ഹരിപ്രിയ

പണ്ടു് കടലില്‍ ഉപ്പുണ്ടായിരുന്നില്ല. എന്നാല്‍ അന്നും മുക്കുവന്മാരുണ്ടായിരുന്നു. ഒരു ദരിദ്രനായ മുക്കുവന്‍ അന്നൊരിക്കല്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോയി. വലയെറിഞ്ഞപ്പോള്‍ വലയില്‍ പെട്ടതൊരു ഭൂതം. മുക്കുവന്‍ ഭൂതത്തിനെ വലയില്‍നിന്നു മോചിപ്പിച്ച ശേഷം ആവശ്യപ്പെട്ടു, ”പൊന്നു ഭൂതത്താനേ, എൻ്റെ ദാരിദ്ര്യം തീര്‍ത്തു് അനുഗ്രഹിക്കണേ.”ഭൂതം ഒരു തിരികല്ലു മുക്കുവൻ്റെ വള്ളത്തില്‍ വച്ചിട്ടു പറഞ്ഞു, ”ഈ കല്ലിനോടു ചോദിച്ചാല്‍ നിനക്കു ധനം കിട്ടാനുള്ള ഒരു വസ്തു അതു തരും. വിലയുള്ളതെന്തെങ്കിലും ചോദിക്കൂ” എന്നു് ആശീര്‍വ്വദിച്ചു ഭൂതം മറഞ്ഞു.

മുക്കുവൻ്റെ ബുദ്ധിയില്‍ തെളിഞ്ഞതു് ഉപ്പു്. അന്നു ലവണം ഒരു ദുര്‍ല്ലഭവസ്തുവായിരുന്നു. മുക്കുവന്‍ പ്രാര്‍ത്ഥിച്ചു, ”തിരികല്ലേ, തിരിയൂ. ഉപ്പു തരൂ.” കല്ലു നിര്‍ത്താതെ തിരിയാന്‍ തുടങ്ങി. വെളുത്ത കല്ലുപ്പു കൈലാസം പോലെ തോണിയില്‍ നിറഞ്ഞു. ചാക്കുംപടി ഉപ്പു വിറ്റു താന്‍ ധനികനാകുന്നതു ചിന്തിച്ചിരുന്ന മുക്കുവന്‍ ഉപ്പു പ്രവാഹം നിര്‍ത്താനറിയാതെ കുഴങ്ങി. തോണിയോടെ മുങ്ങി. ആ തിരികല്ലു് ഇന്നും ആഴിക്കടിയില്‍ കിടന്നു തിരിഞ്ഞു് ഉപ്പുണ്ടാക്കിക്കൊണ്ടിരിക്കുന്നുവത്രെ. ഇതൊരു നാടോടിക്കഥയാണു്.

കടലമ്മയുടെ അനന്തലാവണ്യം കാണാന്‍ വരുന്നവര്‍ മല പോലെ ഉയര്‍ന്നു കരയില്‍ തലയിടിച്ചു ചിതറുന്ന തിര കണ്ടു് അന്തംവിടുന്നു. ഉപ്പുപതയെ കടലമ്മയുടെ പൊട്ടിച്ചിരിയായി കണ്ടു രസിക്കുന്നു. എന്നാല്‍, പാവം കടലമ്മ. ഉള്ളിലെ ഉപ്പിൻ്റെ ഭാരത്താല്‍ നീറുകയാണവള്‍. ‘കോള്‍ ഗേറ്റ് ചിരി’യും പ്രദര്‍ശിപ്പിച്ചു് ഉള്ളില്‍ നീറുന്ന സംസാരദുഃഖവുമായി അലയുന്ന സാദാ മനുഷ്യരെപ്പോലെ. ഒരുനാള്‍ കടലമ്മ അറിഞ്ഞു; കടല്‍ത്തീരത്തു് ഒരമ്മയുണ്ടത്രെ. കണ്ണുനീരൊപ്പാന്‍ വ്രതം നോറ്റൊരമ്മ!

താന്‍ പണ്ടു് ആഴിമകളായി കണക്കാക്കിയവള്‍. അമൃത മണി ഇന്നു് ആഴിക്കും ഊഴിക്കും മാതാവായി വളര്‍ന്നിരിക്കുന്നു. കടലമ്മ അഭയമാഗ്രഹിച്ചു. ആ സമീപം ഓടിയണയാന്‍ കൊതിച്ചു. സുനാമിയെ കൂട്ടുപിടിച്ചപ്പോള്‍ അതൊരു ദുരന്തമായി. ഒടുവില്‍ കടലമ്മയുടെ ദുഃഖം തീര്‍ക്കാന്‍, ദര്‍ശനമില്ലാത്ത ദിവസങ്ങള്‍ അമ്മ കടല്‍ത്തീരത്തു ധ്യാന സായാഹ്നം ഒരുക്കി.

