പത്രലേ: ഗുരുവിനെ അന്ധമായി അനുസരിക്കുന്നതു അടിമത്തമല്ലേ?

അമ്മ: മോനേ, സത്യത്തെ അറിയണമെങ്കിൽ ഞാനെന്ന ഭാവം പോയിക്കിട്ടണം. സാധനകൊണ്ടു മാത്രം ഞാനെന്ന ഭാവം നഷ്ടപ്പെടുവാൻ പ്രയാസമാണ്. ‘അഹംഭാവം’ നീങ്ങണമെങ്കിൽ ഗുരുവിൻ്റെ നിർദ്ദേശാനുസരണം അഭ്യാസം ചെയ്യുകതന്നെ വേണം.

ഗുരുവിൻ്റെ മുമ്പിൽ തല കുനിക്കുമ്പോൾ നമ്മൾ ആ വ്യക്തിയെയല്ല, ആ വ്യക്തിയിലെ ആദർശത്തെയാണു വണങ്ങുന്നത്. നമുക്കും ആ തലത്തിൽ എത്തുന്നതിനു വേണ്ടിയാണത്. വിനയത്തിലൂടെയേ ഉന്നതിയുണ്ടാവുകയുള്ളൂ.

വിത്തിൽ വൃക്ഷമുണ്ട്. പക്ഷേ അതുംപറഞ്ഞു പത്തായത്തിൽ കിടന്നാൽ എലിക്കാഹാരമാകും. അതു മണ്ണിനടിയിൽപ്പോകുമ്പോൾ അതിൻ്റെ സ്വരൂപം പുറത്തുവരുന്നു. കുടയുടെ ബട്ടൺ താഴ്ത്തിക്കൊടുക്കുമ്പോൾ അതു് നിവരുന്നു. മറ്റുള്ളവരെ വെയിലിൽനിന്നും മഴയിൽനിന്നും രക്ഷിക്കാൻ കഴിയുന്നു.

മാതാപിതാക്കളെയും അദ്ധ്യാപകരെയും മുതിർന്നവരേയും അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ നമ്മൾ വളരുകയായിരുന്നു. അറിവു നേടുകയായിരുന്നു. നല്ല ഗുണങ്ങളും സ്വഭാവങ്ങളും വളർത്തുകയായിരുന്നു. അതുപോലെ ഗുരുവിൻ്റെ മുന്നിലെ ശിഷ്യൻ്റെ അനുസരണമൂലം അവൻ വിശാലതയിലേക്കു് ഉയരുകയാണു് ചെയ്യുന്നത്.

രാജാധിരാജനാകുന്നതിനു വേണ്ടിയാണു് ഇന്നു സേവകഭാവം എടുക്കുന്നത്. മാവിനു വേലി കെട്ടി, വെള്ളവും വളവും നല്കി വളർത്തുന്നതു മാങ്ങയ്ക്കു വണ്ടിയാണ്. ഗുരുവിനെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നതു് ആ തത്ത്വത്തിലെത്തുന്നതിനു വേണ്ടിയാണ്. വിമാനത്തിൽ കയറുമ്പോൾ ബെൽറ്റിടാൻ പറയും. അതവരുടെ വലിപ്പം കാട്ടുവാനല്ല, നമ്മുടെ സുരക്ഷിതത്ത്വത്തിനു വേണ്ടിയാണ്.

അതുപോലെ യമനിയമങ്ങളും മറ്റു ചിട്ടകളും പാലിക്കുവാൻ ഗുരു ശിഷ്യനെ ഉപദേശിക്കുന്നു. അതു് ശിഷ്യൻ്റെ ഉയർച്ചയ്ക്കു വേണ്ടിയാണ്. ശിഷ്യനു സംഭവിക്കാവുന്ന അപകടങ്ങളിൽനിന്നും അവനെ രക്ഷപ്പെടുത്തുന്നതിനു വേണ്ടിയാണ്. ഞാൻ എന്ന ഭാവത്തിലൂടെയുള്ള ശിഷ്യൻ്റെ കുതിപ്പു്, അവനെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്നു് ഗുരുവിനറിയാം.

റോഡു വണ്ടിയോടിക്കാനാണ്. പക്ഷേ തോന്നിയ രീതിയിൽ വണ്ടിയോടിച്ചാൽ അപകടമുണ്ടാകും. അതിനാണു റോഡുനിയമങ്ങൾ പാലിക്കണമെന്നു പറയുന്നതു്. ട്രാഫിക്‌പോലീസ് ഗതാഗതം നിയന്ത്രിക്കുന്നതിനുവേണ്ടി കൈകൾ കാണിക്കുമ്പോൾ നമ്മൾ അനുസരിക്കാറില്ലേ? അതുമൂലം എത്രയോ അപകടങ്ങൾ ഒഴിവായിക്കിട്ടുന്നു.

ഞാനെന്നും എൻ്റെതെന്നുമുള്ള ഭാവംവെച്ചു നമ്മൾ സ്വയം നശിക്കാൻ പോകുന്നു. ആ സാഹചര്യങ്ങളിൽ സദ്ഗുരുവിൻ്റെ വാക്കുകൾ അനുസരിക്കുന്നതിലൂടെ നമ്മൾ രക്ഷപ്പെടുന്നു. ഭാവിയിൽ ആ സാഹചര്യങ്ങളെ ഒഴിവാക്കുവാൻ തക്കവണ്ണം പരിശീലനം ഗുരു നല്കുന്നു. ഗുരു സാമീപ്യംതന്നെ നമുക്കു ശക്തി പകരുന്നു. ത്യാഗത്തിൻ്റെ മൂർത്തരൂപമാണു ഗുരു.

സത്യം, ധർമ്മം, ത്യാഗം, പ്രേമം ഇവയൊക്കെ എന്തെന്നു നമുക്കറിയാൻ കഴിയുന്നു. കാരണം ഗുരുക്കന്മാർ അതിൽ ജീവിക്കുന്നു. അവയുടെ ജീവൻ ഗുരുവാണ്. അവരെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്നതിലൂടെ നമ്മളിലും ആ ഗുണങ്ങൾ വളരുന്നു. ഗുരുവിൻ്റെ മുന്നിലെ അനുസരണ അടിമത്തമല്ല. ശിഷ്യൻ്റെ സുരക്ഷിതത്വം മാത്രമാണു ഗുരുക്കന്മാരുടെ ലക്ഷ്യം.

യഥാർത്ഥ വഴികാട്ടിയാണു ഗുരു. ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായിക്കാണില്ല. ശിഷ്യനോടു നിറഞ്ഞ സ്നേഹം മാത്രമാണു ഗുരുവിനുള്ളത്. സ്വയം കഷ്ടപ്പെട്ടാലും ശിഷ്യൻ വിജയിക്കുന്നതു കാണുവാനാണു് അവർ ആഗ്രഹിക്കുന്നതു്. ഉത്തമനായ ഗുരു ഒരു യഥാർത്ഥ മാതാവാണ്.

ജിജ്ഞാസുവിൻ്റെ ബോധമണ്ഡലത്തിലേക്കാഴ്ന്നിറങ്ങി സംശയങ്ങൾ പിഴുത അമ്മയുടെ വാക്കുകൾ. ശ്രദ്ധയുടെ വിത്തുപാകുന്ന അമ്മയുടെ അമൃതവചസ്സുകൾ! ഇതുവരെ അറിഞ്ഞിട്ടില്ലാത്ത എന്തോ ചിലതെല്ലാം അറിഞ്ഞ ചാരിതാർത്ഥ്യത്തോടെ പത്രലേഖകൻ എഴുന്നേറ്റു.