ഇത് ബ്രഹ്മസ്ഥാനമാണ്. എങ്ങും നിറഞ്ഞ ബ്രഹ്മത്തിന് പ്രത്യേക സ്ഥാനമുണ്ടോ എന്ന് ചോദിക്കാം. അതെ, എല്ലായിടവും ബ്രഹ്മസ്ഥാനമാണ്. പക്ഷേ നിങ്ങൾ ഇപ്പോൾ ആ ബോധത്തിലല്ല ജീവിക്കുന്നത്. നിങ്ങളെ ബ്രഹ്മബോധത്തിലേക്ക് ഉണർത്താനും ഉയർത്താനും വേണ്ടിയിട്ടാണ് ഈ പ്രതിഷ്ഠ. ഇവിടെ ഒരൊറ്റ സങ്കല്പത്തിൽ ഒരു ശിലയിൽ നാല് ദേവതകൾക്ക് ചൈതന്യം പകർന്നിരിക്കുന്നു. ഒരേ ബ്രഹ്മത്തിന്റെ വിവിധ മുഖങ്ങളാണ് ഈ നാല് രൂപങ്ങളും എന്നു കാണുക. ഒരാളുടെ കൈയും കാലും കണ്ണും മൂക്കുമൊക്കെ കാണുമ്പോൾ വ്യത്യസ്തമായ അവയവങ്ങളായിട്ടല്ലല്ലോ മറിച്ച് ഏകമായ മനുഷ്യരൂപത്തെയല്ലേ നമ്മൾ ദർശിക്കുന്നത്. നാനാവസ്തുക്കളെ അഗ്നിയിൽ ഹോമിച്ചാൽ അവയെല്ലം ഏകമായ ഭസ്മമായിത്തീരുന്നു. അതുപോലെ ജ്ഞാനാഗ്നിയിൽ നാനാത്വബോധം നശിച്ച് ഏകമായ ബ്രഹ്മബോധം ഉണരുന്നു. നാനാത്വത്തിൽ ഏകത്വം ദർശിക്കുക എന്നതാണ് ഈ പ്രതിഷ്ഠയുടെ തത്വവും സന്ദേശവും.
‘ശിവനും ദേവിയ്ക്കുമാണ് ഇവിടെ പ്രാമുഖ്യം. പ്രപഞ്ചകാരിണിയായ മൂലപ്രകൃതിയാണ് ദേവി. പ്രാരബ്ധങ്ങളെ സ്വയം സ്വീകരിച്ച് ലോകത്തെ ശുദ്ധീകരിക്കുന്ന ബ്രഹ്മഭാവമാണ് ശിവൻ. വിഘ്നങ്ങളെ അകറ്റുന്ന ദേവനാണ് ഗണപതി. നാഗം മുരുകനെ സൂചിപ്പിക്കുന്നു. ശിവശക്തി കുടുംബമാണ് ഇവിടം. നാഗം കുണ്ഡലിനിയുടെ പ്രതീകം കൂടിയാണ്. യോഗവിഘ്നങ്ങളെ ജയിച്ച് കുണ്ഡലിനീശക്തി നാഗരൂപത്തിൽ മുന്നോട്ട് ഗമിച്ച് ശിവനുമായി ഐക്യം പ്രാപിച്ച് ബ്രഹ്മഭാവത്തിലെത്തുന്നതിന്റെ പ്രതീകം കൂടിയാണു് ഈ പ്രതിഷ്ഠ. ജനങ്ങളെ വിഗ്രഹത്തിൽ ബന്ധിക്കുകയല്ല, ആത്മസാക്ഷാത് ക്കാരത്തിലേക്ക് നയിക്കുകയാണ് അമ്മയുടെ ലക്ഷ്യം. അമ്മ പ്രാണൻ പകർന്നിരിക്കുന്ന ഈ പ്രതിഷ്ഠക്ക് ഒരിക്കലും ചൈതന്യലോപം വരികയില്ല.
‘ജനങ്ങൾ ഓരോ ദശാസന്ധിയിലും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അമ്മയ്ക്ക് നേരിൽ അറിയാം. അവരുടെ പ്രാരബ്ധദുഃഖശമനത്തിനു അമ്മ ആവിഷ്കരിച്ച സമൂഹ ഗ്രഹദോഷനിവാരണ പൂജകൾ ഇവിടെയുണ്ടാകും. പിതൃബലി ചെയ്യുന്നതുപോലെ ഭക്തജനങ്ങൾ സ്വയംതന്നെ പൂജചെയ്യണം. എങ്കിലേ പ്രാരബ്ധശമനം ഉണ്ടാകുകയുള്ളൂ. ദുരിതശാന്തിക്കു വേണ്ടിയുള്ള പൂജകൾ ചെയ്യുന്നതു നല്ലതുതന്നെ. അതോടൊപ്പം ഇഷ്ടദൈവത്തെ പ്രാർത്ഥിച്ച് പരമാത്മാവിൽ തന്നെ എത്തിച്ചേരുന്നതാണ് ഉത്തമം. ഗ്രഹദേവതകളെയും മറ്റു ദേവതകളെയും ഇഷ്ടദൈവത്തിന്റെ തന്നെ അംശങ്ങളായി കാണണം.
‘ക്ഷേത്രത്തിൽ പോയാൽ ജപം, ധ്യാനം, അർച്ചന തുടങ്ങിയവ ചെയ്ത് ആ ചൈതന്യ പൂർണ്ണമായ അന്തരീക്ഷത്തിൽ കുറച്ച് സമയം ചിലവഴിച്ചാലേ പൂർണ്ണമായ പ്രയോജനം ലഭിക്കുകയുള്ളൂ. കാര്യസാധ്യത്തിനു വേണ്ടിയുള്ള ഭക്തിയിൽനിന്നു നിഷ്കാമഭക്തിയിലേക്കു് ഉയരണം. സൃഷ്ടിയിൽ സ്രഷ്ടാവിനെ കണ്ടു സേവിക്കുന്നതാണ് ഉത്തമമായ ഭക്തി.
– അമ്മ