‘മറ്റുള്ളവര്‍ ജന്മദിനം ആഘോഷിക്കുമ്പോള്‍ അമ്മയ്ക്കു ജന്മദിനം മറ്റു സാധാരണ ദിവസങ്ങളില്‍ ഒന്നു മാത്രമാണു്; നിസ്വാര്‍ത്ഥമായി ലോകത്തെ സേവിക്കാനുള്ള മറ്റൊരു ദിവസം കൂടി മാത്രം. ലോകത്തു് ഒരു ദിവസംപോലും വിശ്രമമോ അവധിയോ എടുക്കാത്ത ഒരേയൊരാള്‍ അമ്മ മാത്രമായിരിക്കും. വര്‍ഷങ്ങളായി പല പത്രപ്രവര്‍ത്തകരും ചോദിച്ചിട്ടുണ്ടു്, എന്തുകൊണ്ടാണു് ഇങ്ങനെ അമ്മ ജനങ്ങളെ ആലിംഗനം ചെയ്തു സ്വന്തം ജീവിതം അവരുടെ ദുഃഖങ്ങളേറ്റുവാങ്ങാന്‍ സമര്‍പ്പിച്ചിരിക്കുന്നതു്? ഒരു മറുചോദ്യമാണു് എപ്പോഴും മറുപടി. പുഴ എന്തിനാണു് ഒഴുകുന്നതു്! പ്രകൃതിയില്‍ ഒരു പുഴ ഒഴുകുംപോലെ സ്വാഭാവികമാണു് അമ്മയുടെ സ്‌നേഹവും.
‘അവസാനശ്വാസംവരെ കണ്ണീരൊപ്പി ആശ്വാസവും സ്‌നേഹവും നല്കി അവരുടെ തോളില്‍ കൈവച്ചു കഴിയാനാണു് ആഗ്രഹ’മെന്നു് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ടു്. അമ്മയുടെ ജീവിതം ഈ സത്യത്തിന്റെ സാക്ഷ്യപത്രമാണു്. എല്ലാ തടസ്സങ്ങളെയും അതിജീവിക്കുന്നതാണു സ്‌നേഹത്തിന്റെ ശക്തി. അമ്മയുടെ ജീവിതം സ്‌നേഹമാണു്. കഷ്ടതയനുഭവിക്കുന്നവരോടുള്ള സഹാനുഭൂതിയാണു്. ഈ സ്‌നേഹമാണു് അമ്മയുടെ മതം. ഈ അടിസ്ഥാനശിലയുടെ മുകളിലാണു് അമ്മ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സാമൂഹ്യപരിഷ്‌കരണ നവോത്ഥാന പ്രവര്‍ത്തനങ്ങളും നടത്തുന്നതു്. എവിടെയൊക്കെ കാരുണ്യവും സഹാനുഭൂതിയും ആവശ്യമുണ്ടോ അവിടെയൊക്കെ അമ്മയുടെ കാരുണ്യം ഒഴുകിയെത്തി നിറയുന്നു. അന്താരാഷ്ട്രതലത്തില്‍പ്പോലും നടക്കുന്ന കാരുണ്യസേവനപ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാണു്. അമ്മയോടൊപ്പമുള്ള ഓരോ നിമിഷവും ഒരദ്ഭുതമാണു്. സാഹചര്യങ്ങളെയും ലോകത്തെയും ജനനന്മയ്ക്കു വേണ്ടി മാറ്റിമറിക്കുന്ന സമൂഹത്തിനാവശ്യമായ പരിവര്‍ത്തനം സൃഷ്ടിക്കുന്ന, ഒരു മെച്ചപ്പെട്ട ലോകമാക്കി മാറ്റുന്ന മഹാദ്ഭുതം!’
അമ്മയുടെ അന്‍പത്തിയെട്ടാം തിരുനാളിനോടനുബന്ധിച്ചു രാവിലെ നടന്ന ജയന്തി സഭയിലെ സ്വാഗതപ്രഭാഷണത്തില്‍ സ്വാമി അമൃതസ്വരൂപാനന്ദ പറഞ്ഞു.