ഡോ. എം. ലക്ഷ്മീകുമാരി
(പ്രസിഡൻ്റ് വിവേകാനന്ദ വേദിക് വിഷന്‍)
ഭക്തരെക്കൊണ്ടു് അമ്മ ചെയ്യിക്കുന്ന അതിപ്രധാനമായൊരു സാധനയാണു ലളിതാസഹസ്രനാമാര്‍ച്ചന. എന്നാല്‍, അതിലൊളിഞ്ഞിരിക്കുന്ന അമ്മയുടെ ദിവ്യഭാവവും സന്ദേശവും കണ്ടെത്തിയവര്‍ എത്രയുണ്ടാകും? അത്തരമൊരു കണ്ടെത്തല്‍ ലളിതാസഹസ്രനാമത്തിലെ ആദ്യ ശ്ലോക ധ്യാനത്തില്‍ക്കൂടി അതാണിവിടെ ശ്രമിക്കുന്നതു്.
ശ്രീപരമേശ്വരിയുടെ ആജ്ഞയനുസരിച്ചു വാഗ്‌ദേവിമാര്‍ ഒന്നിച്ചിരുന്നു കൂടിയാലോചിച്ചു് അനന്തനാലും വര്‍ണ്ണിക്കാന്‍ പ്രയാസമായ ദേവിയുടെ എല്ലാ വൈഭവങ്ങളെയും കണക്കിലെടുത്തുകൊണ്ടു് അത്യുത്തമമായ ഒരു സ്തോത്രം രചിച്ചു. ഒരിക്കല്‍ ദേവീദേവന്മാരുടെ നിറഞ്ഞ സദസ്സില്‍ അവര്‍ക്കെല്ലാം ദര്‍ശനം കൊടുത്തതിനുശേഷം ദേവിയുടെ പ്രേരണയാല്‍ വശിന്യാദി ദേവതമാര്‍ സ്വനിര്‍മ്മിതമായ ദിവ്യ നാമസഹസ്രത്താല്‍ ദേവിയെ സ്തുതിച്ചു. ഭക്തകോടികളുടെ സകലാഭീഷ്ടപൂരണത്തിനായി ഈ സഹസ്രനാമം ഉപകരിക്കും എന്നു ദേവി വാഗ്ദാനവും ചെയ്തു. അര്‍ത്ഥസമ്പുഷ്ടമായ ഈ ദിവ്യസ്തോത്രത്തിൻ്റെ ആദ്യ ശ്ലോകത്തില്‍ത്തന്നെ വ്യക്തിവികാസത്തിന്നുതകുന്ന അത്യദ്ഭുതകരമായ ഒരു സന്ദേശം ഒളിഞ്ഞു കിടക്കുന്നതായി കാണപ്പെടുന്നു. ആ സന്ദേശത്തെ ആവിഷ്‌കരിക്കാന്‍ അമ്മയുടെ മഹജ്ജീവിതം നമുക്കു പ്രചോദനം നല്കുന്നു.
വശിന്യാദി ദേവതകള്‍ ഈ മഹത്തായ സ്തോത്രത്തിനു സര്‍വ്വ പ്രഥമമായ അലങ്കാരമായി ചേര്‍ത്തുവച്ചിരിക്കുന്ന പദം നാം ശ്രദ്ധിക്കേണ്ടതാണു്. ‘ശ്രീമാതാ’എന്ന അഭിസംബോധനത്തില്‍ക്കൂടിയാണു സ്തോത്രം ആരംഭിക്കുന്നതു്. വെറും മാതൃത്വമല്ല, ശ്രീയുടെ സകലൈശ്വര്യങ്ങളുടെയും സൗഭാഗ്യങ്ങളുടെയും ഉറവിടവും ആധാരവും പ്രചോദനവുമായി നിലകൊള്ളുന്ന മാതൃത്വം. അങ്ങനെ ദിവ്യമായ ലളിതാസഹസ്രനാമം മാതൃത്വത്തിൻ്റെ അപാരമായ മഹത്ത്വത്തെയും വൈഭവത്തെയും പ്രകീര്‍ത്തിച്ചു കൊണ്ടാണു തുടങ്ങുന്നതു്. അതിലുള്ള മറ്റെല്ലാ പദങ്ങളെക്കാള്‍ കൂടുതല്‍ ഹൃദയഹാരിയും അര്‍ത്ഥസമ്പുഷ്ടവുമായ പദമാണിതെന്നു പറയേണ്ടതില്ലല്ലോ. ‘മാതൃ ദേവോ ഭവ’ എന്ന ഉപനിഷദ്വാക്യത്തെ ഓര്‍മ്മിപ്പിക്കുന്നു ‘ശ്രീമാതാ’ എന്ന ഈ പദം.
