• ജന്മദിനസന്ദേശം 1994 •
പ്രേമസ്വരൂപികളും ആത്മസ്വരൂപികളുമായ അമൃതത്വത്തിൻ്റെ മക്കള്‍ക്കു നമസ്‌കാരം. അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി മക്കള്‍ എല്ലാവരും ഇന്നിവിടെ എത്തിയിരിക്കുന്നു. പക്ഷേ, അമ്മയ്ക്കു് ഇന്നത്തെ ദിവസത്തിനു മറ്റുള്ള ദിവസങ്ങളില്‍നിന്നും യാതൊരു പ്രത്യേകതയും കാണുവാന്‍ സാധിക്കുന്നില്ല.

ആകാശത്തിനു പ്രത്യേകിച്ചൊരു ദിവസമില്ല. പകലിനും രാത്രിക്കുമെല്ലാം സാക്ഷിയായി, ആകാശം നിലകൊള്ളുന്നു. ഈ കെട്ടിടംവയ്ക്കുന്നതിനു മുന്‍പു് ഇവിടെ ആകാശമുണ്ടായിരുന്നു. ഇതു വച്ചപ്പോഴും ഇവിടെ ആകാശമുണ്ടു്. ഇതു പൊളിക്കുമ്പോഴും ആകാശം ഇവിടെത്തന്നെയുണ്ടാകും. ആകാശത്തിനു് ഒരിക്കലും മാറ്റമില്ല. ഈ ആകാശത്തിലാണു് എല്ലാം നിലനില്ക്കുന്നതു്. എന്നാല്‍, ഇതിനെ മലിനപ്പെടുത്തുവാന്‍ യാതൊന്നിനും സാദ്ധ്യമല്ല. അമ്മ ആകാശം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്, മുകളില്‍ കാണുന്ന ആകാശത്തെയല്ല എല്ലായിടവും നിറഞ്ഞുനില്ക്കുന്ന, സര്‍വ്വവ്യാപ്തമായ ആ ചൈതന്യത്തെയാണു്.

അമ്മ എന്തിനിവിടെ പാദപൂജയ്ക്കു വന്നിരുന്നു എന്നു ചോദിച്ചാല്‍, മക്കളുടെ സന്തോഷത്തിനുവേണ്ടി മാത്രമാണു്; അമ്മയ്ക്കു വേണ്ടിയല്ല. ജന്മനാളെന്നു പറയുന്നതു്, മരണനാളിനെക്കുറിച്ചുകൂടി ഓര്‍ക്കാനുള്ള ദിവസമാണു്. നാം ജനിക്കുന്നതോടൊപ്പം, മരണത്തിനും ജന്മം നല്കുകയാണെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ വിസ്മരിക്കുന്നു. ജനിച്ച ഒരു വ്യക്തിക്കു്, നിഴല്‍പോലെ തന്നെ പിന്‍തുടരുന്ന മരണത്തെ ഒഴിവാക്കുക ഒരിക്കലും സാദ്ധ്യമല്ല. എന്നാല്‍, മരണത്തെക്കുറിച്ചു് ഓര്‍ക്കാന്‍ത്തന്നെ പലര്‍ക്കും ഭയമാണു്.

അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരിക്കല്‍ യുധിഷ്ഠിരമഹാരാജാവിൻ്റെ അടുക്കല്‍ ഒരു ബ്രാഹ്മണന്‍ തൻ്റെ മകളുടെ കല്യാണാവശ്യത്തിനുള്ള ധനം ആവശ്യപ്പെട്ടുകൊണ്ടു ചെന്നു. ഏതോ തിരക്കിലായിരുന്ന രാജാവു ബ്രാഹ്മണനോടു് അടുത്ത ദിവസം വരാന്‍ പറഞ്ഞു. ഇതു കേട്ടുകൊണ്ടു നിന്നിരുന്ന ഭീമന്‍, കൊട്ടാരത്തിലുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു, ‘നിങ്ങള്‍ ശംഖു മുഴക്കുക, കുരവയിടുക, കൊട്ടുക, എല്ലാവിധ വാദ്യമേളങ്ങളോടുംകൂടി ആഹ്ളാദിക്കുക.’ കൊട്ടാരം മുഴുവന്‍ ശബ്ദമേളങ്ങളാല്‍ മുഖരിതമായി. എവിടെയും കൊട്ടും കുരവയും മാത്രം.

