പ്രശാന്ത് IAS
വാക്കു ശക്തിയാണു്. ഊര്‍ജ്ജമാണു്. നമ്മള്‍ ഇത്രയും ഊര്‍ജ്ജപ്രതിസന്ധി നേരിടുന്നതു് എന്തുകൊണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ വാചകമടികൊണ്ടുതന്നെ! എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും അഭിപ്രായം പറഞ്ഞില്ലെങ്കില്‍ മലയാളികള്‍ക്കു വലിയ വിമ്മിഷ്ടമാണു്. ഏതൊരു വിഷയവും മലയാളിക്കു ചര്‍ച്ച ചെയ്തേ പറ്റൂ. ചായക്കടകളും ചാനല്‍ സന്ധ്യകളും ഇതിനു വേദിയാകുന്നു. അല്പജ്ഞാനവും അത്യുത്സാഹവും സമം ചേര്‍ന്ന ചര്‍ച്ചകള്‍ എന്തിനെക്കുറിച്ചും ആകാം. ആത്യന്തികമായി ഒരു ‘ഗോസിപ്പ്’ പറച്ചില്‍ മാത്രമായി ഒതുങ്ങുന്ന ഇത്തരം വേദികള്‍ കാഴ്ചക്കാരുടെ മനസ്സുകളെ ഉപരിപ്ലവമായ ഒരു മായയില്‍ തളച്ചിടുന്നതായി കാണാം. ഒന്നിനെക്കുറിച്ചും ഗഹനമായ തിരിച്ചറിവില്ലെങ്കിലും വാക്കുകൊണ്ടുള്ള കസര്‍ത്തു നടത്തിയാല്‍ മിടുമിടുക്കനായി എന്ന ധാരണ ഇന്നു പരക്കെയുണ്ടു്.
ഇരുപത്തിനാലു മണിക്കൂറും ചിലച്ചുകൊണ്ടിരിക്കുന്ന, ഇല്ലാത്ത ‘ന്യൂസ്’ നിരന്തരം ബ്രേക്ക് ചെയ്തുകൊണ്ടിരിക്കുന്ന ചാനലുകളില്‍ കണ്ണും നട്ടിരിക്കുന്നവനാണു് ആധുനികമലയാളി. അമ്മയെത്തല്ലിയാലും ഇരുപക്ഷമുണ്ടെന്നാണു പഴമൊഴി. പുതുമൊഴി ഇതിലും വിശാലമായ ഒന്നാണു്. ഇന്നു വ്യക്തികളെ അസഭ്യം പറയുന്നതിൻ്റെ തെറ്റുശരികള്‍വരെ അപഗ്രഥനം ചെയ്യുന്ന സാഹചര്യമായി. ഒരു ചര്‍ച്ചയും എവിടെയും ചെന്നെത്തുന്നില്ല എന്നതും ഒരു ചര്‍ച്ചയിലും ഒരു പരിഹാരവും ഉരുത്തിരിഞ്ഞു വരുന്നില്ല എന്നതും നമ്മളെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. സ്പാനിഷ് കാളപ്പോരുകളെയും പുരാതന ഗ്ലാഡിയേറ്ററുകളെയും ഓര്‍മ്മപ്പെടുത്തുന്ന പ്രകടനമാണിതു്. തമ്മില്‍ത്തല്ലു കണ്ടു് ആസ്വദിക്കുന്ന പ്രാകൃതമായ ഒരു മനുഷ്യ മനശ്ശാസ്ത്രം! മാദ്ധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നതും, ജനങ്ങള്‍ക്കു കാണാനും കേള്‍ക്കാനും താത്പര്യമുള്ള കാര്യങ്ങള്‍തന്നെയാണു്. അതുകൊണ്ടു മാദ്ധ്യമങ്ങളെ പഴിച്ചിട്ടു കാര്യമില്ല. എന്നാല്‍ ഇത്തരം സാമൂഹ്യപ്രവണതകള്‍ യുവതലമുറയെ എന്തു പഠിപ്പിക്കുന്നു, ഏതു വഴിക്കു തിരിച്ചുവിടുന്നു എന്നു നമ്മള്‍ ഓര്‍ക്കേണ്ടതുണ്ടു്.
