്മീയവ്യക്തിത്വം ആരാണ്?

ഞാൻ എല്ലാത്തിലും ഈശ്വരനെ മാത്രമാണ് ദർശിക്കുന്നത്. പ്രത്യേകിച്ച് ഒരു പേര് എടുത്തു പറയണമെങ്കിൽ, അതു ശ്രീകൃഷ്ണനാണ്.

മതങ്ങളായും ജാതികളായും ഉപജാതികളായും മനുഷ്യർ കൂടുതൽക്കൂടുതൽ അകലുകയാണ് എന്ന് തോന്നിയിട്ടുണ്ടോ?

സ്നേഹം കുറയുമ്പോൾ അകലം കൂടും. സ്നേഹത്തിൻ്റെ ഉറവ ഉള്ളിലാണ്. അതാണു ജീവിതത്തിൻ്റെ കേന്ദ്രബിന്ദു അവിടെനിന്ന് ശ്രദ്ധതിരിയുമ്പോൾ, ജീവിതത്തിൻ്റെ എല്ലാ രംഗങ്ങളിലും അകലം വർധിക്കും. സ്വന്തം മനസ്സാക്ഷിയിൽനിന്നും മറ്റുള്ളവരിൽനിന്നും പ്രകൃതിയിൽനിന്നും ഈശ്വരനിൽനിന്നും ഒക്കെയുള്ള അകലം വർധിച്ചുവരുന്നു. ഏറിവരുന്ന ഈ അകലമാണ്, എല്ലാ മേഖലകളിലെയും ധ്രുവീകരണത്തിനു കാരണം.

തനിച്ചിരിക്കുമ്പോൾ എന്താണ് ചെയ്യാറുള്ളത്?

ഒറ്റയ്ക്കിരിക്കുമ്പോഴും കൂട്ടത്തിലിരിക്കുമ്പോഴും ഞാൻ ഒറ്റയ്ക്കാണ്. ബാഹ്യമായി പറയുകയാണെങ്കിൽ, അങ്ങനെ തനിച്ചിരിക്കുന്ന ഒരു സന്ദർഭമില്ല. ആരെങ്കിലുമൊക്കെ എപ്പോഴും കൂടെയുണ്ടാകും. എപ്പോഴും എന്തെങ്കിലും ചെയ്യാനുണ്ടാകും. കോവിഡിനുമുമ്പ്, ദിവസവും കുറഞ്ഞത് പതിന്നാല് മണിക്കൂറെങ്കിലും ദർശനം നൽകിയിരുന്നു. മുറിയിൽ എത്തിയാൽ അല്പം എന്തെങ്കിലും കഴിക്കും. പിന്നെ കത്തുകൾ വായിക്കും. അവയ്ക്കുള്ള മറുപടികൾ നൽകും. അതിനുതന്നെ ആറു മണിക്കൂറെങ്കിലും വേണ്ടിവരും. ആശ്രമവാസികൾക്കും പ്രവർത്തനങ്ങൾക്കും വേണ്ടുന്ന നിർദേശങ്ങൾ നൽകും. ഇതിൽ ദർശനത്തിൻ്റെ കാര്യത്തിൽ മാത്രമാണ്, ഇപ്പോൾ കുറച്ചു മാറ്റം വന്നിട്ടുള്ളത്. ബാക്കി കാര്യങ്ങൾക്ക് പഴയതിലും കൂടുതൽ സമയം വേണ്ടിവരുന്നു.

പഴയതുപോലെ തുറന്നുകൊടുക്കപ്പെടുമ്പോൾ ലോകം അനുഭവത്തിൽനിന്നും വിവേകത്തോടെ പെരുമാറുമെന്നു തോന്നുന്നുണ്ടോ?

കോവിഡ് മനുഷ്യസമൂഹത്തെ ആകെ പിടിച്ചുകുലുക്കിയിട്ടുണ്ട്. മനുഷ്യൻ ഭയത്തിൻ്റെ പിടിയിലാണ്. അതു മാറുന്നതുവരെ എന്തായാലും ശ്രദ്ധിക്കും. കുറച്ചൊക്കെ വിവേകത്തോടെ പ്രവർത്തിക്കും. ചെറിയൊരു ശതമാനം ആളുകൾ വിവേകബോധം നിലനിർത്തിയേക്കാം. ഭൂരിപക്ഷം ക്രമേണ എല്ലാം മറക്കാനും പഴയ ശീലങ്ങളിലേക്കു മടങ്ങിപ്പോകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. വീട്ടിൽ എലിയുടെയും പൂച്ചയുടെയും ശല്യമുണ്ടെങ്കിൽ നമ്മൾ എല്ലാം അടച്ചുവെക്കാറില്ലേ? അതുപോലെയൊരു ബോധവും ശ്രദ്ധയും ഇനിയുമങ്ങോട്ട് ഉണ്ടായിരിക്കണം. മുമ്പുണ്ടായ മഹാമാരികളുടെയും ദുരന്തങ്ങളുടെയും അനുഭവം മറന്നു പ്രവർത്തിച്ചതു കൊണ്ടാണല്ലോ, വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. പക്ഷേ, ഇപ്പോൾ കോവിഡ് നൽകുന്ന മുന്നറിയിപ്പ് മറക്കാൻപാടില്ല. മറക്കാതിരിക്കട്ടെ…

Interview published in Mathrubhumi: https://www.mathrubhumi.com/print-edition/weekend/this-darkness-will-change-and-light-will-come-matha-amrithanandamayi-1.5084893