ജന്മദിനസന്ദേശം 1995


മക്കളേ, എല്ലാത്തിൻ്റെയും അടിസ്ഥാനം വിനയവും ക്ഷമയുമാണു്. അതില്ലാത്തതുകൊണ്ടാണു സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ വളരുന്നതു്. അതിനാല്‍ വിനയവും ക്ഷമയുമുള്ള ഒരു മനസ്സാണു നമുക്കു വേണ്ടതു്.

ആധുനികലോകം ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. ഇവിടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഇല്ല. ശത്രുക്കള്‍ മാത്രം; പരസ്പരം നശിപ്പിക്കാന്‍ വ്യഗ്രതപൂണ്ടു നില്ക്കുന്ന ശത്രുക്കള്‍ മാത്രം. ഇപ്പോള്‍ ഒന്നിച്ചുനിന്നു മറുപക്ഷക്കാരോടു യുദ്ധം ചെയ്യും. പിന്നീടു്, ഭിന്നിച്ചുനിന്നു പരസ്പരം യുദ്ധം ചെയ്യും. ഈ കാഴ്ചയാണു പലയിടങ്ങളിലും കാണുന്നതു്.

സ്വാര്‍ത്ഥതയും അഹങ്കാരവും മനുഷ്യന്‍ ബിസിനസ്സാക്കി മാറ്റിയിരിക്കുന്നു. ഇനി മുന്നോട്ടുള്ള നീ ക്കങ്ങള്‍ എങ്ങനെയെന്നു പറയാന്‍ വയ്യ. അതിനാല്‍, മക്കളേ പരസ്പരം ക്ഷമയും സ്നേഹവും വിശ്വാസവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം.

മക്കളേ, ഇന്നു നമ്മള്‍ ബന്ധങ്ങളുടെ പേരില്‍ ബന്ധനസ്ഥരായിരിക്കുന്നു എന്ന സത്യം നാമറിയുന്നില്ല. ബന്ധങ്ങള്‍ വേണ്ട എന്നല്ല, പക്ഷേ, ബന്ധങ്ങളില്‍ച്ചെന്നുപെടുമ്പോള്‍, ആ വസ്തുവിനോ വ്യക്തിക്കോ നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം നാം വ്യക്തമായി മനസ്സിലാക്കുവാന്‍ ശ്രമിക്കണം. പരസ്പരം അറിഞ്ഞുള്ള ബന്ധമായാല്‍ മാത്രമേ യഥാര്‍ത്ഥ സ്നേഹം ഉടലെടുക്കുകയുള്ളൂ. വ്യക്തിയോടായാലും ലോകവസ്തുക്കളോടായാലും അതുമായി നമുക്കുള്ള ബന്ധം കൂടുവാനോ കുറയുവാനോ പാടില്ല.

സാധാരണ എല്ലാവരും പറയാറുണ്ടു്, ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്നു്. എന്നാല്‍ ഇതല്ല ശരി. ‘ഞാന്‍ സ്നേഹമാണു്, സ്നേഹസ്വരൂപമാണു്’ ഇതാണു വാസ്തവം. ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്നുപറയുമ്പോള്‍, അവിടെ ‘ഞാന്‍’ വരുന്നു, ‘നീ’ വരുന്നു. ഇതിനിടയില്‍ കിടന്നു സ്നേഹം ഞെരിഞ്ഞമരുന്നു.

അതിനാല്‍ നമ്മില്‍നിന്നു സകലരിലേക്കും ഒഴുകുന്നതു സ്നേഹം മാത്രമായിരിക്കണം. സാഹചര്യങ്ങള്‍ക്കു് അതിന്റെ അളവിനെ കൂട്ടാനോ കുറയ്ക്കുവാനോ കഴിയില്ല. നമ്മള്‍ എല്ലാവരും സ്നേഹസ്വരൂപികളായിരിക്കാന്‍ പഠിക്കണം. അപ്പോള്‍ ഏവര്‍ക്കും നമ്മളില്‍നിന്നു നന്മ മാത്രമേ ഉണ്ടാവുകയുള്ളൂ, ഉപദ്രവമുണ്ടാകില്ല. ഈ തത്ത്വത്തെയാണു നമ്മള്‍ സാക്ഷാത്കരിക്കേണ്ടതു്.

സ്വര്‍ണ്ണക്കൂട്ടിലെ, ചിറകു മുറിച്ച കിളിയെപ്പോലെ നാം മനസ്സാകുന്ന ജയിലില്‍ ബന്ധനസ്ഥരാണു്. പേരും പെരുമയും പ്രശസ്തിയും സ്ഥാനമാനങ്ങളും ധനവുമാകുന്ന ചങ്ങലകളാല്‍ നാം ബന്ധിക്കപ്പെട്ടിരിക്കുകയാണു്. ആ ചങ്ങലകളാകട്ടെ മനോഹരങ്ങളായ പുഷ്പങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഇവിടെ സ്വാതന്ത്ര്യമല്ല പ്രശ്‌നം, നമ്മെ ബന്ധിച്ചിരിക്കുന്ന ആ കെട്ടു് എങ്ങനെ പൊട്ടിക്കണം എന്നുള്ളതാണു്. അതിനു്, കാലില്‍ ബന്ധിച്ചിരിക്കുന്ന ആ ചങ്ങലകളെ ചങ്ങലയായിത്തന്നെ കാണണം; പുഷ്പങ്ങളായി കാണരുതു്.

പുഷ്പാലങ്കാരങ്ങള്‍ പുറമേക്കു മാത്രമേയുള്ളൂ. അല്പം ശ്രദ്ധിച്ചു നോക്കിയാല്‍, പുഷ്പങ്ങള്‍കൊണ്ടു മൂടപ്പെട്ടിരിക്കുന്ന ആ ചങ്ങലകളെ നമുക്കു കാണുവാന്‍ സാധിക്കും. ജയിലിനെ ജയിലായി കാണുവാന്‍ കഴിയണം, വീടായി കാണരുതു്. എങ്കില്‍ മാത്രമേ, സ്വാതന്ത്ര്യത്തിനായി മനസ്സു് ആവേശത്തോടെ കുതിക്കുകയുള്ളൂ, ലക്ഷ്യത്തിലെത്തുകയുള്ളൂ.