പ്രവൃത്തി എന്തും ആയിക്കോട്ടെ, പറഞ്ഞു നില്ക്കാന്‍ അറിഞ്ഞാല്‍ മതി എന്നതു് ഒരു പാഠം. ഏറ്റവും ‘അഗ്രസീവ്’ ആയി സംസാരിക്കുന്നവന്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നു. കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ കൂടുതല്‍ ‘തറ’ ആവുക എന്നതു് അടുത്ത പാഠം. ശ്രദ്ധിക്കപ്പെടുക എന്നതാണു് ഇന്നു പ്രധാനം നല്ല കാര്യത്തിനാണോ എന്നതു പിന്നീടത്തെ കാര്യം! ഉറക്കെ സംസാരിക്കുന്നതും സഭ്യേതരമായി സംസാരിക്കുന്നതുമാണു കൂടുതല്‍ ഫാഷനബിള്‍. ആശയങ്ങളെക്കുറിച്ചു സംസാരിക്കാതെ വ്യക്തികളെക്കുറിച്ചു സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്താല്‍ ഗംഭീരം. വൈരാഗ്യബുദ്ധിയോടെ പ്രതിയോഗിയെ കീഴ് പ്പെടുത്താനുള്ള വേദിയായി ഓരോ ചര്‍ച്ചയും മാറുകയാണു്. വാക്കു് അതിനുള്ള ഉപായവും ആയുധവും. സമൂഹത്തില്‍ വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ക്കു കിട്ടുന്ന പാഠങ്ങള്‍ ഇതൊക്കെയാണു്.
”സത്യം ബ്രൂയാത്, പ്രിയം ബ്രൂയാത്
നഃ ബ്രൂയാത് സത്യം അപ്രിയം”
ഇതാണു ലൗകികജീവിതത്തില്‍ വാക്കിനെ സംബന്ധിച്ചുള്ള പരമമായ ചൂണ്ടുപലക. ആത്മീയ പുരോഗതിക്കു മാത്രമല്ല, ലൗകിക ജീവിതത്തിലും വാക്കിൻ്റെ പ്രാധാന്യം വളരെയേറെയാണു്. ഒരുവൻ്റെ മനസ്സിലേക്കുള്ള ജാലകമാണു് അവൻ്റെ വാക്കു്. മറ്റുള്ളവര്‍ നമ്മളെക്കുറിച്ചു് ഒരു ചിത്രം ഉണ്ടാക്കിയെടുക്കുന്നതു നമ്മുടെ വാക്കും പ്രവൃത്തിയും ഒക്കെ അളന്നിട്ടാണു്. മൂന്നാമതൊരാളിനെക്കുറിച്ചു ദുഷിച്ചു സംസാരിക്കുന്നതില്‍ രോമാഞ്ചം അനുഭവിക്കുന്ന ഒരുവനെ എല്ലാവരും ആത്യന്തികമായി അകറ്റിത്തന്നെ നിര്‍ത്തും. കഥകള്‍ കേള്‍ക്കാന്‍ ഒരു ഉപാധി എന്നതില്‍ കവിഞ്ഞു് ഒരു സുഹൃത്തായി ആരും അയാളെ പരിഗണിക്കില്ല. തൻ്റെ അഭാവത്തില്‍ തന്നെയും അവന്‍ ദുഷിക്കുമെന്നു് ഓരോരുത്തര്‍ക്കും അറിയാം എന്നതു തന്നെ കാരണം! തൊടുത്ത അമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല. എത്രയോ ബന്ധങ്ങള്‍ തകരുന്നതു് അവിവേകത്തിൻ്റെ ഒരു നിമിഷത്തില്‍ പറഞ്ഞ വാക്കുകളുടെ പുറത്താണു്.
