പ്രൊഫ. എന്‍.ആര്‍. മേനോന്‍

അമ്മയുടെ അസംഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ (പഠിച്ചുപോയവരിലും ഇപ്പോള്‍ പഠിക്കുന്നവരിലും) അമ്മയുടെ പ്രേമം വളര്‍ത്തുന്ന നിശ്ശബ്ദമായ സാംസ്‌കാരിക പരിണാമത്തിൻ്റെ ചില കെടാവിളക്കുകള്‍, ഹ്രസ്വമായി, ഇവിടെ. എൻ്റെ കൊച്ചുകൊച്ചു അനുഭവങ്ങളില്‍ നിന്നും ഒരു പുഷ്പാഞ്ജലി!

വിളക്കു് – ഒന്നു്
ബിരുദവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരു അമൃത സ്ഥാപനം വിടാനൊരുങ്ങുന്ന വിദ്യാര്‍ത്ഥിനി: സര്‍, രണ്ടു വര്‍ഷത്തോളം ഞാനിവിടെ അപരിചിതയായിരുന്നു. ഇപ്പോള്‍ മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍, മനസ്സിലാക്കുന്നു എൻ്റെ ഉള്ളില്‍ ഒരു ആര്‍ദ്രതയുടെ മരം ഞാനറിയാതെ വളരുന്നുണ്ടായിരുന്നുവെന്നു്. ഏതു ജീവിത സാഹചര്യത്തിലും കാലിടറാതെ മുന്നോട്ടു പോകാന്‍ കഴിയും എന്നിപ്പോള്‍ ഉറപ്പാണു്.

ആരെയും വെറുക്കാതിരിക്കാനും മറ്റുള്ളവരെയും സാഹചര്യങ്ങളെയും മനസ്സിലാക്കാനും ഇപ്പോള്‍ ഉള്ളില്‍ ഒരവബോധം. ഇതു് അമ്മയുടെ അനുഗ്രഹം മാത്രമാണു്. ആദ്യം അമ്മ ആലിംഗനം ചെയ്തപ്പോള്‍ത്തന്നെ ഈ മനോഭാവത്തിൻ്റെ ഒരു വിത്തു് ഉള്ളില്‍ വീണിരിക്കാം. എൻ്റെ തമോഗുണത്തിൻ്റെ മൂടലില്‍ ഈ വിത്തു മുളയ്ക്കാന്‍ രണ്ടു വര്‍ഷമെടുത്തു. എങ്കിലും ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണു്. തെന്നലില്‍ പറക്കുന്ന ഒരു തൂവല്‍പോലെ.

വിളക്കു് – രണ്ടു്
ഒരു ഗവണ്‍മെൻ്റ് ആശുപത്രി. ഞായറാഴ്ച. ഉച്ചസമയം. ബസ്സില്‍ അന്‍പത്തിയെട്ടു പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനി – വിദ്യാര്‍ത്ഥികള്‍. നാടന്‍ ഏത്തപ്പഴങ്ങളുമായി, കൂടുതലും സ്നേഹവചനങ്ങളുമായി, ഇരുന്നൂറോളം ഇന്‍പേഷ്യൻ്റ് രോഗികളുമായി കുറെനേരം പങ്കിടാന്‍ ഇറങ്ങിച്ചെന്ന വിദ്യാര്‍ത്ഥികള്‍. എളിയ സേവനം കഴിഞ്ഞു വൃത്തിയുള്ള ആശുപത്രി മുറ്റത്തെ, തറകെട്ടിയ ആലിൻ്റെ ചുവട്ടില്‍ കൂടി.

