ഇന്നു് നിലവിലുള്ള എല്ലാ മതങ്ങളും ഒരു മതസ്ഥാപകനിൽനിന്നു് രൂപം കൊണ്ടിട്ടുള്ളതാണ്. ഓരോ മതസ്ഥാപകനും, തന്റെ ഹൃദയത്തിൽ അനുഭവിച്ച സത്യത്തിലേക്കുള്ള മാർഗ്ഗമാണ്, ഒരോ മതവും. ഒരു പ്രത്യേക മതസ്ഥാപകനെ ചൂണ്ടിക്കാണിക്കുവാനില്ലാത്ത ഹിന്ദുമതവും, അതിന്റെ ഉപജ്ഞാതാക്കളായ അനേകം ഋഷിമാരുടെ ഉള്ളത്തിൽ തെളിഞ്ഞ സത്യത്തിന്റെ ആവിഷ്‌കാരമാണ്. ഇവരെല്ലാം അനുഭവിച്ച സത്യം ഒന്നുതന്നെയായിരുന്നു എന്നു് എല്ലാ മതതത്ത്വങ്ങളും ഏകാഗ്രതയോടെ പഠിച്ചു മനനം ചെയ്യുന്ന ഒരുവനു് അറിയുവാൻ കഴിയും. സത്യം മനസ്സിന്റെ നിശ്ചലതയിലാണു് വെളിവാകുന്നത്. മനസ്സിന്റെ നിശ്ചലത, ലോകത്തിന്റെ ഏതു ഭാഗത്തും വെളിവാക്കുന്നതു് ഒരേ സത്യം തന്നെയായിരിക്കും. കാലദേശസീമകൾക്കു് അതിനെ സ്വാധീനിക്കുവാനാവില്ല.

പിന്നെ എന്തുകൊണ്ടു് വിവിധ മതങ്ങളുടെ സ്വാധീനത്തിൽ കഴിയുന്ന ജനവിഭാഗങ്ങൾ തമ്മിൽ ഇന്നും മത്സരം നിലനില്ക്കുന്നു. കാരണം ഒരോ മതത്തിന്റെയും അന്തസത്ത, അതിന്റെ യഥാർത്ഥഭാവത്തിൽ അനുയായികൾക്കു് ഉൾക്കൊള്ളുവാനായില്ല എന്നതാണു് വാസ്തവം. മതതത്ത്വങ്ങളേക്കാൾ, ആധുനികലോകത്തിന്റെ ദുഷ് പ്രവണതകളാണു് ഇന്നുള്ളവരെ നയിക്കുന്നത്. ഇന്നു് ഓരോ മതവും സംഘടിത പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ ഭരണനേതൃത്വവും തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിനുള്ള ഉപകരണമാക്കി മതങ്ങളെ മാറ്റുന്നതിൽ വിജയിച്ചിട്ടുണ്ടെന്നു് കാണുവാൻ സാധിക്കും. ഓരോ രാഷ്ട്രവും തങ്ങളുടെ അതിർത്തികൾ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി പരസ്പരം പോരടിക്കുന്നതുപോലെ, മതങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ മതങ്ങൾ തമ്മിൽ തല്ലുന്നതു് നമുക്കു കാണുവാൻ സാധിക്കും. എന്നാൽ അവയുടെ ആഴത്തിലേക്കിറങ്ങുന്ന ഒരുവനു് ഒരോ മതത്തിന്റെയും ആന്തരികസത്ത ഒന്നുതന്നെയാണെന്നറിയുവാൻ അധികം പ്രയാസപ്പെടേണ്ടിവരില്ല. ഇന്നു മതങ്ങളെ പലരും മനുഷ്യന്റെ ഭൗതികസാഹചര്യങ്ങളെ സമൃദ്ധമാക്കുന്നതിനുള്ള ഉപാധിയായിട്ടാണു് കാണുന്നത്. ഇതു് മതത്തിന്റെ യഥാർത്ഥ ലക്ഷ്യം നാം മറക്കുന്നതുമൂലം സംഭവിക്കുന്ന ഭവിഷ്യത്താണ്.

