1985 ജൂൺ 22, ശനി.
അമ്മയും ബ്രഹ്മചാരികളും ധ്യാനമുറിയിലിരിക്കുന്നു. ചില ഗൃഹസ്ഥഭക്തരും സമീപത്തുണ്ട്. പുതുതായി വന്നു ചേർന്ന ഒരു ബ്രഹ്മചാരിക്കു ധ്യാനത്തെക്കുറിച്ചു കൂടുതലറിയാൻ ആഗ്രഹം. രാവിലെ അമ്മയെ അടുത്തുകിട്ടിയ അവസരം പാഴാക്കിയില്ല.
ബ്രഹ്മചാരി: അമ്മേ, ധ്യാനമെന്നുവച്ചാൽ എന്താണ്?
അമ്മ: നമ്മൾ പായസം വയ്ക്കാൻപോകുന്നു. പാത്രത്തിൽ വെള്ളം എടുക്കുമ്പോൾ, എന്തിനാണെന്നു ചോദിച്ചാൽ പായസത്തിനാണെന്നു പറയും. പക്ഷേ പായസത്തിനുള്ള വെള്ളം അടുപ്പത്തുവയ്ക്കാൻ എടുക്കുന്നതേയുള്ളൂ. അതുപോലെ അരി എടുക്കുമ്പോഴും ശർക്കര എടുക്കുമ്പോഴും എല്ലാം പായസത്തിനാണെന്നു പറയും. പക്ഷേ, പായസമായിട്ടില്ല. അതുപോലെ ഇന്നു നമ്മൾ കണ്ണടച്ചിരിക്കുമ്പോൾ ധ്യാനിക്കുകയാണെന്നു പറയും. പക്ഷേ, യഥാർത്ഥത്തിൽ അതു ധ്യാനമല്ല. അതിലേക്കെത്താനുള്ള ഒരു സാധനയാണ്. ശരിക്കും ധ്യാനമെന്നതു് ഒരവസ്ഥയാണു്, അതനുഭൂതിയാണ്. വാക്കാൽ വിവരിക്കാവുന്നതല്ല.
സാധകമെന്നും പാടുകയെന്നും പറയാറില്ലേ. സാധകം എന്നാൽ അഭ്യാസമേ ആകുന്നുള്ളൂ. പാടണമെങ്കിൽ ശരിയായി സാധകം ചെയ്തു് അഭ്യാസം നേടിയിരിക്കണം. അതുപോലെ സാധന എന്നാൽ അഭ്യാസവും, ധ്യാനമെന്നാൽ ആ അവസ്ഥയുമാണ്. നദിയുടെ ഒഴുക്കുപോലെ, ഈശ്വരനെക്കുറിച്ചു് ഇടവിടാതെയുള്ള ചിന്തയെ ധ്യാനമെന്നു പറയാം. ശരിക്കുള്ള ഏകാഗ്രത നേടിക്കഴിഞ്ഞാൽ മാത്രമേ ധ്യാനത്തിലെത്താൻ സാധിക്കൂ. തുടക്കത്തിൽ ജപത്തിലും കീർത്തനത്തിലും കൂടി മനസ്സിനെ ലയിപ്പിക്കണം, ചിത്തം ശുദ്ധമാക്കണം, ഏകാഗ്രമാക്കണം. എന്നിട്ടു ധ്യാനം ശീലിക്കണം.
ഈശ്വരനോട് ഉൾപ്രേമം വരാതെ മനസ്സിനെ ഈശ്വരനിൽ ബന്ധിക്കുവാൻ കഴിയില്ല. ഈശ്വരനോടു് ഉൾപ്രേമം വന്നവൻ്റെ മനസ്സു് പിന്നെ ലൗകികവിഷയത്തിലേക്കു പോവുകയില്ല. അവനു ലൗകികം പട്ടിക്കാട്ടത്തിനു സമമാണ്. വിഷയവസ്തുക്കളോടു് അത്ര വിരക്തിയും വെറുപ്പും തോന്നും. പൊടിക്കൊച്ചുങ്ങൾ മണ്ണും മലവുമൊക്കെ വാരിത്തിന്നെന്നു വരും. തിരിച്ചറിവുവന്നാൽ അവയോടു് അല്പമെങ്കിലും ആസക്തി തോന്നുമോ?