ഓരോ ജീവനും പരാശക്തിയുടെ ഒരു പ്രത്യേക ശക്തിസ്പന്ദനത്തിൻ്റെ, സന്ദേശത്തിൻ്റെ ആവിഷ്കരണമാണല്ലോ. ഒരു അനന്ത വൈഭവത്തിൻ്റെ സ്ഫുരണം. അങ്ങനെ നാമെല്ലാവരും ദേവകാര്യ സമുദ്യതന്മാരായിട്ടാണു ജന്മമെടുക്കുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല. ചിലര്‍ ആ ദേവകാര്യത്തെപ്പറ്റി ബോധവാന്മാരാകുന്നു. മറ്റു ചിലര്‍ അജ്ഞരായി, അന്ധരായി ജീവിതം നയിക്കുന്നു. അമ്മ അതിനെപ്പറ്റി പൂര്‍ണ്ണബോധവതിയായി തൻ്റെ മനോവാക്കായ പ്രവൃത്തികളിലൂടെ ആ ഭാവത്തെ സദാ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു എന്നതാണു് ആ ദിവ്യ ജീവിതത്തിൻ്റെ മഹത്ത്വം.
പുരാണേതിഹാസങ്ങളില്‍ പ്രകീര്‍ത്തിച്ചിട്ടുള്ള ശിവശക്തിഭാവങ്ങളെപ്പറ്റി നാം ധാരാളം കേട്ടറിഞ്ഞിട്ടുള്ളതാണല്ലോ. ധര്‍മ്മസംസ്ഥാപനാര്‍ത്ഥം അവതരിച്ച അമ്മയില്‍ നിക്ഷിപ്തമായിരുന്ന കര്‍ത്തവ്യം, സ്ത്രീത്വത്തിൻ്റെ മാതൃത്വത്തിൻ്റെ പൂര്‍ണ്ണതയില്‍ നിറഞ്ഞുനില്ക്കുന്ന ധര്‍മ്മപുനഃസ്ഥാപനസാദ്ധ്യതകളെ ലോകത്തിനു മുന്നില്‍ എടുത്തുകാണിക്കുക എന്നതാണ്. സംസാരാന്ധകാരത്തിലാണ്ടു്, ആത്മവിസ്മൃതിയില്‍ മുഴുകി ശരിയായ അര്‍ത്ഥത്തില്‍ ‘ജീവിക്കുവാന്‍’ മറന്നുകൊണ്ടിരിക്കുന്നവരാണു ബഹുഭൂരിപക്ഷം ജനങ്ങളും. അതില്‍നിന്നു വ്യത്യസ്തമായി സദാ ‘ദേവകാര്യ സമുദ്യത’യായി പരാശക്തിയെപ്പോലെയാണു് അമ്മ സ്വജീവിതത്തിൻ്റെ നാഴികകളും വിനാഴികകളും കഴിച്ചുവരുന്നതു്. ‘മാതൃ ദേവോ ഭവ’ എന്ന ഋഷിവാക്യത്തിൻ്റെ സമ്പൂര്‍ണ്ണ ആശയാവിഷ്കരണമാണു നാം അമ്മയുടെ ജീവിതത്തില്‍ ദര്‍ശിക്കുന്നതു്. മാതൃത്വത്തിൻ്റെ വിശ്വാത്മനിലവാരം പുലര്‍ത്താന്‍, ഒരു നിമിഷം വ്യര്‍ത്ഥമാക്കാതെ, അമ്മ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പരമോന്നതമായ ശ്രീ മാതൃത്വഭാവമാണു് അമ്മയില്‍നിന്നു സദാ പ്രസരിച്ചുകൊണ്ടിരിക്കുന്നതു്.