കടല്‍ത്തീരത്തെ ധ്യാനം ആശ്രമനാമം അന്വര്‍ത്ഥമാക്കുന്നു. കടല്‍ത്തീരത്തു ഭജനാനന്ദക്കടല്‍. അമ്മയുടെ നേതൃത്വത്തില്‍ ധ്യാനവും സത്സംഗവും. അമൃതപുരിയിലെത്തുന്നവര്‍ക്കു് ആ സായാഹ്നങ്ങള്‍ നവ്യാനുഭവമാണു്. ശ്വാവുതൊട്ടു ശിശുവരെ അമ്മയുടെ അങ്കത്തിലേറും. ‘ഒരു കൊച്ചു ശിശുവിൻ്റെ തനുവെനിക്കുണ്ടെങ്കില്‍ എന്തൊരു ഭാഗ്യമാകുമായിരുന്നു!’ എന്നു കടപ്പുറത്തെ ധ്യാനരംഗത്തെത്തുമ്പോള്‍ പലര്‍ക്കും തോന്നിപ്പോകും. നിഷ്‌കളങ്കത നിലനിര്‍ത്താന്‍ അമ്മ ശിശുക്കളോടൊത്തു ചേരുന്നു.

സര്‍വ്വ രാഷ്ട്രങ്ങളുടെയും പ്രതിനിധികളായി അമ്മ തിരഞ്ഞെടുത്ത ആദ്ധ്യാത്മികജീവികളൊത്തുള്ള ഈ ധ്യാനവും അമ്മയോടുള്ള തീക്ഷ്ണപ്രേമം വെളിപ്പെടുത്തുന്ന അവരുടെ പ്രസംഗങ്ങളും ആത്മാവിൻ്റെ ഏകത്വം അനുഭവപ്പെടുത്തുന്നതാണു്. എല്ലാവരിലും ഒരേ ചൈതന്യം. അതിനാല്‍ എല്ലാവരും അമ്മയ്ക്കു് ഒരേ മോളൂട്ടിയും മോനും. ഒരേ ഭക്ഷണം, ഒരേപോലെ ജോലികള്‍. സ്വദേശിയായാലും വിദേശിയായാലും ഗുരുവില്‍ സമര്‍പ്പണം വന്നാല്‍ പിന്നെ എല്ലാവരും വിനയമൂര്‍ത്തികള്‍.

‘കാമുകീകാമുകന്മാര്‍ വിവാഹത്തിനു മുന്‍പു് ഏറെ സ്നേഹിക്കും. വിവാഹം കഴിഞ്ഞാല്‍ ആ ചൂടു കുറയും. വഴിയില്‍ ഒരു രത്‌നം കണ്ടാല്‍ നാം ഓടിച്ചെന്നെടുക്കും. ആ കല്ലു പോക്കറ്റിലായാല്‍പ്പിന്നെ അത്ര ഭ്രമമുണ്ടാവില്ല. ഈ മനോഭാവം അമ്മയോടുള്ള അടുപ്പത്തിലും സംഭവിക്കുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും?’ എന്ന അമ്മയുടെ ചോദ്യത്തിനു കടപ്പുറത്തുവച്ചു മക്കള്‍ നല്കിയ മറുപടി ഭക്തിസൂത്രത്തിൻ്റെ വ്യാഖ്യാനങ്ങളായിരുന്നു.

‘മനസാ കൂടുതല്‍ പ്രേമിക്കുക. സേവനം ആത്മാര്‍ത്ഥമായി തുടരുക. ഏകാഗ്രത കിട്ടുന്നില്ലെന്നു കരുതി ജപം നിര്‍ത്തരുതു്’ എന്നായിരുന്നു അവസാനം അമ്മയ്ക്കു മക്കളോടു പറയാനുണ്ടായിരുന്നതു്. സൂര്യന്‍ ഒരിക്കലും അലസനായി നില്ക്കുന്നില്ല! കടല്‍ ഒരാവശ്യമില്ലെങ്കിലും തിരയിളക്കിക്കൊണ്ടിരിക്കും. സൂര്യന്‍ കടല്ക്കരയില്‍ മറയുമ്പോഴും കടല്‍ത്തീരത്തു ഗുരുസ്വരൂപിയായ സൂര്യൻ്റെ ദര്‍ശനം ഭക്തര്‍ക്കു് ആലസ്യവും ഖേദവുമകറ്റുന്നതായി. അത്രയും വലിയ സത്സംഗവിരുന്നു മക്കള്‍ക്കു നല്കിയിട്ടു് അമ്മ വീണ്ടും ആശ്രമത്തിനുള്ളില്‍വന്നു ഭജനാമൃതം ഒഴുക്കുന്നു.

ഏകാഗ്രതയും ഭക്തിയും ഒത്തുചേരുമ്പോള്‍ വാക്കുകള്‍ക്കു ജീവന്‍ വയ്ക്കുന്നു! ഏതു ഭാഷയിലുള്ള ഭജനയും അമ്മയുടെ നാവിനു വഴങ്ങും. ആവര്‍ത്തിച്ചാവര്‍ത്തിച്ചു്, സുമധുരം സങ്കീര്‍ത്തനാലാപം ചെയ്യുന്ന അമ്മയുടെ ഈ ‘ഭജന’ ശിരസ്സിലെ നീര്‍ക്കെട്ടു്, വിങ്ങല്‍ ഇവയ്‌ക്കെല്ലാം നല്ലൊരു ഔഷധമാണു്. ഇതെൻ്റെ സ്വന്തം അനുഭവമായി പറയുകയാണു്. അമ്മയുണ്ടേയെനിക്കമ്മയുണ്ടേ… എന്ന ചിന്തതന്നെ ആശ്വാസം! കടല്‍ക്കരയിലെ ഈ ആനന്ദക്കടലിൻ്റെ ആഴം ആരറിയുന്നു! ധന്യ ധന്യേ… ജനനീ..