നവാഗതനായ ബ്രഹ്മചാരിയോടായി ചോദിച്ചു, ”മോനിപ്പോൾ പുസ്തകമെന്തെങ്കിലും വായിക്കുന്നുണ്ടോ?”
ബ്രഹ്മചാരി: ഉണ്ടമ്മേ, പക്ഷേ അമ്മേ, മിക്ക പുസ്തകങ്ങളിലും ഒരേ കാര്യംതന്നെ. അതും പലയിടത്തും ആവർത്തിച്ചു പറയുന്നതായിക്കാണുന്നു.

അമ്മ: മോനേ, പറയാനുള്ളതു് ഒന്നുമാത്രം. നിത്യമേതു്, അനിത്യമേത്. നന്മയേതു്, തിന്മയേത്. നിത്യത്തെ എങ്ങനെ സാക്ഷാത്കരിക്കാം. ഗീതയും പുരാണങ്ങളുമെല്ലാം ഒരേ തത്ത്വം ജനങ്ങൾക്കു മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കുന്നു. അതിനാൽ സാരമായ ഉപദേശങ്ങൾ ആവർത്തിച്ചാവർത്തിച്ചു പറയുന്നു. അവയുടെ പ്രാധാന്യം കാണിക്കാനാണത്. പലതവണ കേട്ടാലേ സാധാരണക്കാരായ ജനങ്ങളുടെ മനസ്സിൽ അത് തങ്ങി നിൽക്കുകയുള്ളൂ.

പിന്നെ ബാഹ്യമായി ചില മാറ്റങ്ങൾ കാണുമായിരിക്കും. രാമായണത്തിൽ രാമരാവണയുദ്ധമാണെങ്കിൽ, ഭാരതത്തിൽ കൗരവപാണ്ഡവ യുദ്ധമാണെന്നുമാത്രം. അടിസ്ഥാനതത്ത്വം എല്ലാറ്റിലും ഒന്നുതന്നെ. വ്യത്യസ്ത സാഹചര്യങ്ങളിൽ ഈ ഒരേ തത്ത്വത്തെ മുറുകെപിടിച്ചുകൊണ്ടു നീങ്ങുന്നതെങ്ങനെയായിരിക്കണം, അതാണു് എല്ലാ മഹാത്മാക്കളും ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നതു്.

മറ്റൊരു ബ്രഹ്മചാരി: അമ്മേ, ഈയിടെയായി ശരീരത്തിനു ഭയങ്കര ക്ഷീണം. യോഗാസനം പഠിക്കാൻ തുടങ്ങിയതിനു ശേഷമാണ്.
അമ്മ: മോനേ, യോഗാസനം പഠിക്കാനാരംഭിച്ചാൽ ആദ്യത്തെ ഒരു മാസം കുറച്ചു പ്രയാസം ഉണ്ടാകും. ശരീരത്തിനു ക്ഷീണം അനുഭവപ്പെടും. ഈ സമയത്തു് ആഹാരം വേണ്ടത്ര കഴിക്കണം.

ശീലമായിക്കഴിഞ്ഞാൽ ശരീരസ്ഥിതിയും സാധാരണപോലെയാകും. പിന്നെ ഭക്ഷണവും പഴയതുപോലെ മതി. (ചിരിച്ചുകൊണ്ട്) അല്ലെങ്കിൽ ശരിക്കു് ഭക്ഷണം കഴിക്കാൻ അമ്മ പറഞ്ഞിട്ടുണ്ടു് എന്നുംപറഞ്ഞു മൂക്കുമുട്ടെ കഴിക്ക്. അങ്ങനെ വല്ലതും കണ്ടാൽ….. (എല്ലാവരും ചിരിക്കുന്നു).

അമ്മ തുടർന്നു, സാധകർ ഭക്ഷണക്കാര്യത്തിൽ വളരെ ശ്രദ്ധിക്കണം. രാവിലെ ഭക്ഷണം കഴിക്കാതിരിക്കുന്നതാണു നല്ലത്. രാവിലെ പതിനൊന്നുമണിവരെ ധ്യാനംകൊണ്ടു മനസ്സിനെ നിറയ്ക്കണം.

ആഹാരം അധികമായാൽ തമോഗുണം കൂടും. മനസ്സിനു് എല്ലാ ദുഃസ്വഭാവങ്ങളും ഉണ്ടാകും. രാവിലെ എന്തെങ്കിലും കഴിക്കുകയാണെങ്കിൽ വളരെ കുറച്ചേ പാടുള്ളൂ. ധ്യാനത്തിൽ മാത്രമായിരിക്കണം മനസ്സ്. രാത്രിയിലും ലഘുഭക്ഷണമേ ആകാവൂ.