കൂടെയുണ്ടായിരുന്ന ആ സ്ഥലത്തെ സുഹൃത്തു പറഞ്ഞു, ”സര്‍, ദാ വരുന്നതു് ഇവിടുത്തെ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സനാണു്.” ചെയര്‍പേഴ്‌സന്‍ പറഞ്ഞു, ”ഇത്രയും വിദ്യാര്‍ത്ഥികള്‍ അച്ചടക്കത്തോടെ നില്ക്കുന്നതു കണ്ടു ഞാന്‍ വെറുതെ ഒന്നു നോക്കാന്‍ വന്നതാണു്.” പിന്നെ, ചാറ്റമഴയിലും മുകളില്‍ കുടപിടിക്കുന്ന ആലിൻ്റെ ചില്ലകളുടെ തലോടലേറ്റ കാറ്റില്‍, മാഡം അഞ്ചു മിനിട്ടു കുട്ടികളുടെ സേവന മനോഭാവത്തെ പ്രശംസിച്ചു.

”ഇന്നു ഞായറാഴ്ച. ഉറങ്ങാന്‍ പറ്റിയ കാലാവസ്ഥ! ഹോസ്റ്റലില്‍ ഇല്ലാത്ത നാലു പേരൊഴിച്ചു്, ഒരു മാനേജ്‌മെൻ്റ് കോഴ്‌സിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ ഇവിടെ വന്നു എന്നതു നിങ്ങളുടെ സ്വഭാവഗുണത്തെയാണു കാണിക്കുന്നതു്. ഇനി ഈ പ്രദേശത്തു് ഏതു സേവനം ചെയ്യണമെങ്കിലും മുന്‍സിപ്പാലിറ്റിയുടെ പൂര്‍ണ്ണസഹകരണം ഉണ്ടാവും. ഇനി അങ്ങനെ വരാന്‍ പറ്റുമ്പോള്‍ ഒന്നറിയിക്കണേ. നിങ്ങളെ പരിചയപ്പെടാന്‍ പറ്റിയതു് എനിക്കു് ഏറെ സന്തോഷം.” അങ്ങനെയും ഒരു പകല്‍! ആകാശത്തെ കാര്‍മേഘങ്ങള്‍ മനസ്സുകളില്‍ കയറിയില്ല!

വിളക്കു് – മൂന്നു്
ഡിസംബര്‍ മൂന്നു്, ലോകവികലാംഗദിനമാണു്. ഒരു ഉദ്യാനത്തിലും അടുത്തുള്ള ഗവണ്‍മെൻ്റ് യു.പി. സ്‌കൂളിലും ആയി ഒട്ടനവധി ശാരീരികമാനസിക വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍. ചിരിക്കാത്ത മുഖങ്ങളുമായി രക്ഷകര്‍ത്താക്കള്‍. ഇവര്‍ക്കു ചായ, ബണ്‍ കൊടുക്കണം. ഉച്ചയ്ക്കു് ഊണു്. ആത്മാര്‍ത്ഥതയുള്ള അദ്ധ്യാപികമാര്‍ മേല്‍ നോട്ടത്തിനുണ്ടു്. പക്ഷേ, സേവനത്തിനു് ആളു പോര. ചായ, ബണ്‍, ഊണു്. ഇതിനൊന്നും ഫണ്ടും ഇല്ല! ‘മുറപോലെ കാര്യങ്ങള്‍.’

അമൃതയിലെ അമ്മയുടെ മക്കള്‍ റെഡി. ഒരു ടീം സ്ഥലത്തെത്തി. ഒരു കോഴ്‌സിലെ വിദ്യാര്‍ത്ഥികള്‍. ആരും ഒരു നിര്‍ദ്ദേശവും കൊടുക്കാതെ അവര്‍ വേണ്ടതെല്ലാം ചെയ്തു! സ്‌കൂളിനുള്ളിലെ ഓഫീസില്‍ ഉച്ചയൂണുസമയത്തും ജോലി ചെയ്തിരുന്ന സ്റ്റാഫിനു് അവിടെ ഊണു് എത്തിച്ചു. ചില കുഞ്ഞുങ്ങള്‍ക്കു ചോറു വായില്‍ വച്ചു കൊടുക്കുന്നു, കൈ കഴുകിച്ചു കൊടുക്കുന്നു. പാത്രങ്ങളേറെയുണ്ടു്. കഴുകി വൃത്തിയാക്കി വയ്ക്കുന്നു.

