കാവാലം ശശികുമാര്‍
‘ചരിഞ്ഞു ചാഞ്ഞു വളഞ്ഞിക്കാലടി
നടന്നു നീങ്ങുവതെങ്ങോട്ടോ?’
”ഇറങ്ങുകമ്മേ, ഗോകുലമെല്ലാ-
മൊരുങ്ങി നില്പതു കണ്ടില്ലേ?”
‘ഇതെന്തു കോലം? കൈയില്‍ കോലും
മൗലിയിലയ്യാ പീലിയതും?
”മറന്നുവോ എന്നമ്മേ നീയിതു?
മണിക്കുരുന്നിന്‍ തിരുനാളായ്…”
നിറഞ്ഞു ഗ്രാമം നഗരവുമെല്ലാ,മമ്പാടിക്കൊരു മത്സരമായ്
അറിഞ്ഞുകേട്ടവരെല്ലാരും പോന്നണഞ്ഞു മഞ്ഞക്കടലായി
ഉയര്‍ന്നുകേള്‍ക്കുന്നെവിടെയുമിവിടെയുമിനിപ്പുചൊരിയും മൃദുനാദം
മറഞ്ഞുനിന്നാ കാറൊളിവര്‍ണ്ണന്‍ മുഴക്കുമാക്കുഴല്‍വിളിയാകാം
അടുത്തുവന്നെന്‍ കവിളിലൊരുമ്മയതുതിര്‍ത്തുപോയൊരു കുളിരലയില്‍
തണുപ്പുതോന്നിച്ചയ്യാ കണ്ണന്‍ പീലിയുഴിഞ്ഞൊരു സുഖമാകാം
അകന്നുപോകുന്നെന്നോ കളമൃദുനൂപുരരഞ്ജിതമണിനാദം
പിരിഞ്ഞിടെല്ലേ പൊന്നേ, നീയെന്‍ നിതാന്തജീവനരസമല്ലേ.