വര്‍ത്തമാനകാലത്തു രണ്ടു തലങ്ങളിലാണു് അമ്മയുടെ ദേവകാര്യപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതു്. ഒന്നാമതായി സാമാന്യജനങ്ങളില്‍പ്പോലും മാതൃത്വമെന്ന അനുഭൂതിയിലൂടെ അദ്വൈതതത്ത്വത്തെ പ്രതിഷ്ഠിച്ചു ജ്ഞാനമാര്‍ഗ്ഗത്തിലേക്കു നയിക്കുക. രണ്ടാമതു്, എണ്ണമറ്റ സേവാപ്രവര്‍ത്തനങ്ങളിലൂടെ സമുദായത്തില്‍ നടനമാടിക്കൊണ്ടിരിക്കുന്ന ആസുരപ്രവണതകളെ ചെറുത്തുനിര്‍ത്തുക. അവയുടെ സംഹാരശക്തികളെ തൻ്റെ സര്‍ഗ്ഗാത്മകമായ ഇടപെടലുകളിലൂടെ നിര്‍വ്വീര്യമാക്കുക. സുനാമി കെടുതിയെത്തുടര്‍ന്നു് അമ്മ ചെയ്തുവച്ചിരിക്കുന്ന അതുല്യമായ സേവാപ്രവര്‍ത്തനങ്ങള്‍ ഇതു് എടുത്തുകാട്ടുന്നു. അമ്മയുടെ സേവാപദ്ധതികള്‍ മറ്റുള്ളവര്‍ ചെയ്യുന്നതിനെ അധികരിച്ചു നില്ക്കുന്നതിനുള്ള കാരണം അതിലടങ്ങിയിരിക്കുന്ന അജയ്യമായ വിശ്വപ്രേമരൂപത്തിലുള്ള ആദ്ധ്യാത്മിക ശക്തികൊണ്ടാണു്. അങ്ങനെ സ്ത്രീത്വത്തിൻ്റെ, മാതൃത്വത്തിൻ്റെ പൂര്‍ണ്ണതയില്‍ നിറഞ്ഞുനില്ക്കുന്ന ധര്‍മ്മ സ്ഥാപനസാദ്ധ്യതകളെ അമ്മ ലോകത്തിൻ്റെ മുന്‍പില്‍ എടുത്തു കാണിച്ചുകൊണ്ടിരിക്കുന്നു.
നമ്മളോരോരുത്തരും അമ്മയെ അനുകരിച്ചു് ഈ ദേവകാര്യം ഏകത്വമായ സത്യത്തെ നാനാത്വത്തില്‍ കണ്ടറിഞ്ഞു ത്യാഗത്തിലൂടെയും സേവനത്തില്‍ക്കൂടിയും ആരാധിക്കുക സാക്ഷാല്‍ പരാശക്തിയെ സ്വജീവിതത്തില്‍ സദാ പ്രസന്നയാക്കുക എന്നതു ജീവിത ദൗത്യമായി സ്വീകരിക്കണം.
ഈ അറിവിൻ്റെ അഥവാ അവബോധത്തിൻ്റെ ഉറവിടം എവിടെ നിന്നാണു്. അമ്മയുടെ ജീവിതത്തെപ്പറ്റി പഠിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണു്. സ്‌കൂളോ കോളേജോ യൂണിവേഴ്‌സിറ്റിയോ ഡിഗ്രിയോ ഇതൊന്നുംതന്നെ അതിൻ്റെ പിന്നിലില്ല. പിന്നെയോ? സഹസ്രനാമം എടുത്തുകാണിക്കുന്ന ‘ചിദഗ്നികുണ്ഡസംഭൂതാ’. ഈ അറിവു ബാഹ്യമായ യാതൊരു പ്രയത്‌നത്തില്‍ക്കൂടിയും നേടിയെടുക്കാന്‍ ആവില്ല. ആ ജ്ഞാനശക്തി ജ്വലിപ്പിക്കേണ്ടതു സ്വന്തം ചിത്തിലാണു്. അതുകൊണ്ടാണു് അമ്മ ആദ്ധ്യാത്മികതയുടെ ആവശ്യകതയെപ്പറ്റി നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നതു്.
