കിളികള്‍ ഉണക്കചുള്ളിക്കമ്പിലിരുന്നു് ഇര കഴിക്കും ഉറങ്ങും എന്നാല്‍ അതിനറിയാം, ഒരു കാറ്റുവന്നാല്‍ ചുള്ളിക്കമ്പു കാറ്റിനെ ചെറുത്തുനിന്നു് അതിനു താങ്ങാവില്ല, അതൊടിഞ്ഞുവീഴും എന്നു്. അതിനാല്‍ കിളി എപ്പോഴും ജാഗ്രതയോടെയിരിക്കും. ഏതു നിമിഷവും പറന്നുയരാന്‍ തയ്യാറായിരിക്കും.

പ്രാപഞ്ചികലോകവും ഈ ഉണക്കചുള്ളിക്കമ്പുപോലെയാണു്. ഏതു നിമിഷവും അവ നഷ്ടമാകും. ആ സമയം ദുഃഖിച്ചു തളരാതിരിക്കണമെങ്കില്‍ നമ്മള്‍ എപ്പോഴും ആ പരമതത്ത്വത്തെ വിടാതെ മുറുകെ പിടിക്കണം. വീടിനു തീ പിടിച്ചാല്‍, നാളെ അണയ്ക്കാം എന്നു പറഞ്ഞു് ആരും കാത്തു നില്ക്കാറില്ല. ഉടനെ അണയ്ക്കും. ഇന്നു നമ്മുടെ ജീവിതത്തില്‍ ഉള്ളതു ദുഃഖം മാത്രമായിരിക്കാം. പക്ഷേ, അതുതന്നെ ഓര്‍ത്തോര്‍ത്തു തളര്‍ന്നിരുന്നു് ആയുസ്സും ആരോഗ്യവും നഷ്ടമാക്കാതെ, അതിനു നിവൃത്തി വരുത്തുവാന്‍ ശ്രമിക്കുകയാണു വേണ്ടതു്.

മക്കളേ, ഇന്നു നമ്മുടെ കൂടെയുള്ളവയൊന്നും എക്കാലവും നമ്മുടെ കൂടെയുണ്ടാകില്ല. നമ്മള്‍ സമ്പാദിക്കുന്ന ഈ വീടും സ്വത്തും പണവുമെല്ലാം എക്കാലവും നമ്മോടൊപ്പമുണ്ടാവില്ല. അവസാനകാലത്തു് ഇവയൊന്നും നമുക്കു കൂട്ടാവുകയില്ല. ഏതു കാലത്തും നമുക്കു കൂട്ടായിരിക്കുന്നതു പരമാത്മാവു് ഒന്നുമാത്രമാണു്.
എല്ലാം ഉപേക്ഷിക്കണമെന്നോ എല്ലാവരെയും വെറുക്കണമെന്നോ അല്ല അമ്മ പറയുന്നതു്. ഇതൊന്നും ശാശ്വതമല്ലെന്നറിഞ്ഞു ബന്ധമില്ലാതെ ജീവിക്കണമെന്നാണു്. അമ്മ ഉദ്ദേശിക്കുന്നതു ജീവിതത്തില്‍ ശാന്തി കണ്ടെത്തണമെങ്കില്‍ അതൊന്നു മാത്രമാണു മാര്‍ഗ്ഗം.

ഒരു കൊതുമ്പുവള്ളത്തില്‍ സമുദ്രത്തിലൂടെ യാത്രചെയ്യുകയാണു്. പെട്ടെന്നു് ആകാശം ഇരുണ്ടു. കാറും കോളും മൂടി. ചുഴലിക്കാറ്റും പേമാരിയുമായി. തിരമാലകള്‍ ഉയര്‍ന്നു പൊങ്ങി. സമുദ്രം ഇളകിമറിയുകയാണു്. നമ്മള്‍ എന്തുചെയ്യും. ഒരു നിമിഷം പാഴാക്കാതെ വള്ളം കരയ്ക്കടുപ്പിക്കാന്‍ ശ്രമിക്കും. മക്കളേ, ഇതുപോലൊരു സാഹചര്യത്തിലാണു നമ്മളിന്നു നില്ക്കുന്നതു്. നഷ്ടമാക്കാന്‍ ഒരു സെക്കന്‍ഡു പോലുമില്ല. പരമാത്മാവിനെ ലക്ഷ്യംവച്ചുകൊണ്ടു മുന്നോട്ടു തുഴയുകയാണു വേണ്ടതു്. അതൊന്നു മാത്രമാണു് അഭയസ്ഥാനം. സദാ അവിടുത്തെ ധ്യാനിക്കുക അതാണു ദുഃഖനിവൃത്തിക്കുള്ള മാര്‍ഗ്ഗം.

സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി പ്രയത്‌നിക്കുന്നതിനിടയില്‍ ചുറ്റും ഒന്നു കണ്ണോടിക്കുവാന്‍ മക്കള്‍ മറക്കരുതു്. കഴിഞ്ഞ മാസങ്ങളില്‍ എത്ര ഘോരമായ മഴയായിരുന്നു. ഈ മഴയത്തു ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കുകീഴില്‍, ഏതു നിമിഷമാണു് അതു് ഇടിഞ്ഞു വീഴുന്നതെന്നതറിയാതെ, ഉറങ്ങാതെ കുത്തിയിരുന്നു നേരം വെളുപ്പിച്ച എത്രയോ ആയിരങ്ങള്‍ നമുക്കു ചുറ്റുമുണ്ടു്.

മദ്യം നിറച്ച ഗ്ലാസ്സുയര്‍ത്തുമ്പോള്‍ മക്കള്‍ അവരെക്കുറിച്ചോര്‍ക്കൂ. നമ്മള്‍ ഒരു മാസം അനാവശ്യമായി ചിലവുചെയ്യുന്ന പണം ഉണ്ടെങ്കില്‍, ആ കൂര മേഞ്ഞു കൊടുക്കാം. അവര്‍ക്കു സുഖമായി രാത്രി കഴിയാം. ഫീസില്ലാത്തതു കാരണം ഒന്നാമനായിരുന്നുവെങ്കിലും പഠിത്തം നിര്‍ത്തി, തെരുവിലിറങ്ങേണ്ടി വന്ന എത്രയോ സാധു കുഞ്ഞുങ്ങളാണുള്ളതു്. ഓരോ ആഡംബരവസ്ത്രം എടുക്കുമ്പോഴും നിഷ്‌കളങ്കരായ ഈ കുഞ്ഞുങ്ങളുടെ മുഖം മക്കള്‍ കാണുവാന്‍ ഒന്നു ശ്രമിക്കണം.

മക്കളേ, അമ്മ ആരെയും നിര്‍ബ്ബന്ധിക്കുന്നില്ല. ലോകത്തിൻ്റെ സ്ഥിതി അമ്മ ഓര്‍ത്തുപോയി എന്നു മാത്രം. ഒരു കാര്യം അമ്മയ്ക്കുറപ്പുണ്ടു്, മക്കള്‍ വിചാരിച്ചാല്‍, ഇന്നത്തെ സ്ഥിതിക്കു മാറ്റം വരുത്താന്‍ കഴിയും. മക്കളേ, യഥാര്‍ത്ഥ ഈശ്വരപൂജ അതൊന്നുമാത്രമാണു്. മക്കളില്‍നിന്നും അമ്മ പ്രതീക്ഷിക്കുന്നതു് അതാണു്. ?