ഇതെല്ലാം കേട്ടു യുധിഷ്ഠിരന്‍ അതിശയിച്ചു. ഇതെന്താണു്? സാധാരണ മറ്റു രാജ്യങ്ങളെ കീഴടക്കി വരുമ്പോള്‍ മാത്രമാണു് ഇതുപോലെ ആഹ്ളാദപ്രകടനങ്ങള്‍ നടത്തിക്കാണാറു പതിവു്. ഇപ്പോള്‍, അങ്ങനെയൊന്നും ഉണ്ടായിട്ടുമില്ല. പിന്നെ എന്താണിതു്? അദ്ദേഹം കാര്യം അന്വേഷിച്ചു. അപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു, ”അതു ഭീമന്‍ ഞങ്ങളോടു പറഞ്ഞു, ഇങ്ങനെ ചെയ്യാന്‍.” ഉടനെ യുധിഷ്ഠിരന്‍ ഭീമനെ വിളിച്ചു കാര്യം അന്വേഷിച്ചു. ഭീമന്‍ പറഞ്ഞു, ”അതു് എൻ്റെയും ജനങ്ങളുടെയും സന്തോഷമാണു്.”

”ഇത്രമാത്രം സന്തോഷിക്കുവാനെന്തുണ്ടായി?”
”അതു് എൻ്റെ സഹോദരന്‍ മരണത്തെ ജയിച്ചിരിക്കുന്നു എന്നു ഞാനിന്നാണു മനസ്സിലാക്കിയതു്. അതിൻ്റെ സന്തോഷമാണു്.”
യുധിഷ്ഠിരനു കാര്യം മനസ്സിലായില്ല. അദ്ദേഹം അതിശയത്തോടെ ഭീമൻ്റെ മുഖത്തേക്കു നോക്കി. ഭീമന്‍ പറഞ്ഞു, ”അങ്ങു് ആ ബ്രാഹ്മണനോടു പറയുന്നതു ഞാന്‍ കേട്ടു, ഭിക്ഷ സ്വീകരിക്കുവാന്‍ നാളെ വരുവാന്‍. നാളത്തെ ദിവസം നമ്മള്‍ ഉണ്ടാകുമോ എന്നതിനു് ഒരു ഉറപ്പുമില്ല. പക്ഷേ, അങ്ങേക്കു മരണത്തെ അകറ്റി നിര്‍ത്താന്‍ കഴിയും എന്നുള്ളതുകൊണ്ടല്ലേ ആ ബ്രാഹ്മണനോടു നാളെ വരാന്‍ ഇത്ര ധൈര്യത്തോടെ പറയുവാന്‍ സാധിച്ചതു്.”

അപ്പോഴാണു് തനിക്കു പിണഞ്ഞ അബദ്ധം മരണം ഏതു നിമിഷവും ഉണ്ടു്, ഈ നിമിഷം ചെയ്യേണ്ടതു്, ഈ നിമിഷംതന്നെ ചെയ്യണം എന്ന തത്ത്വം യുധിഷ്ഠിരന്‍ മനസ്സിലാക്കിയതു്. ഒരു ശ്വാസം പുറത്തേക്കു വിടുമ്പോള്‍, പിന്നെ അതകത്തേക്കെടുക്കുവാന്‍ കഴിയുമോ എന്ന കാര്യം സംശയമാണു്. കാരണം, മരണം ഓരോ ശ്വാസോച്ഛ്വാസത്തിലും നമ്മുടെ കൂടെയുണ്ടു്. യഥാര്‍ത്ഥത്തില്‍ മരണം എന്തെന്നു മനസ്സിലാക്കിയവനേ, യഥാര്‍ത്ഥ ജീവിതം പടുത്തുയര്‍ത്തുവാന്‍ കഴിയൂ. കാരണം, ഇന്നു നമ്മള്‍ ഞാനെന്നു കരുതുന്ന ശരീരത്തെയും ഈ കാണായ സ്വത്തുക്കളെയും കുട്ടികളെയും ബന്ധുക്കളെയുമെല്ലാം ഒരിക്കല്‍ അതപഹരിക്കും.

