മണിയാര്‍ ജി. ഭാസി

അന്നൊരുനാള്‍ ആശ്രമത്തില്‍നിന്നും അമ്മയുടെ ദര്‍ശനവും കഴിഞ്ഞു് അമൃതപുരിയില്‍ ബസ്സു് കാത്തുനില്ക്കുകയായിരുന്നു. വൈകിയുള്ള മടക്കയാത്രയായതിനാല്‍ ഏതെങ്കിലും വണ്ടികള്‍ വരുന്നുണ്ടോയെന്നു് ആകാംക്ഷയോടെ റോഡിലേക്കു നോക്കിനില്ക്കുന്ന നിമിഷം. സന്ധ്യാ കിരണങ്ങള്‍ ഏറ്റുവാങ്ങി പുളകം കൊള്ളുന്ന വിശാലമായ കടല്‍ത്തിരമാലകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ആജാനുബാഹുവായ ഒരു യൂറോപ്യന്‍ എൻ്റെ അടുത്തേക്കു നടന്നു വരുന്നു. അയാളുടെ ഉയരത്തിനൊപ്പം നില്ക്കുന്ന വളരെ വലിയ ഒരു ബാഗ് മുതുകില്‍ തൂക്കിയിട്ടുണ്ടു്. ‘ഓം നമഃശിവായ’ എന്നു് അഭിസംബോധന ചെയ്തുകൊണ്ടു സുസ്‌മേരവദനനായി എൻ്റെ അരികിലേക്കു് അയാള്‍ വന്നു നിന്നു. ബഹുമാനപൂര്‍വ്വം ഞാനും ‘ഓം നമഃശിവായ’ പറഞ്ഞു.

എവിടെയോ കണ്ടു് എൻ്റെ ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന അയാളുടെ മുഖം. എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിയാതെയുള്ള എൻ്റെ നിസ്സഹായത. എൻ്റെ ഓര്‍മ്മയിലുള്ള ഓരോ ഇഴകളും തെളിഞ്ഞു പുറത്തു വരുന്തോറും വളരെ ക്രൂരനായ ഒരു മനുഷ്യനെ മാത്രമേ അയാളുടെ മുഖരൂപത്തില്‍ എനിക്കു് ഓര്‍ക്കാന്‍ സാധിക്കുന്നുള്ളൂ. ഇത്രയ്ക്കു മനുഷ്യത്വമില്ലാത്ത ഒരാളിനെ കാണാന്‍ ഇടയാകരുതേ എന്നുപോലും മനസ്സില്‍ കുറിച്ചിട്ടിരുന്നുവോ! പക്ഷേ, ഇത്രയും സൗമ്യനായി പെരുമാറുന്ന ഈ മനുഷ്യനെ ഞാനെന്തിനു സംശയിക്കണം.

ലാളിത്യമാര്‍ന്ന ആംഗലേയഭാഷയില്‍ അയാള്‍ യാത്രയുടെ വിവരങ്ങള്‍ എന്നോടു പറഞ്ഞു: ”മൂന്നു ദിവസം ഞാന്‍ ആശ്രമത്തില്‍ ഉണ്ടായിരുന്നു. ഇന്നെനിക്കു് അമ്മയുടെ ദര്‍ശനം ലഭിച്ചു. ഞാനിനി കോവളത്തേക്കു പോവുകയാണു്. എൻ്റെ കൂട്ടുകാര്‍ ഇന്നലെ ഇവിടെനിന്നു പോയി. അവിടെ ഒരു ഹോട്ടലില്‍ താമസിക്കുകയാണു്. ഞാന്‍ ചെന്നതിനു ശേഷം രണ്ടുദിവസം കഴിഞ്ഞു ഞങ്ങള്‍ കൊച്ചിയിലേക്കു പോകും. അതിനുശേഷം ഞങ്ങള്‍ എല്ലാവരും ഒരു പ്രാവശ്യംകൂടി അമ്മയെ വന്നു കണ്ടതിനു ശേഷമേ നാട്ടിലേക്കു മടങ്ങുകയുള്ളൂ. ‘ഓ മൈ മദര്‍! ഹൗ മെനി ചെയിഞ്ചസ് ദേര്‍ ഹാവ് ബീന്‍ ഇന്‍ മൈ ലൈഫ്’ (എൻ്റെ അമ്മേ, എൻ്റെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു).” അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