ജന്മജന്മാന്തരങ്ങളായി മനസ്സില്‍ ഊറിക്കൂടിയിരിക്കുന്ന തമോരജോഗുണങ്ങളെ ഉന്മൂലനം ചെയ്‌തെങ്കില്‍ മാത്രമേ സത്വത്തിനു പ്രകാശിക്കുവാനും വിവേകബുദ്ധി പ്രകടമാക്കാനും കഴിയുകയുള്ളൂ. ഈ ചിദഗ്നിയില്‍ നിന്നാണു് അമൃതത്വത്തിൻ്റെ അമൃതകലശം ബഹിര്‍ഗ്ഗമിക്കുന്നതു്. ആത്മജ്ഞാനവും ത്യാഗ സേവാഭാവങ്ങളും ആരിലാണോ ഒത്തുചേരുന്നതു് അവളാണു ശ്രീമാതാവായി മാറുന്നതു്.
ഓരോ ജീവനും പ്രാപഞ്ചിക തലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സൃഷ്ടിസ്ഥിതിസംഹാരയജ്ഞത്തില്‍, ദേവകാര്യത്തില്‍, പങ്കുവഹിച്ചുകൊണ്ടിരിക്കുകയാണു്. അതിനെക്കുറിച്ചുള്ള അറിവു നേടുക എന്നതാണു് ജീവിതത്തില്‍ വിദ്യാഭ്യാസംകൊണ്ടും മതാനുഷ്ഠാനങ്ങളില്‍ക്കൂടിയും നമുക്കു നേടിയെടുക്കാനുള്ളതു്. അതിനായി അജ്ഞാനബന്ധനങ്ങളില്‍നിന്നും സ്വയം ചിദഗ്നി കുണ്ഡം ജ്വലിപ്പിച്ചു ശുദ്ധികൈവരിക്കണം. എല്ലാ ജീവിതാനുഭവങ്ങളും വിവേകിയായ ഒരുവൻ്റെ മുന്‍പില്‍, വളരാനും വികസിക്കാനുമുള്ള അവസരങ്ങളാണു്. കര്‍മ്മത്തെ കര്‍മ്മയോഗമാക്കി മാറ്റി, പ്രേമത്തെ ഭക്തിയോഗമാക്കി, അറിവിനെ സത്യത്തിലേക്കു നയിക്കുന്ന ജ്ഞാനയോഗമാക്കി മാറ്റി, ജീവിതാനുഭവങ്ങളെ എല്ലാം തന്നെ നമ്മെ ഈശ്വരനുമായി ബന്ധിപ്പിക്കുന്ന, സത്യത്തിലേക്കു് അടുപ്പിക്കുന്ന, സ്വര്‍ണ്ണച്ചരടുകളാക്കി മാറ്റാം.
