ത്യാഗിയായ സാധകന്‍ നിഷ്‌കാമസേവനത്തിലൂടെ ലോകത്തിനു മാതൃക കാട്ടിയാലേ ജനങ്ങള്‍ അതുള്‍ക്കൊള്ളൂ. ജനങ്ങളെ അവരുടെ തലത്തില്‍ ചെന്നുവേണം ഉദ്ധരിക്കുവാന്‍. കാലത്തിനനുസരിച്ചേ നമുക്കു മുന്നോട്ടു പോകുവാന്‍ കഴിയൂ. അമ്മ ഒരു കഥ ഓര്‍ക്കുകയാണു്:

ഒരു ഗ്രാമത്തില്‍ ഒരു സന്ന്യാസി എത്തി. അവിടെയുള്ളവര്‍ അദ്ദേഹത്തെ കളിയാക്കാന്‍ തുടങ്ങി. ഈ സന്ന്യാസിക്കു സിദ്ധികള്‍ ഉണ്ടായിരുന്നുവെങ്കിലും വേണ്ടത്ര ക്ഷമ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ കളിയാക്കല്‍ കൂടിയപ്പോള്‍ സന്ന്യാസിക്കു ദേഷ്യമായി. അദ്ദേഹം കറച്ചു ഭസ്മം ജപിച്ചു ഗ്രാമത്തിലെ കിണറ്റില്‍ ഇട്ടു. അതിലെ വെള്ളം കുടിക്കുന്നവരെല്ലാം ഭ്രാന്തന്മാരായിത്തീരട്ടെയെന്നും ശപിച്ചു.

ആ ഗ്രാമത്തില്‍ രണ്ടു കിണറാണു് ഉണ്ടായിരുന്നതു്. ഒന്നു്, ഗ്രാമവാസികള്‍ക്കും രണ്ടാമത്തേതു്, അവിടുത്തെ രാജാവിൻ്റെയും മന്ത്രിയുടെയും ആവശ്യത്തിനും. ഗ്രാമവാസികള്‍ തങ്ങള്‍ക്കുള്ള കിണറ്റിലെ വെള്ളം കുടിച്ചതോടെ ഭ്രാന്തന്മാരായിത്തീര്‍ന്നു. അവരുടെ സ്വബുദ്ധി നഷ്ടമായി. രണ്ടാമത്തെ കിണറ്റിലെ വെള്ളം മാത്രം കുടിച്ച രാജാവിനും മന്ത്രിക്കുംമാത്രം കുഴപ്പമില്ല. മറ്റുള്ളവര്‍ വായില്‍ വരുന്നതെന്തും വിളിച്ചുപറയുവാനും നൃത്തം ചെയ്യുവാനും ബഹളം കൂട്ടുവാനും തുടങ്ങി.

അവര്‍ വന്നു നോക്കുമ്പോള്‍ രാജാവും മന്ത്രിയും ഇതൊന്നും ചെയ്യുന്നില്ല. അവര്‍ക്കതിശയം. രാജാവിൻ്റെയും മന്ത്രിയുടെയും സ്വഭാവം തങ്ങളുടെതില്‍നിന്നും എത്രയോ വ്യത്യാസപ്പെട്ടിരിക്കുന്നു. അവരുടെ ദൃഷ്ടിയില്‍ അസുഖമുള്ളതു് രാജാവിനും മന്ത്രിക്കുമായി. രാജാവിനും മന്ത്രിക്കും ഭ്രാന്താണെന്നു് അവര്‍ വിളിച്ചുപറയുവാന്‍ തുടങ്ങി. രാജ്യം ഭരിക്കേണ്ട രാജാവിനും മന്ത്രിക്കും ഭ്രാന്തായാല്‍ എന്തുചെയ്യും! അവര്‍ രാജാവിനെയും മന്ത്രിയെയും കെട്ടിയിടുവാന്‍ ശ്രമം തുടങ്ങി.

ആകെ ബഹളമായി. രാജാവും മന്ത്രിയും ഒരുവിധം അവരില്‍നിന്നു രക്ഷപ്പെട്ടു് ഓട്ടമായി. ജനങ്ങളും പുറകെ കൂടി. രാജാവും മന്ത്രിയും ചിന്തിച്ചു, ‘ജനങ്ങള്‍ക്കെല്ലാം ഭ്രാന്താണു്. അവരില്‍നിന്നും വ്യത്യസ്തമായി പെരുമാറിയാല്‍ അവര്‍ തങ്ങളെ വച്ചേക്കില്ല. തങ്ങള്‍ ഭ്രാന്തന്മാരാണെന്നു മുദ്രകുത്തും.