ഒരു കാര്യംകൂടി ഓര്‍ക്കേണ്ടതുണ്ടു്. ആധുനികയുഗത്തില്‍ ഇൻ്റര്‍നെറ്റും മൊബൈലും ആശ്രയിച്ചാണു മിക്കപ്പോഴും നമ്മള്‍ ആശയങ്ങള്‍ കൈമാറുന്നതു്. വളരെ ചുരുക്കത്തിലും എന്നാല്‍ വളരെ പെട്ടെന്നുംതന്നെ പ്രതികരിക്കാമെന്നതാണു് ഇതിൻ്റെ ഒരു പ്രത്യേകത. വിശദമായി, മയത്തില്‍ പറയുന്നതിനു പകരം ചുരുക്കത്തില്‍ പറഞ്ഞു വയ്ക്കുന്ന കാര്യങ്ങള്‍ ഉദ്ദേശിച്ചതിലും ശക്തിയിലായിപ്പോകുന്നതു സാധാരണയാണു്. തെറ്റിദ്ധരിക്കപ്പെടാനും സാദ്ധ്യത അധികമാണു്. സുഹൃത്തുക്കള്‍ തമ്മില്‍ ‘വാടാ പോടാ’ എന്നു നേരില്‍ പറയുന്നതും ഒരു ചാറ്റ്‌റൂ മില്‍ പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ടു്. ഓരോരുത്തരും പല ‘മൂഡിലും’ സാഹചര്യത്തിലും ആയിരിക്കാം. ഓണ്‍ലൈന്‍ ‘അടി പിടി’ പലപ്പോഴും ഉണ്ടാകുന്നതു് ഉപയോഗിക്കുന്ന വാക്കുകളെയും ഭാഷയെയും ചൊല്ലിയാണു്. ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ചു പെട്ടെന്നു പ്രതികരിക്കാം എന്നതും ഒരു പ്രശ്‌നംതന്നെയാണു്. സമചിത്തതയോടെ ആലോചിച്ചു മറുപടി അയയ്ക്കാന്‍ ഇന്നു സാഹചര്യമില്ല. ഉടനുടന്‍ പ്രതികരിക്കാനുള്ള വെമ്പല്‍ ഭയങ്കരമാണു്. പ്രതികരിക്കാന്‍ തോന്നുന്നതു വ്യക്തിയോടാണുതാനും; ആശയങ്ങളോടല്ല.
ആശയങ്ങളെക്കുറിച്ചു സംസാരിക്കാന്‍ അവ മനസ്സിലാക്കണം. ഉള്‍ക്കാമ്പില്ലാത്ത വാദത്തിനാണു് ഉയര്‍ന്ന ശബ്ദത്തിൻ്റെ ഊന്നുവടി ആവശ്യമായി വരുന്നതു്. ഉള്‍ക്കാമ്പു് ഉണ്ടാകണമെങ്കില്‍ ഉള്ളിലോട്ടുള്ള ഒഴുക്കിനു ചാലുകള്‍ തുറന്നിടണം. പുറമേക്കുള്ള പൊള്ളയായ വാക്കുകളുടെ ശക്തമായ ഒഴുക്കു് ഒന്നു നിന്നിട്ടു വേണ്ടേ അകത്തേക്കു പ്രവേശനമുണ്ടാകാന്‍! പലരും കുറെ സംസാരിച്ചു കൂട്ടുന്നതിൻ്റെ തിരക്കിനിടയില്‍ കേള്‍ക്കാന്‍ പാടേ മറന്നുപോയിരിക്കുന്നു. അവര്‍ ‘റേഡിയോ’പോലെയാണു്. ഒരു റേഡിയോവിനോടു് എന്തെങ്കിലും തിരിച്ചു പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ? സംസാരം കുറയ്ക്കുകതന്നെ വേണം. ‘അനാവശ്യ’മായ സംസാരം ഒഴിവാക്കണം എന്നു് അച്ഛന്‍ ടിൻ്റുമോനെ ഉപദേശിച്ചിട്ടുണ്ടു്. അതുകൊണ്ടു ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍ ടിൻ്റുമോന്‍ മൗനം പാലിക്കും. പദ്യംചൊല്ലാന്‍ പറഞ്ഞാല്‍ ബ്ലിങ്കസ്യ എന്നു നില്ക്കും. എന്നാല്‍ കൂട്ടുകാരുമായി സംസാരിക്കുന്നതിനു് ഒരു കുറവും ഇല്ല. വൈകാതെ ടീച്ചര്‍ അച്ഛനോടു് ഇക്കാര്യം കൊളുത്തിക്കൊടുത്തു. ഉടന്‍ ചൂരലെടുത്തു വയലൻ്റായ അച്ഛനോടു ടിൻ്റു ഒരു മഹാസത്യം മൊഴിഞ്ഞു, ‘അച്ഛൻ്റെ ആവശ്യം എൻ്റെ അനാവശ്യം. എൻ്റെ ആവശ്യം അച്ഛൻ്റെ അനാവശ്യം.’