മരണത്തെ ഭയന്നാലും ഇല്ലെങ്കിലും അതു നമ്മുടെ കൂടെയുണ്ടു് എന്ന സത്യമോര്‍ത്താല്‍, ജീവിതത്തെ ശരിയായ പാതയില്‍ തിരിച്ചുവിടാനും അങ്ങനെ ജനനത്തിനും മരണത്തിനും അതീതമായ ഒരവസ്ഥയിലേക്കുയരാനും കഴിയും. മരണം എന്തെന്നു മനസ്സിലാക്കുന്നതു ജീവിതത്തെക്കുറിച്ചു പഠിക്കാന്‍ സഹായിക്കും. ജീവിതം സുഖപൂര്‍ണ്ണമാക്കാന്‍ സകലരും പരിശ്രമിക്കുന്നു. എന്നാല്‍, അതില്‍ വിജയിക്കുന്നില്ല. കാരണം, ഇന്നു നാം നേടുന്നതെന്തും ഇന്നല്ലെങ്കില്‍ നാളെ നഷ്ടമാകും. ആ നഷ്ടം നമ്മളെ തീരാദുഃഖത്തിലാഴ്ത്തും. എന്നാല്‍, അതിൻ്റെ നാശത്തെക്കുറിച്ചു ബോധവാനാണെങ്കില്‍ ആ വസ്തുവിൻ്റെ വേര്‍പ്പാടു നമ്മളെ തളര്‍ത്തില്ല. മറിച്ചു്, അതിനതീതമായ ഒരവസ്ഥയിലേക്കുയരാന്‍ അതു നമുക്കു പ്രേരണയാകും.

അതിനുള്ള ശ്രമം, ഈ നിമിഷംതന്നെ നാം ആരംഭിക്കേണ്ടതുണ്ടു്. കാരണം, അടുത്ത നിമിഷം നാം ഉണ്ടായിരിക്കും എന്നുള്ളതിനു യാതൊരു ഉറപ്പുമില്ല. ഈ നിമിഷം നഷ്ടമായാല്‍, അതു് ഒരു വലിയ നഷ്ടംതന്നെയാണു്. ധ്യാനിക്കണോ, ഈ നിമിഷംതന്നെ ധ്യാനിക്കണം. ഇപ്പോള്‍ ചെയ്യേണ്ട കര്‍മ്മമാണോ, ഈ നിമിഷംതന്നെ ചെയ്യണം. അടുത്ത നേരത്തേക്കു മാറ്റുവാന്‍ പാടില്ല. ഈയൊരു മനഃസ്ഥിതിയാണു നമുക്കു വേണ്ടതു്, ഈയൊരു ദൃഢനിശ്ചയമാണു നമ്മളില്‍ ഉണരേണ്ടതു്. മരണത്തെക്കുറിച്ചു് ഓര്‍ത്താലും ഇല്ലെങ്കിലും ബാഹ്യസുഖം മാത്രം നോക്കിയുള്ള ഇന്നത്തെ ജീവിതത്തിലൂടെ നമ്മുടെ ഓരോ സെല്ലുകളെയും നമ്മള്‍ കൊന്നു കൊണ്ടിരിക്കുകയാണു്. ഇന്നു നമ്മള്‍ സ്വീകരിച്ചിരിക്കുന്ന ജീവിതരീതി നമുക്കു വിഷം തന്നുകൊണ്ടിരിക്കുകയാണു്. അതു വിഷമാണെന്നറിയാതെ, ഇരുകരങ്ങളും നീട്ടി നാം അവയെ സ്വീകരിക്കുകയും ചെയ്യുന്നു.

എല്ലാ രാജ്യക്കാരും എല്ലാ രാഷ്ട്രീയക്കാരും എല്ലാ ശാസ്ത്രജ്ഞന്മാരും ജീവിതത്തില്‍ സുഖം വര്‍ദ്ധിപ്പിക്കാന്‍വേണ്ടി പ്രയത്‌നിക്കുന്നു. അതിനുവേണ്ടി എത്രകണ്ടു ബുദ്ധി വികസിപ്പിക്കാമോ അത്ര കണ്ടു വികസിപ്പിച്ചു. ബാഹ്യപ്രപഞ്ചം എത്രകണ്ടു പടുത്തുയര്‍ത്താമോ അതും സാധിച്ചു. എന്നാല്‍, പൂര്‍ണ്ണസന്തോഷമോ സംതൃപ്തിയോ ഉണ്ടോ? അതുമില്ല. ആന്തരികലോകം ഇന്നും വരണ്ടുകൊണ്ടിരിക്കുന്നു. എയര്‍കണ്ടീഷന്‍ കാറു്, എയര്‍കണ്ടീഷന്‍ വീടു്, വിമാനം ഇവയൊക്കെ ഉണ്ടായാലും മനസ്സമാധാനം ഉണ്ടെങ്കിലല്ലേ സ്വസ്ഥതയോടെ ഉറങ്ങാന്‍ കഴിയൂ. മനസ്സമാധാനം ഇല്ലാത്ത ഒരുവനു സംതൃപ്തിയോടെ ഭക്ഷണം കഴിക്കാന്‍ പറ്റുമോ?