ചിലര്‍ പറയുന്നതു കേട്ടു: അമൃതയിലെ വിദ്യാര്‍ത്ഥികളാണു്. അതാണു് ഇങ്ങനെ സേവനം. ബാനറില്ല. സ്റ്റേജില്‍ പൊടി പൊടിക്കുന്ന പ്രസംഗകോലാഹലങ്ങളുടെ മദ്ധ്യത്തില്‍ ‘തിളങ്ങാന്‍’ പോയില്ല. പണിയെടുത്തു. വേണ്ടതു ചെയ്തു – മിണ്ടാതെ പോന്നു!

പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പറഞ്ഞു, ”ആണ്ടിലൊരു ദിവസം ഈ വയ്യാത്ത കുട്ടികളുടെ മേളയാണു്. അവര്‍ക്കു സന്തോഷിക്കാന്‍, ഒന്നിച്ചുകൂടാന്‍ ഒരു പകല്‍. പ്രസംഗിക്കാന്‍ വന്നവര്‍ ഒന്നും ചെയ്തുതന്നില്ല. സഹായിച്ചതു് അമൃതയിലെ കുട്ടികള്‍ മാത്രമാണു്. നിങ്ങള്‍ (അമൃത ടീമിനെ ഉദ്ദേശിച്ചു്) ഒന്നും പറഞ്ഞില്ല!

”നന്ദിയൊക്കെ മനസ്സില്‍ വച്ചിട്ടു് അമ്മയുടെ പാദങ്ങളില്‍ അര്‍പ്പിച്ചാല്‍ മതി എന്നു ഞങ്ങള്‍ പറഞ്ഞു. നോക്കെത്താത്ത ദൂരം വരെ ‘വിളക്കു’കള്‍. എങ്ങനെയാണു് എല്ലാം പറയുക. എന്തു ചെയ്തു എന്നതിനൊപ്പംതന്നെ പ്രധാനമാണു് എങ്ങനെ ചെയ്തു എന്നതു്. പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണു്. മുഖത്തെ ഭാവം, ശരീരഭാഷ, വിനയം എല്ലാം പ്രധാനമാണു്.

എനിക്കുവേണ്ടിയാണു ഞാന്‍ ചെയ്യുന്നതു്. അടുത്തയാള്‍ ഞാന്‍തന്നെയാണു്. ആ ഭാവം വേണം. ഇതിനെല്ലാം നമുക്കൊരു ജീവിക്കുന്ന മാതൃകയുണ്ടു്. ലോകം മുഴുവന്‍ സ്നേഹത്താല്‍ കീഴടക്കിയ അമ്മ. അമ്മയുടെ ജന്മദിനാഘോഷങ്ങളും നമുക്കു വേണ്ടിയാണു്. നമ്മുടെ സന്തോഷമാണു് അമ്മയുടെ ഭക്ഷണം. നമ്മുടെ സേവനമാണു്, ജീവിത മാതൃകയാണു് അമ്മയുടെ സന്ദേശം.

പൂര്‍ണ്ണതയാണു് അമ്മ. ആ പൂര്‍ണ്ണതയിലേക്കു് എത്താനുള്ള ചവിട്ടുപടികളാക്കണം നാം ജീവിക്കുന്ന ഓരോ നിമിഷവും. എല്ലായിടത്തും വിദ്യ കൊടുക്കുന്നുണ്ടു്. അമ്മ കൊടുക്കുന്നതു വിഷയങ്ങളിലെ മിടുക്കു കൂട്ടുന്ന വിദ്യ മാത്രമല്ല; വിനയത്തിൻ്റെ വിദ്യാഭ്യാസം കൂടിയാണു്. നമുക്കു ചുമതലാബോധമുള്ള സത്യസന്ധരായ പൗരന്മാര്‍ വേണം. അവരെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ ദര്‍ശനമാണു് അമ്മയുടെതു്.