ഫ്രിഡ്ജ്, വസ്തുക്കളെ തണുപ്പിക്കുന്നു. ഹീറ്റര്‍ ചൂടാക്കുന്നു, ലൈറ്റ് വെളിച്ചം തരുന്നു. ഫാന്‍ കാറ്റു തരുന്നു. എന്നാല്‍ ഇവയെ എല്ലാം പ്രവര്‍ത്തിപ്പിക്കുന്നതു് ഒരേ കറന്റുതന്നെയാണ്. അവയുടെ പ്രവര്‍ത്തനസ്വഭാവവും പ്രയോജനവും വിലയും വ്യത്യസ്തങ്ങളാണെന്നു കരുതി, ഒന്നിലെ കറന്റ് മറ്റൊന്നിലെ കറന്റിനെക്കാള്‍ ശ്രേഷ്ഠമാണെന്നോ മോശമാണെന്നോ പറയുന്നതില്‍ അര്‍ത്ഥമുണ്ടോ? ഉപാധി പലതെങ്കിലും കറന്റു് ഒന്നാണു് എന്നു മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ അതിന്റെ പിന്നിലെ ശാസ്ര്തം പഠിച്ചിരിക്കണം; ആ വിഷയത്തില്‍ പ്രായോഗികപരിചയവും ഉണ്ടായിരിക്കണം. അതുപോലെ പ്രപഞ്ചത്തിലെ ഓരോ വസ്തുവും ബാഹ്യമായി നോക്കുമ്പോള്‍ പലതായി തോന്നാമെങ്കിലും അവയിലെല്ലാം കുടികൊളളുന്ന ആന്തരികചൈതന്യം ഒന്നുതന്നെയാണ്.

അതു കാണാനുള്ള ജ്ഞാനദൃഷ്ടി സാധനയിലൂടെ നേടണം എന്നു മാത്രം. അതനുഭവിച്ചറിഞ്ഞ ഋഷീശ്വരന്മാര്‍, അവര്‍ ദര്‍ശിച്ച സത്യം തലമുറകള്‍ക്കു കൈമാറി. ആ ആര്‍ഷദര്‍ശനമാണു ഭാരതത്തിലെ സാമാന്യജനങ്ങളുടെ ജീവിതരീതിക്കു രൂപം നല്കിയത്. ആ ഒരു സംസ്‌കാരം പിന്തുടര്‍ന്നവരെ മൊത്തത്തില്‍ വിളിക്കുന്ന പേരാണു ‘ഹിന്ദു’ എന്നത്. വാസ്തവത്തിലതൊരു മതമല്ല. കാരണം, മതമെന്നാല്‍ അഭിപ്രായമെന്നാണു സാമാന്യമായ അര്‍ത്ഥം. വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന സത്യത്തെ ദര്‍ശിച്ച അനേകം ഋഷിമാരുടെ അനുഭവങ്ങളുടെ ആകെത്തുകയാണു് ഈ സംസ്‌കാരം. അതിനാല്‍ ഏതെങ്കിലും ഒരു വ്യക്തി സൃഷ്ടിച്ച മതമല്ല ഹിന്ദുധര്‍മ്മം. ഏതെങ്കിലും ഒരു ഗ്രന്ഥത്തില്‍ ഒതുങ്ങുന്ന തത്ത്വമല്ല, സമഗ്രമായ ജീവിതദര്‍ശനമാണത്.

ഭാരതത്തിലെ അനേകം മഹാത്മാക്കള്‍ക്കു സ്വന്തം അനുഭവത്തിലൂടെ വെളിപ്പെട്ട സനാതനതത്ത്വങ്ങളും മൂല്യങ്ങളും ധര്‍മ്മോപദേശങ്ങളും ആണു് ‘സനാതന ധര്‍മ്മം’

ഓരോ കാലത്തു് ഓരോ ദേശത്തു ജീവിച്ചിരുന്ന മഹാത്മാക്കള്‍ തങ്ങളുടെ ശിഷ്യര്‍ക്കും അനുയായികള്‍ക്കും ഈശ്വരനെ (പരമതത്ത്വത്തെ) പ്രാപിക്കാനായി നല്കിയ ഉപദേശങ്ങളാണല്ലോ പില്ക്കാലത്തു ഓരോ മതമായിത്തീര്‍ന്നത്. എന്നാല്‍ ഭാരതത്തിലെ അനേകം മഹാത്മാക്കള്‍ക്കു സ്വന്തം അനുഭവത്തിലൂടെ വെളിപ്പെട്ട സനാതനതത്ത്വങ്ങളും മൂല്യങ്ങളും ധര്‍മ്മോപദേശങ്ങളും ആണു് ‘സനാതന ധര്‍മ്മം’ എന്ന പേരില്‍ രൂപംകൊണ്ടത്. പിന്നീടു് അതു ഹിന്ദുമതം എന്നും അറിയപ്പെട്ടു. അതു് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. ഈശ്വരനെ ഇന്ന പേരു ചൊല്ലി മാത്രമേ വിളിക്കാവൂ എന്നോ അവിടുത്തെ പ്രാപിക്കാന്‍ ഏതെങ്കിലും പ്രത്യേക മാര്‍ഗ്ഗത്തിലൂടെ മാത്രമേ നീങ്ങാവൂ എന്നോ സനാതനധര്‍മ്മം നിര്‍ബ്ബന്ധിക്കുന്നില്ല. സനാതനധര്‍മ്മം ഒരു സൂപ്പര്‍മാര്‍ക്കറ്റുപോലെയാണ്. അവിടെ കിട്ടാത്തതായി യാതൊന്നുമില്ല. മഹാത്മാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളവയില്‍ ഇഷ്ടമുള്ള മാര്‍ഗ്ഗം തിരഞ്ഞെടുക്കുവാനോ സ്വന്തമായ ഒരു പാത വെട്ടിത്തെളിക്കാനോ ഉള്ള സ്വാതന്ത്ര്യം അതു നല്കുന്നുണ്ട്. ഈശ്വരനെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്.