അമ്മയുടെ ജീവിതത്തിൻ്റെ ആദ്യഘട്ടങ്ങളിലേക്കു് കണ്ണോടിച്ചാല്‍ ഇതിൻ്റെ പൊരുള്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയും. സദാ സംസാരത്തിലേക്കുതന്നെ വലിച്ചിഴയ്ക്കുന്ന, കുടുംബക്കാര്‍, ദാരിദ്ര്യത്തിൻ്റെ കെടുതികള്‍, ഇവരെല്ലാം ചുറ്റുംനിന്നു ജ്വലിപ്പിച്ചുകൊണ്ടിരുന്ന തീച്ചൂളയിലാണു് അമ്മ തൻ്റെ ആദ്ധ്യാത്മികസത്തയെ ചുട്ടുപഴുപ്പിച്ചു തനിത്തങ്കമാക്കി മാറ്റിയതു്. മഹത്തായ ഒരു തപസ്സുതന്നെയായിരുന്നു അതു്. സാധാരണ സ്ത്രീകള്‍ തളര്‍ന്നു പോകാനും തങ്ങള്‍ക്കു വന്നു ചേര്‍ന്നിരിക്കുന്ന ജീവിതസൗഭാഗ്യങ്ങളെ വലിച്ചെറിയാനും മടിക്കാത്ത അനുഭവങ്ങള്‍! അതിനെയെല്ലാം യാതൊരു ചാഞ്ചല്യവുമില്ലാതെ നേരിട്ടു്, സ്വജീവിതത്തെ മുന്നോട്ടു നയിച്ചു തൻ്റെ മാതൃത്വത്തിനെ അമ്മ പരിപോഷിപ്പിച്ചെടുത്തു. വള്ളിക്കാവിലെ കടലോരങ്ങളില്‍ ചെയ്യപ്പെട്ട ആ തപസ്സിനെ ലോകം കണ്ടില്ല. ആ ചിദഗ്നിയുടെ ജ്വാലകളില്‍ ഒരു ചെറിയ ശലഭം പോലും വെന്തുമരിച്ചില്ല. അത്ര സമുജ്ജ്വലമായ ഉണരലും വികാസവുമാണു് അമ്മ സാധിച്ചെടുത്തതു്. അതിൻ്റെ ഫലമോ? ലോക സമാരാദ്ധ്യമായ വിശ്വമാതൃത്വത്തിൻ്റെ മാതൃകയായി വിലസുന്നു അമൃതാനന്ദമയീദേവി.
ഏതൊരു മാതാവും ശ്രീമാതാവായി ഉയരുമ്പോള്‍ പ്രപഞ്ചശക്തികള്‍ മുഴുവനും അവളെ കുമ്പിടുന്നു. അവളൊരു ‘മഹാരാജ്ഞി’യായി മനുഷ്യഹൃദയങ്ങളുടെ സാമ്രാജ്യശാലിനിയായിത്തീരുന്നു. സഹസ്രനാമത്തിലെ രണ്ടാമത്തെ പദം ഈ സാമ്രാജ്യത്വത്തെയാണു് എടുത്തുകാണിക്കുന്നതു്.
ത്യാഗസേവസനസന്നദ്ധതയോടെ ആത്മസമര്‍പ്പണം ചെയ്യാന്‍ തയ്യാറായി, അമ്മയുടെ പാദ പാംസുക്കളെ ശിരസ്സിലണിയാന്‍ തയ്യാറായി ശിഷ്യര്‍ എത്തിച്ചേര്‍ന്നതോടെ അമ്മ മൂന്നാമത്തെ വിശേഷണത്തെ സ്വന്തമാക്കി. യാതൊരു ഉലച്ചിലും തട്ടാതെ ‘ശ്രീമത്‌സിംഹാസനേശ്വരി’യായി, ലോകത്തിൻ്റെ മുഴുവന്‍ ആദരവിനു പാത്രമായി. ജാതിമതരാഷ്ട്രഭാഷാഭേദമെന്യേ എല്ലാവരുടെയും ഹൃദയസിംഹാസനങ്ങളില്‍ അധിഷ്ഠിതയായി, അക്ഷയമായ യശസ്സിനും കീര്‍ത്തിക്കും പാത്രമായിരിക്കുന്നു എന്നതു ഭാരതീയ തത്ത്വചിന്തയുടെ, സനാതനധര്‍മ്മത്തിൻ്റെ പരിപൂര്‍ണ്ണതയ്ക്കുള്ള മഹത്തായ അംഗീകാരമാണു്.
അമൃതസ്വരൂപിണിയായി, അന്നപൂര്‍ണ്ണേശ്വരിയായി, അദ്വൈതാമൃതവര്‍ഷിണിയായി, സര്‍വ്വാഭീഷ്ട പ്രദായിനിയായി എല്ലാറ്റിലുമുപരി സ്നേഹവാത്സല്യരൂപിണിയായ അമ്മയായി മാതൃശക്തിയുടെ അത്യുദാത്തമായ മാതൃകയായി സംപൂജ്യയായ അമ്മ വിരാജിക്കുന്നു; അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.