ആവശ്യവും അനാവശ്യവും ആപേക്ഷികംതന്നെയാണു്. വ്യക്തികളില്‍ അധിഷ്ഠിതവുമാണു്. എന്നാല്‍ ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ചാല്‍ അവനവൻ്റെ ആവശ്യങ്ങളെക്കുറിച്ചു വ്യക്തത കിട്ടും. സംസാരിക്കാന്‍ പോകുന്നതു സത്യമാണോ? ഇതു പറഞ്ഞാല്‍ ആര്‍ക്കെങ്കിലും ദുഃഖം ഉണ്ടാകുമോ? ആ ദുഃഖം നമ്മള്‍ ന്യായീകരിക്കുമോ, നമ്മള്‍ അതു് ആഗ്രഹിക്കുന്നുവോ? നമുക്കൊരു ആത്മ രതി എന്നതില്‍ കവിഞ്ഞു് ഈ പറയുന്ന കാര്യംകൊണ്ടു് എന്തെങ്കിലും നേട്ടം ആര്‍ക്കെങ്കിലും ഉണ്ടോ? (‘ഗോസിപ്പി’നെ തിരിച്ചറിയുന്നതു് ഇങ്ങനെയാണത്രേ!) വേദിയിലില്ലാത്തവരെക്കുറിച്ചു മോശമായി പറയുന്നതുകൊണ്ടു് എന്തെങ്കിലും ഗുണമുണ്ടോ? ഈ സംസാരത്തിലൂടെ സുഹൃത്തുക്കളെ ആര്‍ജ്ജിക്കുവാനാകുമോ അതോ ഉള്ളവരെ പിണക്കുമോ? നമ്മുടെ അറിവും ഹുങ്കും പ്രദര്‍ശിപ്പിക്കാനല്ലാതെ വായ തുറന്നതുകൊണ്ടു വേറെ എന്തെങ്കിലും ഗുണമുണ്ടോ? നമ്മള്‍ തിരികൊളുത്തുന്ന ഈ സംസാരമോ വിഷയമോ നമ്മുടെ സമാധാനം കെടുത്തുമോ? അന്യരുടെ സമാധാനം കെടുത്തുമോ? നമ്മുടെ ആത്മീയപുരോഗതിക്കു് ഇതു് ഉപകരിക്കുമോ? എന്തായാലും, വികാരങ്ങളുടെ വേലിയേറ്റത്തില്‍ വിളിച്ചു പറയാന്‍ തോന്നുന്നതൊക്കെ തീര്‍ച്ചയായും അനാവശ്യം തന്നെ.
കരുണയോടുള്ള വാക്കുകള്‍, വേദനിക്കുന്നവരുടെ കണ്ണുനീരൊപ്പാന്‍ ഉപകരിക്കുന്ന വാക്കുകള്‍ ഇവ ഒരിക്കലും അനാവശ്യമല്ല. അമ്മ പറയാറുള്ളതുപോലെ, ‘നമ്മുടെ വാക്കു മറ്റുള്ളവര്‍ക്കു സന്തോഷവും ആശ്വാസവും നല്കുന്നതാണെങ്കില്‍ സ്വര്‍ണ്ണത്തിനു സുഗന്ധം വന്നപോലെയായി.’ ബുദ്ധിമാന്‍ ആശയങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഒരു മദ്ധ്യമന്‍ സംഭവങ്ങളെക്കുറിച്ചു സംസാരിക്കും. ഒരു അധമനാകട്ടെ വ്യക്തികളെക്കുറിച്ചു മാത്രം സംസാരിക്കും. ആശയങ്ങള്‍ക്കുമപ്പുറത്തുള്ള അനുഭവങ്ങളുടെ ലോകമാണു പരമമായ യാഥാര്‍ത്ഥ്യം. വാക്കുകള്‍ക്കും അതീതമായ ആ ഒന്നിലേക്കു് എത്തിച്ചേരാനുള്ള അവസരമാണു് ഈ മനുഷ്യജന്മം. ദേവിയുടെ വരപ്രസാദമായ വാക്കു് ഈ യാത്രയില്‍ നമ്മെ നയിക്കേണ്ട ഒന്നാണു്. മറിച്ചല്ല. അതു കൊണ്ടു് അര്‍ത്ഥശൂന്യമായ വാക്കുകളില്‍ തട്ടിയുടക്കാതെ സംസാരസാഗരത്തിലൂടെയുള്ള നമ്മുടെ ഈ പ്രയാണം സഫലമാകുവാന്‍ അമ്മ അനുഗ്രഹിക്കട്ടെ.