മധുവനം ഭാര്‍ഗ്ഗവന്‍പിള്ള
വേദവേദാന്തമാകെ നിന്‍ വൈഖരീ-
നാദധാരയായ് താളമായ് തന്നു നീ
വേദനകളകറ്റിടുന്നു; സ്നേഹ-
ദായിനീ സദാ കൈതൊഴാം കൈതൊഴാം.
സ്നേഹമന്ത്രം പകര്‍ന്ന നിന്‍ പാട്ടിലൂ-
ടാരു കോരിത്തരിക്കില്ല കേള്‍ക്കുകില്‍!
മോഹമെല്ലാമകലുന്നു മേല്ക്കുമേല്‍
സ്നേഹരൂപീ സുഹാസിനീ കൈതൊഴാം.
‘അമ്മ’യെന്ന രണ്ടക്ഷരാര്‍ത്ഥങ്ങളില്‍
ഇമ്മഹിയിലൊന്നില്ല നീയെന്നിയേ
ധര്‍മ്മകര്‍മ്മപ്രവാഹപ്രപഞ്ചമായ്
നിന്മഹിമകള്‍ വാഴ്ത്തുന്നു, കൈതൊഴാം.
ജീവിതാങ്കണസംഗരഭൂവിലെ
ആയുധങ്ങളുമൂര്‍ജ്ജവും നീയൊരാള്‍
ഭൂവിലാരുണ്ടു നിന്‍ പരമാര്‍ത്ഥസം-
ഭാവനകളളക്കുവാന്‍, കൈതൊഴാം.
ഭൂവിലും മഹാദ്യോവിലും മാനവ-
ക്കോവിലിലും വിലസ്സിടുന്നമ്മ നീ.
ആവുകില്ല നിന്മുന്നില്‍ വന്നാര്‍ക്കുമേ
പോകുവാന്‍, അമൃതേശ്വരീ, കൈതൊഴാം.