ഈ രാജ്യത്തു കഴിയണമെങ്കില്‍, ഇവരെ ഉദ്ധരിക്കണമെങ്കില്‍ ഒന്നേ രക്ഷയുള്ളൂ. അവരുടെ രീതിയില്‍ തന്നെ നീങ്ങണം. കള്ളനെ പിടിക്കാന്‍ കള്ളൻ്റെ വേഷംതന്നെ കെട്ടണം. രാജാവും മന്ത്രിയും ജനങ്ങള്‍ ചെയ്യുന്നതുപോലെതന്നെ ബഹളം വയ്ക്കുവാനും നൃത്തം ചവിട്ടുവാനും തുടങ്ങി. ജനങ്ങള്‍ക്കു സന്തോഷമായി. രാജാവിൻ്റെയും മന്ത്രിയുടെയും ഭ്രാന്തു മാറിയതില്‍ അവര്‍ ദൈവത്തെ സ്തുതിച്ചു.

മക്കളേ, കഥയിലെ രാജാവിനെയും മന്ത്രിയെയുംപോലെയാണു് ആദ്ധ്യാത്മികജീവികള്‍. സാധാരണക്കാരൻ്റെ ദൃഷ്ടിയില്‍ ആദ്ധ്യാത്മികജീവികള്‍ ഭ്രാന്തന്മാരാണു്. എന്നാല്‍ ബുദ്ധിഭ്രമം യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുന്നതു് ആദ്ധ്യാത്മികതയിലൊന്നും താത്പര്യമില്ലാത്തവര്‍ക്കാണു്.

ജനങ്ങളില്‍ സച്ചിന്ത വളര്‍ത്തി അവരെ നേര്‍വഴിക്കു നയിക്കുന്നതിനുവേണ്ടി ആദ്ധ്യാത്മിക ജീവികള്‍ക്കു ജനങ്ങളുടെ തലത്തിലേക്കിറങ്ങേണ്ടി വരുന്നു. അവരുടെ ഒപ്പംനിന്നു പല കാര്യങ്ങളും ചെയ്യേണ്ടിവരും. ഇതില്‍ക്കൂടിയേ ജനങ്ങളെ അവരുടെ സ്വരൂപത്തിലേക്കു് എത്തിക്കുവാന്‍ കഴിയൂ. തങ്ങളുടെ യഥാര്‍ത്ഥ സ്വരൂപത്തെക്കുറിച്ചവര്‍ക്കറിയില്ല. അന്വേഷിക്കുവാന്‍ ഇന്നുള്ളവര്‍ തയ്യാറാകുന്നുമില്ല.

ഉദാഹരണത്തിനു്, ഒരു രാജ്യത്തുള്ള സര്‍വ്വതിൻ്റെയും പൊക്കം പെട്ടെന്നു പകുതിയായിത്തീര്‍ന്നു. അറുന്നൂറു് അടി ഉണ്ടായിരുന്നതെല്ലാം മുന്നൂറു് അടിയായി. ആറടി പൊക്കമുണ്ടായിരുന്നവരെല്ലാം മൂന്നടിക്കാരായി. എന്നാല്‍ ഒരാളിനു മാത്രം മാറ്റമൊന്നും സംഭവിച്ചില്ല. അവനു് ഉയരം ആറടിതന്നെ യുണ്ടു്. പക്ഷേ, മറ്റുള്ളവരുടെ കണ്ണില്‍ അവന്‍ വികൃതരൂപിയാണു്.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചതു് എന്താണെന്നു് അവനു മാത്രമേ അറിയൂ. പക്ഷേ, ആരു കേള്‍ക്കാന്‍? ശരിയായ ഉയരം ആറടിക്കാരൻ്റെതാണെന്നും തങ്ങളാണു വികൃതരൂപികളായി മാറിയിരിക്കുന്നതെന്നും അവര്‍ മനസ്സിലാക്കുന്നില്ല.
മക്കളേ, നമ്മുടെ യഥാര്‍ത്ഥ സ്വരൂപത്തെക്കുറിച്ചു മനസ്സിലാക്കുന്ന മാര്‍ഗ്ഗമാണു് ആദ്ധ്യാത്മികത.

ആദ്ധ്യാത്മികജീവികള്‍ക്കു തങ്ങളുടെ യഥാര്‍ത്ഥ സ്വരൂപമെന്താണെന്നറിയാം. ആത്മസ്വരൂപത്തിലേക്കെത്തുവാനുള്ള ശ്രമത്തിലാണു് അവര്‍. എന്നാല്‍ മറ്റുള്ളവര്‍ അതിനെ ഭ്രാന്തു് എന്നു പറഞ്ഞു പുച്ഛിക്കുന്നു. അവര്‍ പുറമെ കാണുന്നതില്‍തന്നെ ഭ്രമിച്ചിരിക്കുന്നു. ഇതാണു് ആദ്ധ്യാത്മികജീവിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം.