ഓണം നമ്മുടെ സംസ്‌ക്കാരത്തിന്റെ ഉത്സവമാണ്. നമ്മുടെ പൈതൃകത്തിന്റെ ഉത്സവമാണ്. മധുരിക്കുന്ന ഓർമ്മകളുടെയും മാധുര്യമുള്ള പ്രതീക്ഷകളുടെയും ആഘോഷമാണ്. മനുഷ്യനും പ്രകൃതിയും ഒരുപോലെ കൊണ്ടാടുന്ന ഉത്സവമാണ് ഓണം. എന്നാൽ ഓണത്തിന്റെ യഥാർത്ഥ സന്ദേശം എന്താണെന്നുകൂടി ചിന്തിക്കേണ്ട അവസരമാണിത്. ഓണത്തിന്റെ തത്വത്തിലേയ്ക്ക് ഓണത്തിന്റെ മൂല്യങ്ങളിലേയ്ക്ക് നമ്മൾ അടുക്കുന്നുണ്ടോ? അതോ ഓരോ ഓണവും പിന്നിടുമ്പോഴും നമ്മൾ അവയിൽ നിന്നും അകലുകയാണോ ചെയ്യുന്നത്?

ഓണം ഐശ്വര്യപൂർണ്ണമായ ഒരു കാലത്തിന്റെ ഓർമ്മമാത്രമല്ല. മനുഷ്യൻ ഈശ്വരനിലേയ്ക്ക് ഉയർന്നതിന്റെ, നരൻ നാരായണനിലേയ്ക്ക് ഉയർന്നതിന്റെ സന്ദേശം കൂടിയാണ്. എല്ലാം സമർപ്പിക്കുന്നവൻ എല്ലാം നേടുമെന്ന വലിയ സത്യത്തിന്റെ വിളമ്പരമാണ് തിരുവോണം. അതിൽ ത്യാഗത്തിന്റെ സന്ദേശമുണ്ട്. സ്വാർത്ഥതയിൽനിന്നും നിസ്വാർത്ഥതയിലേയ്ക്ക് ഉയരാനുള്ള സന്ദേശമുണ്ട്, അഹങ്കാരത്തിൽനിന്നും വിനയത്തിലേയ്ക്ക് ഉയരാനുള്ള സന്ദേശമുണ്ട്. സത്യവും ധർമ്മവും സ്‌നേഹവും സമത്വവും ദാനവും കാരുണ്യവുമൊക്കെ പുലർന്നിരുന്ന ഒരു നല്ല കാലത്തെ വീണ്ടെടുക്കാനുള്ള ആഹ്വാനമുണ്ട്.

ഭക്തന്റെ മനസ്സിൽ അഹങ്കാരം വളർന്നാൽ ഭഗവാനതു മാറ്റും. ശിഷ്യന്റെ ഉള്ളിൽ അഹങ്കാരം വളർന്നാൽ ഗുരു അതു തുടച്ചുകളയും. അത് ഗുരുവിന്റെ കാരുണ്യമാണ്. ഇതുതന്നെയാണ് മഹാബലിയുടെ കാര്യത്തിലും സംഭവിച്ചത്. ബലിയിലുണ്ടായിരുന്ന അഹങ്കാരത്തെയും ആസുരികതയെയും അകറ്റി ബലിയെ ഉദ്ധരിക്കുകയാണ് ഭഗവാൻ ചെയ്തത്. നശ്വരതയിൽ നിന്നും അനശ്വരതയിലേയ്ക്കും മരണത്തിൽ നിന്നും അമൃത പദത്തിലേയ്ക്കും അവിടുന്ന് ബലിയെ ഉയർത്തി. തന്റെ ശിരസ്സു ഭഗവാന്റെ മുൻപിൽ സമർപ്പിച്ചപ്പോഴാണല്ലോ, മഹാബലി പൂർണ്ണനായത്. ശിരസ്സ് അഹങ്കാരത്തിന്റെ ഇരിപ്പിടമാണ്. ഈ അഹങ്കാരം അഥവാ ഞാനെന്ന ഭാവമാണ് ജീവനെ ഈശ്വരനിൽ നിന്നും വേർതിരിക്കുന്നത്. എല്ലാ ദുഃഖത്തിനും കാരണം ഇതുതന്നെ. ഗുരുകൃപകൊണ്ട് മാത്രമേ അഹങ്കാരത്തെ പൂർണ്ണമായും ജയിക്കാൻ കഴിയൂ.

ഓണത്തിന് അത്തപ്പൂക്കളമിടുന്ന മത്സരം നാടെങ്ങും നടക്കാറുണ്ട്. പലതരം വർണ്ണ പുഷ്പങ്ങൾ ചേർത്ത് വെച്ച് ഓരോ ടീമും അത്തപ്പൂക്കളങ്ങൾ ഉണ്ടാക്കും. ഇതിലെ ഓരോ നിറവും മനുഷ്യന്റെ അർത്ഥം, കാമം, തുടങ്ങിയ ലക്ഷ്യങ്ങളുടെ പ്രതീകമാണ്. എന്നാൽ ഈ നിറങ്ങൾ പൂക്കളത്തിന്റെ വൃത്തത്തിൽ ഒതുങ്ങി നിന്നാലെ അതിന് സൗന്ദര്യമുണ്ടാകൂ. അങ്ങനെയല്ലെങ്കിൽ മത്സരത്തിൽ തോറ്റു പോകും. വൃത്തം ധർമ്മത്തിന്റെ പ്രതീകമാണ്. ജീവിതമാകുന്ന മത്സരത്തിൽ നമ്മൾ വിജയിക്കണമെങ്കിൽ നമ്മുടെ ലക്ഷ്യങ്ങളും നമ്മുടെ സുഖങ്ങളും ധർമ്മമാകുന്ന വൃത്തത്തിൽ ഒതുങ്ങി നില്ക്കണം. അങ്ങനെയായാൽ ജീവിതത്തിന് അഴകും മിഴിവും ഉണ്ടാകും. ജീവിതം സന്തോഷ പൂർണ്ണമാകും.

– അമ്മയുടെ ഓണസന്ദേശത്തിൽ നിന്ന്, 2011 അമൃതപുരി