മനുഷ്യന്റെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള അധികാരം, രാഷ്ട്രനേതൃത്വത്തിനും ഭരണാധികാരികൾക്കും നമുക്കു വിട്ടുകൊടുക്കാം. ഒരോമതവും, മനുഷ്യനെ, അതിന്റെ ആചാര്യൻ കണ്ടെത്തിയ ആന്തരികസത്തയിലേക്കു് നയിക്കുവാനായിരിക്കണം ശ്രമിക്കേണ്ടത്. അപ്പോൾ മാത്രമേ മതത്തിനു് അതിന്റെ ലക്ഷ്യം കണ്ടെത്തുവാൻ കഴിയൂ. ഇവിടെ മതങ്ങൾ തമ്മിലുള്ള ഭിന്നതകൾ ഇല്ലാതാവുന്നതു് കാണുവാൻ കഴിയും. രാഷ്ട്രങ്ങളുടെ അതിർത്തിവരമ്പു് നിർണ്ണയിക്കുവാനാകാതെ, അതു് പ്രപഞ്ചസീമകൾക്കപ്പുറം കടന്നു നില്ക്കുന്നതു് ദർശിക്കുവാൻ സാധിക്കും. തന്റെ ഹൃദയത്തിനുള്ളിൽനിന്നും നിറഞ്ഞുകവിയുന്ന ആ കാരുണ്യം, വിശ്വം നിറഞ്ഞുനില്ക്കുന്നതു് അനുഭവിക്കുവാൻ സാധിക്കും. അവിടെ വെറുപ്പിനും വിദ്വേഷത്തിനും സ്ഥാനമില്ല.

എല്ലാ മതങ്ങളും ആഗ്രഹിക്കുന്നതു് ലേകത്തു് ശാന്തിയും സമാധാനവുമാണ്. എന്നാൽ അതിന്റെ പ്രചരണത്തിനിടയിൽത്തന്നെ പരസ്പരം തമ്മിൽത്തല്ലി ആയിരങ്ങൾ മരിച്ചിട്ടുള്ളതു് ചരിത്രത്തിലേക്കു് തിരിഞ്ഞുനോക്കുമ്പോൾ നമുക്കു് കാണുവാൻ കഴിയും. ചരിത്രാതീതകാലം മുതലുള്ള ഒരോ സംഭവങ്ങളെയും നാം പഠിക്കുമ്പോൾ, സംഘർഷങ്ങളും യുദ്ധങ്ങളും എല്ലാംതന്നെ ഏതെങ്കിലും ഒരു വ്യക്തിയുടെ ഉള്ളിൽ ഉണർന്ന ഒരു ചിന്തയുടെ പരിണതഫലമാണെന്നുകാണാം. ഒരു വ്യക്തിയുടെ ഉള്ളിലെ ചിന്ത വളർന്നു് വികാസം പ്രാപിച്ചിട്ടുള്ളതാണ് ലോകത്തുണ്ടായിട്ടുള്ള എല്ലാ സംഘർഷങ്ങളും, യുദ്ധങ്ങളും.

വ്യക്തിയിലെ ആസുരികതയെ നീക്കംചെയ്യാത്തിടത്തോളം ലോകത്തു് ശാന്തിയും സമാധാനവും നിലനിർത്തുവാനാവില്ല. അതൊന്നു മാത്രമാണു് വിശ്വമാനവികതക്കുവേണ്ടി മതത്തിനു ചെയ്യുവാനുള്ളതും. മതം ലക്ഷ്യമാക്കുന്നതു് മനുഷ്യമനസ്സിന്റെ ശുദ്ധീകരണമാണ്. സ്വന്തം മനസ്സു് ഒരുവനു ചെയ്യുന്നിടത്തോളം കഷ്ടതകൾ ഒരു ശത്രുവിനുകൂടി ചെയ്യുവാനാവില്ല. എന്നാൽ അതേ മനസ്സിനെത്തന്നെ നിയന്ത്രണത്തിത്തിലാക്കുവാനായാൽ ഏതൊരു ബന്ധുവിനെക്കാളും, എന്തിനു് സ്വന്തം പെറ്റമ്മയേക്കാളും സഹായിയായി മാറും.

സമാധാനത്തിനുവേണ്ടിയുള്ള മനുഷ്യരാശിയുടെ പ്രാർത്ഥന ലോകാരംഭം മുതൽ തുടങ്ങിയിട്ടുള്ളതാണ്. എന്നാൽ സമാധാനം ലോകത്തു കാണുവാൻ ഇല്ല. ലോകസമാധാനത്തിനുവേണ്ടി വലിയ കൂടിയാലോചനകൾ നടക്കുമ്പോൾ, അതിന്റെ യഥാർത്ഥകാരണം നാം വിസ്മരിക്കുന്നു. ലോകസംഘർഷം ഒഴിവാക്കണമെങ്കിൽ, അദ്യം മനുഷ്യൻ അവന്റെയുള്ളിലെ സംഘർഷം ഒഴിവാക്കണം. അതിനുവേണ്ടതു് മനസ്സിനെ നിയന്ത്രിക്കുവാൻ പരിശീലിക്കുക എന്നതാണ്.

ഭൗതികശാസ്ത്രത്തിനു് മനുഷ്യന്റെ ജനതികരഹസ്യങ്ങളുടെ ചുരുളഴിക്കുവാൻ കഴിഞ്ഞേക്കാം, എന്നാൽ അവന്റെ മനസ്സിനെ നിയന്ത്രിക്കുവാൻ ആദ്ധ്യാത്മികശാസ്ത്രം പറയുന്ന പാതയിലൂടെ നീങ്ങുകതന്നെ വേണം. ആധുനികലോകം മനുഷ്യന്റെ ഭൗതികസുഖസൗകര്യങ്ങൾ ഒരുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ, അതനുഭവിക്കേണ്ട മനുഷ്യനെ പാടെ മറക്കുന്നു. ഇതുമൂലം, ശാസ്ത്രത്തിന്റെ നേട്ടങ്ങളുടെ ഫലം വേണ്ടവണ്ണം അനുഭവിക്കാനാകാതെ മനുഷ്യൻ മണ്ണടിയുന്നു. ഇവിടെയാണു് അധുനിക സമൂഹത്തിൽ മതത്തിനുള്ള പ്രസക്തി.

അന്ധകാരത്തെ അന്ധകാരംകൊണ്ടു് തുടച്ചുമാറ്റുവാനാവില്ല. അതിനു് പ്രകാശംതന്നെ വേണം. വിദ്വേഷത്തെ വിദ്വേഷംകൊണ്ടു് ഇല്ലായ്മ ചെയ്യുവാനാവില്ല. അതിനു് ആവശ്യം സ്നേഹവും കാരുണ്യവുമാണ്. സന്തോഷവും സമാധാനവും ഒരുവന്റെ മനസ്സിലാണു് കുടികൊള്ളുന്നത്. അതിനാൽ ലോകത്തു് സമാധാനം നിലനില്ക്കണമെങ്കിൽ വ്യക്തിയുടെ മനസ്സിൽ ആദ്യം സമാധാനവും സന്തോഷവും നിറയണം. ഭൂമിയുടെ മറുകോണിൽ ഇരിക്കുന്ന ഒരു കുഞ്ഞു കുരുവിയുടെ ഹൃദയസ്പന്ദനം അതിന്റെ തള്ളയ്ക്കു സ്വന്തം ഹൃദയത്തിനുള്ളിൽ ശ്രവിക്കുവാൻ സാധിക്കും. അന്യരുടെ വേദന സ്വന്തം വേദനയായി അനുഭവിക്കുവാൻ കഴിയുന്ന ഒരു തലത്തിലേക്കു് ഒരോ മനുഷ്യനേയും ഉയർത്തുക എന്നതാണു് എല്ലാ മതങ്ങളും ലക്ഷ്യമാക്കുന്നത്.

സന്തോഷവും സമാധാനവും ഭൗതികലോകുത്തു തേടുന്നത്, മഴവില്ലിന്റെ അറ്റം കണ്ടെത്തുവാൻ ശ്രമിക്കുന്നതുപോലെയാണ്. അടുക്കുംതോറും അതകന്നു കൊണ്ടിരിക്കും. എത്ര തിരഞ്ഞാലും അതു കണ്ടെത്താനാവില്ല. ശാന്തിയും സമാധാനവും അവനവന്റെ ഉള്ളിൽതന്നെ തിരയണം. ആഗ്രഹമാണു് ഒരുവനെ അവന്റെ ഉണ്മയിൽനിന്നും അകറ്റികൊണ്ടുപോകുന്നത്. അതു് അവന്റെ ജീവിതത്തിൽ പ്രശ്‌നങ്ങൾക്കു് തുടക്കം കുറിക്കുകയാണ്. ഈ ലോകത്തു് സർവ്വജീവരാശിക്കും കഴിയുവാൻ വേണ്ടതെല്ലാം ഉണ്ട്. എന്നാൽ ഒരു മനുഷ്യന്റെ അത്യാർത്തിക്കു നിവൃത്തി വരുത്തുവാൻ വേണ്ടത്ര ഇവിടെയില്ല. ഇതിൽനിന്നും മനുഷ്യനു് വിടുതൽ നേടണമെങ്കിൽ മതത്തിന്റെ സത്ത ഉൾക്കൊണ്ടു് ജീവിക്കുക മാത്രമേ വഴിയുള്ളൂ. മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ ബന്ധിച്ചുനില്ക്കുന്നവർക്ക്, അതിന്റെ കാമ്പു് നുണയുവാൻ സാധിക്കുകയില്ല. ഒരോ മതവും നിലനില്ക്കുന്നതു് അതിന്റെ ആചാര്യനിൽനിന്നും നിർഗ്ഗളിച്ച കാരുണ്യത്തിലാണ്. അതു് സ്വന്തം ഹൃദയത്തിൽ ആവാഹിച്ചുൾക്കൊള്ളുകയാണു് ഒരു മതാനുയായിയുടെ ധർമ്മം. ആ കാരുണ്യം അവരിൽനിന്നു് അറിയാതെ സമസ്തജീവരാശികളിലേക്കും ആ സമയം പ്രവഹിക്കും. എല്ലാവരോടും കാരുണ്യമുള്ളവരായിരിക്കുന്നതിൽ നാം പരാജയപ്പെടുമ്പോൾ, നാം നമ്മുടെ മനസ്സിലെ ശാന്തി ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നത്.

ഒരു രാജാവു് വലിയ ദുഃഖിതനായിരുന്നു. അദ്ദേഹം ഒരു മഹാത്മാവിനെ സമീപിച്ചു് തന്റെ വിഷമസ്ഥിതി അറിയിച്ചു. മഹാത്മാവു് പറഞ്ഞു, ആ രാജ്യത്തെ ഏറ്റവും തൃപ്തനായ മനുഷ്യന്റെ ഷർട്ടു ധരിച്ചാൽ അങ്ങയുടെ പ്രശ്‌നം പരിഹരിക്കും. രാജാവു് വളരെക്കാലം തിരഞ്ഞതിനുശേഷം അവസാനം തൃപ്തനായ ഒരു മനുഷ്യനെ കണ്ടെത്തി. പക്ഷേ അദ്ദേഹത്തിനു് ഷർട്ടുണ്ടായിരുന്നില്ല. ജീവിതകാലം മുഴുവൻ സമ്പത്തുനേടുന്നതിനുവേണ്ടി വിനിയോഗിക്കുന്നവർ അവസാനം ആ സത്യം മനസ്സിലാക്കും, ലോകത്തുള്ള സർവ്വസമ്പത്തും നല്കിയാലും മനഃശാന്തിയുടെ ഒരു തരി കൂടി വിലക്കുവാങ്ങുവാനാവില്ല. ഈ സത്യം മനുഷ്യസമൂഹത്തിനു് പകർന്നു നല്കുന്നത്, മഹാത്മാക്കളാണ്. അതു് മനുഷ്യജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ സഹായിക്കുക എന്നതാണു് മതത്തിനുള്ള പങ്ക്. ഒരുവനു് സമാധാനത്തോടും സന്തോഷത്തോടും ജീവിക്കുവാനുള്ള എളുപ്പവഴി, മറ്റുള്ളവരെ അങ്ങനെ ജീവിക്കുവാൻ അനുവദിക്കുക എന്നതാണ്.

പ്രപഞ്ചത്തിൽ എവിടെയും ശാന്തിയും സമാധാനവും നിറഞ്ഞുനില്ക്കുന്നു. എന്നാൽ, മനുഷ്യന്റെ സ്വാർത്ഥതകാരണം അതവനു് അനുഭവിക്കാൻ സാധിക്കുന്നില്ല. പ്രപഞ്ചത്തിലുള്ള ഏതൊന്നിനും അതിന്റേതായ സൗന്ദര്യമുണ്ട്. എന്നാൽ ആരും അതുകാണുന്നില്ല എന്നുമാത്രം. ഇതിനൊക്കെ സാധിക്കുവാൻ തക്കവണ്ണം മനുഷ്യനെ പ്രാപ്തനാക്കുന്നത്, മതത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുള്ള ജീവതമാണ്. മറ്റുള്ളവരെ എങ്ങനെ സഹായിക്കാം എന്നു ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു വ്യവസ്ഥിതിയാണു് ഇന്നാവശ്യം. ഇതു് ഒരോ മനുഷ്യഹൃദയത്തിലേക്കും എത്തിക്കുവാനുള്ള കൂട്ടായ യത്‌നമാണു് ഇന്നാവശ്യം. അതിനു് മതത്തിന്റെ പുറമേയുള്ള ആചാരനുഷ്ഠാനങ്ങൾക്കുപരി അതിന്റെ ആന്തരികസത്ത ഒരോ ഹൃദയത്തിനും ഏറ്റുവാങ്ങുവാനാകണം.