”ഇതിനു മുന്‍പു ഞാന്‍ അമ്മയെ കാണാന്‍ നാലു പ്രാവശ്യം അമൃതപുരിയില്‍ വന്നിട്ടുണ്ടു്. അപ്പോഴൊക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും കൊച്ചി വിമാനത്താവളത്തില്‍ നിന്നും ടാക്‌സി പിടിച്ചാണു ഞങ്ങള്‍ ഇവിടേക്കു വന്നിരുന്നതു്. ഞാന്‍ തനിച്ചു കോവളത്തേക്കു യാത്ര ചെയ്യുന്നതു് ഇതാദ്യമായാണു്. എനിക്കു പോകേണ്ട ബസ്സു് റൂട്ടു പറഞ്ഞു തരണം.” എന്നോടു പറഞ്ഞു നില്ക്കുന്നതിനിടയില്‍ ഒരു പ്രൈവറ്റ് ബസ്സു് വന്നു. ഞങ്ങള്‍ രണ്ടു പേരും ആ ബസ്സില്‍ കയറി കരുനാഗപ്പള്ളി ബസ്സ്സ്റ്റാന്‍ഡില്‍ എത്തി. പക്ഷേ, അര മണിക്കൂര്‍ കഴിഞ്ഞിട്ടും തിരുവനന്തപുരത്തേക്കുള്ള ബസ്സു് കണ്ടില്ല. പോകാന്‍ വളരെ തിടുക്കമുണ്ടായിട്ടും ഇത്രയ്ക്കു് ആത്മാര്‍ത്ഥമായി സംസാരിക്കുന്ന ഈ മനുഷ്യനെ യാത്രയാക്കിയിട്ടു പോകാമെന്നു ഞാനും തീരുമാനിച്ചു.

ഇതിനിടെ ഞങ്ങള്‍ പരസ്പരം വളരെയധികം കാര്യങ്ങള്‍ സംസാരിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു, ”ഞാന്‍ അമ്മയുടെ ഒരു ഭക്തനാണു്. എന്നു മാത്രമല്ല, അമ്മയെപ്പറ്റി കവിതകള്‍ എഴുതാറുണ്ടു്.” ഇതു കേട്ടപ്പോള്‍ എൻ്റെ കൈവശമുള്ള ബാഗില്‍ പിടികൂടിയിട്ടു് അദ്ദേഹം പറഞ്ഞു, ”പ്ലീസ് ഗിവ് മീ ദി പോയംസ്. (ദയവായി ആ കവിതകള്‍ എനിക്കു തരൂ.)” ഞാന്‍ സന്തോഷത്തോടു കൂടി ബാഗിലുണ്ടായിരുന്ന അമ്മയുടെ ഈ വര്‍ഷത്തെ മാതൃവാണി ജന്മദിനപ്പതിപ്പിലുള്ള എൻ്റെ കവിത അദ്ദേഹത്തെ കാണിച്ചു കൊടുത്തു. പെട്ടെന്നു് അദ്ദേഹം എൻ്റെ കൈ പിടിച്ചു് ഉമ്മവച്ചിട്ടു് ”യു ആര്‍ എ ലക്കി ഫെലോ. അമ്മാസ് ബ്ലസിങ്‌സ് ആര്‍ വിത്ത് യു. (നിങ്ങള്‍ തികച്ചും ഭാഗ്യവാനാണു്. അമ്മയുടെ അനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടു്)” എന്നു പറഞ്ഞു. സന്തോഷകിരണങ്ങള്‍ മനസ്സിൻ്റെ ഉള്ളിലേക്കു് ആഴ്ന്നിറങ്ങി എന്ന തോന്നല്‍!

”ഇപ്പോള്‍ മലയാളം എനിക്കു കുറയൊക്കെ അറിയാം. അമ്മയുടെ അഷ്ടോത്തരം ഞാനെന്നും ചൊല്ലാറുണ്ടു്.” ശരീരഗാംഭീര്യം കൊണ്ടും സൗമ്യമായ പെരുമാറ്റംകൊണ്ടും ആരെയും ആകര്‍ഷിക്കാന്‍ പോന്ന ആ ഇറ്റലിക്കാരനുമായുള്ള എൻ്റെ സംഭാഷണം നീണ്ടുപോയി. ”നിങ്ങള്‍ ആദ്യമായി ഭാരതത്തില്‍ വന്നതു് ഓര്‍മ്മയുണ്ടോ?” ഞാന്‍ ചോദിച്ചു. ഉടനെ അദ്ദേഹം വലിയ ബാഗിൻ്റെ സൈഡിലുണ്ടായിരുന്ന ചെറിയ ഒരു അറ തുറന്നു് ഒരു ഡയറി പുറത്തെടുത്തു. ”ഇതില്‍ എല്ലാ വിവരങ്ങളും കുറിച്ചിട്ടിട്ടുണ്ടു്. ആദ്യമായി ഞാന്‍ കേരളത്തില്‍ വന്നതു് 1977ലാണു്.” ഞാന്‍ വളരെ ആകാംക്ഷയോടെ ആ ദിവസം തിരക്കി. കൃത്യമായി ഡയറി നോക്കിയിട്ടു പുനലൂര്‍ വഴി മദ്രാസ്സില്‍ പോയിട്ടുള്ള വിവരം കാണിച്ചുതന്നു. ഫെബ്രുവരി 9. എൻ്റെ എല്ലാ സംശയങ്ങളും ദൂരീകരിച്ച നിമിഷം! ”അന്നു് ആ ട്രെയിനില്‍വച്ചു ഞാന്‍ നിങ്ങളെ കണ്ടിട്ടുണ്ടു്. ഞാനും എൻ്റെ ഭാര്യയും ആറുമാസം മാത്രം പ്രായമുള്ള ഞങ്ങളുടെ മകളുംകൂടി പുനലൂരില്‍നിന്നു പണ്ടുരുട്ടി സ്റ്റേഷന്‍വരെ ആ കമ്പാര്‍ട്ടുമെൻ്റില്‍ ഉണ്ടായിരുന്നു.”

പെട്ടെന്നു് ഒരു മ്ലാനത അനുഭവപ്പെട്ടവനെപ്പോലെ അയാള്‍ സംസാരിക്കാന്‍ തുടങ്ങി. ”സോറി, സോറി അന്നൊന്നും ഞാന്‍ ഒരു നല്ല മനുഷ്യനേ ആയിരുന്നില്ല. മുന്‍പു ഞാന്‍ അമ്മയെപ്പറ്റി കേട്ടിട്ടില്ലായിരുന്നു. മറ്റുള്ളവരോടു് ഇടപഴകാന്‍ എനിക്കു തീരെ അറിയില്ലായിരുന്നു. പ്രത്യേകിച്ചും ഭാരതത്തിലുള്ളവരോടു് അപമര്യാദയായി ഞാന്‍ പെരുമാറിയിട്ടുണ്ടു്. ഇപ്പോഴുള്ള എല്ലാ മാറ്റങ്ങള്‍ക്കും കാരണം അമ്മയാണു്. എൻ്റെ നാട്ടില്‍ മൂല്യങ്ങളൊന്നും പറഞ്ഞുതരുന്നതിനു് ആരും തുനിഞ്ഞിരുന്നില്ല. ഇപ്പോള്‍ പതിനാലു വര്‍ഷങ്ങളായി ഞാന്‍ അമ്മയുടെ ഭക്തനായിട്ടു്. എനിക്കു മനുഷ്യത്വം എന്താണെന്നു് അമ്മ കാണിച്ചുതന്നു. മനുഷ്യരെ മാത്രമല്ല, എല്ലാ ജീവജാലങ്ങളെയും എനിക്കിപ്പോള്‍ വലിയ ഇഷ്ടമാണു്.”

ഏകദേശം മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു ട്രെയിനില്‍വച്ചു
കണ്ട ക്രൂരനായ ആ വിദേശിയാണോ എൻ്റെ മുന്‍പില്‍ ഇരിക്കുന്നതെന്നു വിശ്വസിക്കാന്‍ പറ്റാത്ത നിമിഷം. വളരെയധികം തിരക്കുണ്ടായിരുന്ന ആ ട്രെയിനില്‍ നാലു പേര്‍ക്കെങ്കിലും ഇരിക്കേണ്ടുന്ന സീറ്റ് ഒറ്റയ്ക്കു കൈക്കലാക്കി, അയാളുടെ വലിയ കാലുകള്‍ ഇടനാഴിയിലേക്കു നീട്ടിവച്ചു്, അവിടെ ഞെരുങ്ങി കുത്തിയിരിക്കുന്ന പ്രായമുള്ളവരുടെ ദേഹത്തേക്കു്, വലിയ ചെരുപ്പിട്ട അയാളുടെ കാലുകള്‍കൊണ്ടു നിര്‍ദ്ദയം ചവുട്ടി, ടി.ടി.ആര്‍. വന്നിട്ടും ഒട്ടും മൈന്‍ഡ് ചെയ്യാതെ വിരട്ടിവിടുന്ന ആ രൂപം എൻ്റെ മനസ്സിനെ അന്നു വല്ലാതെ വേദനിപ്പിച്ചിരുന്നു.

നാല്പത്തിയഞ്ചു മിനിട്ടു ഞങ്ങള്‍ കരുനാഗപ്പള്ളിയില്‍ വെയ്റ്റു ചെയ്തിട്ടും തിരുവനന്തപുരത്തേക്കുള്ള ഒരു ബസ്സുപോലും വന്നില്ല. വീണ്ടും ഞാന്‍ അന്വേഷണ കൗണ്ടറില്‍ തിരക്കി. മൂന്നു ബസ്സുകള്‍ വഴിയില്‍ ബ്ലോക്കായി കിടപ്പാണു്. ഉത്സവസീസണായതിനാല്‍ റോഡു പലയിടത്തും ബ്ലോക്കാണെന്നു മനസ്സിലായി.

”അടുത്ത മാര്‍ച്ചില്‍ അമ്മയെ കാണാന്‍ ഞങ്ങള്‍ വീണ്ടും വരുന്നുണ്ടു്.” അതു പറയുമ്പോള്‍ പീറ്ററിനു് എന്തെന്നില്ലാത്ത സന്തോഷം. ”ഇറ്റലിയില്‍ മാത്രമല്ല, ഫ്രാന്‍സിലും ജര്‍മ്മനിയിലും അമ്മ വന്നപ്പോള്‍ ഞാന്‍ പോയി കണ്ടിരുന്നു.” അമ്മയെപ്പറ്റി പറയുമ്പോള്‍ പീറ്റര്‍ വാചാലനാകുന്നുണ്ടായിരുന്നു. വളരെനേരത്തെ കാത്തിരിപ്പിനുശേഷം അതാ ഒരു തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്. ഞാന്‍ പീറ്ററിനു് വണ്ടി കാണിച്ചുകൊടുത്തു. തിരക്കുള്ള ആ ബസ്സിൻ്റെ വാതിലില്‍ പീറ്ററിൻ്റെ വലിയ ബാഗു കടത്തുന്നതിനു ഞാനുംകൂടി സഹായിച്ചു. വണ്ടി ലെയ്റ്റായി വന്നതിനാല്‍ കണ്ടക്ടര്‍ ഉടന്‍ തന്നെ ബെല്ലുകൊടുത്തു. ഞാന്‍ കൈ കാണിക്കുന്നതിനിടയില്‍ കണ്ടക്ടറോടു ”പ്ലീസ് വെയ്റ്റ്, വെയ്റ്റ്” എന്നു പറഞ്ഞിട്ടു ഫുട്ബോര്‍ഡില്‍നിന്നു താഴേക്കിറങ്ങിവന്നു് എന്നെ കെട്ടിപ്പിടിച്ചു്, ”ഓം നമഃശിവായ! മേ ഗോഡ് ബ്ലെസ്സു് യു. (ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ)” എന്നു പറഞ്ഞു പീറ്റര്‍ വണ്ടിയിലേക്കു ചാടി ക്കയറി. ആ കണ്ണുകള്‍ സ്നേഹപൂര്‍വ്വം എന്നിലേക്കുതന്നെ നോക്കിക്കൊണ്ടു കൈകള്‍ വീശുന്നതിനിടയില്‍ ബസ്സു് ദൂരേക്കു മറഞ്ഞു.

മുപ്പത്തിയഞ്ചു വര്‍ഷം മുന്‍പു കണ്ട ക്രൂരനായ ആ പീറ്റര്‍ ഗോമസിനെ ഇന്നത്തെ ഈ നിഷ്‌കളങ്കനായ മനുഷ്യനാക്കി മാറ്റിയെടുക്കുന്നതിനു നമ്മുടെ അമ്മയ്ക്കല്ലാതെ ഏതൊരു വ്യക്തിക്കാണു കഴിയുക. എത്രയോ സ്വദേശികളെയും വിദേശികളെയും അമ്മ സന്മാര്‍ഗ്ഗികളാക്കി മാറ്റിയിരിക്കുന്നു. എങ്കിലും അറിയാതെ ഞാന്‍ സന്തോഷപൂര്‍വ്വം ഉരുവിട്ടു, ”ഇത്രയ്ക്കു മാറ്റമോ പീറ്ററേ!”